This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗേയനാടകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗേയനാടകങ്ങള്‍

ഗാനങ്ങള്‍ക്കും സംഗീതത്തിനും മുന്‍തൂക്കം നല്കിക്കൊണ്ടുള്ള നാടകം. ഗേയനാടകങ്ങള്‍ രംഗപ്രയോഗത്തെ ലക്ഷ്യമാക്കി രചിച്ചിട്ടുള്ളവയല്ല. അതുകൊണ്ട് അവ വളരെ അപൂര്‍വമായി മാത്രമേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളു. നൃത്തനാടകം, നൃത്യനാടകം തുടങ്ങിയ നാടക പ്രകാരഭേദങ്ങളെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. നൃത്തനാടകത്തിന്റെ പ്രാഗ്രൂപം നാം കാണുന്നത് ജയദേവന്റെ ഗീതഗോവിന്ദത്തിലാണ്. ധാരാളം ശ്ലോകങ്ങളും ഗാനങ്ങളും ഈ കൃതിയില്‍ കാണാം. കൃഷ്ണന്‍, രാധ, സഖി എന്നീ കഥാപാത്രങ്ങളില്‍ ആരെങ്കിലും ഒരാള്‍ പറയുന്നത് ഗാനമായിട്ടായിരിക്കും. ഗീതഗോവിന്ദത്തെ മാതൃകയാക്കി 12-ാം ശ.-ത്തിനുശേഷം ധാരാളം നൃത്തനാടകങ്ങള്‍ ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ വിഭാഗത്തില്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടായ ഒരു സംഗീതകൃതിയാണ് 16-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലും 17-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തിലുമായി ആന്ധ്രയില്‍ ജീവിച്ചിരുന്ന നാരായണതീര്‍ഥരുടെ കൃഷ്ണലീലാതരംഗിണി. സംസ്കൃതത്തിലാണ് ഇതു രചിച്ചിട്ടുള്ളത്. നൃത്ത്യനാടകത്തിന്റെ വകഭേദമായി ഗേയനാടകത്തെ പരിഗണിക്കുന്നവരുമുണ്ട്. രണ്ടു രൂപങ്ങളിലും നൃത്തവും ഗാനവും ഉണ്ടെന്നതാണ് ഇതിനു മുഖ്യ കാരണം. എന്നാല്‍ ഗേയനൃത്തനാടകങ്ങളില്‍ ഗാനങ്ങള്‍ നൃത്തത്തിന്റെ വിജയത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. നൃത്യഗേയനാടകങ്ങളില്‍ ഗാനങ്ങള്‍ക്കും നൃത്തങ്ങള്‍ക്കും ഉപരിപ്ലവസ്വഭാവം മാത്രമേയുള്ളു. ഇങ്ങനെ നൃത്തഗേയനാടകങ്ങളും നൃത്യഗേയനാടകങ്ങളും തമ്മില്‍ നേരിയ വ്യത്യാസം ഉണ്ട്. തഞ്ചാവൂര്‍ ഭരിച്ച സഹാജി മഹാരാജാവ് പല്ലകിസേവാപ്രബന്ധമെന്ന പേരില്‍ ഒരു ഗേയനാടകം രൂപപ്പെടുത്തിയിട്ടുണ്ട്. ത്യാഗരാജസ്വാമികളുടെ പ്രഹ്ളാദഭക്തിവിജയം, സീതാരാമവിജയം, നൌകാചരിതം തുടങ്ങിയ കൃതികളെ ഈ വിഭാഗത്തില്‍പ്പെടുത്താം. ഇവയില്‍ ചിലതൊക്കെ രംഗത്ത് വിജയകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഗോപാലകൃഷ്ണ ഭാരതിയാരുടെ നന്ദന്‍ചരിത്രം, മെലട്ടൂര്‍ വെങ്കിട്ടരാമ ശാസ്ത്രികളുടെ ഭാഗവതമേള നാടകങ്ങള്‍ തുടങ്ങിയവ പില്ക്കാലത്തുണ്ടായ ഗേയനാടകങ്ങളാണ്. കേരളത്തിലെ കൃഷ്ണനാട്ടത്തെ ഗേയനാടകമായി പരിഗണിച്ചു കാണുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ല. കൃഷ്ണനാട്ടത്തിന്റെ സാഹിത്യത്തിന് ഗേയനാടക സാഹിത്യത്തോട് വളരെ അടുപ്പമുണ്ട്. ആ നിലയ്ക്ക് കേരളത്തില്‍ ഉണ്ടായ ഒരേ ഒരു ഗേയനാടകം ഇതാണെന്ന് അംഗീകരിക്കേണ്ടിവരുന്നു. അരുണാചല കവിരായര്‍ കമ്പരാമായണത്തെ ആസ്പദമാക്കി സാധാരണക്കാര്‍ക്കുവേണ്ടി വിരുത്തങ്ങളും ഗാനങ്ങളുമായി സാധാരണ രാഗങ്ങളില്‍ രചിച്ച രാമനാടകം ഗേയനാടകമായി പുനഃസംവിധാനം ചെയ്തിട്ടുണ്ട്.

ആകാശവാണിയില്‍ അവതരിപ്പിക്കുന്ന സംഗീത നാടകങ്ങളെയും സംഗീതശില്പങ്ങളെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ത്യാഗരാജസ്വാമികളുടെയും മറ്റും കൃതികള്‍ ഇങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്.

(വിജയരാഘവന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍