This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വെറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വെറ്റ

Quetta or Kwatah

പാകിസ്താന്‍ പ്രവിശ്യയായ ബലൂചിസ്താന്റെ തലസ്ഥാനനഗരം. 'കോട്ട' എന്നര്‍ഥംവരുന്ന ക്വാറ്റ്കോട്ട (Kwatkot) എന്ന പാഷ്തോ വാക്കില്‍നിന്നാണ് ഈ പേരിന്റെ ഉദ്ഭവം. നഗരത്തിന്റെ പുരാതന നാമമായിരുന്ന 'ഷാല്‍' അഥവാ 'ഷാല്‍കോട്ട്' തന്നെയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. കറാച്ചിയില്‍ നിന്ന് 608 കി.മീ. വടക്കുപടിഞ്ഞാറായി ഇതു സ്ഥിതി ചെയ്യുന്നു. ബോളാന്‍ ചുരത്തിലൂടെ അഫ്ഗാനിസ്താനിലേക്കും ഇറാനിലേക്കും കടക്കുന്നതിനുള്ള രാജപാതയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ തന്ത്രപ്രധാനമായ ഒരു സ്ഥാനമാണ് ഈ നഗരത്തിനുള്ളത്. ജനസംഖ്യ: 20,76,941 (2012).

സമുദ്രനിരപ്പില്‍നിന്ന് 1680 മീ. ഉയരത്തില്‍ ഒരു മോതിരംപോലെ ചുറ്റിനും പര്‍വതങ്ങള്‍ കാണപ്പെടുന്ന ക്വെറ്റാനഗരത്തില്‍ ഭൂചലനങ്ങള്‍ സാധാരണമാണ്. 1935-ലും 55-ലും ഇവിടെയുണ്ടായ ഭൂകമ്പദുരന്തങ്ങള്‍ വമ്പിച്ചതായിരുന്നു. 1935-ലെ ഭൂകമ്പത്തില്‍ ധാരാളംപേര്‍ മരിക്കുകയും നഗരംതന്നെ ഭാഗികമായി തകര്‍ന്നുപോകുകയും ചെയ്തു. ക്വെറ്റയില്‍ വേനല്‍ക്കാല താപനില പകല്‍ 29oC മുതല്‍ 35oC വരെയാണ്. എന്നാല്‍ രാത്രികള്‍ താരതമ്യേന തണുത്തവയാകുന്നു. ശൈത്യകാലതാപനില മിക്കവാറും 0oC-ലും താഴെയായിരിക്കും. 180-200 മില്ലിമീറ്റര്‍. ആണ് വാര്‍ഷിക മഴയുടെ ശരാശരി തോത്.

ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ സമൃദ്ധമായുത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും, തോല്‍, കമ്പിളി എന്നിവയും വിറ്റഴിക്കാനുള്ള പ്രധാന വാണിജ്യകേന്ദ്രമായ ക്വെറ്റ ബലൂചിസ്താന്റെ 'പഴത്തോട്ടം' എന്നും അറിയപ്പെടുന്നു. കല്‍ക്കരി ഖനികളും ഇവിടെ അങ്ങിങ്ങായുണ്ട്. കമ്പിളി, കമ്പിളിയുടുപ്പുകള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്നു. തുണിത്തരങ്ങള്‍, പരവതാനികള്‍, ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം ഇവിടത്തെ കുടില്‍വ്യവസായമാണ്. പാകിസ്താനിലെ മറ്റു നഗരങ്ങളുമായും അഫ്ഗാനിസ്താന്‍, ഇറാന്‍ എന്നിവിടങ്ങളുമായും ക്വെറ്റയെ റെയില്‍മാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു. രാജ്യത്തെ ഇതരഭാഗങ്ങളിലേക്ക് ഇവിടെനിന്നും വ്യോമഗതാഗതമുണ്ട്.

കലാട്ട് മേഖലയിലെ ആദ്യത്തെ ബ്രിട്ടീഷ് റസിഡന്റായ സര്‍ റോബര്‍ട്ട് സാന്‍ഡ്മാന്‍ തന്റെ ആസ്ഥാനമാക്കാനായി 1876-ല്‍ ക്വെറ്റ തെരഞ്ഞെടുത്തതോടെയാണ് ഈ നഗരം ശ്രദ്ധേയമായത്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ക്വെറ്റ ഒരു ശക്തിദുര്‍ഗമായി വളര്‍ന്നു. ഒപ്പം ബലൂചിസ്താന്റെ മേലുള്ള ബ്രിട്ടന്റെ പിടി മുറുകുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ 1905-ല്‍ സ്ഥാപിച്ച മിലിട്ടറി സ്റ്റാഫ് കോളജ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വളരെ വലുപ്പമേറിയ ഒരു പട്ടാളകേന്ദ്രവും ഇവിടെയുണ്ട്. ഒരു ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജിയോളജിക്കല്‍ സര്‍വേ ഒഫ് പാകിസ്താന്‍, ബലൂചിസ്താന്‍ യൂണിവേഴ്സിറ്റി ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബോലന്‍ മെഡിക്കല്‍ കോളജ്, സാന്‍ഡ്മാന്‍ ലൈബ്രറി, പെഷവാര്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള രണ്ടു ഗവണ്‍മെന്റ് കോളജുകള്‍ എന്നിവ നഗരത്തിലെ പ്രധാനകേന്ദ്രങ്ങളാകുന്നു. ഒരു വേനല്‍ക്കാലവിശ്രമകേന്ദ്രമെന്ന നിലയിലും ക്വെറ്റ ഇന്ന് പ്രശസ്തമാണ്. പുഷ്തൂണ്‍കള്‍ ആണ് ഇവിടത്തെ ഭൂരിപക്ഷ സമുദായം.

1,37,567 ച.കി.മീ. വിസ്തീര്‍ണമുള്ള ക്വെറ്റാ ഡിവിഷന്‍ 1955-ലാണ് രൂപംകൊണ്ടത്. ക്വെറ്റാ-പിഷീന്‍, സോബ്, ലോറാലായ്, സിബി, ഛാഗായ് എന്നീ ജില്ലകള്‍ ഉള്‍ക്കൊണ്ടതാണ് ഈ ഡിവിഷന്‍. സോബ് നദിയും പിഷീന്‍ ലോറാനദിയുമാണ് ഇവിടത്തെ പ്രധാന നദികള്‍. ഉയര്‍ന്ന സ്ഥലങ്ങളില്‍ അരുവികളും ഉറവകളുമാണ് പ്രധാന ജലസങ്കേതങ്ങള്‍. ജലസേചനത്തിനായി ഭൂഗര്‍ഭചാനലുകളും (Karezes) ഉപയോഗിക്കുന്നു. ഗോതമ്പും ചോളവുമാണ് പ്രധാന കൃഷിധാന്യങ്ങള്‍. ഉരുളക്കിഴങ്ങുകൃഷി അടുത്ത കാലത്തായി ഇവിടെ വര്‍ധിച്ചുവരുന്നു. ക്രോമൈറ്റ്, സള്‍ഫര്‍, മാര്‍ബിള്‍, ജിപ്സം എന്നിവയുടെ ശേഖരങ്ങള്‍ ഇവിടെ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. 225-ലധികം സസ്യജന്തുജാലങ്ങളെ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. ഹന്നാ തടാകം, ഹസര്‍ജംങ്ഗി ചില്‍ടന്‍ ദേശീയോദ്യാനം, ക്വെറ്റ ജിയോളജിക്കല്‍ മ്യൂസിയം, ക്വെറ്റ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം എന്നിവയാണ് പ്രദേശത്തെ പ്രധാന പൊതുജനസന്ദര്‍ശനകേന്ദ്രങ്ങള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B5%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍