This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൈക്കിനെല്ലോയ്ഡിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രൈക്കിനെല്ലോയ്ഡിയ

Trichinellodiea

ട്രൈക്കോകെഫാലിഡ(Trichocephalida) ജന്തുഗോത്രത്തിലെ ഒരു അതികുടുംബം; ട്രൈക്കിനെല്ലിഡേ (Trichinellidae) എന്നൊരു കുടുംബത്തെ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മനുഷ്യരില്‍ പരാദങ്ങളായി ജീവിച്ച് രോഗഹേതുവാകുന്ന ഏറ്റവും ചെറിയ ഉരുളന്‍ വിരയായ ട്രൈക്കിനെല്ല സ്പൈറാലിസ് (Trichinella spiralis) എന്ന ഒരു ജീനസ്സ് മാത്രമാണ് ഈ കുടുംബത്തിലുള്ളത്. ട്രൈക്കിന സ്പൈറാലിസ് എന്നും ഇത് അറിയപ്പെടുന്നു. പെണ്‍വിരകള്‍ക്ക് 3.3.മി.മീ. നീളവും 0.6 മി.മീ. കനവും ഉണ്ട്. ആണ്‍വിരകള്‍ക്ക് ഇതിന്റെ പകുതിവലുപ്പമേയുള്ളൂ.

ട്രൈക്കോകെഫാലിഡേ ഗോത്രത്തിലെ മറ്റ് അംഗങ്ങളെപ്പോലെതന്നെ ചെറുതും നീളം കുറഞ്ഞതുമായ സ്റ്റൈക്കോസൈറ്റുകള്‍ (sitchocytes) കൊണ്ടു നിര്‍മിതമായ ഒരു നിര സ്റ്റൈക്കോസോമുകള്‍ ഇത്തരം വിരകളിലും കാണപ്പെടുന്നു. ട്രൈക്കൂറോയ്ഡിയ (Trichuroidea) യിലെ അംഗങ്ങളില്‍ നിന്നും വിഭിന്നമായി ഇവയ്ക്ക് രണ്ടു വ്യത്യസ്ത ശരീരഭാഗങ്ങളോ, പാര്‍ശ്വദണ്ഡാകാര ബാന്‍ഡുകളോ ഉണ്ടായിരിക്കും. പെണ്‍വിരയുടെ ജനനേന്ദ്രിയ ദ്വാരം പുറത്തേക്കു തുറക്കുന്നത് സ്റ്റൈക്കോസോമില്‍ നിന്നും വളരെ മുന്നിലായുള്ള ഭാഗത്താണ്. ഗര്‍ഭാശയ (uterus)ത്തിനോടൊപ്പം തന്നെ ഒരറ്റം മുതല്‍ ജനനേന്ദ്രിയ ദ്വാരം വരെ എത്തത്തക്ക നീളത്തില്‍ അണ്ഡാശയം വ്യാപിച്ചിരിക്കുന്നു. ആണ്‍വിരകള്‍ക്ക് ഒരു ശൂകവും (spicule) ഒരു ബീജഗ്രന്ഥിയുമുണ്ട്. പെണ്‍വിരകള്‍ ജരായുജങ്ങളാണ്.

മനുഷ്യരിലും മാംസാഹാരികളിലും ട്രൈക്കിനോസിസ് എന്ന രോഗത്തിനു നിദാനമാകുന്നത് ഇത്തരം വിരകളാണ്. ഇവ മൂലമുണ്ടാകുന്ന ഏറ്റവും വ്യാപകമായ പരാദരോഗവും ഇതുതന്നെ. യു. എസ്സിലെ 15 ശ. മാ. ജനങ്ങളില്‍ ഈ രോഗബാധയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ശരിയായി പാകംചെയ്യാത്ത പന്നിയിറച്ചിയും അതിന്റെ ഉത്പന്നങ്ങളും ഭക്ഷിക്കുന്നതാണ് ഈ രോഗത്തിനു കാരണമാകുന്നത്. പന്നികളിലേക്കു രോഗം പരത്തുന്നത് രോഗം ബാധിച്ച എലികളാണ്. മാംസഭോജികളില്‍ ഈ രോഗം വരുന്നതിന്റെ മറ്റൊരു പ്രധാന കാരണം വിരയുടെ എല്ലാ വളര്‍ച്ചാഘട്ടവും ഒരേ ആതിഥേയനില്‍ത്തന്നെയാണെന്നുള്ളതാണ്. പെണ്‍വിരകളില്‍ നിന്നുണ്ടാകുന്ന കുഞ്ഞുങ്ങള്‍ ആതിഥേയരുടെ രക്തപ്രവാഹത്തില്‍ പ്രവേശിക്കുകയും അതുവഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തി ലാര്‍വ സിസ്റ്റുകളായിത്തീരുകയും ചെയ്യുന്നു. ഗ്ളൈക്കോജന്‍ കുറവായ സക്രിയ മാംസപേശികളിലാണ് ലാര്‍വ സിസ്റ്റുകളായി നിലകൊള്ളുന്നത്. മറ്റൊരു സസ്തനി ഇത്തരം സിസ്റ്റുകളടങ്ങിയ മാംസം ഭക്ഷിക്കുന്നതുവരെ ലാര്‍വ സിസ്റ്റു രൂപത്തില്‍ തന്നെ നിലനില്‍ക്കുന്നു. മാംസകലയിലുള്ള ലാര്‍വ(encysted larva) ആതിഥേയരുടെ ദഹനരസത്തിന്റെ സഹായത്താലുള്ള മാംസദഹനത്തോടെ സ്വതന്ത്രമാകുന്നു. ഇതിനു ശേഷം അവ കുടല്‍ ഭിത്തികളില്‍ തുളച്ചുകയറി വളര്‍ച്ച മുഴുമിപ്പിച്ച് പൂര്‍ണ ജീവിയായിത്തീരുന്നു. നീര്‍നായ്ക്കളില്‍ ( Seal) മാതാവിന്റെ മുലപ്പാലിലൂടെയാണ് ട്രൈക്കിനോസിസ് രോഗം കുഞ്ഞുങ്ങളിലേക്കു പകരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍