This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവോത്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

നവോത്ഥാനം

Renaissance

മധ്യകാലത്തെത്തുടര്‍ന്ന് യൂറോപ്പിന്റെ കലാ-സാംസ്കാരിക-ധൈഷണിക ശാസ്ത്രമണ്ഡലങ്ങളെ അഗാധമായി നവീകരിച്ച സാംസ്കാരിക പ്രതിഭാസവും വിചാരവിപ്ലവവും. ഫ്രഞ്ച് ചരിത്രകാരനായ ഷുള്‍സ്മിഷെയ്ലി (Jules Michelet)ന്റെ ഹിസ്റ്ററി ഒഫ് ഫ്രാന്‍സ് (1855) എന്ന കൃതിയിലാണ് 'റിനെസ്സന്‍സ്' എന്ന സംജ്ഞ ആദ്യമായി ഉപയോഗിക്കുന്നത് 'പുനര്‍ജന്മം', 'പുനരുത്ഥാനം', എന്നൊക്കെ അര്‍ഥമുള്ള 'റിനെസ്സന്‍സി'നെ മിഷെയ്ല്‍ നിര്‍വചിച്ചത് ഇങ്ങനെയാണ്; മധ്യകാലത്തിന്റെ സങ്കുചിത ലോകബോധത്തില്‍നിന്ന് യൂറോപ്പിനെ വിച്ഛേദിച്ച് മാറ്റുകയും ആധുനിക ശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തെ സാധ്യമാക്കുകയും ചെയ്ത നവോത്ഥാനം പുതിയ ലോകത്തെയും പുതിയ മനുഷ്യനെയും കണ്ടെത്തിയ പ്രതിഭാസമാണ്. 13-17 ശ.-ങ്ങളില്‍ യൂറോപ്യന്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും അടിമുടി ഇളക്കി മറിച്ച പരിവര്‍ത്തനങ്ങളെ സൂചിപ്പിക്കാന്‍ മിഷെയ്ല്‍ ആവിഷ്കരിച്ച 'നവോത്ഥാനം' എന്ന ചരിത്ര സങ്കല്പത്തെ സ്വിസ് ചരിത്രകാരനായ ജേക്കബ് ബര്‍ക്ക്ഹാര്‍ട്ട് തന്റെ ദ് സിവിലൈസേഷന്‍ ഒഫ് ദ് റിനെസ്സന്‍സ് ഇന്‍ ഇറ്റലി (The Civilization of the Renaissance in Italy 1860) എന്ന കൃതിയില്‍ കൂടുതല്‍ നവീകരിക്കുകയും സുഘടിതമായി നിര്‍വചിക്കുകയും ചെയ്തു. 16-ാം ശ.-ത്തില്‍ ഇറ്റലിയുടെ കലാ-സാഹിത്യ-സാംസ്കാരികരംഗങ്ങളിലുണ്ടായ നവീന പ്രവണതകളെക്കുറിച്ച് വിവരിക്കുമ്പോള്‍, ജ്ഞാനോദയ ചിന്തകനായ വോള്‍ട്ടയര്‍ റിനെസ്സന്‍സ് എന്ന വാക്കുപയോഗിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. മാര്‍ക്സിയന്‍ ചരിത്രകാരനായ ലൂസിയന്‍ ഫെബറുടെ അഭിപ്രായത്തില്‍ 'റിനെസ്സന്‍സ്' എന്ന പദം ആദ്യമായി പ്രയോഗിച്ചത് മിഷെയ്ലാണ്.

15-ാം ശ.-ത്തില്‍ ഇറ്റാലിയന്‍ നഗരങ്ങളില്‍ ആരംഭിച്ച ഈ സാംസ്കാരിക സംഭവം പഴയ മതാധികാരത്തെയും പ്രപഞ്ചവീക്ഷണത്തെയും ചോദ്യം ചെയ്യുകയും ആധുനിക മതേതര മാനവികതയ്ക്ക് അടിത്തറ പാകുകയും ചെയ്തുവെന്ന് ബര്‍ക്ക്ഹാര്‍ട്ട് നിര്‍വചിച്ചു. ഫ്രഞ്ച് ഭാഷയില്‍ 'റിനെസ്സന്‍സ്' (renaissance) എന്നും ഇറ്റാലിയന്‍ ഭാഷയില്‍ 'റിനാഷിമെന്റോ' (rinascimento) എന്നും പറയുന്ന നവോത്ഥാനം ഇരുണ്ട മധ്യകാലത്തില്‍നിന്നും ആധുനികതയിലേക്കുള്ള യൂറോപ്പിന്റെ പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്ന നിര്‍ണായകമായ ചരിത്ര ഘട്ടമായി ഇന്ന് വിശേഷിപ്പിക്കപ്പെടുന്നു.

യൂറോപ്യന്‍ നവോത്ഥാനം-ചരിത്രം

ക്രിസ്ത്യന്‍ പണ്ഡിതര്‍ ചരിത്രത്തെ പേഗന്‍ അന്ധകാരയുഗമെന്നും ക്രൈസ്തവയുഗമെന്നും രണ്ടായി വിഭജിച്ചിരുന്നു. എന്നാല്‍ ഈ കാലവിഭജനത്തെ ഫ്രാന്‍സിസ്കോ പെട്രാര്‍ക്ക് കീഴ്മേല്‍ മറിക്കുകയും റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്റീന്‍ ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടര്‍ന്നുള്ള ക്രൈസ്തവയുഗത്തെ അന്ധകാരയുഗമെന്നു നിര്‍വചിക്കുകയും ചെയ്തു. പെട്രാര്‍ക്കിനെ സംബന്ധിച്ചിടത്തോളം ക്രൈസ്തവപൂര്‍വഘട്ടം വെളിച്ചത്തിന്റെ യുഗമാണ്. പെട്രാര്‍ക്കിന്റെ അനുയായികള്‍ പൌരാണികയുഗം, അപചയഘട്ടം, നവീനയുഗം എന്നിങ്ങനെ ചരിത്രത്തെ മൂന്നായി വിഭജിച്ചു. ഈ നവീനയുഗത്തെയാണ് നവോത്ഥാനം പ്രതിനിധാനം ചെയ്യുന്നത്. തികച്ചും ശ്രദ്ധിക്കപ്പെടാതെ ആരംഭിച്ച് വളരെ സാവധാനത്തിലുള്ള പുരോഗതിയിലൂടെയാണ് നവോത്ഥാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇറ്റലിയില്‍നിന്നും ഉത്തരപശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സംക്രമിച്ചത്.

മധ്യകാലയൂറോപ്പിന്റെ ഭാഗധേയങ്ങള്‍ നിര്‍ണയിച്ച രണ്ട് പ്രധാന ഘടകങ്ങളായിരുന്നു റോമന്‍ കത്തോലിക്കാസഭയും വിശുദ്ധ റോമാസാമ്രാജ്യവും. എന്നാല്‍ 16-ാം ശ.-ത്തോടെ ഇവയ്ക്കുണ്ടായ അപചയവും നവോത്ഥാനത്തിന്റെ മുന്നേറ്റവും സമാന്തരസംഭവങ്ങളാണ്. യൂറോപ്യന്‍ജനതയെ ഏകോപിപ്പിച്ചുനിര്‍ത്തിയ വിശുദ്ധ റോമാസാമ്രാജ്യം ബലഹീനമായതിനു പിന്നില്‍ വിശുദ്ധ റോമാചക്രവര്‍ത്തിയും പോപ്പും തമ്മിലുള്ള അധികാര മത്സരങ്ങള്‍ നിര്‍ണായക പങ്കു വഹിക്കുകയുണ്ടായി.

14-ാം ശ.-ത്തില്‍ ലക്ഷക്കണക്കിനു മനുഷ്യരുടെ മരണത്തില്‍ കലാശിച്ച 'കറുത്ത മരണം' (black death) എന്നറിയപ്പെടുന്ന പകര്‍ച്ചവ്യാധി വാസ്തവത്തില്‍ പള്ളിയുടെ അര്‍ഥശൂന്യതയെക്കുറിച്ചും ക്രൈസ്തവേതരമായ ചിന്താധാരകളെക്കുറിച്ചും ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു തുടങ്ങിയിരുന്നു.

Image:Roger bacon-svk-15.png

പുതിയ നഗരങ്ങളുടെ വളര്‍ച്ചയും വികാസവും നവോത്ഥാനത്തിന് അനുകൂലമായ പശ്ചാത്തലമൊരുക്കി. കാര്‍ഷികപ്രധാനമായ മധ്യകാലസംസ്കാരത്തില്‍ നിന്നും വ്യത്യസ്തമായി വാണിജ്യത്തിലും വ്യാപാരത്തിലും അധിഷ്ഠിതമായ സമ്പദ്ഘടനയായിരുന്നു നഗരങ്ങളുടേത്. വാണിജ്യത്തില്‍ നിന്നും വ്യാപാരത്തില്‍ നിന്നും ലഭിച്ച ധനം നഗരവാസികളുടെ കാഴ്ചപ്പാടില്‍ സമഗ്രമായ മാറ്റമുണ്ടാക്കി. ജീവിതനിലവാരം മെച്ചപ്പെട്ടതോടെ വിനോദത്തിനും വിശ്രമത്തിനും സമയം കണ്ടെത്താനും വിദ്യാഭ്യാസത്തിനു പണം കണ്ടെത്താനും അവര്‍ക്കു കഴിഞ്ഞു. നാഗരിക സംസ്കാരത്തിന്റെയും ആധുനികവിദ്യാഭ്യാസത്തിന്റെയും ഫലമായി ജനങ്ങള്‍ക്കിടയില്‍ മതത്തിനുണ്ടായിരുന്ന പ്രഭാവം ക്ഷയിക്കുകയും ലൌകികവും മതേതരവുമായ ലോകബോധത്തിനു പ്രചാരം സിദ്ധിക്കുകയും ചെയ്തു.

സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ മതാധിപത്യത്തെ ശക്തമായി പ്രതിരോധിച്ച നവമധ്യവര്‍ഗം വിജ്ഞാനത്തിന്റെ പുതിയമേഖലകള്‍ വികസിപ്പിക്കുകയും മതേതരമായ ആധുനികഭാവുകത്വത്തെ പ്രതിനിധാനം ചെയ്യുകയുമാണ് ചെയ്തത്. വ്യക്തിനിഷ്ഠമായ സ്വാതന്ത്യ്രത്തിനും ചിന്താപരമായ നവീകരണത്തിനും വേണ്ടി വാദിച്ച മനുഷ്യവര്‍ഗ പ്രബുദ്ധതയുടെ പ്രകാശനമായിരുന്നു നവോത്ഥാനം.

ഇറ്റലിയിലെ ഫ്ളോറന്‍സിലാണ് നവോത്ഥാനം ആരംഭിച്ചത്. ഫ്ലോറന്‍സിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം, 'മെഡീസി' എന്ന കുടുംബത്തിന്റെ രക്ഷാകര്‍തൃത്വം, കോണ്‍സ്റ്റാന്റിനോപ്പിളിന്റെ തകര്‍ച്ചയോടെ ഗ്രീക്ക് പണ്ഡിതരുടെ കുടിയേറ്റം, സാമ്പത്തിക ഉത്പാദന ബന്ധങ്ങളിലുണ്ടായ മാറ്റങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ നവോത്ഥാനത്തിന്റെ രൂപപ്പെടലിനെക്കുറിച്ച് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നിയമജ്ഞര്‍, തത്ത്വചിന്തകര്‍, കവികള്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ പുരാതന ഗ്രീക്-റോമന്‍ സംസ്കാരങ്ങളെയും കലയെയും കുറിച്ച് പഠിക്കാനാരംഭിച്ചു. ക്ളാസ്സിക്കല്‍ കാലത്തെ പുനര്‍നിര്‍മിക്കാനും, അനുകരിക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമായിത്തീര്‍ന്നു.

15-ാം ശ.-ത്തോടെ ഗ്രീക്ക് ക്ളാസ്സിക്കല്‍ കാലഘട്ടം പഠനങ്ങളുടെ സുപ്രധാന മേഖലയായിത്തീര്‍ന്നു. നഷ്ടപ്പെട്ട ഗ്രന്ഥങ്ങളുടെ കണ്ടെത്തല്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള, ചരിത്ര, സാഹിത്യ ഗ്രന്ഥങ്ങളുടെ സുക്ഷ്മ വായനകള്‍, ഗ്രീക്ക് തത്ത്വചിന്തയിലെ മാനവികാംശങ്ങളെ വിപുലീകരണം തുടങ്ങിയവ ഇക്കാലത്തിന്റെ ബൌദ്ധിക സ്വഭാവങ്ങളായിരുന്നു. പ്ലേറ്റോയുടെ കൃതികള്‍, ഗ്രീക്ക് ട്രാജഡികള്‍, പ്ളൂടാര്‍ക്കിന്റെയും കവിനോഫോണിന്റെയും വിവരണങ്ങള്‍ തുടങ്ങിയവ അന്വേഷണങ്ങളുടെ ഭാഗമായിത്തീര്‍ന്നു. കൊലുകിയോ ഡലുടാറ്റി, ലിയൊനാര്‍ദോ ബ്രൂണോ തുടങ്ങിയ കൌണ്‍സിലര്‍മാരുടെ കീഴില്‍ ഹ്യൂമനിസ്റ്റുകള്‍ ഫ്ളോറന്‍സിന്റെ നയങ്ങളെ എതിര്‍ത്തു. പോഗിയോ ബ്രാസിയോളിനിയുടെ നേതൃത്വത്തില്‍ പുരാതന കയ്യെഴുത്തുപ്രതികള്‍ പഠിക്കുകയും അവരുടെ കാലഘട്ടത്തിലെ ദുരയെയും, പൊള്ളത്തരങ്ങളെയും പരിഹസിച്ചുകൊണ്ട് എഴുതുകയും, പ്രസംഗിക്കുകയും ചെയ്തു. മറ്റുചിലര്‍ സ്വതന്ത്രചിന്തയുടെ ആവശ്യത്തിലൂന്നി, ബൈബിളും, പള്ളിയും, ക്രൈസ്തവതയും വിമര്‍ശന വിധേയമാക്കി. വിമര്‍ശനാത്മക ചിന്ത, രാഷ്ട്രീയത്തിലും, തത്ത്വചിന്തയിലും വിപുലമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടു. മതപരമായ നോട്ടക്കോണുകളില്‍നിന്ന് മാറി മതേതരമായ സമീപനങ്ങള്‍ വളര്‍ന്നുവന്നു.

പൗരോഹിത്യ ഭക്തിയെ അപ്രസക്തമാക്കിക്കൊണ്ട് ഭൗതികവും മതേതരവുമായ ലോകബോധത്തിന് പ്രചാരം കൈവന്നു. വ്യക്തിനിഷ്ഠമായ സ്വാതന്ത്യ്രത്തിനും ചിന്താപരമായ നവീകരണത്തിനുംവേണ്ടി നിലകൊണ്ടതായിരുന്നു നവോത്ഥാനത്തിന്റെ സവിശേഷത. മതമേധാവികള്‍തന്നെ നിയമങ്ങള്‍ ലംഘിക്കുകയും പുതിയ മതേതര രാഷ്ട്രീയ വിഭാഗങ്ങളോട് ഐക്യപ്പെടുകയും ചെയ്തു. കത്തോലിക്കാസഭയുടെ അപ്രമാദിത്യത്തിനും അധികാരവാഞ്ജയ്ക്കുമെതിരെ സഭയ്ക്കകത്തുനിന്നുതന്നെ പരിഷ്കരണ ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നു. ഇറാസ്മസ് തുടങ്ങിവച്ച മതനവീകരണ പ്രക്രിയയെ അതിന്റെ പൂര്‍ണതയിലെത്തിച്ചത് മാര്‍ട്ടിന്‍ ലൂഥറാണ്. റോജര്‍ ബേക്കണ്‍, പീറ്റര്‍ അംബവാര്‍ഡ്, ഡണ്‍സ് സ്കോട്ടസ് തുടങ്ങിയ ചിന്തകരും ഇതില്‍ പ്രധാന പങ്കു വഹിച്ചിരുന്നു. 1517-ലാണ് പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം ആരംഭിക്കുന്നത്. കത്തോലിക്കാസഭയുടെ മതനിയമങ്ങളെ പരിഷ്കരിക്കണമെന്നുള്ള അവശ്യം ഉന്നയിക്കപ്പെട്ടു. സഭയുടെയും പോപ്പിന്റെയും അധികാരം ചോദ്യം ചെയ്യപ്പെട്ടു. പ്രൊട്ടസ്റ്റന്റനിസം യൂറോപ്യന്‍ ക്രൈസ്തവസഭയെ മാറ്റിമറിക്കുകയും വിശ്വാസപരമായ ബഹുത്വത്തിന് പ്രചോദകമാവുകയും ചെയ്തു.

മുതലാളിത്തത്തിന്റെ പിറവിക്കൊപ്പം ദേശരാഷ്ട്ര സങ്കല്പങ്ങളുടെ ആദിമാതൃകകളും നവോത്ഥാനം സംഭാവന ചെയ്തിട്ടുണ്ട്. സ്പെയിന്‍, ഫ്രാന്‍സ്, സ്വീഡന്‍, ഡച്ച് റിപ്പബ്ലിക് തുടങ്ങിയ ഭരണകൂടങ്ങളുമായി റോമാസാമ്രാജ്യമുണ്ടാക്കിയ വെസ്റ്റ് ഫാലിയന്‍ സമാധാനക്കരാര്‍ (1648) ഇതിനുദാഹരണമായെടുക്കാം. പരസ്പരം അംഗീകരിക്കാനും, അതിര്‍ത്തികള്‍ മാനിക്കാനും ഇതില്‍ തീരുമാനമുണ്ടായി. പരസ്പരം കടന്നാക്രമിക്കാതിരിക്കുക, സ്വയം നിര്‍ണയനാവകാശങ്ങള്‍ അംഗീകരിക്കുക, രാജ്യങ്ങള്‍ക്കിടയില്‍ നിയമപരമായ തുല്യത പാലിക്കുക തുടങ്ങിയവയും ഇതിന്റെ ഭാഗമായി നിലവില്‍വന്നു. യൂറോപ്പിലെ മതങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച വെസ്റ്റ്ഫാലിയന്‍ സിസ്റ്റം ദേശരാഷ്ട്ര ഭാവനയുടെ ആദിരൂപമായി കാണാവുന്നതാണ്.

അന്വേഷണാത്മകതയെയോ യുക്തിചിന്തയെയോ (Rationalism) പ്രോത്സാഹിപ്പിക്കാത്ത സഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസം, മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിലാണ് വിജയിച്ചത്. മതാധിഷ്ഠിതമായ വിദ്യാഭ്യാസരീതിയെ ചോദ്യം ചെയ്യാന്‍ ഉത്പതിഷ്ണുക്കള്‍ മുതിര്‍ന്നതോടെ യൂറോപ്പ് അദ്ഭുതകരമായ ബൗദ്ധികമുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. കത്തോലിക്കാപ്പള്ളി നേരിട്ട അപചയാവസ്ഥയും ഈ ബൗദ്ധികമുന്നേറ്റത്തെ ത്വരിതപ്പെടുത്തി. ക്രിസ്തുമതത്തിലെ ആശയങ്ങളും പ്രയോഗങ്ങളും തമ്മിലുള്ള അന്തരം മൂലം പള്ളിയെ വിമര്‍ശനാത്മകമായി വീക്ഷിക്കുവാന്‍ ജനം തയ്യാറായി. മതാധിപത്യത്തിന്റെ പശ്ചാത്തലത്തില്‍ നിന്നും സര്‍ഗാത്മകതയുടെ പുതിയ തലങ്ങളിലേക്ക് മനുഷ്യന്‍ ചെന്നകാലമായിരുന്നു നവോത്ഥാനം.

Image:Dante-svk-15.png

യൂറോപ്പിന്റെ ഈ ബൗദ്ധിക മുന്നേറ്റത്തിന് നിര്‍ണായക സ്വാധീമായ ഘടകങ്ങളാണ് ഗുട്ടന്‍ബര്‍ഗ് അച്ചടി കണ്ടുപിടിച്ചതും ഗ്രീക്-റോമന്‍ ഗ്രന്ഥങ്ങള്‍ക്ക് ലഭിച്ച പ്രചാരവും. അതുകൊണ്ടാണ് പുരാതന ഗ്രീക്ക്-റോമന്‍ സംസ്കാരങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പായി ചില പണ്ഡിതര്‍ നവോത്ഥാനത്തെ വിശേഷിപ്പിച്ചത്. 15-ാം ശ.-ത്തിലുണ്ടായ അച്ചടിയുടെ കണ്ടുപിടിത്തം യൂറോപ്പിനെ വിപ്ലവകരമായി മാറ്റിമറിച്ചു. അച്ചടിയുടെ കണ്ടുപിടിത്തം വായനയെ ജനപ്രിയമാക്കുകയും വിജ്ഞാനത്തിന്റെ വെളിച്ചം യൂറോപ്പിലാകെ പടര്‍ത്തുകയും ചെയ്തു. പുതിയ അറിവ് നേടാനും സ്വതന്ത്രമായി ചിന്തിക്കാനും മനുഷ്യനെ പ്രാപ്തനാക്കിയ ഈ കണ്ടുപിടിത്തം നവോത്ഥാനത്തെ ത്വരിതപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുകയുണ്ടായി. ക്ലാസ്സിക്കുകളെ ഗൗരവമായി പഠിച്ചവര്‍ ഹ്യൂമനിസ്റ്റുകള്‍ എന്നറിയപ്പെട്ടു. വിസ്മൃതിയിലാണ്ട പഴയ ക്ലാസ്സിക്കുകളെ വീണ്ടെടുക്കാന്‍ ഹ്യൂമനിസ്റ്റുകള്‍ നടത്തിയ ശ്രമങ്ങള്‍ അവരെ യൂറോപ്പിന്റെ പല കോണുകളിലും എത്തിച്ചു. 1453-ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് പാരിസ്, ബര്‍ലിന്‍, റോം, നേപ്പിള്‍സ്, വെനീസ്, ഫ്ലോറന്‍സ് തുടങ്ങിയ നഗരങ്ങളില്‍ അഭയം തേടിയ പണ്ഡിതന്മാര്‍ ഗ്രീക്ക് ഭാഷയും ക്ലാസ്സിക്കുകളും യൂറോപ്പില്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ഈ നഗരങ്ങളാണ് നവോത്ഥാനത്തിന്റെ പ്രഭവകേന്ദ്രങ്ങളായി മാറിയത്.

16-ാം ശ.-ത്തോടെ നഗരങ്ങള്‍ കേന്ദ്രീകരിച്ചു നിലവില്‍ വന്ന അക്കാദമികള്‍ ശാസ്ത്ര-സാഹിത്യവിഷയങ്ങള്‍ക്കു പ്രത്യേക പ്രാമുഖ്യം നല്കിയത് ജനങ്ങളെ പ്രബുദ്ധരാക്കുകയാണുണ്ടായത്. അവരുടെ ചിന്താമണ്ഡലത്തില്‍ വിപ്ളവകരമായ പരിവര്‍ത്തനങ്ങള്‍ നടന്നു. സ്വര്‍ഗത്തിലെയും ഭൂമിയിലെയും കാര്യങ്ങള്‍ വിമര്‍ശനാത്മകമായി കാണുക എന്നതായിരുന്നു ഈ കാലത്തെ ബൌദ്ധികതയുടെ സവിശേഷത. 18-ാം ശ.-ത്തിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സില്‍ ആരംഭിച്ച പ്രബുദ്ധതായുഗം നവോത്ഥാനത്തിന്റെ തുടര്‍ച്ചയായിരുന്നു.

സാമൂഹികമേഖലയില്‍ നഗരങ്ങളുടെ വളര്‍ച്ച, ഫ്യൂഡലിസത്തിന്റെ അപചയം എന്നിവപോലെ സാമ്പത്തികമേഖലയില്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയും യൂറോപ്യന്‍ പര്യവേക്ഷണങ്ങളും നവോത്ഥാനകാലത്തെ സവിശേഷതകളായിരുന്നു. 16-ാം ശ.-ത്തിലുണ്ടായ യൂറോപ്പിന്റെ സാമ്പത്തികവികസനം ആധുനിക സാമ്പത്തികക്രമത്തിലെ പ്രധാന ഘടകമായ മുതലാളിത്ത വ്യവസ്ഥിതിയുടെ വളര്‍ച്ചയ്ക്ക് കാരണമായി. ഏഷ്യ, അമേരിക്ക, ആഫ്രിക്ക എന്നിവയുമായുള്ള വാണിജ്യവ്യാപാരബന്ധങ്ങള്‍ യൂറോDante-svk-15.pngപ്പില്‍ മുതലാളിത്തവ്യവസ്ഥയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയ മറ്റൊരു ഘടകമായിരുന്നു.

മുതലാളിത്തവ്യവസ്ഥിതിയുടെ ആവിര്‍ഭാവം മധ്യയുഗത്തില്‍ നിന്നും ആധുനികയുഗത്തിലേക്കുള്ള പരിവര്‍ത്തനത്തിന് ആക്കം കൂട്ടി എന്നു മാത്രമല്ല, അന്താരാഷ്ട്രവ്യാപാരത്തില്‍ നിന്നും സമാഹരിച്ച മൂലധനം സര്‍ഗാത്മകപ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനത്തിന് ആഢ്യവര്‍ഗം വിനിയോഗിച്ചതും നവോത്ഥാനകാലഘട്ടത്തെ സജീവമാക്കിയിരുന്നു.

15-ാം ശ.-ത്തിലെ യൂറോപ്യന്‍ പര്യവേക്ഷണങ്ങള്‍ യൂറോപ്പും ലോകവുമായുള്ള ബന്ധം മാറ്റിമറിച്ചു. യൂറോപ്പിനെ ലോകത്തിന്റെ ഇതരഭാഗങ്ങളുമായി അടുപ്പിച്ച ഈ പര്യവേക്ഷണങ്ങളെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെന്നാണ് ആഡംസ്മിത്ത് വിശേഷിപ്പിച്ചത്. വാണിജ്യവ്യാപാരത്തിനു പുറമേ മതപരിവര്‍ത്തനത്തിന്റെയും കോളനിവത്കരണത്തിന്റെയും അനന്തമായ സാധ്യതകളാണ് ഈ പര്യവേക്ഷണങ്ങള്‍ യൂറോപ്പിനു തുറന്നുകൊടുത്തത്. യൂറോപ്യന്‍ അതിരുകള്‍ക്കപ്പുറത്തേക്കുനീണ്ട ഈ പര്യവേക്ഷണങ്ങള്‍ വിജയിച്ചതിനുപിന്നില്‍ യൂറോപ്പ് സ്വായത്തമാക്കിയ സാങ്കേതികമികവിന്റെ പിന്‍ബലമുണ്ടായിരുന്നു. 15-ാം ശ. വരെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സാങ്കേതിക വ്യാവസായികരംഗത്ത് യൂറോപ്പ് പിന്നോക്കാവസ്ഥയിലായിരുന്നു. എന്നാല്‍ 13-15-ാം ശ.-ത്തിനിടയ്ക്ക് മറ്റ് സംസ്കാരങ്ങളില്‍ നിന്നും അറിവ് നേടാനും സമഗ്രമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും യൂറോപ്പിനു കഴിഞ്ഞു. ആധുനിക ലോകത്തിന്റെ ഘടനയ്ക്കു വഴിതെളിച്ച അച്ചടി, വെടിമരുന്ന് എന്നിവയ്ക്ക് ചൈനയോടും ആള്‍ജിബ്ര, ജ്യോമിട്രി എന്നിവയ്ക്ക് അറബികളോടും അവര്‍ കടപ്പെട്ടിരുന്നു. യൂറോപ്പിന്റെ മുഖഛായ മാറ്റിയ നവോത്ഥാനത്തില്‍ ചൈനീസ്, അറേബ്യന്‍ സംസ്കാരം ചെലുത്തിയ സ്വാധീനങ്ങള്‍ നിര്‍ണായകമായിരുന്നു.

ആധുനിക യൂറോപ്യന്‍ സംസ്കാരത്തെ രൂപപ്പെടുത്തിയത് പൗരാണിക ഗ്രീക്ക് റോമന്‍ മൂല്യങ്ങള്‍ മാത്രമാണ് എന്നായിരുന്നു ആദ്യകാല യൂറോപ്യന്‍ ചരിത്രപണ്ഡിതരുടെ വാദം. ലോകത്തെ ഇതര സംസ്കാരങ്ങളെ ഇകഴ്ത്തിക്കൊണ്ടും യൂറോപ്പിനെ മഹത്ത്വവത്കരിച്ചുകൊണ്ടുമുള്ള ഈ യൂറോകേന്ദ്രീകൃത കാഴ്ചപ്പാടിന് ഇന്ന് മങ്ങലേറ്റിട്ടുണ്ട്. യൂറോപ്പിന്റെ സംസ്കാരരൂപീകരണത്തില്‍ ഗ്രീക്ക്-റോമന്‍ മൂല്യങ്ങളോടൊപ്പം ഏഷ്യന്‍-ആഫ്രിക്കന്‍-അറേബ്യന്‍ സംസ്കാരവും ഗണ്യമായ സ്വാധീനം ചെലുത്തി എന്ന് ജോസഫ് നീഡ്ഹാം, മാര്‍ട്ടിന്‍ ബെര്‍ണല്‍, ഗാമിന്‍ മെന്‍ഡിസ് തുടങ്ങിയ ചിന്തകര്‍ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്യന്‍ നവോത്ഥാനം-സംഭാവനകള്‍

സാഹിത്യം

സാഹിത്യരംഗത്താണ് നവോത്ഥാനത്തിന്റെ സ്വാധീനം ആദ്യമായി കണ്ടുതുടങ്ങിയത്. ക്ലാസ്സിക്കല്‍ ഗ്രീക്ക് സാഹിത്യത്തോടു കിടപിടിക്കത്തക്ക അനേകം ഗ്രന്ഥങ്ങള്‍ ഇക്കാലത്തു രചിക്കപ്പെട്ടു. ഗ്രന്ഥരചനാരീതിയിലും സാരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടായി. നവോത്ഥാനകാലം ആയപ്പോഴേക്കും സാഹിത്യകാരന്മാര്‍ ഗ്രന്ഥങ്ങളിലൂടെ സാധാരണ മനുഷ്യരെ കണ്ടെത്തുവാന്‍ ശ്രമിച്ചുവെന്നതാണ് പ്രധാനം. മാനവികതയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ചിന്തകന്മാര്‍ 'നവോത്ഥാനഹ്യൂമനിസ്റ്റുകള്‍' എന്ന പേരിലറിയപ്പെട്ടു. ക്ലാസ്സിക് പണ്ഡിതന്മാരായ അവര്‍ ഗ്രീക്കുഭാഷ പഠിക്കുകയും ക്ലാസ്സിക് ഗ്രന്ഥങ്ങളെ നവീനമായി വ്യാഖ്യാനിക്കുകയും ചെയ്തു. സമൂഹത്തിലെമ്പാടും പ്രചരിച്ച നവചിന്തയുടെ ഫലമായി ദാര്‍ശനികസാഹിത്യമണ്ഡലം വികസിച്ചു. ഹ്യൂമനിസം എന്ന പ്രസ്ഥാനത്തിനുതന്നെ അതു വിത്തു പാകി.

Image:Boccassio-svk-15.png

ലോകപ്രശസ്തനായ ഇറ്റാലിയന്‍ കവിയായിരുന്നു ഡാന്റെ. അദ്ദേഹത്തിന്റെ പ്രസിദ്ധകാവ്യമാണ് ഡിവൈന്‍ കോമഡി. യൂറോപ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന പല ദുരാചാരങ്ങളെയും ചോദ്യം ചെയ്ത പണ്ഡിതനായിരുന്നു മാക്കിയവെല്ലി. അദ്ദേഹം രചിച്ച ദ് പ്രിന്‍സ് എന്ന ഗ്രന്ഥം വിഖ്യാതമാണ്. ജനങ്ങളില്‍ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്നതിന് ഈ കൃതിയും കാരണമായി. ഗ്രീക്കുഭാഷയില്‍ അഗാധപാണ്ഡിത്യം നേടിയിരുന്ന ബൊക്കാച്ചിയോയുടെ പ്രധാനസാഹിത്യസൃഷ്ടിയായിരുന്നു ഡെക്കാമെറോണ്‍ കഥകള്‍. ഇറ്റലിയില്‍ നിന്നും കാലക്രമേണ സാഹിത്യത്തിന്റെ വളര്‍ച്ച മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഡച്ചുസാഹിത്യകാരനായ എറാസ്മസ്സിന്റെ ഏറ്റവും പ്രധാന ഗ്രന്ഥമായിരുന്നു പ്രെയിസ് ഒഫ് ഫോളി. ഡോണ്‍ ക്വിക്സോട്ടിന്റെ രചനയിലൂടെ സ്പെയിന്‍കാരനായ സെര്‍വാന്തെസ് പുതിയൊരു സാഹിത്യഭാവുകത്വത്തിനു തുടക്കം കുറിച്ചു. നവോത്ഥാനകാലത്തെ ഏറ്റവും വിപ്ലവകാരിയായ ചിന്തകനായിരുന്നു ജര്‍മനിയിലെ മാര്‍ട്ടിന്‍ ലൂഥര്‍. ഇംഗ്ലീഷ് ചിന്തകരും സാഹിത്യകാരന്മാരുമായ സര്‍ തോമസ് മോര്‍, ജോണ്‍ മില്‍ട്ടണ്‍, വില്യം ഷെയ്ക്സ്പിയര്‍ തുടങ്ങിയവര്‍ നവോത്ഥാനത്തിനു നല്കിയ സംഭാവനകള്‍ ഗണനീയമാണ്.

Image:William shakespeare-svk-15.png

സാഹിത്യവും വിമര്‍ശനചിന്തയും പുതിയ ഊര്‍ജം കൈവരിച്ചത് അക്കാലത്താണ്. അരിസ്റ്റോട്ടിലിന്റെ കാവ്യമീമാംസയുടെ പുതിയ വ്യാഖ്യാനങ്ങള്‍ റോബര്‍ട്ടെല്ലോ, ബര്‍നാര്‍ഡോ സെഞ്ഞി എന്നിവര്‍ പുറത്തിറക്കി. ലോഞ്ജിനസ്, ക്വിന്റ്ലിയന്‍ എന്നിവരുടെ കൃതികളും ജനകീയമായി വായിക്കപ്പെട്ടു.

പ്ലേറ്റോ, അരിസ്റ്റോട്ടില്‍, ഹോറസ് തുടങ്ങിയവരുടെ വിമര്‍ശനചിന്തകളും കാവ്യനിരൂപണങ്ങളും ഇക്കാലത്ത് ഏറെ സംവാദാത്മകമായിത്തീര്‍ന്നു. 'റെട്ടറിക്' എന്നറിയപ്പെടുന്ന 'അലങ്കാരശാസ്ത്രം' നവോത്ഥാനകാലഘട്ടത്തിന്റെ പ്രധാന സംഭാവനയാണ്. ഒരു കൃതിയിലെ പദവാക്യഛന്ദോലങ്കാരങ്ങളെ വിന്യസിക്കുന്ന ശാസ്ത്രബോധമാണ് 'റെട്ടറിക്' എന്നു പറയാം. സിസറോ, ഹോറസ്, ക്വിന്റ്ലീയന്‍, സിഡ്നി തുടങ്ങിയ ആചാര്യന്മാര്‍, അരിസ്റ്റോട്ടിലിന്റെ പോയറ്റിക്സിലെ സിദ്ധാന്തങ്ങള്‍ക്ക് തുല്യമായ സ്ഥാനമാണ് 'റെട്ടറിക്കി'ന് നല്കിയത്. പ്രഭാഷണകലയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന ഈ പദം നവോത്ഥാനകാലഘട്ടത്തില്‍ സാഹിത്യസിദ്ധാന്തമണ്ഡലത്തില്‍ ചര്‍ച്ചാവിഷയമായിത്തീര്‍ന്നു. അരിസ്റ്റോട്ടിലിന്റെ കാവ്യമീമാംസാദര്‍ശനങ്ങള്‍ നവോത്ഥാന സാഹിത്യരംഗത്തെ കൂടുതല്‍ ചലനാത്മകമാക്കി. കാസ്റ്റല്‍വെട്രോ, ടാസ്സോ തുടങ്ങിയവര്‍ കാവ്യമീമാംസയെ സംബന്ധിച്ച നിരൂപണങ്ങളിലൂടെ ജനശ്രദ്ധ നേടി.

പ്രാചീന ഗ്രീക്ക്-റോമന്‍ സാഹിത്യകൃതികളുടെ പ്രചാരവും നവീനപഠനങ്ങളും നവോത്ഥാനകാലത്തിന് ഊര്‍ജസംഭരണിയായിത്തീര്‍ന്നു. ഭാവനയുടെ സ്വാതന്ത്യ്രവും മതസ്വഭാവമുള്ള സാഹിത്യനിയമങ്ങളും നവോത്ഥാനസാഹിത്യചിന്തയെ ഒരുപോലെ സ്വാധീനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തു. പ്രാചീന ആചാര്യന്മാരുടെ ദര്‍ശനങ്ങള്‍ അനുകൂലമായും പ്രതികൂലമായും ചര്‍ച്ച ചെയ്യപ്പെടുകയും അതിന് അനുബന്ധമായി ഒട്ടേറെ പുതിയ കൃതികള്‍ പുറത്തുവരികയും ചെയ്തു. പാരമ്പര്യ ആസ്വാദനസമ്പ്രദായത്തില്‍നിന്ന് വേറിട്ട്, നവീനഭാവുകത്വത്തിന്റെ അഭിരുചികള്‍ പ്രകടമാക്കാന്‍ നവോത്ഥാനചിന്തകരും ആസ്വാദകരും ശ്രമിച്ചു. യാഥാസ്ഥിതിക ക്രൈസ്തവസഭകളുടെ സാഹിത്യദര്‍ശനവും പുതിയ വിപ്ലവാത്മക ചിന്തകളും നവോത്ഥാനത്തെ ജ്വലിപ്പിക്കുകയുണ്ടായി. മധ്യയുഗത്തിന്റെ തുടക്കത്തില്‍ കത്തോലിക്കാസഭ കലയെയും സാഹിത്യത്തെയും കര്‍ശനനിലപാടോടെയാണ് നോക്കിക്കണ്ടത്. മതസാഹിത്യത്തെയും മതാത്മകദര്‍ശനങ്ങളെയും അവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഭാനവീകരണത്തിന്റെ ഫലമായി ഉയര്‍ന്നുവന്ന പ്രൊട്ടസ്റ്റന്റ് സഭകള്‍ കലയെയും സാഹിത്യത്തെയും തിന്മയുടെ ശക്തികളായാണ് വിലയിരുത്തിയത്. മനുഷ്യവികാരങ്ങളുടെ സ്വച്ഛന്ദമായ ആവിഷ്കരണം തികച്ചും അധാര്‍മികവും ദുരുപയോഗവുമാണെന്ന് അവര്‍ വ്യാഖ്യാനിച്ചു.

നവോത്ഥാനദശയില്‍ സാഹിത്യത്തിന് ലഭിച്ച ഊഷ്മളമായ വരവേല്‍പ്പ് പ്യൂരിറ്റന്‍വാദികളായ മതചിന്തകരെ ഭയപ്പെടുത്തിയെന്നുപറയാം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നവോത്ഥാനത്തിന്റെ ശംഖൊലി കേട്ടുതുടങ്ങിയതോടെ ഗ്രീക്കു, ലാറ്റിന്‍ ഭാഷകള്‍ എവിടെയും പ്രിയങ്കരമായിത്തീര്‍ന്നു. ഇംഗ്ലണ്ടിലെ പണ്ഡിതന്മാരിലൂടെ 'കേംബ്രിഡ്ജ് സ്കൂള്‍', പുതിയ സാഹിത്യദര്‍ശനവും ഇംഗ്ലീഷ് ഭാഷയുടെ നവീകരണവും ലക്ഷ്യമിട്ടു.

തത്ത്വചിന്ത

ഹ്യൂമനിസം ശരിയായ അര്‍ഥത്തില്‍ ഒരു തത്ത്വചിന്ത ആയിരുന്നില്ല. മറിച്ച് ഒരു പഠനരീതിയായിരുന്നു. പുരാതന ലാറ്റിന്‍, ഗ്രീക്ക് ഗ്രന്ഥങ്ങള്‍ പുതിയ പഠനങ്ങള്‍ക്ക് വിധേയമാക്കുകയായിരുന്നു അവര്‍. ഇറ്റാലിയന്‍ കവിയും, ചിന്തകനുമായ ഫ്രാന്‍സിസ് പെട്രാര്‍ക്കാണ് ഹ്യുമനിസത്തിന്റെ ആദ്യ വക്താവായി അറിയപ്പെടുന്നത്. 15-ാം ശ.-ത്തില്‍ ഒരു ഹ്യൂമനിസ്റ്റ് പാഠ്യപദ്ധതി തയ്യാറാക്കപ്പെട്ടു. സ്റ്റൂഡിയ ഹ്യൂമാനിറ്റാറ്റിസ് (studia humanitatis) എന്ന പേരിലറിയപ്പെട്ട ഇതില്‍ വ്യാകരണം, പ്രഭാഷണകല, മോറല്‍ ഫിലോസഫി, കവിത, ചരിത്രം എന്നിവ ലാറ്റിനിലും, ഗ്രീക്കിലും അഭ്യസിപ്പിച്ചു. ലിയൊനാര്‍ദോ ബ്രൂണൊ, ബൊക്കാചിയൊ, സിസെറോ, സൈമണ്‍ അല്‍മനൊ, ഗീര്‍ട്ട് ഗ്രൂടെ, ബെര്‍നട് മെട്ഗെ, നിക്കോലാസ് ഡി നിക്കോളി തുടങ്ങിയവര്‍ ഇതിന്റെ പ്രമുഖ വക്താക്കളായിരുന്നു. നിക്കോളാസ് മാക്കിയ വല്ലിയും, തോമസ് മോറും ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് പുതിയ രാഷ്ട്രീയചിന്തയെ മുന്നോട്ടുവെച്ചു. ആധുനികസാമൂഹികശാസ്ത്രവികാസത്തിന്റെ നാഴികക്കല്ലായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. പികോസെല്ല മീറന്‍ഡോയുടെ എഴുത്തുകള്‍ നവോത്ഥാനത്തിന്റെ പ്രഖ്യാപനമായി കരുതപ്പെടുന്നു. മറ്റിയൊ പല്‍മിയറി സിവിക് ഹ്യൂമനിസത്തിന്റെ വക്താവായിരുന്നു. ഹ്യൂമനിസം ചിന്തയോടും പഠനത്തോടുമൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും ചേര്‍ന്നതാണെന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. ജനാധിപത്യത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.

Image:Aristotle-svk-15.png

ഇറാസ്മസ് എന്ന ദാര്‍ശനികന്‍ 'ആദര്‍ശമാനവന്‍' എന്ന സങ്കല്പത്തെ ഉയര്‍ത്തിക്കാട്ടി. തത്ത്വദര്‍ശനം, സാമൂഹികാവബോധം, പ്രഭാഷണകല, മതബോധം, കായികശക്തി എന്നിവയെല്ലാം ആദര്‍ശവ്യക്തിത്വത്തിന്റെ ഉദാത്തമൂല്യങ്ങളായി ഉയര്‍ത്തിക്കാണിച്ചു. മാനവരാശി കണ്ടിട്ടുള്ളതില്‍ വച്ച് 'ഏറ്റവും മഹത്തായ പുരോഗമന വിപ്ളവം' എന്നാണ് ഫ്രെഡറിക് എംഗല്‍സ് നവോത്ഥാനത്തെ വിശേഷിപ്പിച്ചത്. ധൈഷണികരംഗത്തെന്നപോലെ ശാസ്ത്രസാങ്കേതികരംഗത്തും നവോത്ഥാന യൂറോപ്പ് കൈവരിച്ച പുരോഗതി അക്കാലംവരെ ലോകഭൂപടത്തില്‍ തികച്ചും അപ്രസ്കതമായിരുന്ന യൂറോപ്പിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മാര്‍ഗദര്‍ശനമേകി.

നവോത്ഥാന ചിന്തകരെ മുഴുവന്‍ സ്വാധീനിച്ച ചിന്തകനായിരുന്നു അരിസ്റ്റോട്ടില്‍. അരിസ്റ്റോട്ടിലിയന്‍ ചിന്താപദ്ധതികള്‍ പരമ്പരാഗത ധാരണകളെ തകര്‍ക്കുന്നതിനുള്ള വിമര്‍ശനാത്മക ഊര്‍ജം എഴുത്തുകാര്‍ക്ക് നല്കി. തത്ത്വചിന്തയുടെ പല സാങ്കേതിക പദങ്ങളും മറ്റും ഈ ചിന്താപദ്ധതിയില്‍നിന്നും രൂപപ്പെട്ടു. എന്നാല്‍ ശാസ്ത്രത്തിന്റെ വികാസത്തോടെ പ്രപഞ്ചത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പല സിദ്ധാന്തങ്ങളും നിരാകരിക്കപ്പെട്ടു.

കല

നവോത്ഥാനം സൃഷ്ടിച്ച സമൃദ്ധി അനേകം സര്‍ഗസൃഷ്ടികളുടെ ഉദയത്തിന് വഴിതെളിച്ചു. ഇറ്റലിയിലെ സമ്പന്നരായ പ്രഭുക്കന്മാരും ഭൂവുടമകളും ബാങ്കുടമകളും വ്യാപാരികളും തങ്ങളുടെ സമ്പന്നതയില്‍ അഭിമാനിക്കുന്നവരായിരുന്നു. കലാകാരന്മാരുടെയും ശില്പികളുടെയും സംരക്ഷണവും മറ്റും ഏറ്റെടുക്കുന്നത് വലിയ അഭിമാനകരമായ കാര്യമായാണ് അവര്‍ കണ്ടിരുന്നത്. പ്രമുഖരായ പണ്ഡിതരെയും കലാകാരന്മാരെയും അതിഥികളാക്കാനും പുസ്തകങ്ങളും കലാസൃഷ്ടികളും വലിയ വിലകൊടുത്ത് വാങ്ങാനും അവര്‍ ഉത്സാഹിച്ചിരുന്നു. ഫ്ളോറന്‍സിലെ സമ്പന്നകുടുംബങ്ങള്‍ തങ്ങളുടെ സ്വകാര്യ ആരാധനാലയങ്ങള്‍ നിര്‍മിക്കാനും അലങ്കരിക്കാനും കലാകാരന്മാരെ ക്ഷണിക്കുകയും അവര്‍ക്ക് മികച്ച പ്രതിഫലം നല്കുകയും ചെയ്തിരുന്നു. ഓരോ കുടുംബത്തിന്റെയും പ്രതാപമഹിമകളുടെ സാക്ഷ്യമായിട്ടാണ് അലങ്കരിക്കപ്പെട്ട ചാപ്പലുകള്‍ നിലനിന്നിരുന്നത്. പള്ളിയിലെ അള്‍ത്താരയ്ക്ക് മുകളിലെ ഭിത്തിയില്‍ നിരവധി ഫ്രെസ്കോ പെയിന്റിങ്ങുകള്‍ ഇടംനേടി. ഫ്ലോറന്‍സിലെ സാന്റാമറിയ ഡെല്‍ കാര്‍മൈന്‍ പള്ളിയിലെ ഫ്രെസ്കോ പെയിന്റിങ്ങുകളാണ് ചിത്രകലയിലെ നവോത്ഥാനത്തിന്റെ ആദ്യതുടിപ്പുകളെന്ന് പല ചരിത്രഗവേഷകന്മാരും വിശ്വസിക്കുന്നു. എന്നാല്‍ മസോളിനോ, മസാക്കിയോ എന്നിവരുടെ ഫ്രെസ്കോ ചിത്രങ്ങളാണ് മതാത്മകകലയില്‍ ഒരു വഴിത്തിരിവുതന്നെയുണ്ടാക്കിയത്. ഗ്ലാസ് ജനാലകളിലും കയ്യെഴുത്തുപ്രതികളിലുമാണ് മധ്യകാല ക്രിസ്ത്യന്‍ കലയുടെ ആവിഷ്കാരങ്ങള്‍ രൂപപ്പെട്ടിരുന്നത്. അപൂര്‍വമായി മാത്രം മനുഷ്യരൂപങ്ങളും അവര്‍ ചിത്രീകരിച്ചിരുന്നു. സൂക്ഷ്മമായ കലാദര്‍ശനം അവരുടെ സൃഷ്ടികളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മസ്സാക്കിയോയുടെ പേഴ്സ്പെക്ടീവ് രചനാസമ്പ്രദായം ചിത്രകലയ്ക്ക് ഒരു പുതിയ ഊര്‍ജവും ദര്‍ശനവും നല്കി. സ്ഥലകാലങ്ങളെ ആഴത്തില്‍ നോക്കിക്കാണുന്ന ആ കലാദര്‍ശനത്തെ ഫിലിപ്പോ ബ്രൂണെല്‍സ്കിയെപ്പോലുള്ളവര്‍ പിന്‍തുടരുകയുണ്ടായി. അമൂര്‍ത്തചിത്രകലയുടെ കാലംവരെ, (ഏതാണ്ട് 19-ാം ശ.-ത്തിന്റെ അവസാനകാലംവരെ) ഈ ചിത്രകലാരീതി നിലനിന്നു.

നവോത്ഥാനകല, ക്രൈസ്തവമതദര്‍ശനത്തില്‍നിന്ന് വിമുക്തമായിരുന്നില്ല. മിക്ക പെയിന്റിങ്ങുകളും ബൈബിള്‍ കഥകളുടെ ആവിഷ്കാരങ്ങളായിരുന്നു. ലിയാനാര്‍ദോ ദാവിഞ്ചിയുടെ 'ലാസ്റ്റ് സപ്പര്‍' എന്ന വിഖ്യാതരചനയും മൈക്കല്‍ ആഞ്ചലോയുടെ ദാവീദും, ഗോലിയാത്തും, കന്യാമറിയം എന്നീ ശില്പങ്ങളും നവോത്ഥാനകലയുടെ മതപരമായ സ്വാധീനം വ്യക്തിമാക്കിത്തരുന്നവയാണ്. ക്രൈസ്തവ പാരമ്പര്യത്തെ പിന്തുടരുമ്പോഴും പൗരാണികത്വം നവോത്ഥാന കലാകാരന്മാരെ ഏറെ ആകര്‍ഷിച്ചിരുന്നു. ക്ലാസ്സിക്കല്‍ ഗ്രീക്കുവാസ്തുവിദ്യയുടെയും ശരീരശാസ്ത്രത്തിന്റെ വിശദജ്ഞാനത്തിന്റെയും ഉത്തമോദാഹരണമാണ് ദാവീദിന്റെ ശില്പം. ശില്പങ്ങളിലൂടെ മനുഷ്യശരീരത്തിന്റെ നിരവധി ചലനങ്ങളാണ് മൈക്കല്‍ ആഞ്ചലോ അവതരിപ്പിച്ചത്. വ്യത്യസ്ത പോസുകളില്‍ മനുഷ്യനെ ആദ്യമായി ചിത്രീകരിച്ചത് മൈക്കലാഞ്ചലോ ആയിരുന്നു. ഗ്രീക്കു പാരമ്പര്യത്തെയും സംസ്കാരത്തെയും പ്രകീര്‍ത്തിച്ചുകൊണ്ട് റാഫേല്‍ ആവിഷ്കരിച്ച ചിത്രങ്ങളും നവോത്ഥാനത്തിന് ഉത്തേജകമായിത്തീര്‍ന്നു. ധീരന്മാരായ യോദ്ധാക്കളെ ചിത്രങ്ങളിലും ശില്പങ്ങളിലും ആവിഷ്കരിക്കുന്ന രീതിയും നവോത്ഥാനകലാകാരന്മാര്‍ പരീക്ഷിച്ചു. അലങ്കരിക്കപ്പെട്ട ശവകുടീരങ്ങളും അക്കാലത്ത് ശ്രദ്ധാകേന്ദ്രമായി. നവോത്ഥാനത്തിന് മുമ്പ് കലാപ്രതിഭകള്‍ക്ക് സ്വതന്ത്രമായ പ്രചോദനം ലഭിച്ചിരുന്നില്ല. എന്നാല്‍ സമൂഹത്തിലെ ഉന്നതവ്യക്തികള്‍ കലാകാരന്മാരെ പിന്തുണയ്ക്കാന്‍ തുടങ്ങിയതോടെ നവോത്ഥാനം ക്രിയാത്മകരൂപം കൈകൊണ്ടു. മരണശേഷവും തങ്ങളുടെ പ്രതാപവും പ്രശസ്തിയും നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച പ്രഭുക്കന്മാര്‍ കലാകാരന്മാര്‍ക്ക് അകമഴിഞ്ഞ സഹകരണമാണ് നല്കിയത്.

ആദ്യകാല നവോത്ഥാനകാലഘട്ടത്തിലെ പുരസ്കര്‍ത്താക്കളില്‍ പ്രധാനിയായിരുന്നു കോസിമോ ഡി മെഡിസി. ഫ്ലോറന്‍സിലെ ഭരണകര്‍ത്താവായിരുന്ന അദ്ദേഹം കലകളെയും മാനവികമൂല്യങ്ങളെയും പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ വഴി പിന്‍തുടര്‍ന്ന ചെറുമകന്‍ ലോറന്‍സോ കവിയും പരിഷ്കര്‍ത്താവുമായിരുന്നു. നവോത്ഥാനകലയുടെ റോമിലെ പരിഷ്കര്‍ത്താക്കള്‍ പോപ്പുമാരായിരുന്നു. പണ്ഡിതരായ മാനവികതാവാദികള്‍ക്ക് വത്തിക്കാന്‍ കോടതിയില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നു. ജൂലിയസ് രണ്ടാമന്റെ കാലത്ത് പ്രാചീനമായ പ്രതിമകളും പൗരാണികവസ്തുക്കളും ശേഖരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തു. ജൂലിയസ് തന്റെ ശവകുടീരം അലങ്കരിക്കാനും, പ്രസിദ്ധമായ വത്തിക്കാന്‍ സിഡറ്റൈന്‍പള്ളി പുനരുദ്ധരിക്കാനും ഏല്പിച്ചത് മൈക്കലാഞ്ചലോയെ ആണ്.

ഇറ്റലിയില്‍ ആവിര്‍ഭവിച്ച നവോത്ഥാനം, അവിടുത്തെ എല്ലാ നഗരങ്ങളിലും ഒരേസമയത്ത് പ്രതിഫലിച്ചില്ല. 15-ാം ശ. വരെയും വെനീസില്‍ മാത്രമാണ് നവോത്ഥാനത്തിന്റെ ഉണര്‍വ് പ്രകടമായത്. രണ്ടു നൂറ്റാണ്ടുകൊണ്ട് വെനീസ് കലയുടെയും കച്ചവടത്തന്റെയും നഗരമായി പേരെടുത്തു. ചിത്രരചന അഭ്യസിക്കുന്നതിനുള്ള അനേകം സ്കൂളുകള്‍ ഈ കാലഘട്ടത്തില്‍ ഇറ്റലിയില്‍ സ്ഥാപിക്കപ്പെട്ടു. ഇറ്റലിയില്‍ നിന്നും ഈ നവീന ചിത്രകല യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ അനേകം ചിത്രകാരന്മാരെ ലോകത്തിനു സംഭാവന ചെയ്തു. ഇംഗ്ലണ്ടില്‍ എലിസബത്ത് രാജ്ഞിയുടെ കാലത്ത് ചിത്രകലയ്ക്ക് അസാമാന്യമായ സ്വാധീനം ലഭിച്ചു. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും നവോത്ഥാന ചിത്രകലയുടെ സ്വാധീനം ദൃശ്യമായിരുന്നു. ചിത്രകലയോടൊപ്പംതന്നെ ശില്പകലയിലും അസാമാന്യമായ പുരോഗതി ഇക്കാലത്തുണ്ടായി. യൂറോപ്പിലെ ദേവാലയങ്ങളില്‍ അലങ്കാരത്തിനുവേണ്ടി മരംകൊണ്ടും മാര്‍ബിള്‍കൊണ്ടും ഉള്ള നിരവധി പ്രതിമകള്‍ നിര്‍മിക്കപ്പെട്ടു. ഹോളണ്ട്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലും ശില്പകലയ്ക്ക് വലിയ പുരോഗതിയുണ്ടായി.

ഗ്രീക്കു ലാവണ്യശാസ്ത്രത്തില്‍ പറയുന്ന 'പ്രകൃതിയുടെ ശരിപ്പകര്‍പ്പ്' (imitation of nature-plato) നവോത്ഥാനകാലത്തെ കലയുടെ ലക്ഷ്യവും സവിശേഷതയുമായിരുന്നു. ഇക്കാലഘട്ടത്തില്‍ ഓരോ ചിത്രകാരന്റെയും വ്യക്തിഗത ശൈലിയെക്കുറിച്ചുള്ള ചിന്ത ഉണ്ടാകാന്‍ തുടങ്ങിയെന്നതും, എണ്ണച്ചായം (oil medium) പ്രചാരത്തിലായിയെന്നതും എടുത്തുപറയേണ്ട കാര്യമാണ്. വ്യക്തിഗത കലാകാരന്മാരെക്കുറിച്ചുള്ള മതിപ്പ് അക്കാലത്ത് ഏറിവന്നു. കലയെ ബുദ്ധിജീവിയുടെ തൊഴിലായി അംഗീകരിക്കാന്‍ തുടങ്ങുന്നതും നവോത്ഥാനകാലത്തിന്റെ സവിശേഷതയാണ്. വ്യക്തിഗത കലാകാരന്മാരെക്കുറിച്ചുള്ള വിവരം കാര്യമായി ലഭിക്കാന്‍ തുടങ്ങുന്നത് ഇക്കാലത്താണ്.

യഥാതഥ പ്രതീതി (illusion of reality) നവോത്ഥാന കാലത്ത് ചിത്രകലയില്‍ നേടിയെടുക്കാന്‍ സാധിച്ചത് കലയെ ഉയര്‍ന്ന തലത്തിലേക്ക് വികസിക്കുവാന്‍ സഹായിച്ചു. ചിത്രത്തില്‍ പശ്ചാത്തലമായി ഭൂഭാഗദൃശ്യങ്ങള്‍ (Landscape) വരാന്‍ തുടങ്ങുന്നത് മിക്കവാറും നവോത്ഥാന കാലഘട്ടത്തോടെയാണ്. പരിപ്രേക്ഷ്യം (perspective) എന്ന രചനാവിദ്യ ഉപയോഗിച്ച് പശ്ചാത്തലഭൂഭാഗത്തിന് യാഥാര്‍ഥ്യ പ്രതീതി നല്‍കിയത് നവോത്ഥാനകാലത്തെ സവിശേഷതയാണ്.

യഥാതഥ പ്രതീതി എന്ന ദൃശ്യവിസ്മയം അതിശ്രേഷ്ഠമായി ചിത്രകലയില്‍ ഉപയോഗിച്ചത് ഡച്ചു ചിത്രകാരന്മാരാണ്. ഇറ്റാലിയന്‍ നവോത്ഥാനം പോലെ ഡച്ചു ചിത്രകലാരംഗവും പാശ്ചാത്യലോകത്ത് ഗണ്യമായ സംഭാവനകള്‍ നല്കി. ജാന്‍വാന്‍ ഐക്(Janvan Eyech)ന്റെ ഘന്റ് അള്‍ത്താര (Ghant altarpiece) ചിത്രം, അര്‍നോള്‍ ഫിനിയുടെ വിവാഹചിത്രം (wedding portrait of Arnolfling) എന്നിവയില്‍ ഓരോ ചെറിയ വസ്തുവിന്റെയും കൃത്യവും വിശദവുമായ ചിത്രീകരണം, വെളിച്ചം പതിയുന്നു എന്നു തോന്നിക്കുന്ന സ്വാഭാവികത എന്നിവയെല്ലാം യാഥാര്‍ഥ്യപ്രതീതി ഉണ്ടാകുന്നതിന്റെ ഉത്തമോദാഹരണങ്ങളാണ്.

സംഗീതകലയിലുണ്ടായ പുരോഗതിയും നവോത്ഥാനകാലത്തിന്റെ തനിമയാണ്. ആധുനികരീതിയിലുള്ള സംഗീതവിദ്യകളും സംഗീതോപകരണങ്ങളും കണ്ടുപിടിക്കാന്‍ ഇക്കാലത്തെ സംഗീതവിദ്വാന്മാര്‍ ശ്രമിച്ചിരുന്നു. ഉപകരണ സംഗീതം, വായ്പാട്ടില്‍നിന്ന് വേര്‍പെട്ട് സ്വതന്ത്ര അസ്തിത്വം കൈവരിച്ചു തുടങ്ങുന്നത് ഇക്കാലത്താണ്. പോളിഫോണിക് സംഗീതവും രൂപപ്പെട്ടുതുടങ്ങിയത് നവോത്ഥാനകാല പരീക്ഷണങ്ങളുടെ ഭാഗമായാണ്. മാഡ്രിഗല്‍ എന്ന സംഗീതരൂപം ഹ്യൂമനിസ്റ്റുകളുടെ മഹത്തായ പരീക്ഷണമായിരുന്നു. നാലോ അഞ്ചോ ശബ്ദങ്ങള്‍ ഒന്നിച്ചുചേര്‍ത്ത സംഗീതരൂപമായിരുന്നു ഇത്. മതേതരമായ പ്രമേയങ്ങള്‍ സംഗീതത്തിലേക്ക് കൊണ്ടുവരികയും സംഗീതപാരമ്പര്യത്തെ മാറ്റിമറിക്കുകയും ചെയ്തു ഇത്തരം പരീക്ഷണങ്ങള്‍.

ശാസ്ത്രം

നവോത്ഥാനകാലത്തുണ്ടായ മറ്റൊരു വലിയ പ്രത്യേകതയായിരുന്നു ശാസ്ത്രീയവിജ്ഞാനത്തിന്റെ വളര്‍ച്ച. ആധുനികവിജ്ഞാനത്തില്‍ ഗണ്യമായ സംഭാവനകള്‍ നല്കിയ റോജര്‍ ബേക്കണ്‍ നവോത്ഥാനത്തിന്റെ സൃഷ്ടിയാണ്. ലിയാനാര്‍ദോ ദാവിഞ്ചി ഒരു ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു പ്രകൃതി ശാസ്ത്രത്തിലും മനുഷ്യശരീരശാസ്ത്രത്തിലും എഞ്ചിനീയറിങ്ങിലും വലിയ പാണ്ഡിത്യം നേടിയിരുന്ന ഡാവിഞ്ചി യന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വ്യോമയാനത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു. പോളണ്ടുകാരനായ കോപ്പര്‍ നിക്കസ് പഴയ 'ഭൗമ-കേന്ദ്രിത' പ്രപഞ്ചസങ്കല്പത്തെ തകര്‍ത്ത് സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഒരു ഗ്രഹമാണ് ഭൂമിയെന്ന് സമര്‍ഥിച്ചു. കോപ്പര്‍നിക്കസ്സിന്റെ നിരീക്ഷണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിന് ജര്‍മന്‍കാരനായ കെപ്ലര്‍ എന്ന ശാസ്ത്രജ്ഞനു കഴിഞ്ഞു. 'കോപ്പര്‍ നിക്കസ് വിപ്ലവം' യുഗനിര്‍ണായകമായ ശാസ്ത്രീയസംഭാവനയായി വിലയിരുത്തപ്പെടുന്നു. ആധുനിക ബലതന്ത്രത്തിന്റെ ഉപജ്ഞാതാവായ ഗലീലിയോ ദൂരദര്‍ശിനി ഉപയോഗിച്ച്, ചന്ദ്രനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ശുക്രന്റെ വൃദ്ധിക്ഷയങ്ങളും നിരീക്ഷിച്ചതാണ് മറ്റൊരു ചരിത്രമുഹൂര്‍ത്തം. ക്രൈസ്തവസഭയുടെ സിദ്ധാന്തങ്ങള്‍ക്കെതിരായിരുന്നു ഗലീലിയോയുടെ കണ്ടുപിടിത്തം. കോപ്പര്‍ നിക്കസിന്റെ നിരീക്ഷണങ്ങളെ തെളിയിക്കുയായിരുന്നു ഗലീലിയോ. പോപ്പ് പീയുസ് നാലാമന്‍ ദൈവനിന്ദ ആരോപിച്ച് അദ്ദേഹത്തെ ഏകാന്ത തടവിന് ശിക്ഷിച്ചു. എന്നാല്‍ ചരിത്രഗതിയില്‍ സഭ പിന്‍തള്ളപ്പെടുകയും മനുഷ്യഗതിയെ മാറ്റിയ ശാസ്ത്രജ്ഞനായി ഗലീലിയോ അംഗീകരിക്കപ്പെടുകയും ചെയ്തു. ഇംഗ്ലണ്ടുകാരനായ സര്‍ ഐസക് ന്യൂട്ടണ്‍ കണ്ടുപിടിച്ച 'ഗുരുത്വാകര്‍ഷണ' നിയമവും 'ചലന'നിയമങ്ങളും ശാസ്ത്രത്തെമാത്രമല്ല, മനുഷ്യരുടെ ലോകബോധത്തെത്തന്നെ അഗാധമായി പരിവര്‍ത്തിപ്പിച്ചു. 1662-ല്‍ ലണ്ടനിലെ റോയല്‍ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതോടുകൂടി ഇംഗ്ലണ്ടില്‍ ശാസ്ത്ര ഗവേഷണം അസാമാന്യമായ വളര്‍ച്ച പ്രാപിച്ചു.

Image:Copernicus-2-svk-15.png

നവോത്ഥാനകാലത്തെ ഒരു പ്രധാന സംഭവമായിരുന്നു വെടിമരുന്നിന്റെ കണ്ടുപിടിത്തം. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനാക്കാര്‍ക്ക് വെടിമരുന്നിനെ ഒരു സ്ഫോടകവസ്തുവായി ഉപയോഗിക്കാന്‍ അറിയാമായിരുന്നു. യൂറോപ്പില്‍ വെടിമരുന്നു കണ്ടുപിടിച്ചത് റോജര്‍ബേക്കണ്‍ ആണെന്നു വിശ്വസിക്കപ്പെടുന്നു. റോജര്‍ ബേക്കണിന്റെ കണ്ടുപിടിത്തത്തിനുശേഷം ജര്‍മന്‍ ശാസ്ത്രജ്ഞനായ ബര്‍ത്തോള്‍ഡ് ഷ്വാറ്റ്സ് വെടിമരുന്നിന്റെ ശക്തി കൂടുതല്‍ വര്‍ധിപ്പിച്ചു. അതിനെത്തുടര്‍ന്നാണ് വെടിമരുന്നുപയോഗിച്ചുള്ള പീരങ്കികള്‍ നിലവില്‍വന്നത്. അതോടെ വെടിമരുന്നിന്റെ നിര്‍മാണം ഓരോ രാജ്യത്തിന്റെയും നിലനില്പിന് ആവശ്യമായിത്തീര്‍ന്നു. വലിയതോതില്‍ തോക്കുകളും പീരങ്കികളും നിര്‍മിച്ചു സൂക്ഷിച്ചതിനെത്തുടര്‍ന്ന് യൂറോപ്പിലെ പുതിയ രാജാക്കന്മാര്‍ അതിശക്തരായിത്തീര്‍ന്നു. യൂറോപ്പിലെ ഫ്യൂഡല്‍ പ്രഭുക്കന്മാരെ അടിച്ചൊതുക്കുവാന്‍ അവര്‍ തോക്കുകള്‍ ഉപയോഗപ്പെടുത്തി. യൂറോപ്യന്‍ നാവികശക്തികള്‍ക്ക് വിദൂരങ്ങളായ ഭൂഖണ്ഡങ്ങളില്‍ കോളനികള്‍ സ്ഥാപിക്കുന്നതിനുള്ള കഴിവുണ്ടാക്കിക്കൊടുത്തതും വെടിമരുന്നിന്റെ കണ്ടുപിടിത്തം ആയിരുന്നു.

ഭൗതികശാസ്ത്രത്തോടൊപ്പം മറ്റു ശാസ്ത്രശാഖകളും രൂപപ്പെട്ടു തുടങ്ങിയിരുന്നു. ഏതു വസ്തുവിനെയും സ്വര്‍ണമാക്കി മാറ്റാമെന്നുള്ള ധാരണയില്‍ ആരംഭിച്ച ആല്‍ക്കെമി, രസതന്ത്ര പഠനങ്ങള്‍ക്ക് അടിത്തറയിട്ടു. ലാവോസിയേയിലൂടെ ഈ ശാസ്ത്രീയ അന്വേഷണം കൂടുതല്‍ മുന്നോട്ടുപോയി. വൈദ്യശാസ്ത്രം, ഗണിതം, ജീവശാസ്ത്രം, ഭൗമശാസ്ത്രം തുടങ്ങിയ മേഖലകളിലും പുതു ചുവടുവെപ്പുകളുണ്ടായി. പരമ്പരാഗത അന്വേഷണരീതികളും അറിവും പരമ്പരകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് നിലനിന്നതായിരുന്നു. എന്നാല്‍ നവോത്ഥാനകാല തത്ത്വചിന്തയും, ഗണിതവും, പുതിയ അന്വേഷണങ്ങളും ചേര്‍ന്ന് 'ശാസ്ത്രീയ രീതിശാസ്ത്രം' (Scientific methodology) വികസിച്ചുവന്നു. വസ്തുനിഷ്ഠ അന്വേഷണത്തിന്റെ ഈ മേഖല ലോകത്തെത്തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങള്‍ നടത്തി. ഒരുപക്ഷേ ശാസ്ത്രീയരീതിശാസ്ത്രത്തിന്റെ വികാസമായിരിക്കും യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഏറ്റവും ചലനാത്മകമായ സംഭാവന. അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തങ്ങളെ നിരാകരിച്ചുകൊണ്ട് കൂടിയാണ് ഇത് മുന്നോട്ടുപോയത്.

വാസ്തുവിദ്യ

ഇറ്റലിയിലെ ഫ്ലോറെന്‍സില്‍ നിന്ന് ആവിര്‍ഭവിച്ച് പ്രാന്തപ്രദേശങ്ങളായ റോം, മിലാന്‍ എന്നിവിടങ്ങളിലൂടെ നെതര്‍ലന്‍ഡിലും ക്രമേണ സ്പെയിന്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ യുറോപ്യന്‍ രാജ്യങ്ങളിലേക്കും ഒരു നൂതന വാസ്തുവിദ്യാരീതി പ്രചാരത്തില്‍ വന്നത് നവോത്ഥാനത്തോടെയായിരുന്നു. ഓരോ രാജ്യത്തിന്റെയും ശൈലിയില്‍ തനതായ വ്യത്യാസങ്ങള്‍ ദര്‍ശിക്കാമെങ്കിലും അവയിലെ അടിസ്ഥാനതത്ത്വങ്ങള്‍ക്ക് മാറ്റം ഉണ്ടായിരുന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്.

പുത്തനുണര്‍വ് വാസ്തുശില്പികളെ കൂടുതല്‍ ലൗകികമനസ്കരാക്കിമാറ്റിയതാകാം പുതിയൊരു വാസ്തുവിദ്യാശൈലിയുടെ ആവിര്‍ഭാവത്തിനുകാരണം. പ്രാചീന വാസ്തുശില്പങ്ങളുടെ ആകാരവടിവ് തങ്ങളുടെ വാസ്തുശില്പങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങളോടെ പുനരാവിഷ്കരിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു അവരിലാദ്യമുണ്ടായത്. തുടര്‍ന്ന് ക്ളാസ്സിക്കല്‍, ഗോഥിക് സമ്പ്രദായങ്ങള്‍ക്കും പകരം നൂതനമായ രീതികള്‍ സ്വീകരിക്കപ്പെട്ടു. റോം, ഗ്രീസ് എന്നിവിടങ്ങളിലെ വാസ്തുശില്പങ്ങള്‍ അവലോകനവിധേയമാക്കുന്നതിലും നവോത്ഥാനവാസ്തുശില്പങ്ങളില്‍ അവയിലെ സൗകുമാര്യം സ്വാംശീകരിക്കുന്നതിലും അന്നത്തെ വാസ്തുശില്പികള്‍ ബദ്ധശ്രദ്ധരായിരുന്നു.

Image:Vasthuvidya-Composite Order.png

Image:Vasthuvidya-Corithian Order-2.png


നവോത്ഥാന വാസ്തുവിദ്യയില്‍ അനുപാതങ്ങള്‍ക്കും വീക്ഷണകോണിനും മുന്‍തൂക്കം നല്കപ്പെട്ടിരുന്നു. ക്ലാസ്സിക്കല്‍ വാസ്തു വിദ്യാരീതിയിലെ സ്തംഭം, വൃത്താകാരകമാനം, കുംഭഗോപുരം മുതലായവ നവോത്ഥാന വാസ്തുവിദ്യയിലും പുനരാവിഷ്കരിക്കപ്പെട്ടു. കുംഭഗോപുരവും അതിനെ താങ്ങിനിര്‍ത്തിയിരുന്ന സംരചനയും ശ്രദ്ധേയമായി മാറി. വൃത്താകൃതിയിലോ ബഹുഭുജരൂപത്തിലോ ഉള്ള ഒരിനം ഡ്രമ്മിന്റെ മുകളില്‍ വരുന്ന തരത്തിലാണ് കുംഭഗോപുരം ക്രമീകരിക്കപ്പെട്ടത്. തന്മൂലം വാസ്തുശില്പത്തിലെ കുംഭഗോപുരത്തെ ദൂരെനിന്നു തന്നെ കാണാന്‍ കഴിയുമായിരുന്നു. വാസ്തുശില്പത്തിലെ വിവിധ ഭാഗങ്ങള്‍ വ്യതിരിക്തമായി നിര്‍വചിക്കാനും അവ തമ്മിലുള്ള വിഭേദനം വ്യക്തമാക്കാനും ശില്പികള്‍ ശ്രദ്ധിച്ചിരുന്നു.

Image:Doric Order.png

നവോത്ഥാന വാസ്തുവിദ്യയുടെ മൗലികഘടകം അതിലെ ക്രമമാണ് (order). ടസ്കന്‍, ഡോറിക്. അയോണിക്, കോറിന്തിയന്‍, കോംപൊസിറ്റ് എന്നിവ ഇവയിലെ സുപ്രധാനങ്ങളായ പഞ്ചക്രമങ്ങളാണ്. നവോത്ഥാനത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത ക്രമങ്ങള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചിരുന്നത്. ഉദാഹരണമായി, വിതാനങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ആലങ്കാരിക ശൈലിയായ കൊറിന്തിയന്‍ ക്രമത്തിന് നവോത്ഥാനത്തിന്റെ പ്രാരംഭകാലത്ത് പ്രചാരം ലഭിച്ചുവെങ്കില്‍ സുദൃഢവും പൗരുഷമൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്കിയിരുന്നതുമായ ഡോറിക് ക്രമമാണ് സമുന്നത നവോത്ഥാന കാലത്ത് (high renaissance) അംഗീകരിക്കപ്പെട്ടത്.

റോമന്‍ വാസ്തുശില്പങ്ങളിലെപ്പോലെ ഒരേ വാസ്തുശില്പത്തില്‍ത്തന്നെ ഒന്നിലേറെ ക്രമങ്ങള്‍ ചിട്ടപ്പെടുത്തുന്ന രീതിയും പ്രാബല്യത്തിലുണ്ടായിരുന്നു. ഉദാഹരണത്തിന് ബഹുനിലക്കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നില സുദൃഢമായ ടസ്കന്‍ ക്രമത്തിലോ ഡോറിക് ക്രമത്തിലോ രൂപപ്പെടുത്തിയശേഷം മുകളിലുള്ള നിലകള്‍ യഥാക്രമം ഭാരം കുറഞ്ഞുവരുന്ന അയോണിക്, കൊറിന്തിയന്‍, കോംപൊസിറ്റ് ക്രമത്തിലും പണിതിരുന്നു. സരളഘടകങ്ങള്‍ ഉള്‍പ്പെടുത്തി ചിട്ടയോടും സമമിതമായും രൂപപ്പെടുത്തുന്ന വാസ്തുശില്പങ്ങള്‍ ജ്യാമിതിയുടെ ത്രിമാന മൂര്‍ത്തീകരണമായി നിര്‍വചിക്കപ്പെട്ടിരുന്നു.

മധ്യകാലത്ത് വെറുമൊരു യാന്ത്രിക കലയായി കരുതപ്പെട്ട വാസ്തുവിദ്യയ്ക്ക് നവോത്ഥാന കാലത്തോടെ ഒരു സുകുമാരകല എന്ന പരിഗണന ലഭിച്ചു. ഇതോടെ വാസ്തുശില്പിയുടെ വ്യക്തിത്വത്തിനും പ്രാധാന്യം സിദ്ധിച്ചു. സമകാലികര്‍ക്കിടയിലും വാസ്തുശില്പങ്ങളോടൊപ്പം സ്വന്തം വ്യക്തിപ്രഭാവവും അംഗീകരിക്കപ്പെടണമെന്ന് നവോത്ഥാനവാസ്തുശില്പികള്‍ ആഗ്രഹിച്ചിരുന്നു. വാസ്തുവിദ്യാതത്ത്വങ്ങള്‍ ക്രോഡീകരിക്കപ്പെടുകയും വാസ്തുവിദ്യയിലെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ ഉള്‍പ്പെടുത്തി പല ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമാവുകയും ചെയ്തു. വാസ്തുശില്പികളുടെ രേഖാചിത്രങ്ങളും അവരുടെ ജീവചരിത്രങ്ങളും തയ്യാറാക്കപ്പെട്ടു. കേവലം ഒരു പണിക്കാരന്‍ എന്നതിലുപരി ഉത്കൃഷ്ട കലാകാരന്‍ എന്ന പദവിക്ക് വാസ്തുശില്പികള്‍ അര്‍ഹരായി.

കൊറിന്തിയന്‍ രീതിയുടെ പ്രയോക്താക്കളും നവോത്ഥാന വാസ്തുവിദ്യയുടെ ഉപജ്ഞാതാക്കളുമായി പരിഗണിക്കപ്പെടുന്നവര്‍ ഇറ്റാലിയന്‍ വാസ്തുശില്പി ഫിലിപ്പൊ ബ്രുനെസ്ഷി, ഗിയാകൊമൊ ദ വിഗ്നൊല, ആന്‍ദ്രെ പല്ലാദിയൊ, നവോത്ഥാന വാസ്തുവിദ്യാ പ്രബന്ധങ്ങള്‍ തയ്യാറാക്കിയ ലയൊന്‍ ബത്തിസ്ത അല്‍ബ്രെത്തി എന്നിവരാണ്. സമുന്നത നവോത്ഥാന വാസ്തുശില്പികളായ ദൊനൊറ്റൊ ബ്രമന്തെ, അന്റാനിയൊ ഗിയംബെര്‍ത്തി, മൈക്കലാന്‍ഞ്ചലൊ, ലിയനാര്‍ദോ ദാവിഞ്ചി തുടങ്ങിയവരും അനശ്വരരാണ്.

യൂറോപ്യന്‍ നവോത്ഥാനവും ഇതര നവോത്ഥാനങ്ങളും

നവോത്ഥാനം, ആധുനികത എന്നീ സങ്കല്പങ്ങള്‍ ഇന്ന് വളരെയധികം പ്രശ്നവത്കരിക്കപ്പെട്ടിട്ടുണ്ട്. സമീപകാലംവരെയും ഈ സങ്കല്പങ്ങള്‍ ലോകത്തിനുമുഴുവന്‍ ഒരുപോലെ ബാധകമായ സാര്‍വലൌകിക സങ്കല്പങ്ങളായിട്ടാണ് കരുതിപ്പോന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ കൊളോണിയലിസത്തിനു വിധേയമായിരുന്ന ഏഷ്യനാഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സ്വതന്ത്രമായതോടെ യൂറോപ്യന്‍ ആശയങ്ങളുടെയും സ്ഥാപനങ്ങളുടെയും സാര്‍വലൗകികത ചോദ്യംചെയ്യപ്പെട്ടു തുടങ്ങി. നവോത്ഥാനവും ആധുനികതയും യൂറോപ്പിലാരംഭിക്കുകയും ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്ത സാര്‍വലൗകിക ചരിത്രപ്രതിഭാസങ്ങളാണ് എന്ന ധാരണ യൂറോകേന്ദ്രിതവാദമായിട്ടാണ് ഇന്നു വിലയിരുത്തപ്പെടുന്നത്. മനുഷ്യചരിത്രത്തിനും സംസ്കാരത്തിനും ഒരു പ്രഭവകേന്ദ്രമുണ്ടെന്നും അത് യൂറോപ്പാണെന്നുമുള്ള വിശ്വാസം ലോകത്തിനുമേല്‍ യൂറോപ്പിനുണ്ടായിരുന്ന ധൈഷണികവും സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായ ആധിപത്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അധിനിവേശാനന്തര ചിന്ത 'ഏകകേന്ദ്ര ലോകം' എന്ന ആശയത്തെ നിരാകരിക്കുകയും 'ബഹുകേന്ദ്രലോകം' എന്ന സങ്കല്പത്തെ സ്ഥാപിക്കുകയും ചെയ്യുന്നു. യൂറോപ്യന്‍ സംസ്കാരത്തിന്റെ സാര്‍വലൗകിക പ്രതിച്ഛായ യഥാര്‍ഥത്തില്‍ കൊളോണിയലിസത്തിനുള്ള സാംസ്കാരികവും ആശയപരവുമായ സാധൂകരണമായിരുന്നു. കൊളോണിയലിസത്തിന്റെ മനുഷ്യവിരുദ്ധവും ആധിപത്യപരവുമായ മാനങ്ങളെ മറച്ചുവയ്ക്കാനാണ് അപരിഷ്കൃത രാജ്യങ്ങളെ 'സംസ്കരി'ക്കാനുള്ള ദൗത്യം' തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നു എന്ന് കൊളോണിയലിസ്റ്റുകള്‍ പ്രചരിപ്പിച്ചത്. യൂറോപ്പിന്റെ പ്രതിഛായയില്‍ സംസ്കൃതചിത്തരാവുകയും പുരോഗതിയിലേക്കു മുന്നേറുകയും ചെയ്യണമെങ്കില്‍, 'അവികസിതരാജ്യങ്ങള്‍' നവോത്ഥാനം, ജ്ഞാനോദയം, ആധുനികത എന്നിങ്ങനെയുള്ള ചരത്രഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്ന് യൂറോകേന്ദ്രിത പ്രത്യയശാസ്ത്രം നിഷ്കര്‍ഷിച്ചു.

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ മാതൃകയാക്കേണ്ടത് യൂറോപ്പിന്റെ ചരിത്രത്തെയാണെന്ന ഈ സിദ്ധാന്തം യൂറോപ്പേതര ജനതകളുടെ ചരിത്രങ്ങളെ നിരാകരിക്കുകയും ചരിത്രം എന്നത് യൂറോപ്പിന്റെ ചരിത്രമാണെന്നു സമര്‍ഥിക്കുകയും ചെയ്തു. യൂറോപ്പിന്റെ സന്ദര്‍ഭബദ്ധവും സവിശേഷവുമായ ചരിത്രത്തെ ലോകചരിത്രമാക്കി വ്യാഖ്യാനിക്കുന്നതിലൂടെയാണ് യൂറോപ്പില്‍ സംഭവിച്ച നവോത്ഥാനത്തിനും ആധുനികതയ്ക്കും സന്ദര്‍ഭനിരപേക്ഷവും സാര്‍വലൌകികവുമായ പരിവേഷം ലഭിച്ചത്. യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും ആധുനികതയുടെയും 'മറുവശ'മായിരുന്ന അഥവാ 'കറുത്ത അന്തര്‍ധാര'യായിരുന്ന കൊളോണിയലിസത്തെ സാധൂകരിക്കുന്ന ഇത്തരം വാദങ്ങള്‍ നിരാകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 'ആധുനികത' എന്ന സംജ്ഞ, സാര്‍വലൌകിക പരിവേഷത്തിലേക്കുയര്‍ത്തപ്പെട്ട യൂറോപ്യന്‍ ആധുനികത തന്നെയാണെന്ന തിരിച്ചറിവില്‍ നിന്നാണ് 'ബഹുആധുനികതകള്‍' (multiple modernities) എന്ന ബഹുസ്വരവും ജനാധിപത്യപരവുമായ സംജ്ഞ ആവിര്‍ഭവിക്കുന്നത്. ഏക ആധുനികതയില്‍ നിന്നും 'അനേകാധുനികത'യിലേക്കുള്ള ഈ ജനാധിപത്യപരിവര്‍ത്തനം നവോത്ഥാനം എന്ന സങ്കല്പത്തെയും ബഹുസ്വരവും ബഹുമുഖവുമാക്കിയിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും സവിശേഷമായ രാഷ്ട്രീയ-സാമൂഹ്യ-ഭൂദേശ ചുറ്റുപാടുകളില്‍ നിന്നുമാണ് നവോത്ഥാനം പോലെയുള്ള ചരിത്രവിച്ഛേദങ്ങള്‍ ആവിര്‍ഭവിക്കുന്നത്. മറിച്ച്, യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പകര്‍പ്പോ അനുകരണമോ ആയി മറ്റു രാജ്യങ്ങളിലെ ചരിത്രപരിവര്‍ത്തനങ്ങളെ വ്യാഖ്യാനിക്കുന്നത് പ്രസ്തുത രാജ്യങ്ങളെ ചരിത്രത്തില്‍ നിന്നു നിഷ്കാസനം ചെയ്യുന്നതിനു തുല്യമാണ്. ഇന്ത്യയുടെ നവോത്ഥാനം എന്നത് (യൂറോപ്യന്‍) നവോത്ഥാനചരിത്രത്തിലെ ഒരു പില്ക്കാലഘട്ടമായി കാണുന്ന സമീപനമായിരുന്നു സമീപകാലം വരെയും നിലനിന്നിരുന്നത്. എന്നാല്‍ നവോത്ഥാനചരിത്രം എന്നതിനുപകരം 'നവോത്ഥാനങ്ങളുടെ ചരിത്രങ്ങള്‍' എന്നു ചിന്തിക്കാന്‍ തുടങ്ങിയതോടെ, ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ചരിത്രം നിസ്തുലമായ ഒരു ചരിത്രപ്രക്രിയയുടെ ചരിത്രമാണെന്ന ആശയത്തിനു പ്രാമുഖ്യം ലഭിക്കുന്നു.

നവോത്ഥാനം - ഇന്ത്യയില്‍

19-20 ശ.-ങ്ങളില്‍ ഇന്ത്യയിലെ മത, സാമൂഹിക, സാംസ്കാരിക മേഖലകളിലുണ്ടായ നവീകരണങ്ങളെയാണ് നവോത്ഥാനം എന്നു വിളിക്കുന്നത്. ഇന്ത്യന്‍ മത-സാമൂഹിക ജീവിതത്തിന്റെ മുഴുവന്‍ സങ്കീര്‍ണതകളും ഉള്‍ക്കൊള്ളുന്ന ഈ പ്രസ്ഥാനത്തെ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പകര്‍പ്പായി കാണാനാവില്ല. ബഹുസ്വരവും ആധുനികവും മിക്കപ്പോഴും പരസ്പരവിരുദ്ധവുമായ ധാരകള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള നവോത്ഥാനം, യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് കോളോണിയലിസത്തോടുള്ള തദ്ദേശീയ സമൂഹങ്ങളുടെ പ്രതികരണത്തിന്റെ ഭാഗമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച വരേണ്യവര്‍ഗത്തിന്റെ ആവിര്‍ഭാവമാണ് നവോത്ഥാനത്തിന്റെ ചാലകശക്തി. ഇവര്‍ പടിഞ്ഞാറന്‍ സാഹിത്യവും തത്ത്വചിന്തയും രാഷ്ട്രീയവുമായി ഇടപഴകുകയും അത് അവരുടെ ലോകവീക്ഷണത്തെ പുനര്‍നിര്‍മിക്കുന്നതിനിടയാക്കുകയും ചെയ്തു. യൂറോപ്യന്‍ മൂല്യങ്ങളുമായുള്ള താരതമ്യത്തില്‍ സ്വന്തം മത-സാമൂഹിക സങ്കല്പങ്ങള്‍ അപരിഷ്കൃതമാണെന്ന് അപകര്‍ഷതാബോധം, ഇക്കൂട്ടരില്‍ നവീകരണചിന്തയ്ക്കു പ്രചോദനമേകി. യൂറോപ്യന്‍ ജ്ഞാനോദയചിന്തകളുടെ വെളിച്ചത്തില്‍ സ്വന്തം പാരമ്പര്യത്തെ പുനര്‍വ്യാഖ്യാനിക്കാനും പുനര്‍നിര്‍വചിക്കാനും പാശ്ചാത്യവിദ്യാഭ്യാസം ലഭിച്ച വരേണ്യവിഭാഗങ്ങള്‍ നടത്തിയ ശ്രമങ്ങളെയാണ് പൊതുവില്‍ ഇന്ത്യന്‍ നവോത്ഥാനം എന്നു വിശേഷിപ്പിക്കുന്നത്. യൂറോപ്യന്‍ നവോത്ഥാനത്തിന് പ്രേരകമായത് അവിടുത്തെ സമൂഹങ്ങളുടെ ആന്തരിക വൈരുധ്യങ്ങളായിരുന്നു. എന്നാല്‍, വൈദേശിക ശക്തികളെയും ആശയങ്ങളെയും അഭിമുഖീകരിക്കേണ്ടവന്ന ഹൈന്ദവ വരേണ്യ വിഭാഗങ്ങളുടെ സ്വത്വപ്രതിസന്ധികളാണ് ഇന്ത്യന്‍ നവോത്ഥാനത്തില്‍ പ്രതിഫലിച്ചത്. അതിനാല്‍, യൂറോപ്പില്‍ സംഭവിച്ചതുപോലെ പാരമ്പര്യത്തെ അടിസ്ഥാനപരമായി പുനര്‍മൂല്യനിര്‍ണയനം ചെയ്യാനോ ജാതിയെന്ന ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ പ്രത്യയശാസ്ത്രാടിത്തറയെ അട്ടിമറിക്കാനോ ഇന്ത്യന്‍ നവോത്ഥാന പ്രക്രിയയ്ക്ക് കഴിഞ്ഞില്ല.

Image:Rajaram Mohanrai-svk-15.png

Image:Perior Ramaswamy Naikar copy.png

നവോത്ഥാനത്തിന്റെ ആദ്യചുവടുവയ്പുകള്‍ നടത്തിയത് ബംഗാളിലെ നവവരേണ്യവിഭാഗമായിരുന്നു. രാജാറാം മോഹന്‍ റായി (1774-1833) ആയിരുന്നു ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ആദ്യസാരഥി. വിവിധ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹത്തിന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ പാശ്ചാത്യ സംസ്കാരവുമായും മതചിന്തയുമായും ഇടപഴകാനുള്ള അവസരം ലഭിച്ചു. 1814-ല്‍ 'ആത്മീയ സഭ' സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തനരംഗത്തേക്ക് കടന്നുവരുന്നത്. യുക്തിഹീനമായ ആചാരാനുഷ്ഠാനങ്ങളെ അദ്ദേഹം എതിര്‍ത്തു. ഇംഗ്ളീഷ് വിദ്യാഭ്യാസവും ശാസ്ത്രപഠനവും സാമൂഹികമുന്നേറ്റത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു. വിഗ്രഹാരാധനയെ ശക്തമായി എതിര്‍ക്കുകയും, സതിനിരോധനത്തിന് വേണ്ടി വാദിക്കുകയും ചെയ്തു. 1828-ല്‍ അദ്ദേഹം 'ബ്രഹ്മസമാജം' സ്ഥാപിച്ചു.

1875-ല്‍ രൂപീകൃതമായ ആര്യസമാജം, നവോത്ഥാനഭാരതത്തില്‍ ഹിന്ദുമത പരിഷ്കരണത്തിനുവേണ്ടി പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട മറ്റൊരു സംഘടനയാണ്. ലാലാ ലജ്പത്റായിയും സ്വാമി ശ്രദ്ധാനന്ദയും ആര്യസമാജത്തിന്റെ പ്രവര്‍ത്തകരായിരുന്നു.

സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടി ശക്തമായി നിലകൊണ്ട പ്രസ്ഥാനമാണ് ആത്മാറാം പാണ്ഡുരംഗ് സ്ഥാപിച്ച പ്രാര്‍ഥനാസമാജ്. ആര്‍.ജി. ഭണ്ഡാര്‍ക്കറും ജസ്റ്റിസ് റാനഡെയും ഇതിന്റെ പ്രമുഖ പ്രവര്‍ത്തകരായിരുന്നു. റാനഡെ ഡക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് രൂപം കൊടുക്കുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു. ഗോഖലെ സര്‍വന്റ്സ് ഒഫ് ഇന്ത്യാ സൊസൈറ്റിയും വനജോഷിRajaram Mohanrai-svk-15.png സോഷ്യല്‍ സര്‍വീസ് ലീഗും സ്ഥാപിച്ചു.

Image:Ayyankali-svk-15.png

ഇന്ത്യയിലെ മറ്റൊരു പ്രമുഖ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായിരുന്നു തിയോസഫിക്കല്‍ സൊസൈറ്റി. 1875-ല്‍ മാഡം ബ്ലാവറ്റ്സ്കിയും കേണല്‍ ഓള്‍കോട്ടും ചേര്‍ന്നാണ് ഈ സംഘടനയ്ക്ക് രൂപം നല്കിയത്. 1889-ല്‍ ആനിബസന്റ് സൊസൈറ്റിയില്‍ അംഗമാവുകയും 1893-ല്‍ ഇന്ത്യയിലെത്തി സ്വജീവിതം സൊസൈറ്റിക്ക് സമര്‍പ്പിക്കുകയും ചെയ്തു.

Image:Vivekanandan-svk-15.png Image:V.T. Bhattathiripadu-svk-15.png Image:vakkom fin.png

വിവേകാനന്ദന്റെ നേതൃത്വത്തിലാരംഭിച്ച രാമകൃഷ്ണ മിഷന്‍ (1896) ഹിന്ദുമത പരിഷ്കരണങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുകയും ആത്മീയതയെ ഭൗതികജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് പുതിയ മതദര്‍ശനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. സ്കൂളുകളും കോളജുകളും സ്ഥാപിച്ചുകൊണ്ട് പ്രവര്‍ത്തനം നടത്തിയ നിരീശ്വരവാദികളായിരുന്നു സത്യാനന്ദ അഗ്നിഹോത്രി സ്ഥാപിച്ച 'ദേവസമാജ്'.


Image:Anniebesant-2-svk-15.png

Image:B.R.Ambedkar-svk-15.png

സര്‍ സയിദ് അഹമ്മദ്ഖാന്റെ നേതൃത്വത്തില്‍ (1817-98) ഇസ്ലാമിക പരിഷ്കരണപ്രസ്ഥാനവും അതിന്റെ സാന്നിധ്യം അറിയിക്കുകയുണ്ടായി. അലിഗര്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി യു.പി.യിലെ വരേണ്യമുസ്ലിങ്ങള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ ഏറ്റെടുത്തു. അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റി (1920) എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായ ആംഗ്ലോ മുഹമ്മദന്‍ ഓറിയന്റല്‍ കോളജ് 1875-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍