This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വിബക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വിബക്

കാനഡയിലെ 10 പ്രവിശ്യകളില്‍ ഏറ്റവും പഴക്കമുള്ളതും വലുപ്പമേറിയതുമായ പ്രവിശ്യ. ക്വിബക് പ്രവിശ്യയുടെ ആകെ വിസ്തൃതി 16,67,926 ച.കി.മീ. ആണ്. ഇതില്‍ 13,15,134 ച.കി.മീ. കരയും ബാക്കിയുള്ള 3,52,792 ച.കി.മീ. ജലവുമാകുന്നു. മൊത്തം വിസ്തൃതിയില്‍ 9,11,106 ച.കി.മീ. 1912-ല്‍ ക്വിബക്കിനോടു കൂട്ടിച്ചേര്‍ത്ത ഉങ്ഗാവാ ടെറിറ്ററിയുടേതാണ്. ജനസംഖ്യ: 79,03,001 (2011).

ഫ്രഞ്ച് -ഇംഗ്ലീഷ് പൈതൃകങ്ങളുടെ സമഞ്ജസമായ ഒത്തുചേരലില്‍ നിന്നുരുത്തിരിഞ്ഞ ഒരു വ്യതിരിക്തസംസ്കാരത്തിനുടമയാണ് സമ്പന്നദേശമായ ക്വിബക്. കാനഡയുടെ മൊത്തം പ്രതിശീര്‍ഷോത്പാദനത്തിന്റെ നാലിലൊന്ന്, പ്രകൃതിവിഭവസമൃദ്ധമായ ക്വിബക്കില്‍ നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ ഇവിടത്തെ നൈസര്‍ഗികവിഭവങ്ങള്‍ പലതും ഇന്നു പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടില്ല.

വടക്കേ അമേരിക്കയില്‍ ഫ്രഞ്ച് സവിശേഷതകള്‍ ശക്തമായി പ്രതിഫലിക്കുന്ന ഏക പ്രവിശ്യയാണ് ക്വിബക്. 'നദി ഇറുകുന്നയിടം' (where the river narrows) എന്നര്‍ഥം വരുന്ന ഒരു ആല്‍ഗാങ്കിയന്‍-ഇന്ത്യന്‍ വാക്കില്‍ നിന്നാണ് 'ക്വിബക്' എന്ന പേരിന്റെ നിഷ്പത്തി. സാമുവല്‍ ദ ഷാംപ്ലാങ് 1608-ല്‍ സെന്റ് ലോറന്‍സ് നദി വീതി കുറയുന്നിടത്ത് സ്ഥാപിച്ചതാണ് ക്വിബക് നഗരം. ചുറ്റും കോട്ട കെട്ടി സുരക്ഷിതമാക്കിയിട്ടുള്ള ഈ പുരാതനനഗരം ഗതകാലസ്മരണകളും പ്രൗഢിയും കാത്തുസൂക്ഷിക്കുന്ന പല അവശിഷ്ടങ്ങളുടെയും രക്ഷാസ്ഥാനമാണ്. പ്രവിശ്യാതലസ്ഥാനവും ഇതുതന്നെ. ആദ്യകാല കുടിയേറ്റക്കാരുടെയും സാഹസിക-സഞ്ചാരികളുടെയും രാജവീഥിയായിരുന്നു സെന്റ് ലോറന്‍സ് നദി. അത് ലാന്തിക് സമുദ്രത്തില്‍നിന്ന് വന്‍കരയുടെ ഉള്‍ഭാഗത്തുവരെയും അവരെ ഈ നദി കൊണ്ടെത്തിച്ചിരുന്നു.

ക്വിബക് നഗരം

മിതോഷ്ണമേഖലയിലെ കാലാവസ്ഥയാണ് പ്രവിശ്യയുടെ തെക്കന്‍ഭാഗങ്ങളില്‍ പൊതുവേയുള്ളത്. എന്നാല്‍ വടക്കോട്ടു ചെല്ലുന്തോറും തണുപ്പു കൂടിവരുന്നതായി കാണാം. അതിശൈത്യമുള്ള ശിശിരകാലത്ത് ഗണ്യമായതോതില്‍ മഞ്ഞുവീഴുന്നു. പക്ഷേ വേനല്‍ക്കാലമാകുന്നതോടെ സുഖകരമായ തരത്തില്‍ ചൂടനുഭവപ്പെടുന്ന കാലാവസ്ഥയാണുണ്ടാവുക. വര്‍ഷം മുഴുവന്‍ മഴ പെയ്യുന്നത് ഇവിടെ പതിവാണ്. വാര്‍ഷികവര്‍ഷപാതത്തോത്: 1008 മി.മീ.

സെന്റ് ലോറന്‍സ് നദിയുടെയും അതിന്റെ കൈവഴികളുടെയും തീരത്താണ് ജനവാസം കൂടുതലും കേന്ദ്രീകരിച്ചിട്ടുള്ളത്. സുപ്രധാന വ്യവസായങ്ങളും നദിക്കരകളില്‍ത്തന്നെ. പെട്രോളിയം സംസ്കരണം, പേപ്പര്‍, പള്‍പ്പ്, അയിരുസംസ്കരണം, ക്ഷീരോത്പന്നങ്ങള്‍, സ്ത്രീകളുടെ വസ്ത്രനിര്‍മാണം, തടി, ഇരുമ്പുരുക്ക്, പ്രിന്റിങ് തുടങ്ങിയവയാണ് പ്രധാനവ്യവസായങ്ങള്‍.

കാനഡയുടെ രാഷ്ട്രാന്തരവ്യാപനത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ലോറന്‍സ് നദിയിലൂടെ നിര്‍വഹിക്കപ്പെടുന്നു. നദിയുടെ വടക്കേക്കരയില്‍ നിന്നാണ് അലുമിനിയം-പേപ്പര്‍ വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്കൃത പദാര്‍ഥങ്ങള്‍ എത്തുന്നത്. താരതമ്യേന അടുത്തകാലത്തുമാത്രം വികസിച്ചിട്ടുള്ള വടക്കു-കിഴക്കന്‍ പ്രദേശങ്ങളിലാണ് ഇരുമ്പയിരിന്റെ കേന്ദ്രം. തെക്കന്‍ ക്വിബക്കില്‍ കൃഷിയാണ് മുഖ്യം. ആസ്ബസ്റ്റോസ് വ്യവസായവും പ്രാധാന്യം നേടിവരുന്നു. ഗാസ്പെ പെനിന്‍സുല ചെമ്പുനിക്ഷേപങ്ങളുടെ കേന്ദ്രമാണ്; ഗള്‍ഫ് ഒഫ് സെന്റ് ലോറന്‍സ് ആകട്ടെ മത്സ്യബന്ധനവ്യവസായകേന്ദ്രവും. അരശതാബ്ദം മുമ്പ് കൃഷിയും ഫോറസ്റ്റ്രിയുമായിരുന്നു ക്വിബക്കിലെ മുഖ്യ-ഉത്പാദനമാര്‍ഗങ്ങള്‍. 80 ശതമാനത്തിലേറെയായിരുന്നു ഇവയുടെ ഉത്പാദനത്തോത്. എന്നാല്‍ ഇന്നാകട്ടെ, ഇത് 10 ശതമാനത്തിലേറെയില്ല. 72 ശതമാനം ഭൂമിയും വനമാണ്. മൂന്നു ശതമാനം കൃഷിഭൂമിയും, 25 ശതമാനം നഗരഭൂമിയും പാഴ്പ്രദേശങ്ങളുമാകുന്നു. ആകെയുള്ള 7,64,279 ച.കി.മീ. വനങ്ങളില്‍ 5,56,044 ച.കി.മീ. ഉത്പാദനക്ഷമവനമായി കണക്കാക്കപ്പെട്ടിരിക്കുന്നു. കനേഡിയന്‍ പ്രവിശ്യകളില്‍ പള്‍പ്-വുഡ് ഉത്പാദനത്തില്‍ മുമ്പില്‍ നില്ക്കുന്നത് ക്വിബക് തന്നെ. മൊത്തം ഉത്പാദനത്തിന്റെ പകുതിയോളം ഇവിടെ നിര്‍മിക്കുന്നു.

ഉരുളക്കിഴങ്ങ്, പലതരം ധാന്യങ്ങള്‍, ഗോതമ്പ്, ബാര്‍ലി, ചോളം, ബക്ക്വീറ്റ്, ഓട്സ് എന്നിവയാണ് പ്രധാനവിളകള്‍. കാലിവളര്‍ത്തലിനും അപ്രധാനമല്ലാത്ത ഒരു സ്ഥാനമുണ്ട്. കോഡ്, മത്തി, 'റെഡ് ഫിഷ്', ലോബ്സ്റ്റര്‍, സാല്‍മണ്‍ എന്നിവയാണ് പ്രധാനമത്സ്യങ്ങള്‍. ജലസമ്പത്ത് സമൃദ്ധമായതിനാല്‍ മത്സ്യവ്യവസായവും അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നു.

ജലവൈദ്യുതോത്പാദനത്തിലും ക്വിബക്ക് മുന്നിലാണ്. 1987-ലെ ഉത്പാദനം 1,48,261 ഴംവ ആയിരുന്നു. കാനഡയിലെ മൊത്തം വൈദ്യുതിയുടെ 40 ശതമാനത്തോളം ഇവിടെനിന്നാണ്.

ഇരുമ്പ്, ചെമ്പ്, സ്വര്‍ണം, സിങ്ക് എന്നിവയുടെ വന്‍ശേഖരങ്ങള്‍ തന്നെ ക്വിബക്കിലുണ്ട്. ഇരുമ്പയിര് സംസ്കരണത്തിനായി കാനഡ, യു.എസ്., യൂറോപ്പ് എന്നിവിടങ്ങളിലേക്കു കയറ്റി അയയ്ക്കുന്നു. ആസ്ബസ്റ്റോസ്, ടൈറ്റേന്‍-ഡൈഓക്സൈഡ്, ഇന്‍ഡസ്ട്രിയല്‍ ലൈം, ഡോളമൈറ്റ്, ബ്രൂസൈറ്റ്, ക്വാര്‍ട്ട്സ്, പൈറൈറ്റ് എന്നിവയാണ് മുഖ്യ-ലോഹേതര മിനറലുകള്‍.

വൈരുധ്യങ്ങളുടെ നാടാണ് ക്വിബക്. ഉങ്ഗാവാ പെനിന്‍സുലയുടെ വടക്കേ അഗ്രത്തുനിന്നാരംഭിക്കുന്ന പ്രവിശ്യ 4,043 കി.മീ. തെക്കോട്ടുവന്ന് യു.എസ്സിന്റെ അതിര്‍ത്തിയില്‍ മുട്ടുന്നു. പടിഞ്ഞാറ് ഓന്ററീയോ മുതല്‍ കിഴക്ക് ന്യൂഫൌണ്ട്ലന്‍ഡിലെ ലാബ്രഡോര്‍ വന്‍കരവരെയുള്ള ദൂരം ഉദ്ദേശം 3,300 കി.മീ. ആണ്. ജെയിംസ് ബേ, ഹഡ്സണ്‍ ബേ, ഹഡ്സണ്‍ സ്റ്റ്രെയിറ്റ്, ഉങ്ഗാവ ബേ, ഗള്‍ഫ് ഒഫ് സെന്റ് ലോറന്‍സ് എന്നിവ സ്ഥിതിചെയ്യുന്ന കടല്‍ത്തീരം ഏതാണ്ട് 15,000 കി.മീ. വരും.

പഴമയും പുതുമയും തമ്മിലും, രണ്ടു വിരുദ്ധ സംസ്കാരങ്ങള്‍ തമ്മിലുമുള്ള വ്യതിരിക്തത ഇവിടെ ഏറെയുണ്ട്. അനേകം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഫ്രഞ്ച് സംസ്കാരം കൈവെടിയാന്‍ പ്രവിശ്യ ഒരുക്കമല്ല. ഒരു ദ്വിഭാഷാ പ്രവിശ്യയായ ക്വിബക്കില്‍ എല്ലാ ഔദ്യോഗികരേഖകളും ഫ്രഞ്ചിലും ഇംഗ്ലീഷിലും അച്ചടിച്ചിരിക്കുന്നു. മൊത്തം ജനസംഖ്യയില്‍ 10 ശതമാനം ബ്രിട്ടീഷ് പാരമ്പര്യമുള്ളവരാണ്; വേറൊരു 10 ശതമാനം യൂറോപ്യന്‍ വര്‍ഗത്തിന്റെ പിന്‍ഗാമികളും. 80 ശതമാനം വരുന്ന ഭൂരിഭാഗം ജനങ്ങളും ഫ്രഞ്ച് പൂര്‍വികരുടെ സന്തതിപരമ്പരകളാകുന്നു. പ്രവിശ്യയുടെ സ്ഥാപകര്‍ ഇവരായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകള്‍ ഭൂരിഭാഗമുള്ള കാനഡയിലെ ഈ പ്രവിശ്യയില്‍ ഫ്രഞ്ച് വംശജര്‍ ഫ്രഞ്ച് ഭാഷയും കത്തോലിക്കാ മതവിശ്വാസവും പ്രത്യേകം സ്കൂളുകളും ഫ്രഞ്ച്-സിവില്‍ നിയമങ്ങളും തങ്ങള്‍ക്കായി ഇന്നും കാത്തുസൂക്ഷിക്കുന്നു. സെന്റ് ലോറന്‍സ്, ഗാസ്ലെ പെനിന്‍സുല തുടങ്ങിയ പല ഗ്രാമങ്ങളിലും 17-ാം ശതകത്തിലെ ഫ്രഞ്ച് ജീവിതരീതികള്‍ കാത്തുസൂക്ഷിക്കാന്‍ ജനങ്ങള്‍ ശ്രമിക്കുന്നതായി കാണാം.

മൂന്ന് നൈസര്‍ഗികവിഭാഗങ്ങളുള്ള ഒരു പ്രവിശ്യയാണ് ക്വിബക്. കനേഡിയന്‍ ഷീല്‍ഡ് അഥവാ ലോറന്‍ഷ്യന്‍ പ്ലാറ്റോ പുരാതന-പ്രീ കാമ്പ്രിയന്‍ പാറകള്‍ നിറഞ്ഞതും ചരിഞ്ഞതുമായ ഒരു പീഠഭൂമിയാണ്. സമുദ്രനിരപ്പില്‍നിന്ന് 300 മുതല്‍ 600 മീ. വരെ ഉയരമുള്ള ഈ ഭൂപ്രദേശത്തിന്റെ സിംഹഭാഗവും വനങ്ങളും തടാകങ്ങളും ചതുപ്പുകളും നദികളുംകൊണ്ടു നിറഞ്ഞിരിക്കുന്നു. സെന്റ് ലോറന്‍സ് നദിയുടെ ഫലഭൂയിഷ്ഠമായ താഴ്വര ഉള്‍ക്കൊള്ളുന്ന സമതലങ്ങളും താഴ്ന്ന പ്രദേശങ്ങളുമാണ് സമുദ്രതീരം കഴിഞ്ഞാല്‍ ഉള്ളിലായി കാണുക. സെന്റ് ലോറന്‍സ് നദിയുടെ തെക്കുഭാഗം അപ്പലാച്ചിയന്‍ ഹൈലാന്‍ഡ്സ് എന്നറിയപ്പെടുന്നു. മലനിരകളും വനപ്രദേശങ്ങളും ഇടകലര്‍ന്നതാണ് ഇവിടം. ഹിമയുഗത്തിനും (Ice Age) മുമ്പുള്ള പല സസ്യങ്ങളും ഇവിടെയുള്ള ഗാസ്പെസീ പ്രൊവിന്‍ഷ്യല്‍ പാര്‍ക്കില്‍ വളരുന്നുണ്ട്.

ക്വിബക് പ്രവിശ്യ പള്‍പ്പ്-പേപ്പര്‍ നിര്‍മാണത്തില്‍ ലോകത്തില്‍ത്തന്നെ ഒന്നാംസ്ഥാനത്തു നില്ക്കുന്നു. എന്നാല്‍ കോപ്പര്‍, അലുമിനിയം, നിക്കല്‍ എന്നിവയുടെ സംസ്കരണം മേല്പറഞ്ഞ വ്യവസായങ്ങളെയും കടത്തിവെട്ടാന്‍ പാകത്തില്‍ പുരോഗമിക്കുകയാണിപ്പോള്‍. ലോകത്ത് ഏറ്റവുമധികം അലുമിനിയം ഉത്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്ന് ക്വിബക് ആണ്. എന്നാല്‍ ബോക്സൈറ്റ് ഗീയാനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ്.

ചരിത്രം. ക്വിബക്കിന്റെ ആദ്യകാലചരിത്രം കനേഡിയന്‍ രാഷ്ട്രത്തിന്റെ തന്നെ ചരിത്രമാണ്. 1534-ല്‍ ഷാക്സ് കാര്‍തീര്‍, ഗാസ്പെ പെനിന്‍സുലയുടെ തീരത്ത് ഒരു കുരിശുകുത്തിവച്ച്, നാടിനെ തന്റെ രാജ്ഞിക്കുവേണ്ടി സ്വന്തമാക്കി. 1535-ല്‍ ഇദ്ദേഹം സ്റ്റാഡസോണ, ഹോക്കെലാഗ എന്നീ രണ്ട് ആദിവാസിഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. ഇന്നത്തെ ക്വിബക്കും മോണ്‍ട്രീയാലും നില്ക്കുന്നത് ഈ ഗ്രാമങ്ങളിലാണ്. 1534 മുതല്‍ 1763 വരെ ക്വിബക് അറിയപ്പെട്ടിരുന്നത് ന്യൂ ഫ്രാന്‍സ് എന്നോ ക്യൂ കാനഡ എന്നോ ആയിരുന്നു. 1763 മുതല്‍ 90 വരെ ഇത് ക്വിബക് പ്രവിശ്യയും 1791 മുതല്‍ 1846 വരെ ലോവര്‍ കാനഡയുമായിരുന്നു. അതിനുശേഷമാണ് നാലു പ്രവിശ്യകള്‍ ചേര്‍ത്ത് കനേഡിയന്‍ കോണ്‍ഫെഡറേഷന് (Confederation of the Dominion of Canada) രൂപം നല്കിയത്. അന്നുമുതല്‍ 'ക്വിബക് പ്രവിശ്യ' എന്നുതന്നെയാണ് ഇതിന്റെ പേര്‍. 1663-ല്‍ ലൂയി XIV ക്കിനെ ഒരു ഫ്രഞ്ച് പ്രവിശ്യയായി പ്രഖ്യാപിച്ചു.

'ന്യൂ വേള്‍ഡി'ന്റെ കൈവശാവകാശത്തിനായി ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മിലുള്ള അവസാനയുദ്ധം നടന്നത് ക്വിബക്കിലെ 'പ്ളെയിന്‍സ് ഒഫ് എബ്രഹാമി'ല്‍ വച്ചായിരുന്നു (1759). പാരിസ് ഉടമ്പടി (1763) പ്രകാരം കാനഡ ബ്രിട്ടീഷധീനതയിലായി.

1960-കളില്‍ ക്വിബക്കിനെ കാനഡയില്‍നിന്നു വേര്‍തിരിക്കുന്നതിനും പുതിയ ഒരു ഫ്രഞ്ച് രാഷ്ട്രം ആരംഭിക്കുന്നതിനുംവേണ്ടി ഇവിടെ ലഹളയാരംഭിച്ചു. 69-ല്‍ കുട്ടികള്‍ക്കായി ഇംഗ്ലീഷോ ഫ്രഞ്ചോ സ്കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കു നല്കിക്കൊണ്ടുള്ള ഒരു ബില്‍ ജന്മമെടുത്തു. 1974-ല്‍ ഫ്രഞ്ച് ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു.

പ്രവിശ്യാതലസ്ഥാനത്തും ക്വിബക് എന്നുതന്നെ അറിയപ്പെടുന്നു. വടക്കേ അമേരിക്കന്‍ നഗരങ്ങളില്‍ ഏറ്റവും ഭംഗിയുള്ളതും ചരിത്രപ്രധാനവുമായ ഒന്നാണിത്. സെന്റ് ലോറന്‍സ് നദിയുടെ വടക്കേക്കരയില്‍, പാറനിറഞ്ഞ പീഠഭൂമിയുടെ വടക്കുകിഴക്കേയറ്റത്താണ് നഗരത്തിന്റെ സ്ഥാനം. 1867-ലാണ് നഗരം പ്രവിശ്യാതലസ്ഥാനമായത്. ഇത് കാനഡയിലെ ഒരു പ്രധാന തുറമുഖവും കൂടിയാണ്. മഞ്ഞുകാലത്ത് മൂന്നു-നാലുമാസം വരെ മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ തുറമുഖം അടച്ചിടേണ്ടിവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%AC%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍