This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെണ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെണ്ട

ഒരു അവനദ്ധവാദ്യം. കേരളത്തിലെ തനതായ താളവാദ്യങ്ങളില്‍ സുപ്രധാനമായ ഒന്നാണിത്. പ്രചാരത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് മുന്നില്‍ നില്ക്കുന്നത്.

ചെണ്ട

വീപ്പയുടെ (Cylinder) ആകൃതിയില്‍ പ്ലാവിന്‍തടി തുരന്നുണ്ടാക്കുന്ന കുറ്റിയുടെ ഇരുവശത്തും ചര്‍മാവരണങ്ങള്‍ ഉറപ്പിച്ചാണ് ചെണ്ട ഉണ്ടാക്കുന്നത്. ചെണ്ടക്കുറ്റിക്ക് സാധാരണയായി 61 സെ.മീ. നീളവും 31 സെ.മീ. വ്യാസവുമാണുള്ളത്. ചിലപ്പോള്‍ നീളം 51-64 സെ.മീ. വരെയാകാറുണ്ട്. കരിമ്പന, കൊന്ന, ചെമ്പകം, കരിങ്ങാലി, തെങ്ങ് എന്നിവയുടെ തടികളും കുറ്റിയുണ്ടാക്കാനായി ഉപയോഗിക്കാറുണ്ട്. ചര്‍മാവരണങ്ങള്‍ക്ക് ഇളം പ്രായത്തിലുള്ള പശുവിന്റെയോ കാളയുടെയോ പാകപ്പെടുത്തിയ തോലാണുപയോഗിക്കുന്നത്.

ഒരു വശത്ത് ഒറ്റത്തോലും മറുവശത്ത് ഏഴുതോലുകള്‍ അട്ടിയട്ടിയായി ഒട്ടിച്ചുമാണ് ഉറപ്പിക്കുന്നത്. ഒറ്റത്തോലുള്ള വശം ഇടന്തലയെന്നും മറ്റേത് വലന്തല എന്നും അറിയപ്പെടുന്നു. തോലിന്റെ അറ്റങ്ങളിലുള്ള 12 സുഷിരങ്ങളിലൂടെ ചണക്കയര്‍ വലിച്ചുമുറുക്കിക്കെട്ടിയാണ് ചെണ്ട മൂപ്പിക്കുന്നത്. ശ്രുതിഭേദം വരുത്തുന്നതിനായി കുത്തുവാര്‍ എന്നു പേരുള്ള തോല്‍വാര്‍ വളയങ്ങള്‍ കയറില്‍ കുടുക്കിയിരിക്കും. ഈ കുടുക്കുകള്‍ നീക്കുമ്പോള്‍ വട്ടം, കുറ്റിയോട് അമര്‍ന്നു മുറുകുകയും നാദശുദ്ധി വര്‍ധിക്കുയും ചെയ്യും.

അരയോളം പൊക്കത്തില്‍ ഇടന്തല മുകളില്‍ വരത്തക്കവണ്ണം ചെണ്ട തോളത്തു കുത്തനെ തൂക്കിയിട്ടശേഷം മുകള്‍വശം ഒന്നു മുന്നോട്ടു ചരിച്ചിട്ടാണ് കെട്ടുന്നത്. ആഗ്രം വളഞ്ഞതും തള്ളവിരല്‍ വലുപ്പമുള്ളതുമായ ചെണ്ടക്കോല്‍ (നീളം 37-40 സെ.മീ.) കൊണ്ട് മുട്ടിയാണു ശബ്ദം പുറപ്പെടുവിക്കുന്നത്. മപ്പങ്ങം, മന്ദാരം എന്നിവയുടെ കാതല്‍ കടഞ്ഞാണ് ചെണ്ടക്കോല്‍ ഉണ്ടാക്കുന്നത്. സാധാരണയായി രണ്ടു കൈകളിലും കോലുപിടിച്ചോ ഒരു കൈയില്‍ കോലും മറ്റേക്കൈയും ഉപയോഗിച്ചോ ആണ് കൊട്ടുക. ഇടന്തലയാണ് പൊതുവേ കൊട്ടുക. ഇത് അസുരാംശവും വലന്തല ദേവാംശവും ആണെന്നു വിശ്വസിക്കുന്നതിനാല്‍ താന്ത്രിക കര്‍മങ്ങള്‍ക്കു കഥകളിയിലെ ദേവന്മാരുടെ പ്രത്യക്ഷപ്പെടലിനും വലന്തലയും കൊട്ടാറുണ്ട്. തായമ്പകയില്‍ താളം പിടിക്കുന്നതിനായും വലന്തലകൊട്ടുന്നു പതിവുണ്ട്.

കഥകളി, പഞ്ചവാദ്യം, കൂടിയാട്ടം എന്നിവയിലെ പ്രധാന പശ്ചാത്തല വാദ്യോപകരണമാണ് ചെണ്ട. തായമ്പക, യക്ഷഗാനം, നാടോടി നൃത്തം എന്നിവയിലും ഇതുപയോഗിക്കാറുണ്ട്. കേരളത്തിലെ എല്ലാ മതവിഭാഗക്കാരുടെയും ഉത്സവാഘോഷങ്ങള്‍ക്ക് സര്‍വസാധാരണമായ വാദ്യവും ഇതു തന്നെ. സിനിമാ പരസ്യങ്ങള്‍ക്കും തെരുവു നാടകങ്ങള്‍ക്കുമെല്ലാം ചെണ്ട പതിവായിരുന്നു.

വളരെ ദൂരെവരെ കേള്‍ക്കാവുന്നത്ര മുഴങ്ങുന്ന ശബ്ദമാണ് ചെണ്ടയുടേത്. ശ്രുതി വ്യത്യാസത്തിന് ഏറെ സാധ്യതയുണ്ട് എന്നതും ഈ വാദ്യത്തിന്റെ സവിശേഷതയാണ്. 'പതിനെട്ടുവാദ്യവും ചെണ്ടയ്ക്കു താഴെ' എന്ന പഴഞ്ചൊല്ല് കേരളീയ ജീവിതത്തില്‍ ഈ താളവാദ്യത്തിനുള്ള പ്രാധാന്യത്തെ എടുത്തു പറയുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%A3%E0%B5%8D%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍