This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാജഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ട്രാജഡി

Tragedy

ഒരു നാടകവിഭാഗം. ഗൗരവപൂര്‍ണമായ നാടകമാണ് ട്രാജഡി (ദുരന്തനാടകം). കരുത്തുറ്റതും പല സ്വഭാവ വൈശിഷ്ട്യങ്ങളുള്ളതുമായ ഒരു കഥാപാത്രത്തിന്റെ ഔന്നത്യത്തില്‍ നിന്നുള്ള പതനം ചിത്രീകരിക്കുന്നതിലൂടെ ഇത് അനുവാചകരില്‍ ഭയ-കരുണവികാരങ്ങള്‍ ഉദ്ദീപ്തമാക്കുകയും അവര്‍ക്ക് ജീവിത സമസ്യകളെപ്പറ്റി അപൂര്‍വമായൊരു ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുന്നു.

സാമാന്യവിവരണം.

ട്രാജോഡിയ (Tragoidia) എന്ന പ്രാചീന ഗ്രീക്ക് പദത്തിന് അജഗീതം എന്നാണര്‍ഥം. ഈ വാക്കില്‍ നിന്ന് നിഷ്പാദിപ്പിച്ചതാണ് 'ട്രാജഡി' എന്ന സംജ്ഞ. വീഞ്ഞിന്റെയും ഉര്‍വരതയുടെയും ദേവനായ ഡയനേഷ്യസിനുവേണ്ടി സംഘഗാന സമേതം ആടിനെ ബലിയര്‍പ്പിച്ചിരുന്നു. ഈ അനുഷ്ഠാനത്തില്‍ നിന്നാണ് ട്രാജഡി രൂപം കൊതെന്ന് കരുതപ്പെടുന്നു. ഡയനേഷ്യസിന്റെ ഉത്സവത്തില്‍ ദുരന്തനാടക രചനാമത്സരങ്ങള്‍ നടത്തിയിരുന്നു എന്നും ഇതില്‍ വിജയിക്കുന്നവര്‍ക്ക് ഒരാടിനെ സമ്മാനിച്ചിരുന്നു എന്നും അങ്ങനെയാണ് ഈ നാടകത്തിന് 'ട്രാജഡി' എന്നു പേരുലഭിച്ചതെന്നും കരുതുന്ന പണ്ഡിതന്മാരുണ്ട്.

സംഘഗാനത്തിന് പ്രാമുഖ്യം ഉണ്ടായിരുന്ന ട്രാജഡിയില്‍ ഗാനങ്ങള്‍ക്ക് സവിശേഷസംവിധാനം നല്‍കി. പ്രസിദ്ധനായ ഒരു നായകനെയോ ദേവനേയോ പ്രകീര്‍ത്തിക്കുന്ന ഘടന അതിനാദ്യം നല്‍കിയത് തെസ്പിസ് (Thepsis) എന്ന നാടകകൃത്താണെന്ന് കരുതപ്പെടുന്നു. നാടകത്തിലെ ക്രിയാപദ്ധതിയെ നയിക്കുന്ന ഒരഭിനേതാവിനെ ട്രാജഡിയില്‍ ആദ്യമായി നിയോഗിച്ചതും ഇദ്ദേഹം തന്നെയാണ്.

ആദ്യകാലത്ത് സംഘഗാനവും നൃത്തവും സംഭാഷണവും ചേര്‍ന്നതായിരുന്നു ട്രാജഡി. അത് അങ്കങ്ങളായി വിഭജിക്കപ്പെട്ടിരുന്നില്ല. സംഘഗാനത്തെ ആസ്പദമാക്കിയുള്ള ഒരു സംവിധാനമാണുണ്ടായിരുന്നത്. സ്വഗതാഖ്യാനരൂപത്തിലോ സംഭാഷണരൂപത്തിലോ പ്രമേയ സൂചന നല്‍കുന്ന 'പ്രൊലോഗാ'ണാദ്യം. നാടകത്തിലെ ദുരന്തത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ സൂചന നല്‍കുന്ന ഗാനവുമായുള്ള ഗായക സംഘത്തിന്റെ രംഗപ്രവേശമാണ് പിന്നീട്. ഇത് 'പരോഡോസ്' എന്നറിയപ്പെടുന്നു. നാടകത്തിന്റെ ക്രിയാവികാസം നാലോ അഞ്ചോ ഭാഗമായി അവതരിപ്പിക്കുന്നതാണ് 'എപ്പിസോഡ്'. ഒടുവില്‍ ഗായകസംഘം നൃത്തോപേതമായി അവതരിപ്പിക്കുന്ന ഗാനത്തിലൂടെയുള്ള നിര്‍വഹണമാണ് 'എക്സോഡസ്'.

ഹാംലെറ്റില്‍ ഹാംലെറ്റിന്റെ പ്രേതവുമായി സംവദിക്കുന്നു.

പ്രാചീന ഗ്രീസിലെ ഏഥന്‍സില്‍ നിന്നാണ് ഏറ്റവും മികച്ച ട്രാജഡികള്‍ നമുക്ക് ലഭിച്ചിട്ടുള്ളത്. ഈസ്കിലിസ് (ബി.സി. 525-456), സോഫോക്ലീസ് (ബി.സി. 495-406), യൂറിപ്പിഡീസ് (ബി.സി. 480-406) എന്നിവരാണ് പ്രമുഖരായ ദുരന്തനാടകകര്‍ത്താക്കള്‍. ദ് പേര്‍ഷ്യന്‍സ്, സപ്ലൈയന്‍സ്, അഗമെംമ്നണ്‍, യുമെനിഡ്സ് എന്നിവയാണ് ഈസ്കിലിസിന്റെ പ്രധാന നാടകങ്ങള്‍. സോഫോക്ളീസിന്റെ നാടകങ്ങളില്‍ ഈഡിപ്പസ് റെക്സ്, ഈഡിപ്പസ് കൊളോണസ്സില്‍, ആന്റണിഗണി, എലക്ട്ര, അജാക്സ്, ദ് വിമന്‍ ഒഫ് ട്രാക്കിസ് എന്നിവയാണ് പ്രസിദ്ധം. അല്‍സെസ്റ്റിസ്, ഹിപ്പോലിറ്റസ്, ഹെക്യൂബ, ട്രോജന്‍ വിമന്‍ എന്നീ ട്രാജഡികളുടെ പേരിലാണ് യുറിപ്പിഡീസ് പ്രശസ്തനായത്.

സോഫോക്ലിസിന്റെ ദ് വിമന്‍ ഓഫ് ട്രാക്കിസിലെ ഒരു രംഗം

ആദ്യകാലത്ത് ട്രാജഡിയിലെ പ്രമേയം ഗൗരവപൂര്‍ണമാകണമെന്നല്ലാതെ അതു നായകന്റെ മരണത്തില്‍ കലാശിക്കണമെന്നോ ദുഃഖപര്യവസായി ആയിരിക്കണമെന്നോ ധാരണയുണ്ടായിരുന്നില്ല. ദാര്‍ശനികനായ അരിസ്റ്റോട്ടലാണ് ട്രാജഡിക്ക് നിഷ്കൃഷ്ടമായ ലക്ഷണം കല്‍പ്പിച്ചത്. അദ്ദേഹത്തിന്റെ പൊയ്റ്റിക്സില്‍ ഏറ്റവും മികച്ച അനുകരണാത്മകകലയെന്നനിലയ്ക്ക് ദുരന്തനാടകം ചര്‍ച്ച ചെയ്യപ്പെടുന്നു. ഇത് അവധാനപൂര്‍വമെഴുതപ്പെട്ട ലക്ഷണ ഗ്രന്ഥമല്ല. സാമാന്യം വിസ്തൃതമായ ഒരു പ്രഭാഷണക്കുറിപ്പാണ്. അതുകൊണ്ടുതന്നെ ധാരാളം അവ്യക്തതകള്‍ ഇതില്‍ കടന്നുകൂടിയിട്ടുണ്ട്.

അരിസ്റ്റോട്ടലിന്റെ നിര്‍വചനപ്രകാരം ട്രാജഡി ഗൗരവപൂര്‍ണമായ ഒരു ക്രിയയുടെ അനുകരണമാണ്. നിശ്ചിത ദൈര്‍ഘ്യമുള്ള ഈ ക്രിയ സ്വയം പൂര്‍ണമായിരിക്കണം. സംഗീതവും, കാവ്യാത്മക ഭാഷയും ഔചിത്യപൂര്‍വം നിബന്ധിച്ചിരിക്കണം. അവതരണം ആഖ്യാനാത്മകമായിക്കൂടാ, നാടകീയമായിരിക്കണം. അനുവാചകരില്‍ ഭയം, കരുണം എന്നീ വികാരങ്ങള്‍ ഉദ്ദീപ്തമാക്കി അവയുടെ കഥാര്‍സിസ് (വികാരവിരേചനം/വികാരവിമലീകരണം) സാധിക്കുകയാണ് ട്രാജഡിയുടെ ലക്ഷ്യം.

ഇതിവൃത്തത്തിന്റെ പ്രാധാന്യം

ട്രാജഡിയുടെ ഏറ്റവും പ്രധാന ഘടകം ഇതിവൃത്തമാണ്. വിശദമായ കഥാപാത്ര ചിത്രീകരണമില്ലെങ്കിലും നാടകമുണ്ടാകും. എന്നാല്‍ ഇതിവൃത്തമില്ലാതെ നാടകമുണ്ടാവില്ലെന്ന് അരിസ്റ്റോട്ടല്‍ പറയുന്നു. ക്രിയയെ നിര്‍ണയിക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന ഘടകം എന്ന നിലയ്ക്കാണ് കഥാപാത്രത്തിനു പ്രസക്തി.

ഇങ്ങനെ ഇതിവൃത്തത്തിനു പരമ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെങ്കിലും ഇതിവൃത്തത്തെ നിര്‍ണയിക്കുന്നത് നാടകത്തിലെ മുഖ്യകഥാപാത്രത്തിന്റെ അന്തഃസത്ത്വമാണ്. സാംസ്കാരികവും സാമൂഹികവും ധാര്‍മികവുമായി ഔന്നത്യത്തില്‍ നില്‍ക്കുന്ന അഭിജാത വ്യക്തിത്വമുള്ള ആളായിരിക്കും ദുരന്ത നാടകത്തിലെ നായകന്‍. ഏതു വ്യക്തിക്കും ദുരന്തനാടക നായകനാകാന്‍ കഴിയുകയില്ല.

അയാള്‍ സര്‍വഗുണസമ്പന്നനായിക്കൂട. കാരണം, അത്തരമൊരു കഥാപാത്രത്തിന്റെ പതനം അനുവാചകനില്‍ ഭയവും കരുണവുമുളവാക്കുകയില്ല. മറിച്ച് വിധിയുടെ നീതിരാഹിത്യത്തെക്കുറിച്ചുള്ള പ്രതിഷേധമാവും ഉണ്ടാവുക. തികഞ്ഞ ദുഷ്ടനായ കഥാപാത്രത്തിന്റെ പതനം അനുവാചകനില്‍ സംതൃപ്തിയേ ഉളവാക്കൂ. ഈ രണ്ടുതരം കഥാപാത്രങ്ങളുമായി തന്മയീഭവിക്കുക അനുവാചകന് ദുഷ്കരമായിരിക്കും. അപ്പോള്‍, ഉയര്‍ന്ന പദവിയിലുള്ള നന്മയുക്തനായ, അതേ സമയം എന്തോ ചില ദൗര്‍ബല്യങ്ങളുള്ള വ്യക്തിക്കേ ദുരന്ത നാടകത്തിലെ നായകനാകാന്‍ കഴിയൂ. ഈ നായകന് യുക്തിസഹവും വിശ്വസനീയവുമായ കാരണങ്ങളാല്‍ ഉണ്ടാകുന്ന പതനം സംഭവ്യമായി അവതരിപ്പിക്കുമ്പോഴാണ് ട്രാജഡി ഉണ്ടാകുന്നത്. അപ്പോള്‍, സവിശേഷ വ്യക്തിത്വമുള്ള നായകന്റെ പതനമാണ് ട്രാജഡിയിലെ ഗൗരവ പൂര്‍ണമായ ക്രിയ.

ഏറ്റവും ചെറിയ ക്രിയകള്‍ക്കും വസ്തുക്കള്‍ക്കും വളരെ വലിയ വസ്തുക്കള്‍ക്കും സൗന്ദര്യമുണ്ടാവില്ലെന്നാണ് അരിസ്റ്റോട്ടലിന്റെ മതം. അതുകൊണ്ടുതന്നെ ദുരന്ത നാടകത്തിലെ ക്രിയയ്ക്ക് ന്യായമായ ദൈര്‍ഘ്യമുണ്ടാകണം. പ്രേക്ഷകന്റെ ഓര്‍മയില്‍ ആദ്യന്തം നിലനില്‍ക്കത്തക്ക ദൈര്‍ഘ്യം എന്നു പറയാം. അത് 24 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്നതായാല്‍ നന്ന് എന്ന സൂചനയും അരിസ്റ്റോട്ടല്‍ നല്‍കുന്നു.

ഒഥല്ലോ യിലെ ഒരു രംഗം. ഒഥല്ലോ ആയി ജെയിംസ് ഏള്‍ ജോണ്‍സും ഇയാഗോ ആയി ആന്റണി സെര്‍ബും


രണ്ടുതരം ഇതിവൃത്തഘടനയെക്കുറിച്ച് അരിസ്റ്റോട്ടല്‍ പറയുന്നു. ലളിതവും സങ്കീര്‍ണവും. മുഖ്യകഥാപാത്രത്തിന്റെ പതനം ഋജുവായി, അനുക്രമം സംഭവിക്കുകയാണെങ്കില്‍ അത് ലളിതമായ ഇതിവൃത്തമായിരിക്കും. പക്ഷേ, മികച്ച നാടകങ്ങളുടെ ഇതിവൃത്തം മിക്കപ്പോഴും സങ്കീര്‍ണമായിരിക്കും. ഇതിവൃത്തത്തെ സങ്കീര്‍ണമാക്കുന്നത് 'സ്ഥിതി വിപര്യയവും' 'പ്രത്യഭിജ്ഞാന'വുമാണ്. ഇതിലേതെങ്കിലുമൊന്നിന്റെ സാന്നിധ്യം ഇതിവൃത്തത്തെ സങ്കീര്‍ണമാക്കും. സോഫോക്ലീസിന്റെ ഈഡിപ്പസ് രാജാവ് എന്ന നാടകത്തില്‍ ഈ രണ്ടു ഘടകങ്ങളുമുണ്ടെന്ന് അരിസ്റ്റോട്ടല്‍ ചൂണ്ടിക്കാണിക്കുന്നു. നായകന്‍ നിശ്ചിതമായ ലക്ഷ്യത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ ഒരു ഘട്ടത്തില്‍ വച്ച് പൊടുന്നനെ വിപരീത ഫലമുളവാക്കുകയും സംഗതികള്‍ ദൗര്‍ഭാഗ്യകരമായിത്തീരുകയും ചെയ്യുന്നതാണ് സ്ഥിതി വിപര്യയം (peripeteia). കഥാപാത്രത്തില്‍ മറഞ്ഞിരിക്കുന്ന'യഥാര്‍ഥ സ്വഭാവം അനാവരണം ചെയ്യപ്പെടുകയോ യഥാര്‍ഥ സാഹചര്യം വെളിപ്പെടുകയോ ചെയ്യുന്നത് പ്രത്യഭിജ്ഞാനവും (anagnomsin). ഇതു രണ്ടും ഒരേ സമയം സംഭവിക്കുന്നതുകൊണ്ട് ഈഡിപ്പസ് രാജാവ് പ്രകൃഷ്ടദുരന്തനാടകമായിത്തീരുന്നു.

ഇതിവൃത്തത്തെ സംബന്ധിച്ച പ്രധാനതത്ത്വം ക്രിയാ ഐക്യമാണ്. നായകന്റെ പതനത്തെ സമഗ്രമായ ഒരു ക്രിയയായി കാണണം. അനേകം ക്രിയകളുടെ ജൈവഘടനയാണ് ഈ ക്രിയ സൃഷ്ടിക്കുന്നത്. ഈ ക്രിയാംശങ്ങള്‍ക്ക് വിടവു സൃഷ്ടിക്കുന്ന യാതൊന്നും ഇതിവൃത്തത്തിലുണ്ടാകരുത്. ദൃഢബദ്ധവും ജൈവവുമായ (organic) ഈ ക്രിയാഘടനയാണ് ഇതിവൃത്തത്തെ സഫലമാക്കുന്നത്. അരിസ്റ്റോട്ടല്‍ ക്രിയാ ഐക്യത്തിന് പരമാവധി പ്രാധാന്യം കല്പിക്കുന്നുങ്കിണ്ടെലും സ്ഥലകാല ഐക്യങ്ങളെക്കുറിച്ച് സ്പഷ്ടമായി പരാമര്‍ശിക്കുന്നില്ല. നവോത്ഥാനകാലത്ത് അരിസ്റ്റോട്ടലിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ച കാസ്റ്റല്‍വെട്രോയെപ്പോലുള്ള നവക്ലാസിക് വിമര്‍ശകരാണ് അത്തരമൊരു തത്ത്വമാവിഷ്ക്കരിച്ചത്. ഇതിവൃത്തം തികച്ചും സംഭവ്യമായിരിക്കണമെന്നും അരിസ്റ്റോട്ടല്‍ നിര്‍ദേശിക്കുന്നുണ്ട്. അസംഭവ്യമായ സാധ്യതകളല്ല, അസാധ്യമായ സംഭവ്യതകളാണ് ട്രാജഡിയില്‍ പ്രസക്തമാകുന്നത്.

ദുരന്തം എങ്ങനെയാണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് അരിസ്റ്റോട്ടലിനുണ്ട്. അതിനദ്ദേഹം 'ഹാമര്‍ഷ്യ' എന്ന വാക്കാണ് പ്രയോഗിക്കുന്നത്. ഇംഗ്ലീഷില്‍ അത് ട്രാജിക് ഫ്ളാ എന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മുഖ്യ കഥാപാത്ത്രിന്റെ വ്യക്തിത്വത്തില്‍ പ്രലീനമായ ഏതെങ്കിലും ദൗര്‍ബല്യം ദുരന്തത്തിനു കാരണമാകാം. അമിതമായ അഹങ്കാരം, കഠിനമായ ആത്മവിശ്വാസം, അസൂയ, അധമത്വബോധം തുടങ്ങി എന്തുമാവാം ഇത്. ഈഡിപ്പസ് രാജാവിന്റെ പതനത്തിനു നിദാനം സത്യം വെളിച്ചത്തുകൊണ്ടുവന്നേ അടങ്ങൂ എന്ന ദുശ്ശാഠ്യവും, പൂര്‍ണമായ സത്യം താന്‍ അറിയും എന്ന അമിതമായ ആത്മ വിശ്വാസവുമാണ്. പക്ഷേ, ഈ വ്യാഖ്യാനം ശരിയല്ലെന്നും മുഖ്യകഥാപാത്രത്തിന്റെ 'വിലയിരുത്തലിലോ' 'കണക്കുകൂട്ടലിലോ' സംഭവിക്കുന്ന 'പിഴവ്' എന്നാണ് 'ഹാമര്‍ഷ്യ'യുടെ അര്‍ഥമെന്നും മറ്റും ചില പണ്ഡിതന്മാര്‍ വാദിക്കുന്നു.

കഥാര്‍സിസ്.

ട്രാജഡിയുടെ പ്രയോജനം അത് ഭയം, കരുണം എന്നീ വികാരങ്ങുടെ കഥാര്‍സിസ് സാധിക്കുന്നു എന്നതാണ്. കഥാര്‍സിസ് എന്ന വാക്ക് പൊയറ്റിക്സില്‍ രണ്ടു പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ട് താന്‍ യഥാര്‍ഥത്തില്‍ വിവക്ഷിക്കുന്നതെന്താണെന്ന് അരിസ്റ്റോട്ടല്‍ വിശദീകരിച്ചിട്ടില്ല. അരിസ്റ്റോട്ടലിന്റെ വ്യാഖ്യാതാക്കളിലൊരാളായ ഹംഫ്രീ ഹൗസ് ഇങ്ങനെ പറയുന്നു. "അന്യനുവേണ്ടിയുള്ളതോ നിസ്സംഗമോ ആയ ഒരു വികാരം എന്ന നിലയ്ക്കല്ല അരിസ്റ്റോട്ടല്‍ കരുണത്തെ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ നിലപാടില്‍ ഭയമില്ലാത്തിടത്ത് സഹാനുഭൂതിയുമില്ല. സ്വയം കരുതാനുള്ള വാസനയില്‍ നിന്നാണ് സഹാനുഭൂതിയും ഭീതിയും ഉണ്ടാകുന്നത്. അതുകൊണഅട് കരുണത്തിനു വിധേയനാകുന്ന വ്യക്തി നമ്മെപ്പോലുള്ള ആളായിരിക്കണം. ഭയം, കരുണം എന്നീ വികാരങ്ങളുടെയാണോ ഭയം, കരുണം "തുടങ്ങിയ വികാരങ്ങളുടെയാണോ കഥാര്‍സിസ് സംഭവിക്കുന്നതെന്നതിനെക്കുറിച്ചും അഭിപ്രായാന്തരമുണ്ട്. ട്രാജഡിയെക്കുറിച്ചുള്ള അരിസ്റ്റോട്ടലിന്റെ വാദങ്ങളെ കവിതാസാമാന്യത്തിനും ബാധകമാക്കിയ പില്‍ക്കാല വിമര്‍ശകര്‍ ഭയം, കരുണം, 'തുടങ്ങിയ' എന്ന അര്‍ഥമാണെടുക്കുന്നത്.

കഥാര്‍സിസിന് നിഷ്കൃഷ്ടമായ വ്യാഖ്യാനം അരിസ്റ്റോട്ടല്‍ നല്‍കാത്തതുകൊണ്ട് പില്ക്കാല വിമര്‍ശകര്‍ അവരവര്‍ക്കിഷ്ടമായ വിശദീകരണങ്ങള്‍ നല്‍കി. പ്രാചീന ഗ്രീസിലെ വൈദ്യശാസ്ത്രവുമായി ബന്ധിപ്പിച്ച് ചര്‍ച്ച ചെയ്തവര്‍ അതിന് വികാരവിരേചനം എന്ന അര്‍ഥമാണ് നല്‍കിയത്. വിശ്വസനീയമായ ഒരു ക്രിയാപദ്ധതിയുടെ സഹായത്തോടെ, പ്രേക്ഷകനിലെ ഭയം, കരുണം എന്നീ വികാരങ്ങളെ ഉദ്ദീപിപ്പിക്കുകയും പിന്നെ ശാന്തമാക്കുകയും ചെയ്യുക. അതാണ് വികാരവിരേചനം കൊണ്ട് വിവക്ഷിക്കുന്നത്. ജേക്കബ് ബര്‍നെയ്സ്, ബുച്ചര്‍, എഫ് എല്‍. ലൂക്കാസ് തുടങ്ങിയവരുടെ വാദം സാരാംശത്തില്‍ ഇതുതന്നെ. എന്നാല്‍ കഥാര്‍സിസിന് വികാരവിരേചനമെന്നല്ല വികാരവിമലീകരണം എന്നാണര്‍ഥം എന്ന് വാദിക്കുന്നവരുമുണ്ട്. ദുരന്തനാടകാനുഭവം ഈ വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനോടൊപ്പം അവയെ പ്രേക്ഷകരുടെ അഹംബോധത്തില്‍ നിന്ന് വിമുക്തമാക്കി ഉദാത്തീകരിക്കുക കൂടി ചെയ്യുന്നു എന്നാണവരുടെ വാദം. ഭാരതീയരസവിചാരത്തിലെ സാധാരണീകരണ സങ്കല്പത്തോട് വളരെ അടുത്തു നില്‍ക്കുന്ന ഒരു ഉപദര്‍ശനമാണിത്. ഇവ കൂടാതെ മതപരമായ ഒരുതരം 'ബാധയൊഴിപ്പി'ക്കലിന്റെ അനുഭവമാണ് കഥാര്‍സിസ് ഉദ്ദേശിക്കുന്നതെന്നു വാദിക്കുന്നവരുമുണ്ട്. എല്ലാ കലകളും നിഷ്പ്രയോജനമാണെന്നും അവ അനുവാചകന്റെ വികാരങ്ങളെ അനിയന്ത്രിതമായി ഇളക്കി വിടുന്നതുകൊണ്ട് അപകടകരമാണെന്നുമുള്ള പ്ലേറ്റോയുടെ വാദത്തിന് പരോക്ഷമായി മറുപടി നല്‍കുകയാണ് ഈ 'സങ്കല്പ'ത്തിലൂടെ അരിസ്റ്റോട്ടല്‍ ചെയ്യുന്നത്.

ദുരന്തനാടകം വിഷാദമോ ദുഃഖമോ ഉണര്‍ത്തുന്ന ഒരു സാധാരണ കലാരൂപമല്ല. അത് മനുഷ്യന്റെ ധീരതയും അപ്രതിരോധ്യമായ വിധിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രീകരിക്കുന്നത്. മനുഷ്യന്റെ അനിവാര്യമായ പരാജയം അവന്റെ ധീരതയുടെ തിളക്കം വര്‍ധിപ്പിക്കുന്നു. ജീവിതത്തിന്റെ നിഗൂഢാത്മകമായ അര്‍ഥം തേടാന്‍ അത് നമ്മെ പ്രേരിപ്പിക്കുന്നു.

പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച അലംഘനീയമായ ചില നിയമങ്ങളുണ്ടെന്നു ബോധപൂര്‍വമല്ലാതെ സംഭവിക്കുന്ന അവയുടെ ലംഘനങ്ങള്‍ക്കു പോലും ശിക്ഷ അനുഭവിക്കാതെ നിവൃത്തിയില്ല എന്നും വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്താണ് ഭാവഗരിമയുള്ള ട്രാജഡികള്‍ എഴുതപ്പെട്ടത്. പ്രപഞ്ചത്തിന്റെ മേലുള്ള ദൈവത്തിന്റെ പരമാധികാരവും മനുഷ്യനനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്ന യാതനയെക്കുറിച്ചുള്ള തീവ്രമായ അവബോധവും അത് തരുന്നു.

പില്ക്കാലത്തെ വീക്ഷണ വ്യതിയാനം.

അരിസ്റ്റോട്ടല്‍ ട്രാജഡിയെക്കുറിച്ചുള്ള ഈ ഉദാത്തസങ്കല്പം രൂപപ്പെടുത്തിയത് പ്രാചീന ഗ്രീസിലെ രചനകളെ ആസ്പദമാക്കിയാണ്. പൊയറ്റിക്സില്‍ ആ നാടകങ്ങളെക്കുറിച്ചുള്ള പരാമര്‍ശവുമുണ്ട്. എന്നാല്‍ മധ്യകാലമായതോടെ ട്രാജഡിയെക്കുറിച്ചുള്ള ഈ ഉദാത്ത സങ്കല്പത്തിന് മാറ്റം സംഭവിച്ചു തുടങ്ങി. മധ്യകാല ട്രാജഡി രചയിതാക്കള്‍ ട്രാജഡിയുടെ ഈ ക്ലാസിക്കല്‍ പാരമ്പര്യത്തെക്കുറിച്ച് അജ്ഞരായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഭാഗ്യത്തില്‍ നിന്ന് നിര്‍ഭാഗ്യത്തിലേക്കോ ഔന്നത്യത്തില്‍ നിന്ന് അധഃസ്ഥിതത്വത്തിലേക്കോ ഉള്ള പതനം ആഖ്യാനാത്മകമായി അവതരിപ്പിക്കുന്ന ഏതു രചനയും ട്രാജഡിയാകുമെന്ന സ്ഥിതിവന്നു. അത് നാടകം തന്നെയാകണമെന്നില്ലായിരുന്നു. അന്ന് പ്രാമുഖ്യം നേടിയിരുന്ന ക്രൈസ്തവ ദൈവശാസ്ത്രം മനുഷ്യന്റെ നിസ്സാരതയെക്കുറിച്ചു ബോധ്യപ്പെടുത്തുന്ന രചനകള്‍ എന്ന നിലയ്ക്ക് അവയെ അംഗീകരിക്കുകയും ചെയ്തു.

റോമന്‍ നാടകകൃത്തായ സെനേക്ക ട്രാജഡി രചിച്ചത് രംഗത്തവതരിപ്പിക്കാനായിരുന്നില്ല. നിഷ്ഠൂരവും ഭയാനകവുമായ സംഭവങ്ങള്‍ അവയില്‍ വിവരണാത്മകമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. നവോത്ഥാന നാടക സാഹിത്യത്തെ പൊതുവേ സ്വാധീനിച്ചത് സെനേക്കയുടെ ഈ പാരമ്പര്യമാണ്. സെനേക്ക 'പരാമര്‍ശ'ത്തിലൊതുക്കിയ നിഷ്ഠൂരവും ഭയാനകവുമായ രംഗങ്ങള്‍ അരങ്ങിലവതരിപ്പിച്ച് സാധാരണക്കാരായ പ്രേക്ഷകരുടെ അഭിരുചി സംരക്ഷിക്കാന്‍ ശ്രമിച്ചു അവര്‍. പ്രേതവും കൊലപാതകവും, ശിശുഹത്യയുമൊക്കെ എലിസബീത്തന്‍ നാടകത്തില്‍ കടന്നുവന്നതങ്ങനെയാണ് (ഉദാ: ഹാംലെറ്റ്). അത്രതന്നെ സംസ്കൃതമെന്നു പറയാനാവാത്ത ഒരാസ്വാദനശീലം അതു വളര്‍ത്തി. അങ്ങനെ അരിസ്റ്റോട്ടലവതരിപ്പിച്ച ദുരന്തനാടകസങ്കല്പത്തിന് പ്രകടമായ മാറ്റം വന്നു. പിശാചുബാധിതനെന്നോ കൗടില്യമൂര്‍ത്തിയെന്നോ വിശേഷിപ്പിക്കാവുന്ന മക്ബത്തിന് ട്രാജഡിയിലെ നായകനാകാന്‍ കഴിയുന്നു. അരിസ്റ്റോട്ടലിന്റെ ദുരന്തനാടക സങ്കല്പവുമായി ഏറെ അടുത്തു നില്‍ക്കുന്ന ഷെയ്ക്സ്പിയറുടെ ഒരു നാടകം ഒഥല്ലോ ആണ്. ബഹുതന്തുകമായ അയഞ്ഞ ഇതിവൃത്തവും ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന നര്‍മ രംഗങ്ങളും ഈ നാടകങ്ങളെ അരിസ്റ്റോട്ടേലിയന്‍ ദുരന്ത നാടക സങ്കല്പത്തില്‍ നിന്ന് സുദൂരം മാറ്റിനിറുത്തുന്നു.

ഫ്രെഞ്ച് നാടകവേദിയില്‍ 17-ാം നൂറ്റാണ്ടോടെ ട്രാജഡിയുടെ ഗൗരവമിയന്ന നാടകങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കാസ്റ്റല്‍വെട്രോ അരിസ്റ്റോട്ടലിന്റെ പൊയറ്റിക്സിന് വിശദമായ വ്യാഖ്യാനം എഴുതുകയും ട്രാജഡിയെ ഏറെ സങ്കേതബദ്ധമാക്കുകയും ചെയ്തു. സ്ഥലകാലക്രിയാ ഐക്യം എന്ന സങ്കല്‍പം പൊയറ്റിക്സില്‍ നിന്ന് തന്റേതായ രീതിയില്‍ വ്യാഖ്യാനിച്ചെടുത്ത ഇദ്ദേഹം അതിന് വേണ്ടതിലേറെ ഊന്നല്‍ നല്‍കി. അങ്ങനെ കൊര്‍ണേലി, റെസിന്‍ തുടങ്ങിയ ഫ്രഞ്ച് നാടകകൃത്തുക്കള്‍ ട്രാജഡിയുടെ ഒരു നിയോക്ലാസിക് യുഗം സൃഷ്ടിക്കുകയും ചെയ്തു.

പിന്നെ നാം കാണുന്നത് ട്രാജഡിയുടെ ഗൗരവം നിലനിര്‍ത്തിക്കൊണ്ടുതന്നെ മധ്യവര്‍ഗ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് നാടകങ്ങളെഴുതപ്പെടുന്നതാണ്. ലസ്സിംഗ് ഈ സമീപനത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു. സാമൂഹികമായ ഔന്നത്യവും അഭിജാതഗൌരവവുമുള്ള ഒരാള്‍ക്കേ ട്രാജഡിയിലെ നായകനാകാന്‍ കഴിയുമായിരുന്നുള്ളല്ലോ. ആ വ്യവസ്ഥയ്ക്കാണിവിടെ മാറ്റം വരുന്നത്. മധ്യവര്‍ഗത്തില്‍പ്പെട്ട സാധാരണ വ്യക്തി അനുഭവിക്കുന്ന ദുരന്തത്തോട് കൂടുതല്‍ അനായാസം തന്മയീഭവിക്കാന്‍ പ്രേക്ഷകര്‍ക്കുകഴിയുമെന്ന വാദവും ഉന്നീതമായി. എന്നാല്‍ ഇതേ കാലഘട്ടത്തില്‍ത്തന്നെ ഗെയ്ഥേയും വിക്ടര്‍ യൂഗോയുമെല്ലാം ക്ലാസിക്കല്‍ ദുരന്തനാടകങ്ങളുടെ ഗാംഭീര്യം തങ്ങളുടെ രചനകളില്‍ ആവാഹിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

മധ്യവര്‍ഗം നിര്‍ണായകമായ ഒരു സാമൂഹിക യാഥാര്‍ഥ്യമായതോടെ, നാടകസങ്കല്പത്തിന് വ്യക്തമായ മാറ്റമുണ്ടായി. സമകാല യാഥാര്‍ഥ്യങ്ങളും സാമൂഹിക പ്രശ്നങ്ങളും ഗൗരവപൂര്‍ണമായ നാടകത്തിന് പ്രമേയമായി. യഥാര്‍ഥമായ ആവിഷ്കരണ ശൈലിക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്തു. നോര്‍വീജിയന്‍ നാടകകൃത്തായ ഇബ്സന്റെ എനിമി ഒഫ് ദ് പീപ്പിളും ഗോസ്റ്റും ഡോള്‍സ് ഹൗസും സൂചിപ്പിക്കുന്നത് ഈ പരിണാമമാണ്. സ്ട്രിന്‍ഡ്ബര്‍ഗ്, സിഞ്ച്, യൂജീന്‍ ഓനീല്‍, ടെന്നിസ്സി വില്യംസ്, ആര്‍തര്‍ മില്ലര്‍ തുടങ്ങിയവര്‍ ഗദ്യത്തില്‍ ദുരന്തനാടകങ്ങള്‍ രചിച്ചവരാണ്. പലപ്പോഴും സാധാരണക്കാരായി ഇവരുടെ ദുരന്ത കഥാപാത്രങ്ങള്‍. അങ്ങനെ അരിസ്റ്റോട്ടലിന്റെ ദുരന്തനാടക സിദ്ധാന്തത്തിന് യൂറോപ്യന്‍ നാടകവേദിയില്‍ ക്രമേണ പ്രസക്തി കുറഞ്ഞുവന്നു. ഗൗരവപൂര്‍ണമായ നാടകം വ്യത്യസ്തരൂപഭാവങ്ങളില്‍ പിന്നെയും നിലനിന്നുവെങ്കിലും ദുരന്തനായകനെയും ദുരന്തത്തെയും സംബന്ധിച്ച ധാരണകളാകെ തകിടം മറിയുകയായിരുന്നു.

ഭാരതീയ നാടക സങ്കല്പവും ട്രാജഡിയും

ഭരതമുനി വളരെ വിശദമായി ചര്‍ച്ച ചെയ്യുന്ന ഭാരതീയ നാടക സങ്കല്‍പം ട്രാജഡിയെ അംഗീകരിക്കുന്നില്ല. സംസ്കൃതത്തിലെ നാടകങ്ങള്‍ പ്രായേണ നായക വിജയത്തിലാണ് അവസാനിക്കുന്നത്. എന്തൊക്കെ പ്രാതികൂല്യങ്ങളുണ്ടായാലും മുഖ്യകഥാപാത്രത്തിന് അഭ്യുദയം സംഭവിക്കുന്നതായി ചിത്രീകരിച്ചുകൊ നാടകമവസാനിക്കൂ എന്നര്‍ഥം. പക്ഷേ, മികച്ച പല നാടകങ്ങളിലും ആനുഷംഗികമായി ദുരന്തം കടന്നുവരുന്നുണ്ട്. പ്രഖ്യാതമായ ശാകുന്തളം അഞ്ചാം അങ്കത്തില്‍ ദുരന്തത്തിന്റെ സ്പര്‍ശക്ഷമമായ സാന്നിധ്യമുണ്ട്. ഭാസന്റെ സ്വപ്നവാസവദത്തത്തിലെ ഭാവസംഘര്‍ഷത്തിനുപിന്നില്‍ നാടകകൃത്തിന്റെ ദുരന്ത ബോധമുണ്ടെന്നു വ്യക്തം. ഭാസന്റെ തന്നെ ഊരുഭംഗം എന്ന ചെറിയ നാടകം വിശദമായി വര്‍ണിക്കുന്നത് ഒരു മഹാദുരന്തമാണ്. കരുണം, വീരം, രൗദ്രം, ശാന്തം എന്നീ രസങ്ങള്‍ മുഖ്യമായുള്ള നാടകമാണിത്. പക്ഷേ അനുതാപാര്‍ദ്രഹൃദയനെങ്കിലും സുധീരമായ വ്യക്തിത്വമുള്ള ദുര്യോധനന്റെ സ്വര്‍ഗ പ്രാപ്തിയിലാണ് ആ നാടകം അവസാനിക്കുന്നത്. അങ്ങനെ യുദ്ധത്തെയും ധീരതയേയും ആദര്‍ശവത്കരിക്കുന്നതിലൂടെ ദുരന്തത്തിന്റെ സാധ്യതകളെ നിഷേധിക്കുകയല്ലേ ഭാസന്‍ ചെയ്തത്? ഒരിക്കലും ശമിക്കാത്ത ദുരാഗ്രഹത്തിന്റെ ഫലമാണ് തന്റെ അന്ത്യമെന്ന് ദുര്യോധനന്‍ അറിയുന്നുമുണ്ട്. ഊരുഭംഗം ദുരന്ത നാടകമാണെന്നവാദം അഭിപ്രായാന്തരങ്ങള്‍ക്കു കാരണമാകുന്നത് അതുകൊണ്ടാണ്.

ആധുനിക മലയാള നാടകത്തിന്റെ ആവിര്‍ഭാവ വികാസത്തില്‍ യൂറോപ്യന്‍ നാടകവേദി ചെലുത്തിയ സ്വാധീനം ഗണനീയമാണ്. എങ്കിലും ഗ്രീക്ക് ട്രാജഡികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അരിസ്റ്റോട്ടല്‍ വിവക്ഷിക്കുന്നതരത്തിലുള്ള ദുരന്തനാടകങ്ങളെഴുതുവാന്‍ ഫലപ്രദമായ ശ്രമങ്ങളൊന്നുമുണ്ടായില്ല. ഒരു പക്ഷേ, ഷെയ്ക്സ്പിയറിന്റെ സ്വാധീനമാണ് ഒരളവോളമെങ്കിലും ഗൗരവപൂര്‍ണമായ മലയാള നാടകങ്ങളില്‍ കാണാന്‍ കഴിയുക. ഗ്രീക്ക് ട്രാജഡികളെ ആരാധനാപൂര്‍വം കണ്ടിരുന്ന സി.ജെ.തോമസിന്റെ ആ മനുഷ്യന്‍ നീ തന്നെ എന്ന നാടകത്തില്‍ അവയുടെ പ്രഭാവം ചൂണ്ടിക്കാട്ടാന്‍ കഴിയും. ഇബ്സന്റെ സുഘടിത നാടകസങ്കല്പമാണ് എന്‍.കൃഷ്ണപിള്ളയുടെ അതിഗൗരവം പാലിക്കുന്ന നാടകങ്ങളെ സ്വാധീനിച്ചതെന്ന കാര്യം പ്രസിദ്ധം. എന്നാല്‍ സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ രാമയണനാടകങ്ങളില്‍ ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ ഭാവഗാംഭീര്യം ഒരളവോളം സംഭൃതമായിട്ടുണ്ടെന്ന് സമ്മതിച്ചേതീരൂ. ദശരഥനും, ശ്രീരാമനും, രാവണനും അവിടെ ഗ്രീക്ക് ട്രാജഡികളിലെ ദുരന്തനായകന്റെ ഔന്നത്യവും പ്രൗഢിയും കൈവരിച്ചിട്ടുണ്ട്.

ആധുനിക കാലഘട്ടത്തില്‍ ട്രാജഡികള്‍ ഉണ്ടാവാത്തതിനെപ്പറ്റി ഓള്‍ഡസ് ഹക്സ്ലി, ജോര്‍ജ് സ്റ്റെയിനര്‍ എന്നിവര്‍ ദീര്‍ഘമായി ഉപന്യസിച്ചിട്ടുണ്ട്. ഹോമറിന്റെ 'ഒഡിസ്സി'യിലെ ഒരു സംഭവം എടുത്തു കാണിച്ചു കൊണ്ട് ഹക്സ്ലി സമര്‍ഥിക്കുന്നത് ('ദുരന്ത നാടകവും പൂര്‍ണമായ സത്യവും' എന്ന ലേഖനം) മഹാകാവ്യങ്ങള്‍ക്കേ പൂര്‍ണമായ സത്യം അവതരിപ്പിക്കാന്‍ കഴിയൂ എന്നും മഹാകാവ്യങ്ങളുടെ സ്ഥാനം ഇന്ന് നോവലുകള്‍ (പ്രൂസ്റ്റ്, ലോറന്‍സ്, കഫ്ക്ക, ഹെയിങ്ങ്വേ തുടങ്ങിയവരുടെ) ഏറ്റെടുത്തിരിക്കുന്നുവെന്നും അതുകൊണ്ട് ജീവിതത്തിന്റെ ഏതെങ്കിലും ഭാവത്തിനു മാത്രം മൂര്‍ച്ചകൂട്ടി അവതരിപ്പിക്കുന്ന 'ട്രാജഡി' ഏറെ എഴുതപ്പെടാതിരിക്കുന്നുവെന്നുമാണ്. ഇന്ന് ദുരന്ത നാടകങ്ങള്‍ രചിക്കപ്പെടാതിരിക്കുന്നതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് ഇതൊക്കെയാണ്: മനുഷ്യന്റെ സ്വാഭാവിക നന്മയില്‍ ട്രാജഡിയുടെ മരണം എന്ന ഗ്രന്ഥത്തില്‍ സ്റ്റെയിനര്‍ വിശ്വാസമര്‍പ്പിച്ചിട്ടുളള 'കാല്പനികത'യ്ക്ക് ഇന്നുമുള്ള പ്രാഭവം, ബഹുജനങ്ങളുടെ നാടകാസ്വാദനശേഷിയെ നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന നാടകക്കമ്പനി ഉടമകളുടെ മനോഭാവം, ജീവനുള്ളവരെപ്പോലെ പെരുമാറുന്ന 'പാവ'കളെ കഥാപാത്രങ്ങളാക്കി നാടകമെഴുതുന്ന നാടകകൃത്തുക്കളുടെ സാന്നിധ്യം, പരിഹാസ്യമായ ശുഭാപ്തി വിശ്വാസത്തിലധിഷ്ഠിതമായ മാര്‍ക്സിസമെന്ന മിത്തിന്റെ പ്രാബല്യം, നോവല്‍, നൃത്തനാടകം (ഓപ്പറ) എന്നിവയ്ക്കുണ്ടായ അത്ഭുതപൂര്‍വമായ പ്രചാരം.

ഉപസംഹാരം.

ആകെക്കൂടി നോക്കുമ്പോള്‍ നാടകത്തിന്റെ ചരിത്രത്തിലെന്നല്ല വിശ്വസാഹിത്യചരിത്ത്രില്‍ത്തന്നെ നിസ്തുലമായ സ്ഥാനമാണ് ദുരന്തനാടകത്തിനു (ട്രാജഡി)ള്ളതെന്നു കാണാം. വിധിയുടെ മുമ്പില്‍ മനുഷ്യന്‍ എത്ര നിസ്സാരനും നിസ്സഹായനുമാണെന്ന ചിന്ത മനുഷ്യന്റെ ആവിര്‍ഭാവം മുതലുള്ളതാണല്ലോ. ആ ചിന്തയുടെ കലാസുഭഗമായ ആവിഷ്ക്കരണമായി ആരംഭിച്ച് മനുഷ്യജീവിതത്തിന്റെ ഗൗരവാവഹമായ ദുരന്തചിത്രീകരണമെന്ന മട്ടില്‍ പരിണമിച്ചു നില്‍ക്കുന്ന 'ട്രാജഡി'യുടെ ചരിത്രം മനുഷ്യ മനസ്സിന്റെ വളര്‍ച്ചയുടെ തന്നെ ചരിത്രമാണെന്നു പറയാം. ദുരന്തങ്ങളും ദുരിതങ്ങളും മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിക്കുന്നിടത്തോളം കാലം ദുരന്തനാടകമെന്നോ ദുഃഖാന്തനാടകമെന്നോ പറയാവുന്ന 'ട്രാജഡി'ക്ക് മനുഷ്യ ഹൃദയത്തില്‍ സ്ഥാനമുണ്ടായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

(ഡോ. ഡി. ബഞ്ചമിന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%A1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍