This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിനാബ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിനാബ്

Chenab

ഇന്ത്യയിലും പാകിസ്താനിലുമായി വ്യാപിച്ചുകിടക്കുന്ന കാശ്മീരിലുള്ള ഒരു നദി. സിന്ധുവിന്റെ പോഷകനദിയായ ചിനാബ് പഞ്ചാബിലെ പഞ്ചനദികളില്‍ ഒന്നാണ്. ഹിമാലയത്തില്‍ 4863 മീ. ഉയരത്തിലുള്ള ബറാലാച്ച ചുരത്തിന് തെക്കുകിഴക്കുനിന്നുദ്ഭവിക്കുന്ന ചന്ദ്ര, വടക്കു പടിഞ്ഞാറ് നിന്നുദ്ഭവിക്കുന്ന ഭാഗ എന്നീ നദികള്‍ ചേര്‍ന്ന് ചിനാബിന് ജന്മം നല്കുന്നു. 2273 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 'താണ്ടി' എന്ന സ്ഥലത്തുവച്ചാണ് ഇവ രണ്ടും ഒത്തുചേരുന്നത്. സത് ലജ് കഴിഞ്ഞാല്‍ പഞ്ചനദികളില്‍ വലുതാണ് ചിനാബ്. ചന്ദ്രോദ്യാനം എന്നര്‍ഥം വരുന്ന 'ചന്ദ്രഭാഗ' എന്നും ഇതിനു പേരുണ്ട്. അലക്സാണ്ടറുടെ കാലത്തെ ഗ്രീക് ചരിത്രകാരന്മാര്‍ ഇതിനെ 'അകേസിന്‍സ്' എന്നും ടോളമി, 'സിന്‍ ഡാബല്‍' അഥവാ 'സാന്‍ഡാബിലിസ്' എന്നും വിശേഷിപ്പിച്ചതായി ചരിത്രരേഖകളുണ്ട്.

ചിനാബ്

താണ്ടിയിലെ ചന്ദ്ര, ഭാഗ എന്നീ നദികളുടെ ലയനത്തില്‍ നിന്നുദ്ഭവിക്കുന്ന ചിനാബ് നദി ഹിമാലയന്‍ മലനിരകളുടെയും പീര്‍ പാഞ്ചാല്‍ മലകളുടെയും സൃഷ്ടിയായ താഴ്വരകളിലൂടെ 160 കി.മീ. ദൂരം വടക്കു പടിഞ്ഞാറേക്ക് ഒഴുകി തെക്കോട്ട് തിരിഞ്ഞ് കാശ്മീരിലെ കിഷത്വാറിനടുത്തെത്തുന്നു. ഇവിടെവച്ച് പീര്‍ പാഞ്ചാലിലുള്ള ഇടുങ്ങിയ മലയിടുക്കുകളിലൂടെ കടന്നുപോകുന്ന ചിനാബ്, അഖ്നൂര്‍ എന്ന സ്ഥലത്തെത്തുമ്പോള്‍ മലനിരകള്‍ വിട്ട് സമതലങ്ങളിലേക്കൊഴുകിയിറങ്ങുന്നു. ബറാലാച്ച ചുരം മുതല്‍ അഖ്നൂര്‍ വരെ ഇതിന്റെ നീളം ഏതാണ്ട് 354 കി.മീ. ആണ്.

സിയാല്‍കോട്ട് ജില്ലയിലെ ഖൈരി റിഹാലില്‍വച്ച് പടിഞ്ഞാറന്‍ പാകിസ്താനിലേക്ക് കടക്കുന്നതിനുമുമ്പ് ചിനാബ് 1828 മീ. ഉയരമുള്ള കാശ്മീരിലെത്തിച്ചേരുന്നത് പാഞ്ചി താഴ്വരയിലൂടൊഴുകിയാണ്. 290 കി.മീ. ദൂരം ഇവിടത്തെ കുത്തനെയുള്ള മലനിരകളിലൂടൊഴുകുന്ന നദി 40 കി.മീ. ദൂരം അഖ്നൂര്‍ മലനിരകളിലൂടെയും കടന്നുപോകുന്നു. മേറാളയ്ക്കടുത്തുവച്ചാണ് ചിനാബ് പാകിസ്താനിലേക്ക് കടക്കുന്നത്. ദര്‍വാറിനു മുകളില്‍ പാറകളാല്‍ ചുറ്റപ്പെട്ടതും ഇടുങ്ങിയതുമായ പര്‍വത ഭാഗത്തുകൂടെ പോകുന്ന ചിനാബില്‍ ചെറിയ ജലപാതങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ അഖ്നൂറില്‍ എത്തുമ്പോഴേക്കും വേഗത കുറയുന്ന ഈ നദി ഗതാഗതയോഗ്യമായിത്തീരുന്നു. ഇതിനിടയില്‍ത്തന്നെ 'സൂരജ് ഭാഗ്', മുറുന്നൂര്‍ ഡൂണ്‍, ഢാര്‍ക്ക് എന്നീ കൊച്ചരുവികളും ഇതില്‍ വന്നുചേരുന്നുണ്ട്. കിഷ്ത്വാറിന് സമീപം ചിനാബിന് 1515 മീ. ഉയരമുണ്ട്. ഇതിന്റെ ഉദ്ഭവസ്ഥാനത്തുനിന്ന് ആദ്യത്തെ 320 കി.മീ. വരെ ഒന്നര കിലോമീറ്ററിന് 12 മീ. എന്ന നിരക്കിലാണ് ചിനാബ് താഴോട്ടൊഴുകുന്നത്. 300 മീറ്ററിന് മുകളില്‍ ഇതിന്റെ നീര്‍ത്തട പ്രദേശത്തിന്റെ വിസ്തീര്‍ണം 27,211 ച.കി.മീ. ആണ്. ഇതില്‍ 3790 ച.കി.മീ. ഈ നദിയുടെ ഹിമതടത്തിന് താഴെയുള്ള നീര്‍വാര്‍ച്ചപ്രദേശത്തിന്റെ വിസ്തീര്‍ണമാണ്. നീര്‍ത്തടപ്രദേശത്തെ ശരാശരി വാര്‍ഷിക വര്‍ഷപാതം 106 സെന്റിമീറ്റര്‍.

ട്രിമ്മു എന്ന സ്ഥലത്തുവച്ച് ഝേലം നദിയും സിദ്ദുവില്‍വച്ച് രവി നദിയും ചിനാബുമായി ചേരുന്നു. ഇതിനുശേഷം ഈ നദി 'ത്രിമാബ്' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ബിയാസ് നദിയുമായി മുമ്പുതന്നെ കൂടിച്ചേര്‍ന്ന സത്ലജ് പഞ്ച്നാഥിലെ മട്വാലയില്‍വച്ച് ചിനാബുമായി സംഗമിക്കുന്നു. ഇവിടം മുതല്‍ ഈ നദി അഞ്ചു നദികള്‍ എന്നര്‍ഥം വരുന്ന 'പഞ്ച്നാദ്' എന്ന് അറിയപ്പെടുന്നു. ഇന്ത്യയുടെ അതിര്‍ത്തിയില്‍നിന്നും പഞ്ച്നാഥ് വരെ ചിനാബിന്റെ നീളം 644 കി.മീ. ആണ്. ഇങ്ങനെ ഹിമാലയത്തിന്റെ തെക്കന്‍ ചരിവുകളില്‍ നിന്നുമുദ്ഭവിക്കുന്ന ചിനാബ് 950 കി.മീ. ഒഴുകിയശേഷം സിന്ധുവിന്റെ പോഷകനദിയായി തീരുന്നു. പടിഞ്ഞാറേക്കൊഴുകി അറേബ്യന്‍ കടലില്‍ പതിക്കുന്ന സിന്ധു 1245-ല്‍ മുള്‍ട്ടാന്‍ എന്ന സ്ഥലത്തിന് കിഴക്കായിട്ടാണ് ഒഴുകിയിരുന്നത് എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. 1395 ആയപ്പോഴേക്കുമാണ് സിന്ധുനദിയുടെ ദിശ മുള്‍ട്ടാന് പടിഞ്ഞാറേക്ക് മാറിയത് എന്ന് കരുതപ്പെടുന്നു.

മാര്‍ച്ച് മാസമാകുന്നതോടെ ചിനാബിലെ ജലനിരപ്പ് ഉയരാന്‍ തുടങ്ങും. ജൂലായ്-ആഗസ്റ്റ് മാസങ്ങളിലാണ് ജലനിരപ്പ് ഏറ്റവും അധികം ഉയര്‍ന്നു കാണപ്പെടുന്നത്. ആഗസ്റ്റിനുശേഷം ക്രമേണ താഴാന്‍ തുടങ്ങുന്ന ഇത് നവംബര്‍-ഫെബ്രുവരിയോടെ ഏറ്റവും കുറവായിത്തീരുന്നു. ചിനാബ് കരകവിഞ്ഞൊഴുകുന്നത് അപൂര്‍വമാണെങ്കിലും ഇതിലെ ജലം ദുര്‍ബലമായ കരകളിലൂടെ വിദൂര പ്രദേശങ്ങളിലേക്കെത്തുക പതിവാണ്. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ അടിഞ്ഞെത്തുന്ന എക്കലിന്റെ ഗുണമേന്മ ഝേലം തുടങ്ങിയ നദികളുടേതിനോളം മെച്ചമല്ല.

കാശ്മീര്‍ അതിര്‍ത്തിയില്‍നിന്നും 13 കി.മീ. മാറി മേറാളയില്‍ നിന്നാണ് 'അപ്പര്‍ ചിനാബ് ഇറിഗേഷന്‍ കനാല്‍' തുടങ്ങുന്നത്. ഇവിടെനിന്ന് 56 കി.മീ. താഴെ ഖാങ്കിയില്‍നിന്ന് 'ലോവര്‍ ചിനാബ് ഇറിഗേഷന്‍ കനാല്‍' ആരംഭിക്കുന്നു. ഈ പ്രദേശത്ത് ക്ഷയോന്മുഖമാകുന്ന ചിനാബിന്റെ പ്രയാണദിശ പിന്നീട് തെക്കു കിഴക്കോട്ടാണ്.

സിന്ധുവിന്റെ പോഷകനദികളായ രവി, സത് ലജ് എന്നിവയാല്‍ ജലസേചിതമായിരുന്ന പഞ്ചാബ് സമതലത്തിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോള്‍ ജലസേചനം നടക്കുന്നത് 'റസൂല്‍ ഖുദീറാബാദ്' കനാല്‍ വഴിയാണ്. 1960-ല്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവച്ച സിന്ധുനദീജലക്കരാര്‍മൂലമാണ് ഇത് സാധ്യമായത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%AC%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍