This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെക്ക്

ഒരു കൈമാറ്റ പ്രമാണം. പണവിനിമയം സൗകര്യപ്രദമാക്കുന്ന ഒരു മാധ്യമമാണിത്. പണത്തിനുപകരം കൈമാറ്റം ചെയ്യാവുന്നതും കൈവശക്കാരന് ഉടമസ്ഥാവകാശം സിദ്ധിക്കുന്നതുമായ പ്രമാണമായതുകൊണ്ട് ചെക്കിന് പണത്തോളം തന്നെ വിശ്വാസ്യതയുണ്ട്. വന്‍തുക കൈവശം കൊണ്ടുനടക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ചെക്ക് സഹായിക്കുന്നു. വ്യാപാര-വ്യവസായ-വാണിജ്യ സംരംഭങ്ങളുടെ വികസനത്തിനു സഹായിക്കുന്ന ഒരു ഘടകം കൂടിയാണ് ചെക്ക്. ബാങ്കിങ് വ്യവസായം സുഗമമാക്കുന്ന പ്രധാന മാധ്യമമാണിത്. യു.എസ്., യു.കെ. തുടങ്ങിയ വികസിത രാഷ്ട്രങ്ങളിലെ 90 ശതമാനത്തിലധികം പണമിടപാടുകളും ചെക്കു മുഖേനയാണ് നടത്തുന്നത്. ഒരു കൈമാറ്റ പ്രമാണമായതുകൊണ്ട് മിക്ക രാജ്യങ്ങളിലും ഇതു സംബന്ധിച്ച പ്രത്യേക നിയമങ്ങളുണ്ട്. 1881-ലെ നെഗോഷ്യബിള്‍ ഇന്‍സ്റ്റ്രുമെന്റ്സ് ആക്റ്റ് ആണ് ഇന്ത്യയില്‍ ചെക്കു സംബന്ധിച്ച നിയമം.

ബാങ്കിങ് ഇടപാടുകള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ചെക്കുകളുണ്ട്. ഇന്ത്യയിലെ എല്ലാ ബാങ്കുകളുടെയും ചെക്കുകള്‍ ഒരേ തരത്തിലുള്ളതാണ്. സേവിങ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയ്ക്കു പ്രത്യേക ചെക്കുകളുണ്ട്. ബാങ്കില്‍ നിശ്ചിത തുകയില്‍ കുറയാത്ത നിക്ഷേപമുള്ളവര്‍ക്കെല്ലാം ബാങ്ക് ചെക്കു ബുക്ക് നല്കുന്നു.

ആവശ്യപ്പെടുമ്പോള്‍ (On Demand) ഇതില്‍ പറഞ്ഞിരിക്കുന്ന വ്യക്തിക്ക് (സ്ഥാപനത്തിന്) പറഞ്ഞിരിക്കുന്ന തുക നല്കണമെന്ന് ബാങ്കില്‍ നിക്ഷേപമുള്ള വ്യക്തി ബാങ്കിനു നല്കുന്ന ലിഖിത നിര്‍ദേശമാണ് ചെക്ക്. ചെക്കില്‍ എല്ലാ വിവരങ്ങളും അച്ചടിച്ചിരിക്കും. തീയതി, തുക വാങ്ങേണ്ട വ്യക്തിയുടെ പേര്, തുക (അക്ഷരത്തിലും അക്കത്തിലും) എന്നിവ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ എഴുതി ഒപ്പിടേണ്ട സ്ഥലത്ത് ഒപ്പിട്ടാല്‍ ചെക്ക് പൂര്‍ണമായി. ആവശ്യപ്പെടുമ്പോള്‍ തുക കൊടുക്കണമെന്നാണ് നിര്‍ദേശം. ഇതിന് മറ്റു യാതൊരു ഉപാധിയും ഇല്ല. നിര്‍ദേശം കൊടുക്കുന്നയാളിന് ഡ്രായര്‍ (Drawer) എന്നും നിര്‍ദേശം പാലിക്കേണ്ട ബാങ്കിന് ഡ്രായി (Drawee) എന്നും തുക ആര്‍ക്കുകൊടുക്കണം എന്നു ചെക്കില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍ അയാളെ പേയീ (Payee) എന്നും പറയുന്നു.

ചെക്കില്‍ pay to ...... or order എന്നാണ് അച്ചടിച്ചിട്ടുള്ളത്. 'എ'യ്ക്ക് കൊടുക്കണമെന്നെഴുതിയാല്‍ 'എ'യ്ക്കോ അയാളുടെ ഓര്‍ഡര്‍ക്കോ തുക കൊടുക്കണം എന്നര്‍ഥം. ഇതിന് ഓര്‍ഡര്‍ ചെക്ക് എന്നു പറയുന്നു. പേയീക്ക് ചെക്കിന്റെ മറുപുറത്ത് ഒപ്പിട്ടു ചെക്ക് കൈമാറ്റം ചെയ്യാം. ഇതിന് എന്‍ഡോഴ്സ്മെന്റ് (endorsement) എന്നു പറയുന്നു. മറ്റൊന്നുമെഴുതാതെ പേയീ ഒപ്പിടുക മാത്രമേ ചെയ്തിട്ടുള്ളുവെങ്കില്‍ അതിന് എന്‍ഡോഴ്സ്മെന്റ് ഇന്‍ബ്ളാങ്ക് (endorsement in blank) എന്നു പറയുന്നു. എന്‍ഡോഴ്സ്മെന്റ് പല തരത്തിലുണ്ട്. അതിന്റെ സ്വഭാവമനുസരിച്ചാണ് ഡ്രായര്‍, പേയീ, കൈവശക്കാരന്‍ എന്നിവരുടെ ബാധ്യതകള്‍.

പേയീയുടെ പേര് എഴുതാതെയും പേയീയുടെ പേരെഴുതി ഓര്‍ഡര്‍ എന്നതു വെട്ടി ബെയറര്‍ എന്നെഴുതിയും ചെക്കു കൊടുക്കാം. ഇതിനു ബെയറര്‍ ചെക്ക് എന്നു പറയുന്നു. ഇത് ആര്‍ക്കും കൈമാറ്റം ചെയ്യാം. ഈ ചെക്ക് ഹാജരാക്കുന്ന ആര്‍ക്കും ബാങ്ക് തുക നല്കും.

ഡ്രായര്‍ നിര്‍ദേശിക്കുന്ന ആള്‍ തന്നെ പണം പറ്റിയെന്നുറപ്പുവരുത്തുന്ന മാര്‍ഗമാണ് ക്രോസ്സിങ്. ചെക്ക് എഴുതുന്ന വശത്ത് രണ്ടു സമാന്തരരേഖകള്‍ കുറുകെ വരച്ച് അതിനുള്ളില്‍ 'And Company' എന്നോ 'And Co' എന്നോ എഴുതിയാല്‍ ക്രോസ്സിങ് ആയി. വരകള്‍ മാത്രമായാലും ക്രോസ്സിങ്ങിന്റെ ഫലമാണ്. ഇതിന് സിംപിള്‍ ക്രോസ്സിങ് എന്നു പറയുന്നു. ഇങ്ങനെ ക്രോസ് ചെയ്താല്‍ ഒരു ബാങ്കിനുമാത്രമേ ആ ചെക്ക് മാറി തുക ലഭിക്കൂ. ബാങ്ക് കൗണ്ടറില്‍ ചെക്ക് കൊടുക്കുന്ന വ്യക്തിക്ക് തുക ലഭിക്കില്ല. ഇങ്ങനെ ക്രോസ് ചെയ്താല്‍ ഏതു ബാങ്കില്‍ ആരുടെ അക്കൗണ്ടിലാണ് ചെക്ക് മാറിയതെന്ന് അറിയാന്‍ കഴിയും. ഡ്രായര്‍ സൂചിപ്പിച്ച പേയീയുടെ അക്കൗണ്ടില്‍ മാത്രമേ ചെക്ക് മാറാവൂ എന്നു നിര്‍ബന്ധിക്കുന്നതിനുള്ള മാര്‍ഗമാണ് സ്പെഷ്യല്‍ ക്രോസ്സിങ്. ഇതിന് ക്രോസ് ചെയ്യുന്നതിനുള്ള വരകള്‍ക്കുള്ളില്‍ Account Payee എന്നോ Payee's A/C only എന്നോ എഴുതിയാല്‍ മതി. ഒരു നിര്‍ദിഷ്ട ബാങ്കിലെ അക്കൗണ്ടില്‍ മാത്രമേ ചെക്ക് മാറാവൂ എന്നു സൂചിപ്പിക്കുന്ന തരത്തില്‍ ബാങ്കിന്റെ പേരു കൂടി സൂചിപ്പിച്ചുള്ള സ്പെഷ്യല്‍ ക്രോസ്സിങ്ങും ഉണ്ട്.

ചെക്കില്‍ സൂചിപ്പിച്ചിട്ടുള്ള തീയതിക്കു മാത്രമേ ചെക്കു മാറി പണം കിട്ടുകയുള്ളൂ. പിന്‍ തീയതി ചെക്കി(post dated cheque)ന് പണം നല്കുകയില്ല. ചെക്കിന്റെ കാലാവധി ആറ് മാസമാണ്. ആറു മാസം കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ ചെക്കിന് പണം നല്കുകയില്ല. ഇതിനു നിയമവ്യവസ്ഥയില്ല; ബാങ്കുകള്‍ സ്വീകരിച്ചിട്ടുള്ള ഒരു വ്യവസ്ഥ മാത്രമാണിത്. ആറുമാസം കഴിഞ്ഞാല്‍ അതിന് കാലഹരണപ്പെട്ട ചെക്ക് (Stale cheque) എന്നു പറയുന്നു. ഡ്രായര്‍ പ്രത്യേക നിര്‍ദേശം കൊടുത്താല്‍ കാലഹരണപ്പെട്ട ചെക്കും മാറ്റാം.

ബാങ്കുമായുള്ള ഇടപാട് ഡ്രായര്‍ അവസാനിപ്പിക്കുക, ചെക്ക് സമര്‍പ്പിച്ചാല്‍ പണം നല്കരുതെന്ന് ബാങ്കിനു ഡ്രായര്‍ നിര്‍ദേശം കൊടുക്കുക (Countermand payment, stop payment), ഡ്രായര്‍ മരിച്ചുപോകുക, ഡ്രായര്‍ നിസ്വനാണെന്നു കോടതി പ്രഖ്യാപിക്കുകയോ അതിനുള്ള നടപടികള്‍ നിലവിലുണ്ടെന്നു ബാങ്കിന് അറിവു ലഭിക്കുകയോ ചെയ്യുക, ഡ്രായര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിയമ വ്യവസ്ഥമൂലം അവസാനിപ്പിക്കുക, കോടതിയില്‍നിന്ന് നിരോധന ഉത്തരവുണ്ടാകുക, ഡ്രായറുടെ അക്കൗണ്ടില്‍ ചെക്ക് മാറുന്നതിനുള്ള തുക ഇല്ലാതിരിക്കുക, ചെക്കിലെ തീയതി തെറ്റായിരിക്കുക, അക്ഷരത്തിലും അക്കത്തിലും തുകയ്ക്ക് വ്യത്യാസമുണ്ടാവുക, ചെക്കില്‍ തിരുത്തലുകള്‍ ഉണ്ടാവുക, ഡ്രായറുടെ ഒപ്പിന് വ്യത്യാസമുണ്ടാവുക, കള്ളയൊപ്പാണെന്നു ബാങ്കിന് ബോധ്യമാവുക തുടങ്ങിയ സാഹചര്യങ്ങളില്‍ ബാങ്ക് പണം കൊടുക്കാതെ ചെക്ക് മടക്കാറുണ്ട് (dishonour).

അക്കൗണ്ടില്‍ പണമില്ലാതെ ചെക്കു കൊടുത്തു കബളിപ്പിക്കുന്ന വ്യക്തിയുടെ പേരില്‍ ചെക്കിന്റെ കൈവശക്കാരന് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍ ഇങ്ങനെ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സങ്കീര്‍ണമാണ്. നെഗോഷ്യബിള്‍ ഇന്‍സ്റ്റ്രുമെന്റ്സ് ആക്റ്റ് ഭേദഗതി ചെയ്ത് ഇതിനു പരിഹാരമുണ്ടാക്കി. 1989 ഏ. 1-ന് പ്രാബല്യത്തില്‍ വന്ന നിയമ ഭേദഗതിയിലൂടെ (138-142 വകുപ്പുകള്‍) തുകയില്ലാതെ ചെക്കു മടങ്ങിയാല്‍ ഡ്രായറില്‍ നിന്നു തുക ഈടാക്കാന്‍ കഴിയും. മടങ്ങിയ ചെക്ക് ബാങ്കില്‍ നിന്നു കിട്ടി 15 ദിവസത്തിനകം പണം ആവശ്യപ്പെട്ട് ഡ്രായര്‍ക്ക് നോട്ടീസ് അയയ്ക്കണം. ഡ്രായര്‍ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം പണം കൊടുത്ത് ഇടപാട് തീര്‍ത്തില്ലെങ്കില്‍ ഡ്രായര്‍ നോട്ടീസ് കൈപ്പറ്റിയ ദിവസം മുതല്‍ 15 ദിവസം കഴിഞ്ഞ് ഒരു മാസത്തിനകം ചെക്കു കൈവശക്കാരന് ഒന്നാം ക്ളാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതിപ്പെടാം. ഒരു വര്‍ഷം വരെ തടവോ ചെക്കിന്റെ തുകയുടെ രണ്ടു മടങ്ങുവരെ പിഴയോ തടവുശിക്ഷയും പിഴശിക്ഷയും ഒരുമിച്ചോ വിധിക്കാമെന്നുണ്ട്.

പണത്തിനു തുല്യമായി കണക്കാക്കുന്ന പ്രമാണങ്ങളാണ് ബാങ്കുകള്‍ തന്നെ നല്കുന്ന ക്യാഷ്യേഴ്സ് ചെക്ക്, ബാങ്കേഴ്സ് ചെക്ക്, സാക്ഷ്യപ്പെടുത്തിയ ചെക്ക് (Certified cheque), ട്രാവലേഴ്സ് ചെക്ക് തുടങ്ങിയവ. നോ. നെഗോഷ്യതാ പ്രമാണങ്ങള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍