This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെറാനിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെറാനിയം

Geranium

ജെറാനിയം

ജെറാനിയേസി (Geraniaceae)സസ്യകുടുംബത്തില്‍പ്പെടുന്ന ചിരസ്ഥായിയായ ഔഷധി. ശാസ്ത്രനാമം ജെറാനിയം മാക്കുലേറ്റം (Geranium maculatum)വ. അമേരിക്കയിലെയും കാനഡയിലെയും മിക്കവാറും എല്ലാ വയലുകളിലും കുറ്റിക്കാടുകളിലും ഇവ ധാരാളമായി വളരുന്നു. ഉരുണ്ട് കട്ടികൂടിയ പ്രകന്ദത്തിന് ഇളം തവിട്ടു നിറമാണ്. ധാരാളം ശാഖോപശാഖകളുള്ള പ്രകന്ദത്തില്‍ തന്തുരൂപത്തിലുള്ള അനേകം വേരുകളുണ്ടായിരിക്കും. 50-60 സെ.മീ. ഉയരത്തില്‍ ഇവ വളരും. ഇതിന്റെ ദ്വിഭാജിതമായ തണ്ട് രോമിലമാണ്. വേരുകളുടെ തൊട്ടടുത്തുനിന്ന് പുറപ്പെടുന്ന ഇലകളുടെ ഞെടുപ്പുകള്‍ നീളം കൂടിയതും രോമിലവുമാണ്. തണ്ടില്‍ നിന്നും പുറപ്പെടുന്ന ഇലഞെടുപ്പുകള്‍ ചെറുതാണ്. ഇലകളുടെ ചുവടുഭാഗത്ത് ചെറിയ അനുപര്‍ണങ്ങളുണ്ട്. ഇലകള്‍ക്ക് സമ്മുഖ വിന്യാസമാണ്. കടും പച്ചനിറമുള്ള ഇലകളുടെ അടിവശം നിറം കുറഞ്ഞതും രോമിലവുമാണ്. ഇലകളില്‍ അഞ്ചോ ആറോ കര്‍ണിതങ്ങളുള്ള ഹസ്താകാര സിരകളുണ്ടായിരിക്കും. ജെറാനിയത്തില്‍ പുഷ്പങ്ങളുണ്ടാകുന്നത് ശാഖാഗ്രങ്ങളില്‍ ചെറിയ അംബലുകളായിട്ടാണ്. ഓരോ പൂഞെടുപ്പിലും ഓരോ ജോടി പുഷ്പങ്ങളുണ്ടാകുന്നു. ചിരസ്ഥായിയായ അഞ്ചു ബാഹ്യ ദളങ്ങളുണ്ട്. കടുംപച്ചനിറത്തിലുള്ള ബാഹ്യദളങ്ങള്‍ രോമിലമാണ്. വൃത്താകാരമോ അണ്ഡാകാരമോ ആയ അഞ്ചു ദളങ്ങളുണ്ട്. ഇളം റോസ് നിറത്തിലുള്ള ദളങ്ങളില്‍ നേര്‍ത്ത സിരകളുണ്ട്. ഇതളുകള്‍ക്ക് സമ്മുഖമായി അഞ്ചു ചെറിയ ഗ്രന്ധികളും കാണപ്പെടുന്നു. കേസരങ്ങള്‍ പത്തും സ്വതന്ത്രവും അധോജനിയുമായിരിക്കും. കേസരതന്തുക്കളുടെ ചുവടുഭാഗം വികസിച്ചിരിക്കും. ദളങ്ങള്‍ക്ക് സമ്മുഖമായിട്ടുള്ള കേസരങ്ങളുടെ തന്തുക്കള്‍ ചെറുതാണ്. കടും ചുവപ്പു നിറമുള്ള പരാഗികള്‍ മുക്തദോളിയും രണ്ടു കോശങ്ങളുള്ളവയുമാണ്.

ജനിപുടത്തിന്റെ അഞ്ച് അണ്ഡപര്‍ണങ്ങളും യോജിച്ചാണിരിക്കുന്നത്. അണ്ഡാശയം അഞ്ചു പുടങ്ങളായി വേര്‍തിരിഞ്ഞിരിക്കുന്നു. ഇതിന് രണ്ട് അണ്ഡങ്ങള്‍ വീതമുള്ള അഞ്ചു കോശങ്ങളുണ്ടായിരിക്കും. വര്‍ത്തികയുടെ ചുവടുഭാഗം തടിച്ചതും നീളം കൂടിയതും രോമിലവുമാണ്. ഫലത്തിനു പുറത്തേക്ക് വര്‍ത്തിക കൊക്കിന്‍ ചുണ്ടുപോലെ തള്ളിനില്‍ക്കുന്നതിനാല്‍ 'ക്രേയിന്‍സ് ബില്‍' എന്ന പേരിലും ഇത് അറിയപ്പെടുന്നു. രോമിലമായ ഫലം ശുഷ്കഫലമായിരിക്കും. അഞ്ച് അറകളിലായി ഓരോ വിത്തുകള്‍ കാണപ്പെടുന്നു. വര്‍ത്തികയുടെ ചുവട്ടില്‍വച്ച് ഫലത്തിന്റെ തോട് നെടുകെ പൊട്ടി മേല്‍ഭാഗത്തേക്കു വളയുന്നതിനാല്‍ ഓരോ വിത്തും പുറത്തേക്കു വന്ന് വിത്തുവിതരണം നടക്കുന്നു. വിത്തുകള്‍ക്ക് വലിതമായ (plicate) ബീജപത്രങ്ങളാണുള്ളത്; ബീജാന്നമില്ല.

ശരത്കാലത്തോ വസന്തകാലാരംഭത്തിലോ പ്രകന്ദം ശേഖരിച്ച് ഉണക്കുന്നു. കടും ചുവപ്പു നിറമുള്ള പ്രകന്ദത്തിന് മണമില്ല; ചവര്‍പ്പുരസമുണ്ട്. ഇതില്‍ നാലു ശതമാനത്തോളം ടാനിക് അമ്ലവും ഗാലിക് അമ്ലവും അടങ്ങിയിരിക്കുന്നു. പ്രകന്ദത്തില്‍ നിന്ന് ജെറാനിന്‍ എന്ന സൈനോയ്ഡ് വസ്തു ലഭിക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ജെറാനിയം വേര് ആലം റൂട്ട് (Alum root) എന്ന് അറിയപ്പെടുന്നു. ഇന്ത്യയില്‍ ഇത് ഏറെ ഉപയോഗിക്കപ്പെടുന്നില്ല. അമേരിക്കയിലാണ് ഇത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. ഉദരരോഗങ്ങള്‍ക്കും രക്തസ്രാവത്തിനും ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. നീര്‍ക്കെട്ടിനും വ്രണങ്ങള്‍ക്കും വേരിന്റെ ചാറ് പുരട്ടാറുണ്ട്.

അലങ്കാര സസ്യങ്ങളായി നട്ടുവളര്‍ത്തപ്പെടുന്ന നിരവധിയിനം ജെറാനിയങ്ങളുണ്ട്. ഇവയിലൊന്നും ഔഷധികളില്ല. പെലര്‍ഗോണിയം (Pelargonium) ജീനസില്‍പ്പെടുന്ന റോസ് ജെറാനിയം, (P.Graveolens), പെലര്‍ഗോണിയം പെന്റേറ്റം, ജെറാനിയം റോബര്‍ട്ടിയാനം എന്നിവയെല്ലാം പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്തപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍