This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താലിക്കുരുവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താലിക്കുരുവി

Wren warbler

ആകൃതിയിലും വലുപ്പത്തിലും തുന്നാരന്‍ പക്ഷികളോടു സാദൃശ്യമുളള പക്ഷികള്‍. സിസ്റ്റികോളിഡെ (Cisticolidae) പക്ഷികുടുംബത്തിന്റെ ഉപകുടുംബമായ ഡ്രൈമോയ്സിനേയില്‍ (Drymoicinae)പ്പെടുന്നു. ശാ.നാ. പ്രിനിയ ഹോഡ്സോനൈഅല്‍ബോഗുലാരിസ് (Prinia hodgsoniialbogularis). താലിവാലന്‍ കുരുവി എന്നും അറിയപ്പെടുന്നു. ഇവ സാധാരണ കുരുവികളേക്കാള്‍ വലുപ്പം കുറഞ്ഞവയാണ്. മ്യാന്‍മര്‍, അസം, മൈസൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത്. വടക്കന്‍ കേരളത്തില്‍ പുല്ലും മുള്‍ച്ചെടികളും വളര്‍ന്നു നില്ക്കുന്ന ചെങ്കല്‍ കുന്നുകള്‍, കശുമാവിന്‍ തോട്ടങ്ങള്‍, 1500 മീ. വരെ ഉയരമുളള മലകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഫെ. മുതല്‍ ന. വരെയുളള കാലയളവില്‍ ഇവയെ കാണാം. പൊന്തകളും പുല്‍ക്കൂട്ടങ്ങളുമാണ് ഇവയുടെ ഇഷ്ടവാസസ്ഥലം.

താലിക്കുരുവി

3-5 പക്ഷികളുടെ ചെറുകൂട്ടങ്ങളായോ 10-20 പക്ഷികളുടെ കൂട്ടങ്ങളായോ ഇവയെ കാണാം. ഇവ എപ്പോഴും ചലിച്ചു കൊണ്ടിരിക്കും. സദാസമയവും താഴ്ന്ന സ്വരത്തില്‍ ശബ്ദിച്ചുകൊണ്ടുമിരിക്കും. യൂസി-യൂസി-യൂസി-വിച്ച്-വിച്ച്-ച്വി-ച്വി-ച്വിച്ച് എന്നിങ്ങനെ നീട്ടിപ്പാടുന്നു. ആണ്‍ പെണ്‍ പക്ഷികള്‍ കാഴ്ചയില്‍ ഒരേപോലിരിക്കും. പ്രജനനകാലത്ത് പക്ഷിയുടെ ഉപരിഭാഗമെല്ലാം മങ്ങിയ കറുപ്പും അടിഭാഗം വെളുപ്പും നിറമാകുന്നു. മാറില്‍ ചാരനിറത്തില്‍ ചങ്ങല പോലെ തോന്നിക്കുന്ന ഒരു പട്ട ഉണ്ട്. നീണ്ട വാലിന്റെ അഗ്രഭാഗത്ത് വെളുപ്പു നിറത്തിലുളള പുളളികളും അതിനു തൊട്ടുതാഴെ കടും തവിട്ടുനിറത്തിലുളള പുളളികളുമുണ്ട്. പ്രജനനകാലമല്ലാത്തപ്പോള്‍ വാലിനറ്റത്തുളള പൊട്ടുകള്‍ കൂടുതല്‍ തെളിഞ്ഞു കാണാം. ഇവ സദാസമയവും വാല്‍ പൊക്കിപ്പിടിച്ച് വിറപ്പിച്ചുകൊണ്ടിരിക്കും.

കീടങ്ങളാണ് ഇവയുടെ മുഖ്യ ആഹാരം. പുഷ്പങ്ങളില്‍ നിന്ന് തേന്‍ നുകരാറുമുണ്ട്. ഏ.-ജൂല. വരെയുളള മാസങ്ങളില്‍ ഇവ തുന്നാരന്‍ പക്ഷിയുടെ കൂടിനോടു സാദൃശ്യമുളള കൂടു കെട്ടുന്നു. 90-300 മീ. വരെ ഉയരമുളള സ്ഥലങ്ങളിലാണ് കൂടുകെട്ടുക. വലിയ ഇലകള്‍ ഒന്നോ രണ്ടോ പ്രാവശ്യം മടക്കി കോണാകൃതിയിലാക്കി പുല്ലും നാരുകളും ചുറ്റി അരികുകള്‍ തുന്നിയെടുക്കുന്നു. ഇവ വിവിധ നിറങ്ങളിലുളള മൂന്നോ നാലോ മുട്ടകളിടുന്നു. വെളുപ്പ്, നീല, ഇളംചുവപ്പുകലര്‍ന്ന വെളള, പച്ച കലര്‍ന്ന വെളള എന്നീ നിറങ്ങളിലുളള മുട്ടകളായിരിക്കും. മുട്ടയുടെ വീതികൂടിയ അറ്റത്ത് ഒരു ചെറിയ തൊപ്പി പോലെ തോന്നിക്കത്തക്കവിധത്തിലാണ് മുട്ടയില്‍ പൊട്ടുകള്‍ കാണുക. 14.7 x 11.7 മി.മീറ്ററാണ് മുട്ടയുടെ വലുപ്പം.

ആണ്‍ പെണ്‍ പക്ഷികള്‍ ഒരുമിച്ച് കൂടുകെട്ടുകയും അടയിരിക്കുകയും കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. 11 ദിവസമാണ് അടയിരിപ്പു കാലം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍