This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോപോസ്ഫിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രോപോസ്ഫിയര്‍

Troposphere

അന്തരീക്ഷത്തിന്റെ അടിത്തട്ടിലെ മേഖല. ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുകിടക്കുന്ന അന്തരീക്ഷമേഖലയെ ഭൂസ്പര്‍ശമേഖലയെന്നും പറയുന്നു. മറ്റു ഗ്രഹങ്ങളുടെ കാര്യത്തിലും അവയുടെ ഉപരിതലത്തിനോടു ചേര്‍ന്നു കാണുന്ന അന്തരീക്ഷ മേഖലയെ ട്രോപോസ്ഫിയര്‍ എന്നു വിളിക്കുന്നു. ഭൗമാന്തരീക്ഷത്തില്‍ ദ്രവ്യമാനത്തിന്റെ 90 ശ.മാ. -വും ട്രോപോസ്ഫിയറിലാണ്. ഈ മേഖലയില്‍ അന്തരീക്ഷസാന്ദ്രതയും മര്‍ദവും താപമാനവും ഉയരങ്ങളിലേക്കു പോകുന്നതനുസരിച്ച് കുറഞ്ഞുവരുന്നു. താപമാനം ഓരോ കി.മീ.നും 6.5°C എന്ന തോതിലാണ് കുറയുന്നത്. എന്നാല്‍ ഉയരത്തിനനുസരിച്ച് താപമാനം കൂടുന്ന ചില വിപരീത മേഖലകളും (inversions) വിരളമായി ഭൂസ്പര്‍ശമേഖലയില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭൂസ്പര്‍ശമേഖലയുടെ ഉപരിതല അതിരിനെ ട്രോപോപോസ് (tropopause) എന്നു വിളിക്കുന്നു. ട്രോപോപോസിന്റെ ഉയരം മധ്യരേഖാപ്രദേശങ്ങളില്‍ 17 കി. മീ.-നടുത്തും ധ്രുവപ്രദേശങ്ങളില്‍ 12 കി. മീ.-നടുത്തും കാണപ്പെടുന്നു. ഈ അതിര് ട്രോപോസ്ഫിയറിനേയും അതിനു തൊട്ടുമുകളിലുള്ള സ്റ്റ്രാറ്റോസ്ഫിയര്‍ എന്ന അന്തരീക്ഷമേഖലയേയും വേര്‍തിരിക്കുന്നു. മധ്യരേഖാപ്രദേശങ്ങളില്‍ ഭൗമോപരിതലത്തിലെ ശരാശരി താപമാനമായ 30°C മുതല്‍ താപമാനം കുറഞ്ഞ് ട്രോപോപോസിലെ താപനില -75°C വരെയായി കുറയുന്നു.

ട്രോപോസ്ഫിയറിലെ വായു വിവിധതരം വാതകങ്ങളുടെ മിശ്രിതമാണ്. ഇതില്‍ നൈട്രജന്‍ (78.10%), ഓക്സിജന്‍ (20.9%), ആര്‍ഗോണ്‍ (0.93%), നിയോണ്‍ (0.001%), ഹീലിയം (0.0005%) തുടങ്ങിയവ സ്ഥിരാനുപാതത്തിലും നീരാവി, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ഓസോണ്‍, മീഥേന്‍, നൈട്രസ് ഓക്സൈഡ്, ക്ലോറോഫ്ലൂറോ കാര്‍ബണുകള്‍ എന്നിവ അസ്ഥിരമായ അളവിലും കാണപ്പെടുന്നു. അന്തരീക്ഷത്തിലെ ഭൂരിഭാഗം നീരാവിയും മേഘങ്ങളും ഭൂസ്പര്‍ശമേഖലയിലാണ് കാണപ്പെടുന്നത്. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനങ്ങളായ മഴ, ഇടി, മിന്നല്‍, മൂടല്‍മഞ്ഞ്, മലിനീകരണം എന്നിവ സംഭവിക്കുന്നത് ഈ മേഖലയിലാണ്. ജീവജാലങ്ങളുടെ അധിവാസം അന്തരീക്ഷത്തിന്റെ അടിത്തട്ടിലായതുകൊണ്ട് ഈ മേഖലയിലെ മാറ്റങ്ങള്‍ ജീവന്റെ നിലനില്പിനെ ബാധിക്കുന്നു.

ഉപരിതലം മുതല്‍ 90 കി.മീ. വരെ ഉയരത്തിലാണ് ശുക്രഗ്രഹത്തിന്റെ ട്രോപോസ്ഫിയര്‍ സ്ഥിതിചെയ്യുന്നത്. അവിടെ താപമാനം ഉപരിതല താപമാനമായ 450°C മുതല്‍ 90 കി.മീ. ഉയരത്തില്‍ -100°C വരെ കുറയുന്നു. എന്നാല്‍ ചൊവ്വ ഗ്രഹത്തിന്റെ അന്തരീക്ഷ താപനിലയില്‍ അതിശക്തമായ വ്യതിയാനങ്ങള്‍ സംഭവിക്കുന്നതുകൊണ്ട് താപഘടനയും ട്രോപോസ്ഫിയര്‍ നിര്‍ണയവും വിഷമകരമാണ്. വ്യാഴഗ്രഹത്തില്‍ ഉപരിതല താപമാനമായ 87°C മുതല്‍ 90 കി.മീ. ഉപരിതലത്തിലെ താപമാനമായ -153°C വരെയായി കുറയുന്ന മേഖലയെ ട്രോപോസ്ഫിയര്‍ ആയി നിര്‍വചിക്കുന്നു.

അടുത്തകാലത്തുണ്ടായ വിവിധതരം ഉപകരണങ്ങളുടേയും റഡാറുകളുടേയും ഉപയോഗം ട്രോപോസ്ഫിയര്‍ പഠനത്തില്‍ വളരെയേറെ പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. നോ: അന്തരീക്ഷം

(ഡോ. എസ്. ആര്‍. പ്രഭാകരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍