This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വേക്കര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വേക്കര്‍

Quaker

ജോര്‍ജ് ഫോക്സ് ഇംഗ്ലണ്ടില്‍ സ്ഥാപിച്ച സൊസൈറ്റി ഒഫ് ഫ്രണ്ട്സ് അഥവാ ഫ്രണ്ട്സ് ചര്‍ച്ച് എന്ന ക്രൈസ്തവമത സമിതിയിലെ അംഗം. ദൈവവചനം കേള്‍ക്കുമ്പോള്‍ ഇതിലെ അംഗങ്ങള്‍ വിറച്ചിരുന്നതു (quake)കൊണ്ടാണ് ഇവര്‍ക്ക് 'ക്വേക്കര്‍' (quaker) എന്ന പേര്‍ സിദ്ധിച്ചത്. ദൈവവചനങ്ങളിലുള്ള അമിതമായ ആവേശം കൊണ്ടോ ജോര്‍ജ് ഫോക്സിന്റെ ഉപദേശംകൊണ്ടോ ആകാം ഇവര്‍ ഇങ്ങനെ പെരുമാറിയിരുന്നത് എന്നു കരുതപ്പെടുന്നു. ജനസേവനവും സര്‍വസാഹോദര്യവും ലളിതജീവിതവും വിഭാവന ചെയ്ത് എല്ലാവിധ യുദ്ധങ്ങള്‍ക്കും എതിരായി നിലകൊണ്ട ഈ സംഘടന 1652-ല്‍ നിലവില്‍വന്നു. 17-ാം ശതകത്തില്‍ ചര്‍ച്ചിന്റെ അധികാരങ്ങളില്‍ ഭരണാധികാരികള്‍ അമിതമായ സ്വാധീനം ചെലുത്തുകയും, ചര്‍ച്ച് റോമന്‍ കത്തോലിക്കാവിഭാഗത്തോടു ചായ്വ് പുലര്‍ത്തുന്ന തത്ത്വസംഹിതകള്‍ക്കും ആരാധനാക്രമങ്ങള്‍ക്കും പ്രാധാന്യം കല്പിക്കുകയും ചെയ്തു. ഇതു യൂറോപ്പില്‍ പ്രത്യേക ക്രൈസ്തവ വിഭാഗങ്ങളുടെ രൂപീകരണത്തിനു കാരണമായി. അവയില്‍ ഒന്നാണ് സൊസൈറ്റി ഒഫ് ഫ്രണ്ട്സ്.

'ദൈവം എല്ലാ മനുഷ്യരിലും കുടികൊള്ളുന്നു' എന്ന സിദ്ധാന്തമാണ് ജോര്‍ജ്ഫോക്സ് പ്രചരിപ്പിച്ച മതത്തിന്റെ അടിസ്ഥാനപ്രമാണം. വ്യക്തിയില്‍ കുടികൊള്ളുന്ന ഈ ദിവ്യശക്തിയെ അഥവാ ദിവ്യപ്രകാശത്തെ അയാള്‍ അനുധാവനം ചെയ്താല്‍ അയാള്‍ക്കു യഥാര്‍ഥ വിശ്വാസം എന്താണെന്നും ശരിയായ പെരുമാറ്റം ഏതാണെന്നും മനസ്സിലാക്കുവാന്‍ കഴിയും. അതിന് പ്രത്യേക ആചാര്യന്റെ ആവശ്യമില്ല. ഫോക്സിനു വളരെവേഗം ധാരാളം അനുയായികള്‍ ഉണ്ടായി. 'പ്രകാശത്തിന്റെ സന്തതികള്‍' (Children of light), 'സത്യത്തിന്റെ പ്രസാധകര്‍' (Publishers of Truth) എന്നീ പേരുകളിലാണ് ഇവര്‍ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്; പില്ക്കാലത്ത് ഈ സംഘടന 'റിലിജ്യസ് സൊസൈറ്റി ഒഫ് ഫ്രണ്ട്സ്' എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി.

ഈ പ്രസ്ഥാനത്തിലെ ആദ്യകാല പ്രവര്‍ത്തകര്‍ തികഞ്ഞ വിപ്ലവമനോഭാവക്കാരായിരുന്നു. അനധികൃതയോഗങ്ങള്‍ ചേര്‍ന്ന് പള്ളികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കുക, ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുക എന്നിവയൊക്കെ ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. പള്ളിവരി കൊടുക്കാന്‍ വിസമ്മതിച്ച ഇവര്‍ പ്രതിജ്ഞയെടുക്കാനും കൂട്ടാക്കിയില്ല. വേദപുസ്തകത്തില്‍ പ്രതിജ്ഞയെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ഒരാള്‍ എപ്പോഴും സത്യം പറയുകയാണെങ്കില്‍ ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ സത്യം പറയാമെന്ന പ്രതിജ്ഞ എടുക്കുന്നത് അനാവശ്യമാണെന്നും ഇവര്‍ വാദിച്ചു. ആരുടെയും മുന്നില്‍, രാജാവിന്റടുത്തുപോലും, ബഹുമാനസൂചകമായി തൊപ്പി ഊരിമാറ്റാന്‍ ഇവര്‍ തയ്യാറല്ലായിരുന്നു. സാധാരണ ജോലിക്കാരന്റേതുപോലുള്ള യൂണിഫാം ധരിച്ചിരുന്ന ഇവര്‍ സംസാരത്തിലും സാധാരണത്വം പുലര്‍ത്തി. ചര്‍ച്ച് അധികാരികള്‍ നടപ്പാക്കിയിരുന്ന അനാവശ്യമായ ആചാരങ്ങള്‍ക്ക് ഒരു തിരിച്ചടി എന്ന നിലയിലാണ് ഇത്തരം ഒരു സമീപനം ഇവര്‍ സ്വീകരിച്ചിരുന്നത്.

ഇംഗ്ലണ്ടിലെ ചര്‍ച്ച് അധികൃതരില്‍നിന്നും ക്രൈസ്തവ നവോത്ഥാന പ്രസ്ഥാനക്കാരില്‍ നിന്നും ഇവര്‍ക്കു ക്രൂരമായ പീഡനം അനുഭവിക്കേണ്ടിവന്നു. വളരെയധികം പേരെ ജയിലില്‍ അടച്ചു. നിരവധിപേര്‍ക്കു പിഴശിക്ഷ നല്കി. എന്നിട്ടും ഇതിലൊന്നും അധീരരാകാതെ ഈ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ ചര്‍ച്ച് അധികൃതരുമായി പടപൊരുതുകതന്നെ ചെയ്തു. പ്രസ്ഥാനത്തിലെ മുതിര്‍ന്ന അംഗങ്ങളെല്ലാം ജയിലുകള്‍ക്കുള്ളിലാകുമ്പോള്‍ കുട്ടികള്‍ യോഗംചേര്‍ന്ന് പ്രസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടിരുന്നു. 1656-ല്‍ പതിനായിരത്തോളം പേര്‍ ജയിലില്‍ ഉണ്ടായിരുന്നതായി ജോര്‍ജ് ഫോക്സ് കണക്കാക്കിയിരുന്നു.

യു.എസ്സില്‍ എത്തിയ ഈ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ക്കും കടുത്ത പീഡനങ്ങള്‍തന്നെയായിരുന്നു അനുഭവം. ഇവര്‍ക്കെതിരായി കര്‍ശന നിയമങ്ങള്‍ തന്നെ ആവിഷ്കരിച്ചിരുന്നു. 1656-ല്‍ ആദ്യമായി യു.എസ്സില്‍ എത്തിയ ആന്‍ ആസ്റ്റിനെയും മേരീ ഫിഷറെയും ജയിലില്‍ അടയ്ക്കുകയും പിന്നീട് തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനുശേഷം എത്തിയവരെ നഗരങ്ങളില്‍ നിന്നു നഗരങ്ങളിലേക്കു ചാട്ടവാര്‍കൊണ്ടടിടച്ച് ഓടിച്ചു; മേരി ഡയര്‍ എന്ന സ്ത്രീ ഉള്‍പ്പെടെ നാലുപേരെ തൂക്കിക്കൊല്ലുകയും ചെയ്തു. ഈ പ്രസ്ഥാനക്കാരില്‍ നല്ലൊരു വിഭാഗം റോഡ്ദ്വീപില്‍ (Rhode Island) അഭയം തേടിയിരുന്നു. റോജര്‍ വില്യംസ് അവിടെ സ്ഥാപിച്ചിരുന്ന കോളനിയില്‍ പൂര്‍ണ മതസ്വാതന്ത്ര്യം ഉണ്ടായിരുന്നു. യൂറോപ്പില്‍ ബ്രിട്ടനിലും ഏഷ്യയില്‍ തായ്വാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലുമാണ് ഏറ്റവുമധികം ക്വേക്കര്‍ അംഗങ്ങളുള്ളത്. ക്വേക്കര്‍ അംഗങ്ങള്‍ നിലവില്‍ ഇവാഞ്ജലിക്കല്‍, ഹോളിനസ്, ലിബറല്‍, പരമ്പരാഗത ക്വേക്കര്‍ എന്നിങ്ങനെ ക്രിസ്തുമതത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ക്കു കീഴില്‍ വിവിധ വിഭാഗങ്ങളായി വേര്‍തിരിഞ്ഞിട്ടുണ്ട്. 20-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ക്രിസ്റ്റ്യന്‍ എത്തീസ്റ്റ് എന്ന പേരില്‍ ഒരു ചെറിയ വിഭാഗവും രൂപംകൊള്ളുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍