This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൈബ്യൂണല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രൈബ്യൂണല്‍

Tribunal

ഏതെങ്കിലും പ്രത്യേക സാഹചര്യത്തിന്റേയോ അപ്പീലിന്റേയോ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന കോടതി. വ്യാവസായിക തര്‍ക്കങ്ങള്‍, ഗവണ്‍മെന്റിനെതിരായുള്ള ആരോപണങ്ങള്‍ എന്നിവയില്‍ നിയമാടിസ്ഥാനത്തിലുള്ള തീര്‍പ്പു കല്പിക്കാന്‍ വേണ്ടിയാണ് നിയമാധിപന്മാരോ ജഡ്ജിമാര്‍ക്കുള്ള അധികാരങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ളവരോ അടങ്ങുന്ന ട്രൈബ്യൂണലുകളെ നിയമിക്കുന്നത്. പല പ്രൊഫഷണല്‍ സ്ഥാപനങ്ങളും അവയെ സംബന്ധിക്കുന്ന തര്‍ക്കങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതിന് ഇപ്രകാരം നിയമിക്കപ്പെടുന്ന ട്രൈബ്യൂണലുകളെ ആശ്രയിക്കാറുണ്ട്. തര്‍ക്കപരിഹാരത്തിനായി ജഡ്ജിയുടെ അധികാരമുള്ള ഒരാളോ അതില്‍ക്കൂടുതല്‍ ആളുകളോ അടങ്ങുന്ന ട്രൈബ്യൂണലിന്റെ അന്തിമ തീരുമാനത്തെ 'അവാര്‍ഡ്' എന്നു വിളിക്കുന്നു. വ്യക്തികള്‍ തമ്മിലോ, ഗ്രൂപ്പുകള്‍ തമ്മിലോ, രാജ്യങ്ങള്‍ തമ്മിലോ ഉള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ട്രൈബ്യൂണലുകളെ പ്രയോജനപ്പെടുത്താവുന്നതാണ്.

വ്യാപാരസ്ഥാപനങ്ങള്‍ അവയുടെ തര്‍ക്കങ്ങളെ സംബന്ധിച്ച തീര്‍പ്പു കല്പിക്കാനായി ഒന്നോ അതില്‍ക്കൂടുതലോ മെംബര്‍മാരെ ഉള്‍ക്കൊള്ളുന്ന ട്രൈബ്യൂണലുകളെ നിയമിക്കുന്നു. ഇംഗ്ലണ്ടിലും മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരത്തിലുള്ള ട്രൈബ്യൂണലുകള്‍ നിലവിലുണ്ട്. തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പുകല്പിക്കാനും ട്രൈബ്യൂണലുകള്‍ നിയമിക്കപ്പെടുന്നു. ഇങ്ങനെ രൂപവല്ക്കരിക്കപ്പെടുന്ന ട്രൈബ്യൂണലുകള്‍ക്ക് അംഗീകാരവും അധികാരവും നല്‍കുന്നത് തര്‍ക്കകക്ഷികളായ തൊഴിലാളികളും മാനേജ്മെന്റും തന്നെയാണ്. പൊതുക്കാര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടും സ്വമേധയാ തീരുമാനങ്ങളെടുക്കാനാകാത്തതുകൊണ്ടും 'നിര്‍ബന്ധിത'മായി രൂപീകരിക്കുന്ന ട്രൈബ്യൂണലുകള്‍ക്ക് അംഗീകാരം നല്‍കുന്നത് ഗവണ്‍മെന്റ് തന്നെയാണ്. വ്യവസായ സംബന്ധിയായ മിക്ക തര്‍ക്കങ്ങളും ബോണസ്-വേതന വ്യവസ്ഥകള്‍, തൊഴില്‍ സമയം, തൊഴില്‍ നിബന്ധനകള്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണ്. വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും ട്രൈബ്യൂണലുകളെ പ്രയോജനപ്പെടുത്തുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍