This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രയാംഗുലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രയാംഗുലം

Triangulam

മൂന്നു നക്ഷത്രങ്ങള്‍ ചേര്‍ന്ന് ത്രികോണരൂപത്തില്‍ കാണപ്പെടുന്ന നക്ഷത്രരാശി. മേടംരാശിക്കു തൊട്ടുവടക്കായി കാണപ്പെടുന്ന ഇതിന്റെ സ്ഥാനം RA 2 മണിക്കൂറും (Right Rscension 2h0m) ക്രാന്തി അഥവാ അപക്രമം (declination) +300യും വിസ്തീര്‍ണം 132 ചതുരശ്ര ഡിഗ്രിയുമാണ്. മൂന്നു മുതല്‍ നാലുവരെ പ്രകാശമാനമുള്ളവയാണ് ഈ രാശിയിലെ നക്ഷത്രങ്ങള്‍. 'ട്രയാംഗുലി' എന്ന പേരുകൂടി ചേര്‍ത്താണ് ഓരോ നക്ഷത്രവും അറിയപ്പെടുന്നത്. ഏറ്റവും പ്രകാശമേറിയത് 'ആല്‍ഫാ ട്രയാംഗുലി', അതിനടുത്തു പ്രകാശമുള്ളത് 'ബീറ്റാ ട്രയാംഗുലി'

ട്രയാംഗുലം

എന്നിങ്ങനെയാണ് ഇവയെ നാമകരണം ചെയ്തിരിക്കുന്നത്. പ്രസിദ്ധമായ ട്രയാംഗുലര്‍ സ്പൈറല്‍ (M 33, NGC 598) എന്ന സര്‍പ്പിലാകാര ഗാലക്സി ഈ രാശിയിലാണു കാണപ്പെടുന്നത്. ആല്‍ഫാ ട്രയാംഗുലി നക്ഷത്രത്തിന്റെ 17 കോണിക മിനിറ്റ് പടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം. 23 ലക്ഷം പ്രകാശവര്‍ഷം അകലെയുള്ളതും പ്രാദേശിക ഗാലക്സികളുടെ കൂട്ടത്തില്‍പ്പെട്ടതുമായ ഈ ഗാലക്സി വലുപ്പത്തില്‍ ആന്‍ഡ്രോമീഡയ്ക്കും ആകാശഗംഗ ഗാലക്സിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ്. എങ്കിലും ഗാലക്സിതലം നമ്മുടെ ദൃഷ്ടിപഥത്തിനു ലംബമായി വരുന്നതുകൊണ്ട് വളരെ വലുതായിട്ടാണ് ഇതു ദൃശ്യമാകുന്നത്. അതിനാല്‍ ബൈനോക്കുലര്‍ ഉപയോഗിച്ചോ ശക്തി കുറഞ്ഞ ദൂരദര്‍ശിനി ഉപയോഗിച്ചോ ഇതിനെ നിരീക്ഷിക്കാനാകും. മഞ്ഞയും നീലയും നിറങ്ങളുള്ള ട്രയാംഗുലി ഈ രാശിയിലെ പ്രധാന ഇരട്ടനക്ഷത്രമാണ്. R ട്രയാംഗുലി എന്ന ചരനക്ഷത്രത്തിന്റെ പ്രകാശമാനം 266.9 ദിവസത്തിലൊരിക്കല്‍ 5.4 മുതല്‍ 12.6 വരെ മാറിക്കൊണ്ടിരിക്കുന്നു.

(ഡോ. എസ്.ആര്‍.പ്രഭാകരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍