This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രിയര്‍

Trier

തെക്കുപടിഞ്ഞാറന്‍ ജര്‍മനിയിലെ ചരിത്രപരമായും വാണിജ്യപരമായും പ്രാധാന്യം സിദ്ധിച്ച ഒരു പട്ടണം. ജര്‍മനിയിലെ വളരെ പുരാതനമായ പട്ടണമെന്ന പ്രശസ്തി ട്രിയറിനുണ്ട്. ട്രെവിസ് (Treves) എന്നും പേരുണ്ട്. പ്രാചീന ഗാളിലെ 'ട്രിവേരി' എന്ന ജനവിഭാഗവുമായി ബന്ധപ്പെട്ടാണ് ഈ പട്ടണത്തിന് 'ട്രിയര്‍' എന്ന പേരുണ്ടായത്. അഗസ്റ്റാ ട്രെവെറോറം (Augusta Treverorum) എന്ന് മറ്റൊരു പേര് പ്രാചീനകാലത്ത് ട്രിയറിനുണ്ടായിരുന്നു. ബി.സി. 400-ന് അപ്പുറം കെല്‍റ്റ് വര്‍ഗക്കാര്‍ താമസിച്ചിരുന്നതിനുള്ള തെളിവ് ഇവിടെനിന്നും ഗവേഷകര്‍ക്കു ലഭിച്ചിട്ടുണ്ട്. ബി.സി. 1-ാം ശ.-ത്തില്‍ ജൂലിയസ് സീസര്‍ ഇവിടെ ആക്രമണം നടത്തിയതായി രേഖകള്‍ കിട്ടിയിട്ടുണ്ട്. ബി.സി. 15-ല്‍ അഗസ്റ്റസ് ചക്രവര്‍ത്തി ഇവിടെ അഗസ്റ്റാ ട്രെവെറോറം എന്ന റോമന്‍ നഗരം സ്ഥാപിച്ചു. പിന്നീട് ഈ പട്ടണം റോമിന്റെ ബല്‍ജിക് പ്രവിശ്യയുടെ ആസ്ഥാനമായിത്തീര്‍ന്നു. മൂന്നാം നൂറ്റണ്ട് ആയപ്പോഴേക്കും ട്രിയര്‍, ഗാളിന്റേയും ബ്രിട്ടന്റേയും ഭരണകാര്യങ്ങള്‍ നോക്കുന്ന റോമന്‍ ഭരണാധിപന്റെ ആസ്ഥാനമായിത്തീര്‍ന്നു. റോമന്‍ ഭരണകാലത്ത് ഒരു വാണിജ്യകേന്ദ്രമായി നഗരം വികസിച്ചു. 4-ാം ശ. -ത്തോടെ ഇതൊരു ക്രിസ്ത്യന്‍ കേന്ദ്രമായി മാറി. 5-ാം ശ. -ത്തില്‍ ഫ്രാങ്കുകള്‍ ഇവിടെ ആക്രമണം നടത്തിയിരുന്നു. 815-ല്‍ ആര്‍ച്ചുബിഷപ്പിന്റെ ആസ്ഥാനമായി. ഏറെ ഭൂപ്രദേശങ്ങള്‍ കൈവശമുള്ള, വളരെ സ്വാധീനശേഷിയുള്ള ഭരണാധിപന്മാരായിരുന്ന ഇവര്‍, ഹോളി റോമന്‍ എംപയറിലേക്കുള്ള ഇലക്റ്റര്‍മാരും (ചക്രവര്‍ത്തിയെ നിര്‍ദേശിക്കാന്‍ അധികാരമുള്ളവര്‍) ആയിരുന്നു. ഇവരുടെ ഭരണകാലത്ത് ട്രിയര്‍ ഒരു വാണിജ്യ, സാംസ്കാരിക കേന്ദ്രമായി അഭിവൃദ്ധി പ്രാപിച്ചു. ഇവിടെ ഒരു സര്‍വകലാശാല നിലനിന്നിരുന്നു. ഫ്രഞ്ചുകാരുടെ ആക്രമണത്തോടെ17-ാം ശ.-ത്തോടടുത്ത് ഈ പ്രദേശത്തിന്റെ അഭിവൃദ്ധിക്ക് കോട്ടംതട്ടിത്തുടങ്ങി. 1801-ല്‍ ട്രിയര്‍ ഫ്രാന്‍സിനോടു ചേര്‍ക്കുകയുണ്ടായി. വിയന്ന കോണ്‍ഗ്രസ്സിനുശേഷം (1815) ട്രിയര്‍ പ്രഷ്യയുടെ ഭാഗമായിത്തീര്‍ന്നു. 19-ാം ശ. -ത്തില്‍ ഈ പട്ടണം വീണ്ടും സമ്പന്നതയിലേക്കു നീങ്ങി. ഒന്നാം ലോകയുദ്ധാവസാനത്തോടെ ട്രിയര്‍ വീണ്ടും ഫ്രഞ്ച് അധീനതയിലെത്തിയിരുന്നു. രണ്ടാം ലോകയുദ്ധത്തില്‍ ഈ പ്രദേശത്ത് ഏറെ നാശനഷ്ടങ്ങളുണ്ടായി. 1946-നു ശേഷം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു. തുടര്‍ന്ന് സാംസ്കാരിക, വാണിജ്യ മേഖലകളില്‍ കാര്യമായ മുന്നേറ്റമുണ്ടായി.

ട്രിയര്‍ നഗരത്തിലെ 'റോമന്‍ ഗേറ്റ് വേ'എന്ന പേരില്‍ അറിയപ്പെടുന്ന പ്രവേശനകവാടം

പല റോമന്‍ സ്മാരകങ്ങളും ട്രിയറില്‍ സംരക്ഷിക്കപ്പെടുന്നു. 550-ാമണ്ടോടെ പുനര്‍നിര്‍മിക്കപ്പെട്ടതും 11, 12, 13 എന്നീ നൂറ്റാണ്ടാകളില്‍ വിപുലീകരിക്കപ്പെട്ടതുമായ കത്തീഡ്രല്‍ ട്രിയറില്‍ സ്ഥിതിചെയ്യുന്നു. യേശുവിന്റെ വസ്ത്രമെന്നു കരുതപ്പെടുന്ന 'ഹോളി കോട്ട് ഒഫ് ട്രിയര്‍' (Holy Coat of Trier) ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. റോമന്‍ കാലഘട്ടത്തിലേയും മധ്യകാലഘട്ടത്തിലേയും നിരവധി പുരാവസ്തുക്കള്‍ ഇവിടെയുള്ള പല മ്യൂസിയങ്ങളിലുമായി സൂക്ഷിച്ചിരിക്കുന്നു. മധ്യകാലഘട്ടത്തിനുശേഷമുള്ള പുരാവസ്തുക്കള്‍ മുനിസിപ്പല്‍ മ്യൂസിയത്തിലാണു സൂക്ഷിച്ചിരിക്കുന്നത്. അമൂല്യങ്ങളായ കയ്യെഴുത്തുപ്രതികള്‍ സൂക്ഷിച്ചിരിക്കുന്നതാകട്ടെ മുനിസിപ്പല്‍ ലൈബ്രറിയിലും. ജര്‍മന്‍ രാഷ്ട്രീയചിന്തകനും സോഷ്യലിസ്റ്റുമായിരുന്ന കാള്‍ മാര്‍ക്സ് ജനിച്ചത് (1818) ട്രിയറിലാണ്.

(പി. സുഷമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍