This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോപിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രോപിക്

Tropic

ഭൂമധ്യരേഖയ്ക്ക് ഇരുവശത്തും ഏകദേശം 23½° വടക്കും തെക്കും അക്ഷാംശങ്ങളിലായി വരുന്ന സാങ്കല്പിക രേഖകള്‍. 23½° വ. അക്ഷാംശത്തിലൂടെ പോകുന്ന രേഖയ്ക്ക് ട്രോപിക് ഒഫ് കാന്‍സര്‍ അഥവാ ഉത്തരായന രേഖ എന്നും, 23½° തെ. അക്ഷാംശത്തിലൂടെ പോകുന്ന രേഖയ്ക്ക് ട്രോപിക് ഒഫ് കാപ്രികോണ്‍ അഥവാ ദക്ഷിണായനരേഖ എന്നുമാണ് പേര്. ഇവ രണ്ടിനും ഇടയിലായി വരുന്ന ഭൂഭാഗം ട്രോപിക്കല്‍ സോണ്‍ അഥവാ ഉഷ്ണമേഖലാ പ്രദേശം എന്നറിയപ്പെടുന്നു. ടോറിഡ് സോണ്‍ എന്നും ഇതിനു പേരുണ്ട്. വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത് രണ്ടു ദിവസമെങ്കിലും പകല്‍ 12 മണിക്ക് സൂര്യന്‍ നേരെ തലയ്ക്കു മുകളില്‍ വരുന്ന പ്രദേശമാണിത്. ഭൂമധ്യരേഖയില്‍നിന്ന് ഏതാണ്ട് 2570 കി.മീ. വടക്കോട്ടും അത്രതന്നെ ദൂരം തെക്കോട്ടും ട്രോപിക്കല്‍ മേഖല വ്യാപിച്ചിരിക്കുന്നു. ദക്ഷിണായനരേഖയും (23½° തെ.) ഉത്തരായനരേഖയുമാണ് (23½° വ.) ഇതിന്റെ അതിര്‍ത്തികള്‍ എന്നു പറയാം. ഒരു തവണയെങ്കിലും സൂര്യന്‍ തലയ്ക്കു മുകളില്‍ വരുന്ന ഭൂപ്രദേശങ്ങളുടെ അതിര്‍ത്തികളാവുന്നതും യഥാക്രമം ഉത്തരായനരേഖയും ദക്ഷിണായനരേഖയും തന്നെ.

ട്രോപിക്കല്‍ മേഖലയുടെ ഉത്തരാതിര്‍ത്തിയാണ് ഉത്തരായനരേഖ. ക്യൂബയ്ക്കു തൊട്ടുവടക്കായി മധ്യ മെക്സിക്കോയെ മുറിച്ചു പോകുന്ന ഈ സാങ്കല്പിക രേഖ ഉത്തര അത് ലാന്തിക്കിലൂടെ മധ്യ-സഹാറയും, മധ്യ സൗദി അറേബ്യയും കടന്ന് അറേബ്യന്‍ കടല്‍വഴി ഇന്ത്യയിലെത്തുന്നു. പാകിസ്താനതിര്‍ത്തിക്കടുത്തുള്ള ഇന്ത്യന്‍ പശ്ചിമതീരത്തുകൂടെ ഇന്ത്യയില്‍ കടക്കുന്ന ഈ രേഖ ഉത്തര കൊല്‍ക്കത്തയിലൂടെ ബംഗ്ലാദേശ്, ഉത്തരമ്യാന്‍മര്‍, ദക്ഷിണ ചൈന എന്നിവ കടന്ന് ഹോങ്കോങിനു തൊട്ടുവടക്കു വച്ച് പസിഫിക്കിലെത്തിച്ചേരുന്നു. തയ്വാനിലൂടെ വരുന്ന ഇത് ഹവായിക്ക് തൊട്ടു വടക്കു വച്ച് പസിഫിക്കിനു കുറുകേ കടന്ന് മെക്സിക്കോയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ബാജാകാലഫോണിയയുടെ അഗ്രഭാഗത്തെത്തി നിലകൊള്ളുന്നു. ഉത്തരായനദിവസം (Summer Solstice), ഉത്തരായനരേഖയ്ക്കു നേരേമുകളിലായിരിക്കും മധ്യാഹ്നസൂര്യന്റെ സ്ഥാനം. ജൂണ്‍ 20-നോ 21-നോ ആണിത്. ഉത്തരായനരേഖയുടെ സ്ഥാനനിര്‍ണയനം സൂര്യന് ചുറ്റുമുള്ളഭൂപ്രദക്ഷിണപഥവുമായി ഭൂമിയുടെ അച്ചുതിനുണ്ടാകുന്ന ചരിവുമാനമുപയോഗിച്ചാണ് നടത്തുന്നത്.

കാന്‍സര്‍ എന്നപദത്തിന്ലത്തീന്‍ഭാഷയില്‍'ഞണ്ട്'എന്നാണര്‍ഥം.രാശിയിലെ ഒരു നക്ഷത്ര സമൂഹത്തെയാണ് 'കാന്‍സര്‍' കൊണ്ടുദ്ദേശിക്കുന്നത്. ഉത്തരായനരേഖയുടെ സ്ഥാനം ആദ്യമായി ഭൂപടത്തില്‍ നിര്‍ണീതമായത് ഈ നക്ഷത്രസമൂഹത്തിന് നേരെ താഴെയായിട്ടായിരുന്നു. ഉത്തരായനരേഖയില്‍ നിന്നു നോക്കുന്ന ഒരാള്‍ക്ക് ധ്രുവനക്ഷത്രം ചക്രവാളത്തിന് മുകളില്‍ 23°27 കോണിലാണ് ദൃശ്യമാവുക.

ട്രോപിക്കല്‍ മേഖലയുടെ ദക്ഷിണാതിര്‍ത്തിയാണ് ദക്ഷിണായനരേഖ. ഉത്തരചിലിയില്‍ നിന്നാരംഭിക്കുന്ന ഈ രേഖ വടക്കന്‍ അര്‍ജന്റീനയും, മധ്യപരാഗ്വേയും, തെക്കന്‍ ബ്രസീലും കടന്ന് റിയോദിഷാനിറോയ്ക്കു തെക്കായി തെക്കേ അമേരിക്കയുടെ പൂര്‍വതീരത്തെത്തിച്ചേരുന്നു. ദക്ഷിണ അത് ലാന്തിക്കിനെ മുറിച്ചുപോകുന്ന ഈ രേഖ തെ. പടിഞ്ഞാറന്‍ ആഫ്രിക്കയും, മധ്യ ബോട്ട്സ്വാനയും റിപ്പബ്ലിക്ക് ഒഫ് സൗത്ത് ആഫ്രിക്കയുടെ ഉത്തരഭാഗവും കടന്ന് പൂര്‍വ ആഫ്രിക്കന്‍ തീരത്തുള്ള ദക്ഷിണ മൊസാംബിക്കില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് കിഴക്കോട്ടുപോകുന്ന രേഖ തെക്കന്‍ മഡഗാസ്കറും ഇന്ത്യാസമുദ്രവും കടന്ന് ഉത്തര - മധ്യ ആസ്റ്റ്രേലിയയിലൂടെ പസിഫിക് സമുദ്രം കുറുകേ കടന്ന് തെക്കേ അമേരിക്കയിലെത്തുന്നു. ഡി. 21-നോ 22-നോ ഉണ്ടാകുന്ന ദക്ഷിണായനദിവസം(Wintersolstice)ദക്ഷിണായന രേഖയ്ക്കു നേരെ മുകളിലായിരിക്കും മധ്യാഹ്നസൂര്യന്റെ സ്ഥാനം. ലത്തീന്‍ പദങ്ങളായ 'കാപെര്‍' (Caper), 'കോര്‍ണൂ' (Cornu) എന്നിവയില്‍നിന്നുമാണ് കാപ്രികോണിന്റെ ഉത്പത്തി. കാപെര്‍ എന്ന പദത്തിന് ആട് എന്നും കോര്‍ണൂ ശബ്ദത്തിന് കൊമ്പ് എന്നുമാണര്‍ഥം. ഒരു രാശിചിഹ്നത്തെയാണ് 'കാപ്രികോണ്‍' കൊണ്ടുദ്ദേശിക്കുന്നത്. ഈ നക്ഷത്രസമൂഹത്തിന് നേരെ താഴെയായാണ് ദക്ഷിണായനരേഖയുടെ സ്ഥാനം.

ട്രോപിക്കല്‍ മേഖലയിലുള്ള മിക്ക പ്രദേശങ്ങളിലും വര്‍ഷം മുഴുവനും ശ.ശ. മുതല്‍ ഉയര്‍ന്ന താപനില വരെ അനുഭവപ്പെടുന്നു. ഈ മേഖലയുടെ അതിരുകളിലായി സ്റ്റെപ്പി പുല്‍പ്രദേശങ്ങളും മരുഭൂമികളും കാണപ്പെടുന്നു. ലോകത്തിലെ പ്രധാന മരുഭൂമികളില്‍ പലതും ഉത്തരായന-ദക്ഷിണായന രേഖകളെ മുറിച്ചുകടക്കുന്നവയാണ്. ട്രോപിക്കല്‍ മേഖലയില്‍ ജനസാന്ദ്രത പൊതുവേ കുറവാണെങ്കിലും ഇന്ത്യാ, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍രാജ്യങ്ങളില്‍ ജനസാന്ദ്രത വളരെ കൂടുതലായിരിക്കുന്നു. നോ: അക്ഷാംശരേഖാംശങ്ങള്‍; ഉത്തരായണം; ഉഷ്ണമേഖല; ദക്ഷിണായനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍