This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രെന്റോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രെന്റോ

Trento

വടക്കു കിഴക്കന്‍ ഇറ്റലിയിലെ ഒരു നഗരവും ഇതേ പേരിലുള്ള പ്രവിശ്യയുടെ ആസ്ഥാനവും. ട്രെന്റോ, ബോല്‍സാനോ ( Bolzano) പ്രവിശ്യകള്‍ കൂട്ടിച്ചേര്‍ത്തു രൂപം കൊടുത്തതാണ് ട്രന്റിനോ ആള്‍ട്ടോ അഡീജ് ( Trentino-Alto-Adige) മേഖല. പ്രവിശ്യാ വിസ്തൃതി: 6220 ച. കി. മീ.; ജനസംഖ്യ : 103181 (1995 ഡി.) അതിരുകള്‍: വ. ബൊല്‍സാനോ, കി. ബെല്യൂനോ, തെ. വിസെന്‍സ, വെറോണ, പ. ബ്രേഷ്യ.

ആല്‍പ്സ് ഉന്നതതടങ്ങളില്‍ ചിലത് ട്രെന്റോ പ്രവിശ്യയിലാണ്. അഡീജ് (Adige) നദി ഈ പ്രവിശ്യയില്‍ വ.-തെ. ദിശയിലാണ് പ്രവഹിക്കുന്നത്. ബ്രെന്റാ (വല്‍സുഗണാ) ആണ് ഇവിടത്തെ മറ്റൊരു പ്രധാന നദി. തെക്കന്‍ ദിശയിലൊഴുകുന്ന സാര്‍ക്കാ നദി ഗാര്‍ഡാ തടാക (Garda Lake) ത്തില്‍ പതിക്കുന്നു. ട്രെന്റോ പ്രവിശ്യയിലെ താഴ്വാരങ്ങളില്‍ വിശാലമായ മുന്തിരിത്തോപ്പുകളുണ്ട്. ധാന്യങ്ങള്‍, കന്നുകാലി തീറ്റപ്പുല്ലുകള്‍, പുകയില, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ പ്രധാന കാര്‍ഷിക വിളകളാകുന്നു. വനസമ്പത്തിനും പ്രവിശ്യയുടെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്ഥാനമുണ്ട്. മലഞ്ചരിവുകളിലെ പുല്‍മേടുകളില്‍ കന്നുകാലി വളര്‍ത്തലിനാണ് പ്രാമുഖ്യം. ജലവൈദ്യുതോര്‍ജ നിര്‍മാണവും ഇവിടെ ഏറെ പുരോഗമിച്ചിട്ടുണ്ട്. ട്രെന്റോ പ്രവിശ്യയിലെ മലനിരകളും പുല്‍മേടുകള്‍ നിറഞ്ഞ താഴ്വാരങ്ങളും ഈ മേഖലയെ ഒരു പ്രധാനവിനോദസഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു. ലെവീകോ, മഡോണ ദി കാംപിഗ്ളിയോ, റീവ്, പ്രിഡാസേ എന്നിവയാണ് ഇവിടത്തെ മുഖ്യ വിനോദസഞ്ചാരകേന്ദ്രങ്ങള്‍.

ട്രെന്റോ നഗരത്തിന് സമീപത്തെ ആല്‍പ്സ് ഉന്നതതടങ്ങള്‍

ട്രെന്റോ പ്രവിശ്യയുടെയും ഇതുള്‍പ്പെടുന്ന ട്രെന്റിനോ- ആള്‍ട്ടോ-അഡീജ് മേഖലയുടെയും തലസ്ഥാനം കൂടിയാണ് ട്രെന്റോനഗരം. മിലന് ഏകദേശം 160 കി. മീ. വടക്കു കിഴക്കാണ് ഇതിന്റെ സ്ഥാനം. ഈ മേഖലയിലെ പ്രധാനനഗരവും ഇതുതന്നെയാണ്.

ബ്രണര്‍പാതയിലെ യുദ്ധതന്ത്രപരമായ സ്ഥാനത്താണ് ട്രെന്റോ നഗരം സ്ഥിതി ചെയ്യുന്നത്. 1814 മുതല്‍ ആസ്റ്റ്രിയന്‍ ടിറോളിന്റെ ഭാഗമായി മാറിയ നഗരം ഒന്നാം ലോകയുദ്ധാനന്തരം ഇറ്റലിക്ക് കൈമാറി (1919). രണ്ടാം ലോകയുദ്ധക്കാലത്ത് (1943-45) വീണ്ടും ജര്‍മനിക്കധീനമായെങ്കിലും യുദ്ധാവസാനത്തോടെ ഈ പ്രദേശം ഇറ്റലിക്കു തിരികെ ലഭിച്ചു. 1948-ല്‍ പ്രവിശ്യയിലെ ജര്‍മന്‍ ഭാഷാ പ്രദേശങ്ങള്‍ ബൊല്‍സാനോ പ്രവിശ്യയ്ക്ക് കൈമാറ്റം ചെയ്തു.

ട്രെന്റോയിലെ ജനങ്ങളിലധികവും ഇറ്റാലിയന്‍ഭാഷ സംസാരിക്കുന്നു. ഇറ്റലിയിലെ ഒരു പ്രധാന റെയില്‍ ജങ്ഷന്‍ കൂടിയാണ് ട്രെന്റോനഗരം. ഒരു മെത്രോപൊലിത്താ ദേവാലയം ട്രെന്റോ നഗരത്തിലുണ്ട്. ചില പുരാതന മന്ദിരങ്ങളും കോട്ടകളും നഗരത്തില്‍സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സിമന്റ്, കാര്‍ഷികോപകരണങ്ങള്‍, ആഹാരസാധനങ്ങള്‍, പാനീയങ്ങള്‍ തുടങ്ങിയവ ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങളാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍