This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെലാനേ, റോബര്‍ട്ട് (1885 - 1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെലാനേ, റോബര്‍ട്ട് (1885 - 1941)

Delaunay, Robert

ഫ്രഞ്ചു ചിത്രകാരന്‍. 1885 ഏ. 12-ന് ജനിച്ചു. പതിനേഴാം വയസ്സില്‍ പഠനമുപേക്ഷിച്ച് പാരിസിലെ ബെല്ലി വില്ലി ക്വാര്‍ട്ടറിലെ, സ്റ്റേജ് സെറ്റ് ഡിസൈനറോടൊപ്പം ചേര്‍ന്നു. 1904-ല്‍ അത്തരം പണികളുപേക്ഷിക്കുകയും മുഴുവന്‍ സമയ ചിത്രകാരനാവുകയും ചെയ്തു. ആദ്യകാല ചിത്രങ്ങളില്‍ നിയോഇംപ്രഷനിസ്റ്റ് പ്രവണതകളാണു കാണുന്നത്. ഗോഗിന്റെ ചിത്രങ്ങളുടെ സ്വാധീനവും ആദ്യകാല രചനകളില്‍ കാണാം. 1908 ആയപ്പോഴേക്കും ഇദ്ദേഹം ക്യൂബിസ്റ്റ് ശൈലിയിലേക്കു തിരിഞ്ഞു. തുടര്‍ന്നു രചിച്ച മൂന്ന് ക്യൂബിസ്റ്റ് ചിത്ര പരമ്പരകളാണ് സെന്റ് സെവെറിന്‍ (1909), ടൂര്‍സ് ഡി ലാവോണ്‍ (1910-12), വില്ലി ഡി പാരിസ് (1910-12) എന്നിവ. 1909-ലെ ഈഫല്‍ ടവര്‍ പോലുള്ള ചിത്രങ്ങളില്‍ ആദ്യകാല ക്യൂബിസ്റ്റ് ശൈലി നന്നേ പ്രകടമാണ്. 1911 ആയപ്പോഴേക്കും ക്യൂബിസ്റ്റ് ശൈലിയില്‍ നിന്ന് കുറേക്കൂടി വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് ഇദ്ദേഹമൊരുമ്പെട്ടു. മൈക്കിള്‍ യൂജിന്‍ ചെവ്റ്യൂയേലിന്റെ നവവര്‍ണസിദ്ധാന്തങ്ങളായിരുന്നു ഈ ചുവടുമാറ്റത്തിനാധാരം. 'സൈമള്‍ട്ടേനിസ്മെ' എന്നു വിളിക്കപ്പെട്ടിരുന്ന ആ സിദ്ധാന്തമനുസരിച്ച് രണ്ടോ മൂന്നോ നിറങ്ങള്‍ മാറിമാറി അനുഭവവേദ്യമാക്കുക എന്നതാണ് ചിത്രങ്ങളുടെ സവിശേഷത. ഇത് ചിത്രത്തിന്റെ ചലനാത്മകതയെ വര്‍ധമാനമാക്കും എന്ന് ഡെലാനേ വിശ്വസിച്ചിരുന്നു. ഈ സിദ്ധാന്തത്തെ അധികരിച്ച് ഇദ്ദേഹം വരച്ച ചിത്രങ്ങളില്‍ സര്‍ക്യൂലാര്‍ ഫോംസ് (1912), സണ്‍ ആന്‍ഡ് മൂണ്‍ (1912) എന്നിവ ശ്രദ്ധേയങ്ങളായി. കവിയും വിമര്‍ശകനുമായ ഗ്യൂല്ലാമെ അപ്പോളിനിയര്‍ ഈ ശൈലിയെ ഓര്‍ഫിസം എന്നു വിളിച്ചു. അങ്ങനെ ചിത്രകലാ ചരിത്രത്തില്‍ ഡെലാനേ ഓര്‍ഫിസത്തിന്റെ ഉപജ്ഞാതാവായി. ഓര്‍ഫിസത്തിനെ ചിലപ്പോഴൊക്കെ ഓര്‍ഫിക്-ക്യൂബിസം എന്നും വിളിക്കാറുണ്ട്.

റോബര്‍ട്ട്ഡെലാനെയുടെ ഒരു എണ്ണച്ചായചിത്രം

1912 മുതല്‍ ഡെലാനേ രചിച്ചു തുടങ്ങിയ വിഖ്യാതമായ പരമ്പരയാണ് വിന്‍ഡോസ്. ഇതില്‍ പ്രകാശത്തിന്റെ ലോകം, അതിന്റെ സമസ്തഭാവവൈവിധ്യങ്ങളോടെയും ആവിഷ്കരിക്കുകയായിരുന്നു ഇദ്ദേഹം. പദാര്‍ഥങ്ങളേയും അവയുടെ വ്യാപ്തത്തേയും അവതരിപ്പിക്കാന്‍ ഇദ്ദേഹം പ്രകാശ ഭാവങ്ങളെ മാത്രമാണ് ഇതിലുപയോഗിച്ചിട്ടുള്ളത്. ലോകത്തെ പ്രകാശമായി ചുരുക്കുകയായിരുന്നു ഡെലാനേ എന്നാണ് വിമര്‍ശകമതം.

ക്യൂബിസത്തിലെ 'ക്യൂബു'കളെ നിരാകരിച്ചുകൊണ്ട് വര്‍ത്തുള രേഖകളിലൂടെയും അനേകശതം വൃത്തങ്ങളിലൂടെയും ചിത്രങ്ങള്‍ സാക്ഷാത്കരിക്കുന്നതിലും ഇദ്ദേഹം വിജയം വരിച്ചിട്ടുണ്ട്. കാര്‍ഡിഫ് ടീം (1912-13), ഹോമേജ് ടു ബ്ലെറിയോട്ട് (1914) എന്നിവ ഇതിനുദാഹരണങ്ങളാണ്. പില്ക്കാല ചിത്രങ്ങളില്‍ സ്പ്രിന്റേഴ്സ് (1924-26), റിഥം (1934) എന്നിവ ഇതേ സ്വഭാവം തന്നെയാണ് നിലനിര്‍ത്തുന്നത്.

1910-ല്‍ ഡെലാനേ റഷ്യന്‍ ചിത്രകാരിയായ സോണിയ ടെര്‍ക്കിനെ വിവാഹം കഴിച്ചു. അവര്‍ ഓര്‍ഫിസത്തെ അലങ്കാര കലയിലേക്കു കൂടി വ്യാപിപ്പിക്കുകയുണ്ടായി. 1914 മുതല്‍ 21 വരെ ഇദ്ദേഹം സ്പെയിനിലും പോര്‍ട്ടുഗലിലുമായിട്ടായിരുന്നു കഴിഞ്ഞിരുന്നത്. പാരിസില്‍ മടങ്ങിയെത്തിയശേഷം കാര്യമായ രചനകളൊന്നുമുണ്ടായില്ല. എങ്കിലും ഇദ്ദേഹത്തിന്റെ 'വര്‍ണപരീക്ഷണ'ങ്ങള്‍ 1960-കളില്‍പ്പോലും സ്വാധീനം ചെലുത്തുകയുണ്ടായിട്ടുണ്ട്. മോറിസ് ലൂയിസ് കെന്നത്ത് നോലാന്‍ഡ്, ഫ്രാങ്ക് സ്റ്റെല്ല എന്നിവരുടെ ചിത്രകലാജീവിതം ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. 1941 ഒ. 25-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍