This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗസല്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൗസല്യ

ഒരു പുരാണകഥാപാത്രം. ഉത്തരകോസലത്തിലെ രാജാവായ ഭാനുമാന്റെ പുത്രിയായ കൗസല്യ. ഇക്ഷ്വാകുവംശരാജാവായ ദശരഥന്റെ പ്രഥമ പത്നിയും ശ്രീരാമന്റെ മാതാവുമാണ്.

കൗസല്യയില്‍ ദശരഥന് ശാന്ത എന്ന പുത്രി ജനിച്ചു. അതിനുശേഷം വളരെക്കാലം ദശരഥന് സന്താനഭാഗ്യമുണ്ടായില്ല. പുത്രലാഭത്തിനായി രാജാവ് കൈകേയിയെ ദ്വിതീയ പത്നിയായി വരിച്ചെങ്കിലും ഫലം സിദ്ധിക്കാത്തതിനാല്‍ നിരാശനായിത്തീര്‍ന്ന രാജാവ് മൂന്നാമത് സുമിത്രയെക്കൂടി പരിണയിച്ചു. എന്നിട്ടും പുത്രഭാഗ്യം ലഭിച്ചില്ല. പുണ്യകര്‍മങ്ങള്‍ പലതും ചെയ്തു നോക്കി. ഒടുവില്‍ പുത്രകാമേഷ്ടിയാഗം നടത്തിയതിന്റെ ഫലമായി കൗസല്യയില്‍ ശ്രീരാമനും കൈകേയിയില്‍ ഭരതനും സുമിത്രയില്‍ ലക്ഷ്മണ-ശത്രുഘ്നന്മാരും ജനിച്ചു.

ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ ദശരഥന്‍ തീരുമാനിച്ചപ്പോള്‍ കൗസല്യയുടെ ഹൃദയം അഭിമാനപൂരിതമായി. പക്ഷേ, ആഹ്ളാദം അധികനേരം നീണ്ടു നിന്നില്ല. കൈകേയിയുടെ ദുശ്ശാഠ്യത്തിനു വഴങ്ങി രാജാവ് രാമനെ വനവാസത്തിനു നിയോഗിച്ചു. കൗസല്യയ്ക്ക് രാമനോടുള്ള സ്നേഹവും വാത്സല്യവും അളവറ്റതായിരുന്നു. പരമസാധ്വിയായ കൗസല്യ ദുസ്സഹമായ പുത്രവിയോഗം ഏറെക്കാലം അനുഭവിക്കുകയുണ്ടായി.

2. കാശിരാജാവിന്റെ പത്നി. ഈ രാജ്ഞിയുടെ പുത്രിമാരായിരുന്നു അംബ, അംബിക, അബാലിക എന്നീ രാജകുമാരികള്‍. ഇവരില്‍ അംബാലികയെയും കൗസല്യ എന്നു വിളിച്ചിരുന്നു. പുത്രനായ പാണ്ഡു മരിച്ചതിനുശേഷം ഇവര്‍ സഹോദരിയായ അംബികയോടൊത്ത് വനവാസത്തിനു പോയി.

(മ.ഭാ.ആദിപര്‍വം, അ. 129)

3. യയാതിയുടെ മകനായ പൂരുവിന്റെ ഭാര്യ. പൂരുവിന് കൗസല്യയില്‍ ജനിച്ച മകനത്രേ ജനമേജയന്‍.

(മ.ഭാ.ആദിപര്‍വം, അ. 95, സ്ലോ.11)

4. മിഥിലരാജാവായ ജനകന്റെ പത്നി. ഒരിക്കല്‍ ജനകന്‍ കൊട്ടാരം ഉപേക്ഷിച്ച് ഭിക്ഷാടനത്തിനൊരുങ്ങിയപ്പോള്‍ ബുദ്ധിമതിയായ കൗസല്യ അതില്‍ നിന്നു രാജാവിനെ പിന്തിരിപ്പിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%97%E0%B4%B8%E0%B4%B2%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍