This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൂബഡോര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രൂബഡോര്‍

Troubadour

പന്ത്രാം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടു വരെ തെക്കന്‍ ഫ്രാന്‍സില്‍ പ്രചരിച്ചിരുന്ന ഒരു ഗാനശാഖ. വീരസാഹസികതയുടെ യുഗത്തില്‍ കവിയും ഗായകനുമായിരുന്നു ട്രൂബഡോര്‍. 'കണ്ടെത്തുക' എന്നര്‍ഥം വരുന്ന ഫ്രഞ്ചുപദത്തില്‍ നിന്നാണ് ഈ നാമം രൂപം കൊണ്ടത്. കാല്‍പനിക കവിതകള്‍ രചിച്ച ട്രൂബഡോറുകളില്‍ ഭൂരിഭാഗവും പ്രഭുജാതരായിരുന്നു. ഇവര്‍ രചിച്ച കവിതകള്‍ക്ക് സംഗീതം നല്‍കിയ ജോങ്ഗ്ളര്‍ പലപ്പോഴും കവിതാലാപനവും നടത്തിപ്പോന്നു. കവി തന്നെ പാടുന്ന സന്ദര്‍ഭങ്ങളില്‍ ജോങ്ഗ്ളര്‍ വാദ്യോപകരണം വായിക്കും. ട്രൂബഡോര്‍ ഗാനങ്ങളില്‍ പലതും നൃത്തഗാനങ്ങളാണ്. പ്രഭുക്കന്‍മാര്‍ക്കിടയിലെന്നപോലെ ഗ്രാമീണര്‍ക്കിടയിലും ഇവ പ്രചരിച്ചിട്ടുണ്ട്. മറ്റു ചില ഗാനങ്ങള്‍ ചോദ്യോത്തര രൂപത്തിലുള്ളവയാണ്. ബല്ലാദെത്തന്റ്റോന്തോ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ഒരാള്‍ ചോദ്യരൂപത്തില്‍ പാടുന്ന പാട്ടിന് മറ്റുള്ളവര്‍ ഉത്തരം നല്‍കുന്ന രൂപത്തില്‍ പാടുന്നു. പഴയ ഒരുതരം വയലിന്‍ മാത്രമാണ് പശ്ചാത്തല സംഗീതത്തിനായി ഉപയോഗിക്കുന്നത്. ചില ഗാനങ്ങള്‍ പള്ളിപ്പാട്ടുകളെ അനുസ്മരിപ്പിക്കുമെങ്കിലും മറ്റു പലതും വളരെ വ്യത്യസ്തമാണ്. നൃത്തഗാനങ്ങള്‍ക്കു പുറമേ പ്രേമഗാനങ്ങളും ട്രൂബഡോറുകള്‍ രചിച്ചിരുന്നു. കാല്‍പനിക പ്രേമവും സ്ത്രീ സൗന്ദര്യവുമാണ് ഇവയിലെ മുഖ്യ പ്രതിപാദ്യം. കന്യാമറിയത്തെ സ്തുതിക്കുന്ന ഗാനങ്ങളും വീരഗാഥകളും കുറവല്ല. രണ്ടായിരത്തി അറുനൂറോളം ട്രൂബഡോര്‍ ഗാനങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും സംഗീതം നല്‍കിയ 260 എണ്ണം മാത്രമേ ലഭിച്ചിട്ടുള്ളൂ. അറിയപ്പെടുന്ന ട്രൂബഡോറുകളില്‍ പ്രമുഖര്‍ ഗുല്‍ഹെം ഏഴാമനാണ്( 1071 -1127 ). പ്രശസ്തനായ മറ്റൊരു കവിയായ റെയിംബോ ഡിവക്വീരായുടെ കലെന്താമായാ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച പ്രേമഗാനമായി കരുതുന്നു.

തെക്കന്‍ ഫ്രാന്‍സിലാരംഭിച്ച ട്രൂബഡോര്‍ ഗാനശാഖ പില്ക്കാലത്ത് വടക്കന്‍ ഫ്രാന്‍സിലേക്കും വ്യാപിക്കുകയുണ്ടായി. അവിടെ ഇവര്‍ 'ത്രുവെ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ആരണ്യക ഗാനങ്ങളും ആഖ്യാന ഗാനങ്ങളുമെഴുതി ഇവര്‍ ട്രൂബഡോര്‍ ഗാനങ്ങളെ പരിപോഷിപ്പിച്ചു. സുന്ദരിയായ യുവതിയും അവരുടെ പരിഹാസ്യനായ ഭര്‍ത്താവുമാണ് മിക്ക ആഖ്യാന ഗാനങ്ങളുടെയും പ്രതിപാദ്യം. വസന്തത്തെക്കുറിച്ചും അജപാലകര്‍ക്കിടയില്‍ സുന്ദരിയായ കാമുകിയെ കണ്ടെത്തുന്ന പ്രഭുക്കന്‍മാരെക്കുറിച്ചുമൊക്കെയാണ് ആരണ്യക ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ആദം ഡിലാഹാലെ യുടെ പ്ലേ ഒഫ് റോബിന്‍ ആന്റ് മറിയന്‍ ഈ വിഭാഗത്തില്‍ പ്രസിദ്ധിയാര്‍ജിച്ച ഒരു രചനയാണ്. ചാര്‍ലിമെയ് ന്‍, റൊളാങ് തുടങ്ങിയ വീരനായകന്‍മാരുടെ കഥകള്‍ പ്രതിപാദിക്കുന്ന ദീര്‍ഘകാവ്യങ്ങളാണ് ത്രുവെ രചനകളില്‍ മുഖ്യമായവ. ഫ്രഞ്ചു ജനതയില്‍ ദേശീയബോധം വളര്‍ത്താന്‍ ഈ കവിതകള്‍ ഏറെ പ്രയോജനപ്പെടുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍