This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിബ്യൂണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രിബ്യൂണ്‍

Tribune

പുരാതന റോമില്‍ ഉണ്ടായിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥസമൂഹം. ഇക്കൂട്ടത്തില്‍ സൈനിക ട്രിബ്യൂണും സിവില്‍ ട്രിബ്യൂണുമായിരുന്നു പ്രധാനം. സൈനിക ട്രിബ്യൂണ്‍ സേനയെ നയിക്കുന്നതായിരുന്നു. ആദ്യകാല റിപ്പബ്ലിക്കിലെ സേനാവ്യൂഹങ്ങളില്‍, കോണ്‍സലോ (പ്രധാന ഭരണകര്‍ത്താവ്) പട്ടാള മേധാവികളോ നിര്‍ദേശിക്കുന്നവരും ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരുമായി ആറുപേര്‍ വീതം ട്രിബ്യൂണുകളായി ഉണ്ടായിരുന്നു. ബി.സി. 27-നു ശേഷം, റോമാസാമ്രാജ്യത്തില്‍, സൈനിക ട്രിബ്യൂണ്‍ സെനറ്റിന്റെ ഭാഗവും ചക്രവര്‍ത്തിയാല്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നതും ആയി മാറി.

പ്ലീബിയന്‍ ട്രിബ്യൂണ്‍ എന്ന സിവില്‍ ട്രിബ്യൂണ്‍ ആണ് ഏറെ പ്രബലമായി നിലനിന്നത്. ബി.സി. 5-ാം ശ. മുതല്‍ ഇത് നിലവിലുണ്ടായിരുന്നു. ഈ ട്രിബ്യൂണുകളുടെ തുടക്കം, തെരഞ്ഞെടുപ്പു രീതി, അധികാര പരിധി എന്നിവയെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. റോമിലെ പ്ലീബിയന്‍ (സാധാരണക്കാര്‍) - പെട്രീഷ്യന്‍ മത്സരത്തെത്തുടര്‍ന്ന് പ്രഭുക്കന്മാരുടെ അധികാര ദുര്‍വിനിയോഗം നിയന്ത്രിക്കുന്നതിനും പ്ലീബിയന്മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായിട്ടാണ് പ്ലീബിയന്‍ ട്രിബ്യൂണ്‍ നിലവില്‍വന്നത്. ഇത് പ്ലീബിയന്‍ ജനങ്ങളുടെ ആദ്യ വിജയവുമായിരുന്നു. ബി.സി. 471 മുതല്‍ പ്ലീബിയന്‍ അസംബ്ലിയാണ് പ്ലീബിയന്‍ ട്രിബ്യൂണിനെ തെരഞ്ഞെടുത്തുവന്നത്. ഓരോ വര്‍ഷവും തെരഞ്ഞെടുപ്പു നടത്തിയിരുന്നു. പ്ലീബിയന്‍ അസംബ്ലിയില്‍ ആധ്യക്ഷം വഹിക്കുന്നത് പ്ലീബിയന്‍ ട്രിബ്യൂണ്‍ ആയിരുന്നു. പ്ലീബിയന്മാരുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കുവാനും അവ നടപ്പിലാക്കുവാനും ഉള്ള അധികാരം ഇവര്‍ക്കുണ്ടായിരുന്നു. കോണ്‍സല്‍മാര്‍ ഉള്‍പ്പടെയുള്ള ഏത് ഉദ്യോഗസ്ഥന്റെയും നടപടികളെ വീറ്റോ ചെയ്യാനും ഇവര്‍ക്ക് അധികാരമുണ്ടായിരുന്നു. യുക്തമെന്നു തോന്നിയാല്‍ ഏതു നിയമവും പ്രാബല്യത്തില്‍ വരുത്തുന്നതിനെ അവര്‍ക്ക് തടഞ്ഞുവയ്ക്കാം. ബി. സി. 450-ഓടെ ഇവരുടെ എണ്ണം പത്ത് ആയി വര്‍ധിച്ചു. തുടര്‍ന്നുള്ള രണ്ടു നൂറ്റാണ്ടുകാലം ഇവരുടെ അധികാരം ഏറെ വര്‍ധിച്ചിരുന്നു. ഭരണകൂടത്തിന്റെ നടപടികളെ തടയാനുള്ള അധികാരവും ഇവര്‍ക്കുണ്ടായിരുന്നു. മജിസ്ട്രേട്ടുമാരുടെ നടപടികളില്‍നിന്നു ജനങ്ങളെ സംരക്ഷിക്കുവാനും ഭരണകൂടത്തിനെതിരായി പ്രവര്‍ത്തിക്കുന്നവരെ ശിക്ഷിക്കുവാനും ഉള്ള അധികാരവും ഇവരില്‍ നിക്ഷിപ്തമായിരുന്നു. ബി.സി. 300- ഓടെ മിക്ക നിയമനിര്‍മാണങ്ങള്‍ക്കും ട്രിബ്യൂണുകള്‍ നേതൃത്വം നല്‍കാനും തുടങ്ങി. ബി. സി. 287-ഓടെ ഇവര്‍ പ്രതിനിധാനം ചെയ്തിരുന്ന ജനവിഭാഗങ്ങളുടെ (പ്ലീബേഴ്സ്) അവസ്ഥ ഏറെ മെച്ചപ്പെടുത്താനും ഇവര്‍ക്കു കഴിഞ്ഞു. ഭൂപരിഷ്കരണങ്ങളിലും കടബാധ്യതാപ്രശ്നങ്ങളിലുംവരെ ട്രിബ്യൂണ്‍ ഇടപെട്ടിരുന്നു.

ബി. സി. 27-നു ശേഷം റോമാസാമ്രാജ്യത്തിന്‍കീഴില്‍ ട്രിബ്യൂണുകള്‍ക്കുള്ള അധികാരം നഷ്ടമായി. ട്രിബ്യൂണിന്റെ അധികാരങ്ങള്‍ ചക്രവര്‍ത്തി സ്വയം ഏറ്റെടുത്തതിനെത്തുടര്‍ന്ന് ഏതു നടപടികളെയും വീറ്റോ ചെയ്യാനും, ഗവണ്‍മെന്റിന്റെ ഘടകങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരാനും, ഡിക്രികള്‍ പുറപ്പെടുവിക്കുവാനും നിയമനിര്‍മാണം നടത്താനും ഉള്ള അവകാശം ചക്രവര്‍ത്തിയില്‍ നിക്ഷിപ്തമാവുകയും ചെയ്തു.

സിവില്‍, മിലിറ്ററി അധികാരങ്ങള്‍ ഒത്തുചേര്‍ന്നു കൈകാര്യം ചെയ്തിരുന്ന ട്രിബ്യൂണുകളും നിലവിലുണ്ടായിരുന്നു. ബി.സി. 444 മുതല്‍ 367 വരെയുള്ള ആഭ്യന്തര കുഴപ്പങ്ങളുടെ കാലത്ത് കോണ്‍സലുകളുടെ നടപടി പരിശോധിക്കാന്‍ സെനറ്റ് നിയമിച്ചിരുന്ന ട്രിബ്യൂണുകള്‍ സിവില്‍, മിലിറ്ററി അധികാരങ്ങളുള്ളവയായിരുന്നു. റിപ്പബ്ലിക്കിന്റെ കാലത്ത് ട്രഷറിക്കുവേണ്ടിയുള്ള ട്രിബ്യൂണുകളും നിലവില്‍വന്നു. നികുതി പിരിക്കാനും പട്ടാളക്കാര്‍ക്ക് ശമ്പളം കൊടുക്കാനും ഉള്ള അധികാരം ഇത്തരം ട്രിബ്യൂണുകള്‍ക്കുണ്ടായിരുന്നു. രാജാവിന്റെ അധികാര കേന്ദ്രീകരണം മൂലം ട്രിബ്യൂണുകളുടെ പ്രാധാന്യം ക്രമേണ ക്ഷയിക്കുകയും എ. ഡി. 5-ാം ശ. -ത്തോടെ ഈ സംവിധാനംതന്നെ കാലഹരണപ്പെടുകയും ചെയ്തു.

(പി. സുഷമ, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍