This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലികോണ്‍ഫറന്‍സിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെലികോണ്‍ഫറന്‍സിങ്

Teleconferencing

വിദൂരസ്ഥലത്തുള്ള വ്യക്തികള്‍ തമ്മില്‍ ഓഡിയൊ, വിഡിയൊ, ഗ്രാഫിക്സ്, ഫാക്സ് സൗകര്യങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന വാര്‍ത്താവിനിമയം. ടെലിസെമിനാര്‍, ടെലിമീറ്റിങ്, കംപ്യൂട്ടര്‍ കോണ്‍ഫറന്‍സിങ് എന്നിങ്ങനെ പ്രധാനമായും മൂന്നു വിധത്തിലുള്ള ടെലികോണ്‍ഫറന്‍സിങ്ങുകളുണ്ട്.

I.ടെലിസെമിനാര്‍. വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കായിട്ടാണ് സാധാരണയായി ടെലിസെമിനാര്‍ ഉപയോഗപ്പെടുത്തുന്നത്. മിക്കപ്പോഴും സ്രോതസ്സില്‍ നിന്ന് വിവിധ സ്ഥലങ്ങളെ ലക്ഷ്യമാക്കിയാണ് വാര്‍ത്താ പ്രവാഹം നടക്കുന്നത്. ഇതിന് ഓഡിയൊ സൌകര്യം കൂടിയേതീരൂ. കുറഞ്ഞ തോതില്‍ വിഡിയൊയും ഗ്രാഫിക്സും ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്. സ്രോതസ്സില്‍ മിക്കപ്പോഴും പഠന വിഷയങ്ങളെപ്പറ്റിയുള്ള പ്രഭാഷണങ്ങളാവും നടത്തുക. വിവിധ സ്ഥലങ്ങളിലുള്ള ക്ളാസ് മുറികള്‍, മീറ്റിങ് മുറികള്‍ എന്നിവയാണ് ലക്ഷ്യസ്ഥാനങ്ങള്‍. ഓരോ ലക്ഷ്യ സ്ഥാനത്തും 50-ല്‍ കുറഞ്ഞ ആളുകളേ ഉണ്ടായിരിക്കുകയുള്ളൂ. ഒരേ സമയം 10-20 ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സന്ദേശങ്ങളെത്തിക്കാനാവും. ശ്രോതാക്കള്‍ക്ക് തങ്ങളുടെ സംശയ നിവാരണത്തിനായി പ്രഭാഷകരുമായി മൈക്രോഫോണ്‍ വഴിയോ ടെലിഫോണ്‍ വഴിയോ ബന്ധപ്പെടാനുള്ള സൌകര്യവും ടെലിസെമിനാര്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കും. ടെലിസെമിനാറിനാവശ്യമുള്ള എല്ലാ ഉപകരണങ്ങളും സ്ഥിരമായിത്തന്നെ ഈ കേന്ദ്രങ്ങളില്‍ സജ്ജീകരിക്കപ്പെട്ടിരിക്കുകയും ചെയ്യും.

II.ടെലിമീറ്റിങ്. താത്ക്കാലികമായി നടക്കുന്ന ഒരു ടെലിസെമിനാറാണിത്. ഒരു നിശ്ചിത ലക്ഷ്യത്തോടെ വളരെ പെട്ടെന്ന് സംഘടിപ്പിക്കുന്ന ഒന്നായതിനാല്‍ ഇതിന്റെ വേദി മിക്കപ്പോഴും ഹോട്ടല്‍ ലോബികളായിരിക്കും. ഇതും പ്രധാനമായും ഒരു സ്രോതസ്സില്‍ നിന്നും വിവിധ ദിശകളിലേക്കുള്ള വാര്‍ത്താവിനിമയം തന്നെയാണ്. സ്റ്റോക്ക്ഹോള്‍ഡര്‍മാരുടെ മീറ്റിങ്, പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്ന പബ്ളിസിറ്റി മീറ്റിങ്, പ്രസ് കോണ്‍ഫറന്‍സ് എന്നിവ ഇതില്‍പ്പെടുന്നു. ഓഡിയൊയും വിഡിയൊയും മുഖ്യ പങ്കുവഹിക്കുന്ന ഇതിലും ശ്രോതാക്കള്‍ക്ക് സ്രോതസ്സിലുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കും.

III.കംപ്യൂട്ടര്‍ കോണ്‍ഫറന്‍സിങ്. കംപ്യൂട്ടര്‍ ഉപയോഗിച്ച് പരസ്പരം ബന്ധപ്പെട്ട് നടത്തുന്ന ഒരു സംഘ ചര്‍ച്ചയാണിത്. 1970-തുകളിലാണ് ഇത്തരം കോണ്‍ഫറന്‍സിങ്ങുകള്‍ക്ക് തുടക്കമിട്ടത്. ഇതിന്റെ അടിസ്ഥാനതത്ത്വം ഡെല്‍ഫി രീതിയാണ് (Delphimethod). രണ്ടു സംഘത്തിലേയും അംഗങ്ങളുടെ ആവശ്യാനുസരണം വാര്‍ത്താവിനിമയ രീതിയില്‍ മാറ്റം വരുത്താന്‍ ഇതില്‍ സൗകര്യമുണ്ട്. പങ്കെടുക്കുന്ന വ്യക്തികള്‍ എല്ലാം ഒരേ സമയത്ത് ഒരിടത്ത് വരണമെന്നില്ല. തങ്ങളുടെ അഭിപ്രായങ്ങളും മറ്റും അവര്‍ക്ക് കംപ്യൂട്ടറില്‍ രേഖപ്പെടുത്തി വച്ച് മറ്റുള്ളവര്‍ ആവശ്യപ്പെടുമ്പോള്‍ നല്‍കാവുന്ന രീതിയില്‍ സജ്ജീകരിക്കാനുള്ള സാങ്കേതികവിദ്യയും ഇന്ന് ലഭ്യമാണ്. ബുള്ളറ്റിന്‍ ബോര്‍ഡ് സിസ്റ്റം (BBS), കൊളാബെറേറ്റീവ് സിസ്റ്റം (CS), കംപ്യൂട്ടര്‍ കോണ്‍ഫറെന്‍സിങ് സിസ്റ്റം (CCS), കംപ്യൂട്ടര്‍-മീഡിയേറ്റഡ് കമ്യൂണിക്കേഷന്‍ സിസ്റ്റം (CMCS), കംപ്യൂട്ടര്‍-സപ്പോര്‍ട്ടഡ് കോഓപ്പറേറ്റീവ് വര്‍ക് (CSCW), കോഓര്‍ഡിനേഷന്‍ സിസ്റ്റം (CS), ഇലക്ട്രോണിക് മീറ്റിങ് സിസ്റ്റം (EMS), ഗ്രൂപ്പ് ഡിസ്കഷന്‍ സപ്പോര്‍ട്ട് സിസ്റ്റം (GDSS), ഗ്രൂപ്പ്വേയ്ര്‍, നെറ്റ്വര്‍ക്കിങ്, ടീംവേയ്ര്‍ എന്നിങ്ങനെ വിവിധ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബും വ്യാപകമായതോടെ നൂറു കണക്കിന് ഗ്രൂപ്പ് സിസ്റ്റമുകള്‍ നിലവില്‍വന്നു. എന്നാല്‍ മിക്കവയിലും ശ്രോതാക്കളോ ദ്രഷ്ടാക്കളോ ആയവര്‍ക്ക് (user) തങ്ങളുടെ ഇച്ഛാനുസരണം കോണ്‍ഫറന്‍സിങ് പ്രക്രിയയെ നിയന്ത്രിക്കാനാവില്ല, എല്ലാ ഇടപാടുകളും സ്രോതസ്സില്‍ നിന്നു തന്നെയാണ് നിയന്ത്രിക്കപ്പെടുന്നത്. തികച്ചും 'യുസെര്‍-ട്യൂണ്‍ഡ്' കോണ്‍ഫറന്‍സിങ് ഇന്നും നിലവില്‍ വന്നിട്ടില്ല. ഇതിനായിട്ടുള്ള ഗവേഷണങ്ങള്‍ നടക്കുന്നതേയുള്ളു.

സംഘങ്ങള്‍ / വ്യക്തികള്‍ തമ്മിലുള്ള വാര്‍ത്താവിനിമയം മിക്കപ്പോഴും ഹൈപ്പെര്‍ടെക്സ്റ്റ് വഴിയായിരിക്കും നടക്കുന്നത്. യുസെര്‍ തന്റെ കംപ്യൂട്ടര്‍ ടെര്‍മിനലിലൂടെ തനിക്കു പറയാനുള്ള വിവരം ഇന്‍പുട്ട് ചെയ്ത് ഇലക്ട്രോണിക രീതിയില്‍ അതിനെ മറ്റ് യൂസെര്‍മാരുടെ കംപ്യൂട്ടര്‍ ടെര്‍മിനലുകളിലേക്ക് പ്രേഷണം ചെയ്യുന്നു. രണ്ടു വ്യക്തികള്‍ തമ്മില്‍ മാത്രമാണ് കോണ്ഫറന്‍സിങ് എങ്കില്‍ ഓരോ യൂസെറിനും ഒരു കംപ്യൂട്ടര്‍, ഒരു ഡേറ്റ മോഡം, ടെലിഫോണ്‍ കണക്ഷന്‍, വിഡിയൊ ക്യാമറ (ആവശ്യമെങ്കില്‍) എന്നിവ മതിയാകും. എന്നാല്‍ രണ്ടിലധികം വ്യക്തികള്‍ക്ക് തല്‍സമയ രീതിയിലോ അല്ലാതെയോ കംപ്യൂട്ടര്‍ കോണ്‍ഫറന്‍സിങ് നടത്താന്‍ മെച്ചപ്പെട്ട നെറ്റ്വര്‍ക് സംവിധാനം കൂടിയേ തീരൂ. തല്‍സമയ രീതിയിലല്ലാതെ, ഒരു ഇലക്ട്രോണിക് മെയില്‍ ബോക്സ് രീതിയിലും പ്രവര്‍ത്തിക്കാന്‍ ഈ നെറ്റ്വര്‍ക് സംവിധാനം ഉപകരിക്കും. ഉദാഹരണത്തിന്, തന്റെ സംഘത്തില്‍പ്പെട്ട (group) എല്ലാവരുടേയും കംപ്യൂട്ടറുകളിലേക്ക് ഒരു ലേഖനം അയച്ചുകൊടുത്തിട്ട് ലേഖകന് മറുപടി ആവശ്യപ്പെടാം. സംഘത്തിലെ ഓരോരുത്തരും ആ ലേഖനം വായിച്ച ശേഷം അവരവര്‍ക്ക് പറയാനുള്ളത് അവരവരുടെ കംപ്യൂട്ടറിലൂടെ ലേഖകന്റെ കംപ്യൂട്ടറിലേക്ക് ഒരു നിശ്ചിത സമയത്തിനകം അയച്ചുകൊടുക്കുന്നു. കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുക്കുന്നവരേയും അതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളേയും കോണ്‍ഫറന്‍സിങ്ങിന്റെ നോഡുകള്‍ അഥവാ ഓബക്റ്റുകളായി കണക്കാക്കുന്നു. നോഡുകളെ ലിങ്കുകളിലൂടെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.

കംപ്യൂട്ടര്‍ കോണ്‍ഫറന്‍സിങ് സിസ്റ്റത്തിനു വേണ്ട സ്വഭാവവിശേഷങ്ങള്‍. കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുക്കുന്ന വ്യക്തിക്ക് തന്റെ പേര് വെളിപ്പെടുത്തുവാനോ രഹസ്യമായി സൂക്ഷിക്കുവാനോ ഉള്ള സൌകര്യം ഉണ്ടാവണം.

ഓരോ വ്യക്തിയുടേയും അഭിപ്രായങ്ങള്‍ കോണ്‍ഫറന്‍സിങ്ങിലെ ഇതര വ്യക്തികള്‍ക്കും ലഭിക്കേണ്ടതുണ്ട്. കീവേഡ് ഇന്‍ഡക്സിങ്, സബ്ജക്റ്റ് ഹെഡ്ഡിങ് മുതലായവ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താനാവണം. കോണ്‍ഫറന്‍സിങ് സംഘടിപ്പിക്കുന്നവരുടെ നേതൃത്വത്തിനു വിധേയമായി അംഗത്വം നല്‍കാനോ അഥവാ ഏവര്‍ക്കും അംഗത്വം എടുക്കുവാനോ കഴിയണം. വോട്ടിങിലൂടെയാവണം അഭിപ്രായ സമന്വയം സ്വരൂപിക്കേണ്ടത്. മെയില്‍ബോക്സ്പോലുള്ള വെര്‍ച്വല്‍ അഡ്രസ് സംവിധാനം കോണ്‍ഫറന്‍സിങ്ങിലെ വ്യക്തികള്‍ക്കെല്ലാം നല്‍കണം. 'റോള്‍ പ്ളേയിങിനും' സൗകര്യം ലഭ്യമാക്കണം. ഓരോ അഭിപ്രായം/കമന്റ് ആരു നടത്തിയെന്ന് സ്ഥിരീകരിക്കാനും ഇതില്‍ സംവിധാനം ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ കോണ്‍ഫറന്‍സിങ്ങിന്റെ ഏറ്റവും വലിയ ഗുണമേന്മ അതിലെ കൂട്ടായ ധൈഷണിക സംവിധാനമാണ്. വ്യക്തിഗത ബൌദ്ധിക വ്യാപാരങ്ങളെ അപേക്ഷിച്ച് ശ്ളാഘനീയം ഗ്രൂപ്പ് പ്രക്രിയകളുടെ കൂട്ടായ ബൌദ്ധിക വ്യാപരമാണ് എന്നതിലധിഷ്ഠമാണീ രീതി. സങ്കീര്‍ണ പ്രശ്നങ്ങളുടെ വിവിധ വശങ്ങളെ അതില്‍ പ്രാഗല്ഭ്യം നേടിയ വ്യക്തികളോ ഗ്രൂപ്പുകളോ പ്രത്യേകം പരിശോധിച്ച് പോംവഴി നിര്‍ദേശിക്കുന്നു. ഈ വ്യത്യസ്ത പോംവഴികളെ ചിട്ടയായി ക്രമപ്പെടുത്തി പൊതുവായ പ്രശ്ന പരിഹാരം കണ്ടെത്താന്‍ സഹായകമാകുന്നവയാകണം കോണ്‍ഫറന്‍സിങ് സിസ്റ്റത്തിലെ വാര്‍ത്താവിനിമയ പ്രോട്ടൊകോളുകളുടെ ഘടന; അതായത് 'സ്ട്രക്ചേഡ് പ്രോഗ്രാമിങ്ങിന് അഥവാ പൈപ്പിങ്ങിന്' സൌകര്യപ്രദമായ രീതിയിലാവണം സിസ്റ്റം ക്രമീകരിക്കപ്പെടേണ്ടത്.

കംപ്യൂട്ടര്‍ കോണ്‍ഫറന്‍സിങ്ങിന്റെ ഒരു നല്ല ഉദാഹരണമാണ് വെര്‍ച്വല്‍ പഠന മുറികള്‍. ഇവിടെ പല വിശിഷ്ട സാങ്കേതിക വിദ്യകളും ഉപയോഗിക്കപ്പെടുന്നു. ഇന്‍സ്ട്രക്റ്റര്‍ക്ക് പഠന മുറിയിലെ വിദ്യാര്‍ഥികളോട് ഒരു വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടാം. കൂടാതെ ഓരോ വിദ്യാര്‍ഥിക്കും താന്‍ സ്വയം ഒരു മറുപടി നല്‍കിയതിനു ശേഷമേ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അറിയാനാവൂ എന്ന ഒരു അവസ്ഥയും സാങ്കേതികവിദ്യയുടെ സഹായത്തോടെ സിസ്റ്റത്തില്‍ സൃഷ്ടിക്കാനാവും.

IV.ഓഡിയൊ/വിഡിയൊ/ഗ്രാഫിക്സ്/ഫാക്സ് ഉപകരണങ്ങള്‍. ഹാന്‍ഡ്സ്-ഫ്രീ ഉപയോഗത്തിനുള്ളൊരു സ്പീക്കര്‍ ഫോണെങ്കിലും ഓഡിയൊ ഉപകരണമായി വേണം. മൈക്രോഫോണുകള്‍ അംഗങ്ങളുടെ ശരീരത്തില്‍ എവിടെയെങ്കിലും ഘടിപ്പിക്കുകയാണു പതിവ്. ഉച്ചഭാഷിണി ചുമരിലും മറ്റും ഘടിപ്പിക്കുന്നു. ഏതുതരം പരിപഥമാണുപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ച് ശബ്ദ സ്ഫുടതയ്ക്ക് മാറ്റം വരാം. സ്വകാര്യത സൂക്ഷിക്കാനായി ചില സിസ്റ്റങ്ങളില്‍ സ്ക്രാംബ്ളിങ്ങിനുള്ള സൌകര്യവും ഉണ്ടായിരിക്കും.

ഒന്നോ അതിലേറെയോ വിഡിയൊ ക്യാമറകള്‍ വിഡിയൊ സ്രോതസ്സുകളായി പ്രവര്‍ത്തിക്കുമ്പോള്‍ ടെലിവിഷന്‍ റിസീവര്‍, കംപ്യൂട്ടര്‍ മോണിറ്റര്‍, വലിയ സ്ക്രീനുള്ള പ്രൊജക്റ്റര്‍ സംവിധാനം എന്നിവ ഡിസ്പ്ളേ ഉപകരണങ്ങളായി ഉപയോഗിക്കാം. ക്യാമറയ്ക്ക് ഏതു വസ്തുവിനേയും നിരീക്ഷിക്കാന്‍ കഴിയുന്നു. ചില വേളകളില്‍ വിഡിയൊ കാസറ്റ് പ്ളേയര്‍ (VCP) ഒരു സ്രോതസ്സായിട്ടുപയോഗിക്കാറുണ്ട്. ടെലിവിഷന്‍ ചിത്രങ്ങള്‍ മുതല്‍ 'സ്ലോസ്കാന്‍' അഥവാ 'ഫ്രീസ്ഫ്രെയിം' ചിത്രങ്ങള്‍ (10 മുതല്‍ 60 വരെ സെക്കണ്ട് സമയം വേണം സ്ലോസ്കാനില്‍ ഒരു ചിത്രം മുഴുവനുമായി തെളിയാന്‍) വരെ ഇവയില്‍ ഉള്‍പ്പെടാം. വിഡിയൊ ചിത്രങ്ങളുടെ ഗുണമേന്മ പരിപഥങ്ങളുടേയും ഉപകരണങ്ങളുടേയും സ്വഭാവവിശേഷമനുസരിച്ച് മാറുന്നു. ഇലക്ട്രോണിക് ബ്ളാക്ബോര്‍ഡ്, റൈറ്റിങ് ടാബ്ലെറ്റ് തുടങ്ങിയവയാണ് വിഡിയൊയേതര ഗ്രാഫിക്സ് ഉപകരണങ്ങള്‍. ഡേറ്റ ഡിജിറ്റൈസ് ചെയ്ത് പ്രേഷണം നടത്തുവാന്‍ ഇവ സഹായിക്കുന്നു. കംപ്യൂട്ടര്‍ ഉപയോഗിച്ചും ഇത്തരം ഗ്രാഫിക്സ് ചിത്രങ്ങള്‍ തയ്യാറാക്കാനാകും.

സാധാരണ പേജ് ഫാക്സ് സൌകര്യമോ, അല്ലെങ്കില്‍ സ്രോതസ്സിലും ലക്ഷ്യസ്ഥാനത്തുമുള്ള മോണിറ്ററില്‍/പ്രോജക്റ്ററില്‍ പേജ് ഡിസ്പ്ളേ ചെയ്യാന്‍ സൗകര്യമുള്ള ഫാക്സ് രീതിയോ സ്വീകരിക്കാം.

ടെലിഫോണ്‍ കേബിളിലൂടെയോ ഹൈ-സ്പീഡ് ഡിജിറ്റല്‍ കംപ്രഷന്‍ കോഡെക്സിലൂടെയോ ആണ് പ്രേഷണം നടത്തുന്നത്.

ഇന്റര്‍നെറ്റില്‍ ചാറ്റിങ്ങിലൂടെയും ഇന്‍സ്റ്റെന്റ് മെസെന്‍ജെര്‍ ഉപയോഗിച്ചും രണ്ട് വ്യക്തികള്‍ക്ക് തല്‍സമയം വിവരങ്ങള്‍ പരസ്പരം വിനിമയം ചെയ്യാനാകും. ഇവിടെ ദൃശ്യങ്ങള്‍ കൈമാറാന്‍ വെബ് ക്യാമറകള്‍ പ്രയോജനപ്പെടുത്തുകയാണു പതിവ്. ഇതിനാവശ്യമുള്ള സോഫ്റ്റ്വെയെര്‍ പല നിര്‍മാതാക്കളും വിപണിയിലെത്തിക്കുന്നുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍