This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൂഹിയോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രൂഹിയോ

Trujillo

പെറുവിന്റെ വടക്കന്‍ തീരദേശ മരുഭൂമിയിലെ ഒരു നഗരവൂം വാണിജ്യകേന്ദ്രവും. ലിമായ്ക്ക് 505 കി. മീ. വ. പ. സ്ഥിതി ചെയ്യുന്നു. ലാ ലിബെര്‍ടാഡ് ഡിപ്പാട്ടുമെന്റിന്റെ തലസ്ഥാനം കൂടിയാണ് ഈ നഗരം. ജനസംഖ്യ: 509312 (1993), 603657 (1998 est)

വന്‍തോതില്‍ കരിമ്പും നെല്ലും ഉത്പാദിപ്പിക്കുന്ന മരുപ്പച്ചയാല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് ട്രൂഹിയോ നഗരത്തിന്റെ സ്ഥാനം. പെറുവിലെ ഒരു പ്രധാന എന്‍ജിനീയറിങ് നഗരമെന്ന നിലയിലേക്ക് അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നഗരവുമാണ് ഇത്. മോട്ടോര്‍ സൈക്കിള്‍-ട്രാക്റ്റര്‍ അസംബ്ലി പ്ലാന്റുകള്‍ എന്നിവയ്ക്കു പുറമേ നിരവധി പ്ലാന്റുകള്‍ ഈ നഗരത്തിലുണ്ട്. സലാവെറി (Salaverry) ആണ് ഇവിടത്തെ പ്രധാന തുറമുഖം; പ്രധാന കയറ്റുമതി ഉത്പന്നം പഞ്ചസാരയും.

1534-ല്‍ ഡീഗോ ദ അല്‍മാഗ്രോയാണ് (Diego de Almagro) ട്രൂഹിയോ നഗരം സ്ഥാപിച്ചത്. ഉദ്യാനങ്ങള്‍, തുറസ്സായ പ്രദേശങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം ഇടം നല്‍കി കൊണ്ടാണ് അന്ന് ഈ നഗരം രൂപകല്പന ചെയ്തത്. കൊളോണിയല്‍ വാസ്തുശില്പ ചാതുര്യം പ്രകടമാക്കുന്ന നിരവധി മന്ദിരങ്ങള്‍ ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ട്രൂഹിയോ സര്‍വകലാശാല (1824) ഇവിടത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ കേന്ദ്രമാകുന്നു. പൂര്‍വ-ഇന്‍കാ നഗരമായ ചാന്‍-ചാനിന്റെ (Chan Chan) അവശിഷ്ടങ്ങള്‍ ട്രൂഹിയോ നഗരത്തിന്റെ സമീപപ്രദേശത്ത് കാണാം.

2. ഒരു വെനിസ്വേലന്‍ സംസ്ഥാനവും അതിന്റെ തലസ്ഥാനവും. പാന്‍- അമേരിക്കന്‍ ഹൈവേയില്‍ 810 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. വിസ്തീര്‍ണം: 7400 ച. കി. മീ.; ജനസംഖ്യ: 520292 (1990), 550000 (1995 ല); തലസ്ഥാന നഗര ജനസംഖ്യ: 31774 (80) പ്രധാനമായും ഒരു കാര്‍ഷിക മേഖലയാണ് ട്രൂഹിയോ. കാപ്പി, കൊക്കോ, കരിമ്പ്, ചോളം, പുകയില എന്നിവയാണ് ഇവിടത്തെ മുഖ്യകാര്‍ഷിക വിളകള്‍. ലേക് മാറകേബോ ( Lake Maracaebo) യിലെ പെട്രോളിയം ഖനന പ്രദേശത്തെ ചില ഭാഗങ്ങള്‍ ട്രൂഹിയോ നഗരപരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്.

3. സ്പെയിനിലെ കാസീറസ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ഒരു നഗരം. ഭാഗികമായി ചുറ്റുമതിലിനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മൂര്‍ കൊട്ടാരവും നിരവധി പുരാതന മന്ദിരങ്ങളും ഈ നഗരത്തിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍