This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരുകുലവിദ്യാഭ്യാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുരുകുലവിദ്യാഭ്യാസം

ഗുരുവിന്റെ വസതിയില്‍ താമസിച്ച് വിദ്യ അഭ്യസിക്കുന്ന രീതി. പൗരാണിക ഭാരതത്തില്‍ നിലനിന്നിരുന്ന ഈ വിദ്യാഭ്യാസരീതി ഇപ്പോള്‍ തീരെ ഇല്ല എന്നുതന്നെ പറയാം. ജ്ഞാനവൃദ്ധന്മാരായ മഹര്‍ഷിമാരുടെ തപോവാടങ്ങള്‍ ആയിരുന്നു അന്നത്തെ ഗുരുകുലങ്ങള്‍. അവിടെ ഗുരുവും ഗുരുപത്നിയും തങ്ങളുടെ കൂടെ താമസിച്ചു പഠിക്കുന്ന ബ്രഹ്മചാരികളെ പുത്രനിര്‍വിശേഷമായ സ്നേഹവാത്സല്യങ്ങളോടെ പരിപാലിച്ചിരുന്നു. ഉപനയനംമുതല്‍ സമാവര്‍ത്തനംവരെ നീണ്ടുനില്‍ക്കുന്ന ഒരു പഠനപ്രക്രിയയാണു ഗുരുകുലവിദ്യാഭ്യാസരീതി. ഗുരുകുലത്തിലെ അനുഷ്ഠാനക്രമങ്ങളെപ്പറ്റി ശ്രുതിസ്മൃതികളിലും ഗൃഹ്യസൂത്രങ്ങളിലും കൗടില്യന്റെ അര്‍ഥശാസ്ത്രത്തിലും മറ്റും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

വിദ്യാര്‍ഥി ആദ്യമായി ഗുരുവിനെ സമീപിക്കുന്നത് ചമതവിറകും കൈയിലേന്തിയാണ്. സമിത്പാണികളായി ഗുരുകുലത്തിലെത്തുന്ന കുട്ടികളെപ്പറ്റി ചില ഉപനിഷത്തുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രശ്നോപനിഷത്തിന്റെ പ്രഥമഖണ്ഡത്തില്‍ 'തേ ഹ സമിത് പാണയോ ഭാഗവന്തം പിപ്പലാദമുപസാന്തഃ' എന്നു പ്രതിപാദ്യം ഉണ്ട്. സുകേശന്‍, സത്യകാമന്‍ തുടങ്ങിയ ആറു ബ്രഹ്മചാരികള്‍ സമിത് പാണികളായി വിദ്യയഭ്യസിക്കാന്‍ പിപ്പലാദ മഹര്‍ഷിയുടെയടുക്കല്‍ച്ചെന്ന കഥയാണിവിടെ വിവരിക്കുന്നത്. 'ബുദ്ധിയുടെ വിറകില്‍ ജ്ഞാനാഗ്നികൊളുത്തൂ' എന്ന മൂകമായ അഭ്യര്‍ഥനയാണ് പ്രതീകാത്മകമായ ഈ ചടങ്ങില്‍ അടങ്ങിയിരിക്കുന്നത്. ഉപനയനം കഴിഞ്ഞേ വിദ്യയഭ്യസിക്കാവൂ എന്നാണു നിയമം. ഉപനയനം എന്ന വാക്കിനു ഗുരുവിന്റെ അടുത്തേക്കു നയിക്കുക എന്നാണര്‍ഥം. ബ്രാഹ്മണര്‍ക്ക് എട്ടാം വയസ്സിലും ക്ഷത്രിയര്‍ക്കു പതിനൊന്നാം വയസ്സിലും വൈശ്യര്‍ക്കു പന്ത്രണ്ടാം വയസ്സിലുമാണ് ഉപനയനം വിധിച്ചിട്ടുള്ളത്. ഉപനയനവിധികളെപ്പറ്റി ശഥപഥബ്രാഹ്മണത്തില്‍ (പതിനൊന്നാമധ്യായം) വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. ഉപനയനവേളയില്‍ സംസ്കാരത്തിന്റെ പ്രതീകമായി ഒരു പൂണുനൂല്‍ അണിയണം. അതോടൊപ്പം അശ്മാരോഹണം എന്നൊരു ചടങ്ങുമുണ്ട്. ഒരു ശിലാഖണ്ഡത്തിന്റെ മേല്‍ കയറിനിന്നു താന്‍ ദൃഢനിശ്ചയത്തോടെ പഠനം തുടരും എന്നു ശപഥം ചെയ്യണം. മൂന്നു ദിവസം കഴിഞ്ഞു മേധാജനനം എന്ന മറ്റൊരു ചടങ്ങുമുണ്ട്. ബുദ്ധിക്കു തീക്ഷ്ണതയുണ്ടാക്കാന്‍ ദൈവികശക്തിയെ തന്നിലേക്കാവാഹിക്കുകയാണപ്പോള്‍ ചെയ്യുക (ഭരദ്വാജഗൃഹ്യസൂത്രം 1-10). പഠനം തുടങ്ങും മുന്‍പ് കുട്ടികളുടെ അര്‍ഹത പരിശോധിക്കാനായി ആചാര്യന്‍ ചില ചോദ്യങ്ങള്‍ ചോദിക്കും. ഈ അഭിമുഖസംഭാഷണത്തിന്റെ ഒരു മാതൃക ഛാന്ദോഗ്യോപനിഷത്തില്‍ ഉണ്ട്. ജബാലയെന്ന ദാസിയുടെ പുത്രനായ സത്യകാമന്‍ ഗൗതമ മഹര്‍ഷിയുടെ അടുത്തു വിദ്യയഭ്യസിക്കാന്‍ ചെന്നു. അച്ഛനാരെന്നു ചോദിച്ചപ്പോള്‍ 'അറിഞ്ഞുകൂടാ' എന്നായിരുന്നു അവന്റെ ഉത്തരം. പല വീടുകളിലും ദാസ്യവേല ചെയ്തിട്ടുള്ള അമ്മയ്ക്കും ആ വിവരം അറിഞ്ഞുകൂടായിരുന്നു. തന്റെ ചോദ്യങ്ങള്‍ക്കു സത്യസന്ധമായി ഉത്തരം നല്കിയ കുട്ടിയുടെ ഉത്സാഹം കണ്ട് 'സത്യകാമജാബാലന്‍' എന്ന പേരില്‍ അവനെ ഗൗതമന്‍ ശിഷ്യനായി സ്വീകരിക്കയാണുണ്ടായത് (ഛാ IV; 4-4).

ശൂദ്രന് അക്കാലത്ത് വേദാധ്യയനം നിഷിദ്ധമായിരുന്നു. എന്നാല്‍ മറ്റു വിദ്യകള്‍, പ്രത്യേകിച്ച് തൊഴില്‍ സംബന്ധമായതു പഠിക്കാന്‍ വിരോധമില്ലായിരുന്നു എന്നുവേണം കരുതാന്‍. യഥാകാലം ഉപനയനം കഴിച്ചു വേദാധ്യയനം നടത്താത്തവരെ വ്രാത്യാന്മാരെന്നും ഉപപാഠകരെന്നും വിളിച്ച് ആളുകള്‍ കളിയാക്കിയിരുന്നു. ആര്യധര്‍മത്തില്‍ നിന്നു വ്യതിചലിച്ചു നടക്കുന്ന അത്തരക്കാരുമായി യാതൊരു സമ്പര്‍ക്കവും പാടില്ലെന്നു മനു വിലക്കിയിരുന്നു (മനുസ്മൃതി II, 39). പാഠ്യവിഷങ്ങളുടെ ദൈര്‍ഘ്യമനുസരിച്ച് പരമാവധി 36 വര്‍ഷംവരെ ഗുരുകുലവാസം നടത്താം. മറ്റു വിഷയങ്ങളോടൊപ്പം മൂന്നു വേദമോ രണ്ടു വേദമോ യഥേഷ്ടം അഭ്യസിക്കാം. ഉദ്ദിഷ്ടമായ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതനുസരിച്ച് 18 വര്‍ഷമോ 9 വര്‍ഷമോ കഴിയുമ്പോഴോ അതിനു മുന്‍പോതന്നെയോ പഠിത്തം നിര്‍ത്താവുന്നതാണ്. (മ. III, 1-2), ഒരു ബ്രാഹ്മണകുമാരന്‍ ബ്രഹ്മചര്യവ്രതനിഷ്ഠനായി ആയുസ്സിന്റെ ഏതാണ്ട് നാലിലൊന്നു കാലത്തോളം ഗുരുകുലത്തില്‍ വസിക്കയായിരുന്നു വഴക്കം, അതുകഴിഞ്ഞേ ഗാര്‍ഹസ്ഥ്യാശ്രമത്തില്‍ പ്രവേശിക്കാവൂ. ജീവിതം മുഴുവന്‍ ഗുരുവിനെ ശുശ്രൂഷിച്ചു കഴിയുന്ന ആജന്മ ബ്രഹ്മചാരികളും അന്നു ദുര്‍ല്ലഭമല്ലായിരുന്നു (മ. II, 243). പഠിക്കുക മാത്രമല്ല ഗുരുകുല വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത്. ഗുരുവും പത്നിയും പറയുന്നതെന്തും അനുസരിക്കാന്‍ ബാധ്യസ്ഥരായിരുന്നു അവര്‍. യാഗത്തിനും ഹോമത്തിനുമുള്ള ഒരുക്കങ്ങള്‍ ശേഖരിക്കുകയായിരുന്നു അവരുടെ മുഖ്യ കര്‍മം. പിന്നെ അടുക്കളയില്‍ ആവശ്യമുള്ള വിറക്, പശുക്കള്‍ക്കു കൊടുക്കാന്‍ പുല്ല് തുടങ്ങിയവയും കാട്ടില്‍നിന്നും ശേഖരിച്ചു കൊണ്ടുവരണം. ചമതവിറകുകൊണ്ട് അഗ്നിപൂജ നടത്തുക എന്നത് ദിവസവും നടത്തേണ്ട മതകര്‍മമായിരുന്നു. പിന്നെ ആഹാരത്തിന് വകയാചിച്ചു സമ്പാദിക്കുകയും വേണം. അരണിക്കമ്പുകള്‍ ഉരസി തീ കത്തിക്കുന്ന ജോലിയിലും ഭിക്ഷ യാചിക്കുന്ന കാര്യത്തിലും ഏഴുദിവസം തുടര്‍ച്ചയായി വീഴ്ച വരുത്തുന്ന വിദ്യാര്‍ഥികള്‍ വ്രതഭംഗം വരുത്തിയതിന് പ്രായശ്ചിത്തമായി 'അവകര്‍മി' എന്ന വ്രതം അനുഷ്ഠിക്കേണ്ടതുണ്ട് (മ. II, 187). ആഹാരത്തിനാവശ്യമുള്ളതില്‍ കൂടുതല്‍ ഭിക്ഷയായി സ്വീകരിച്ചുകൂടാ. ആദ്യം ബന്ധുക്കളുടെ ഭവനങ്ങളിലാണ് ഭിക്ഷയ്ക്കു പോകേണ്ടത്; ഗുരുവിന്റെ ബന്ധുവീടുകളില്‍ പോകുന്നതു വിലക്കിയിരുന്നു. യാചിച്ചുകൊണ്ടുവരുന്ന വിശിഷ്ടഭോജ്യങ്ങള്‍ ആദ്യം ഗുരുവിന് നിവേദിക്കണം; പിന്നെയേ സ്വയം ഭക്ഷിക്കാവൂ. പൂജോപകരണങ്ങള്‍ ഒരുക്കുക. ദര്‍ഭയും ചമതയും വിറകും ശേഖരിക്കുക, പശുക്കളെ തീറ്റുക, ചാണകം വാരുക, കൃഷിചെയ്യാന്‍ സഹായിക്കുക തുടങ്ങിയ ക്ലേശകരമായ ജോലികള്‍ പോലും സന്തോഷത്തോടെ ബ്രഹ്മചാരികള്‍ നിര്‍വഹിച്ചിരുന്നു. അനുസരണശീലം, വിനയം, ഗുരുഭക്തി, ഈശ്വരവിശ്വാസം, മതനിഷ്ഠ, സേവനസന്നദ്ധത, കൃത്യനിഷ്ഠ, സത്യസന്ധത, സമസൃഷ്ടിസ്നേഹം, ദീനാനുകമ്പ, പരോപകാരതത്പരത തുടങ്ങിയ വിശിഷ്ടഗുണങ്ങള്‍കൊണ്ടു തിളങ്ങുന്ന വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാന്‍ ഈ പഠനസമ്പ്രദായത്തിനു കഴിഞ്ഞിരുന്നു.

ഇന്നത്തെപ്പോലെ അന്നും വിദ്യാഭ്യാസവര്‍ഷത്തെ പല ഘട്ടങ്ങളായി (terms) തിരിച്ചിരുന്നു. ഓരോ ഘട്ടവും ഉപാകര്‍മം എന്ന ചടങ്ങോടെ ആരംഭിക്കുകയും ഉത്സര്‍ജനം എന്ന ചടങ്ങോടെ അവസാനിക്കുകയും ചെയ്തിരുന്നു. രാജാവിന് ഒരു പുത്രന്‍ ജനിച്ചാല്‍ മൂന്നു ദിവസം അവധി ഉണ്ട്. വെളുത്തവാവും കറുത്തവാവും ചതുര്‍ദശിയും അവധിദിനങ്ങളായിരിക്കും. പശുവോ പൂച്ചയോ ഗുരുശിഷ്യന്മാരുടെ ഇടയിലൂടെ കടന്നുപോകുന്നതു ശുഭോദര്‍ക്കമല്ല. അന്നു പിന്നെ പഠിച്ചുകൂടാ (മ.IV, 126). പട്ടിയോ കുറുക്കനോ കഴുതയോ ഒട്ടകമോ ഓരിയിടുകയാണെങ്കില്‍ പഠനം നിര്‍ത്തിവയ്ക്കാനുള്ള അശുഭ സൂചനയായി കരുതും (മ. IV, 115). ഇടിയും മിന്നലും ഉണ്ടായാലും വേദപഠനം നിര്‍ത്തിക്കൊള്ളേണ്ടതാണ് (മ. IV,106). എന്നാല്‍ അവധിദിവസങ്ങളില്‍ വേദമൊഴിച്ചുള്ള വിഷയങ്ങള്‍ പഠിക്കുന്നതില്‍ വിലക്കൊന്നും കല്പിക്കപ്പെട്ടിരുന്നില്ല.

അന്നത്തെ പാഠ്യവിഷയങ്ങളെപ്പറ്റി സ്മൃതിഗ്രന്ഥങ്ങളില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. വേദങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, ശിക്ഷകല്പം, വ്യാകരണം, ഛന്ദസ്സ്, ജ്യോതിഷം, നിരുക്തം എന്നീ ആറു വേദാംഗങ്ങള്‍; ധര്‍മശാസ്ത്രങ്ങള്‍, പുരാണങ്ങള്‍, ഷഡ്ദര്‍ശനങ്ങള്‍, ആന്വീക്ഷികി (തത്ത്വചിന്ത), വാര്‍ത്ത (ധനതത്ത്വശാസ്ത്രം), ദണ്ഡനീതി (രാഷ്ട്രതന്ത്രം) തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. കുട്ടികള്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നു ദേഹശുദ്ധിവരുത്തിയശേഷം യോഗസാധനകളിലും ഈശ്വരഭജനത്തിലും മുഴുകണം; അതുകഴിഞ്ഞ് പഠനത്തിലും. ജാതിഭേദമനുസരിച്ച് വസ്ത്രം, യജ്ഞസൂത്രം, ദണ്ഡം എന്നിവ ധരിക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ നടപടിക്രമങ്ങളാണുള്ളത്. ബ്രാഹ്മണ വിദ്യാര്‍ഥി കാല്‍ മുതല്‍ തലമുടിവരെ നീളമുള്ള വടി ധരിക്കണം; ക്ഷത്രിയന്‍ നെറ്റിവരെ മാത്രം നീളമുള്ളത്. വൈശ്യന്‍ മൂക്കുവരെ മാത്രം നീളമുള്ളത് (മ. II, 46). മാനവഗൃഹ്യസൂത്രകാരന്റെ അഭിപ്രായത്തില്‍ ആത്മീയമായ യാത്രയ്ക്കുള്ള തുണ എന്ന മട്ടിലാണ് ഈ ദണ്ഡസ്വീകരണം. കാട്ടില്‍ കഴിയാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ക്ക് ഭൌതികമായും ഈ ആയുധം ഉപയോഗപ്രദമത്രെ.

ആഹാരം ഒരു ഭോഗസാധനമല്ലെന്നും മറിച്ച് ശാരീരികമായ ഒരാവശ്യം മാത്രമാണെന്നും മനു അനുശാസിക്കുന്നു (മ. II,54). യാചിച്ചു കൊണ്ടുവരുന്ന ആഹാരത്തെ കുറ്റം പറയുന്നത് ഒരു കുറ്റമാണ്. സന്തോഷത്തോടും സംതൃപ്തിയോടും അതാഹരിച്ചാല്‍ ആരോഗ്യവും ദീര്‍ഘായുസ്സുമുണ്ടാകും. രണ്ടു നേരമേ ആഹാരം കഴിക്കാവൂ. അതു സസ്യാഹാരം മാത്രം. അമിതാഹാരം രോഗത്തിലേക്കും അല്പായുസ്സിലേക്കും നയിക്കും. (മ. II, 57). കട്ടിലിലുള്ള സുഖശയനം ബ്രഹ്മചാരിക്കു വിധിച്ചിട്ടില്ല. തനിച്ച് താഴെയേ കിടക്കാവൂ. ഉറങ്ങുന്ന ബ്രഹ്മചാരിയെ അസ്തമയസൂര്യന്‍ കണ്ടാല്‍ അതു പാപകരമത്രെ. ബ്രഹ്മചര്യം നിഷ്ഠയോടുകൂടിത്തന്നെ അനുഷ്ഠിക്കണം എന്നതു നിര്‍ബന്ധമായിരുന്നു (മ. II, 181). ഗുരുപത്നി അനതീതയൌവനയാണെങ്കില്‍ ആചാരപ്രകാരം വന്ദിക്കുന്ന അവസരത്തില്‍ അവളുടെ പാദസ്പര്‍ശനം ഒഴിവാക്കണം. കൂടെ പഠിക്കുന്ന പെണ്‍കുട്ടികളോട് സ്വതന്ത്രമായി ഇടപെടുന്നതിനെ ചാണക്യന്‍ വിലക്കിയിട്ടുണ്ട് (ചാണക്യസൂത്രം 374). മത്സ്യമാംസാദികള്‍ മാത്രമല്ല തേന്‍, മധുരപദാര്‍ഥങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവപോലും ബ്രഹ്മചാരികള്‍ക്കു വര്‍ജ്യമാണ്. ആഭരണങ്ങള്‍ അണിയരുത്; പൂമാലയും മറ്റു ആഡംബരവസ്തുക്കളും ഉപേക്ഷിക്കണം. യാതൊരു കാരണവശാലും ജന്തുക്കളെ കൊല്ലുകയോ മുറിവേല്പിക്കയോ ചെയ്യരുത്. ആരോടും വഴക്കിടരുത്. കാമക്രോധലോഭമോഹങ്ങള്‍ക്ക് അധീനരാകരുത്. നൃത്തം, പാട്ട്, ചൂതുകളി എന്നിവയില്‍ ഏര്‍പ്പെടരുത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ അഷ്ടാംഗയോഗസാധനങ്ങളുടെ അനുശീലനം അനുപേഷണീയമാണ്. ചുരുക്കത്തില്‍ ലളിതജീവിതവും ഉയര്‍ന്ന ചിന്തയുമായിരുന്നു ഗുരുകുല വിദ്യാര്‍ഥികളുടെ ജീവിതാദര്‍ശം.

ശിഷ്യന്മാരെ ശിക്ഷിക്കാന്‍ ഗുരുവിന് പൂര്‍ണമായ അധികാരം ഉണ്ടായിരുന്നു. ശിഷ്യന്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ ശിക്ഷിക്കപ്പെടേണ്ടവന്‍ എന്നാണ്. പില്ക്കാലത്തു ശിക്ഷ എന്ന വാക്ക് വിദ്യാഭ്യാസത്തിന്റെ പര്യായമായി. ഗുരുകുലങ്ങളില്‍ അധ്യാപനം നിര്‍വഹിക്കാനുള്ള ചുമതല ബ്രാഹ്മണര്‍ക്കു മാത്രമായിരുന്നു. പ്രതിഫലം വാങ്ങി പഠിപ്പിക്കുന്നത് അന്ന് ഒരു പോരായ്മയായി കരുതപ്പെട്ടിരുന്നു. പ്രതിഫലം വാങ്ങി വിജ്ഞാനം നല്കുന്നവരെ ഉപാധ്യായന്മാരെന്നാണ് വിളിച്ചിരുന്നത്. അര്‍പ്പണമനോഭാവത്തോടെ നിഷ്കാമമായി അധ്യാപനം നിര്‍വഹിക്കുന്നവര്‍ മാത്രമേ ആചാര്യന്‍ എന്ന ബഹുമാന്യ പദവിക്ക് അര്‍ഹരായിരുന്നുള്ളൂ.

വിദ്യാഭ്യാസം കഴിയുന്നതു സമാവര്‍ത്തനം എന്ന ചടങ്ങോടെ ആയിരുന്നു. വ്രതാനുഷ്ഠാനത്തോടെയുള്ള സ്നാനം കഴിഞ്ഞാല്‍ അഭ്യസ്തവിദ്യര്‍ സ്നാതകര്‍ (കുളിച്ചു കയറിയവര്‍) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആ മംഗളകര്‍മം കഴിയുമ്പോള്‍ ഒരു ദീക്ഷാന്ത പ്രഭാഷണമുണ്ടാകും. അതിന്റെ ഒരു മാതൃക തൈത്തിരിയോപനിഷത്തിലുണ്ട് (ശിക്ഷാധ്യായം ഒന്നാംവല്ലിഃ പതിനൊന്നാം അനുവാക്യം). 'സത്യം പറയണം' എന്നാരംഭിച്ച് 'വേദാധ്യായനവും അര്‍ഥപ്രവചനവും മുടക്കരുത്' എന്നവസാനിക്കുന്ന ഈ ഭാഗം സന്മാര്‍ഗനിരതമായ ഒരു പൂര്‍ണ ജീവിതം നയിക്കാന്‍ വിദ്യാര്‍ഥികള്‍ക്കു പ്രചോദനമരുളുന്നു. പഠനം കഴിയുന്നതോടെ അവനവന്റെ കഴിവിനനുസരിച്ച് എന്തെങ്കിലും ഗുരുദക്ഷിണ നല്കുകയും വേണം. ചില ഗുരുനാഥന്മാര്‍ ദക്ഷിണയായി എന്താണ് പ്രതീക്ഷിക്കുന്നതെന്നു കഴിവുള്ള ശിഷ്യന്മാരോടു പറയാറുമുണ്ട്. എന്തായാലും ഗുരുകുലവാസം അവസാനിക്കുമ്പോഴേ ദക്ഷിണ സ്വീകരിക്കാവൂ; അല്ലെങ്കില്‍ പ്രതിഫലം പറ്റി പഠിപ്പിച്ചതിന്റെ പാപം ഗുരുവിനുണ്ടാകും എന്നു യാജ്ഞവല്ക്യസ്മൃതിയില്‍ പറയുന്നുണ്ട്. (യാ. III, 236).

(ഡോ. മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍