This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വിനോളിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വിനോളിന്‍

Quinoline

ഒരു ആരോമാറ്റിക് ഹെറ്ററോസൈക്ലിക് യൗഗികം. തന്മാത്രാ ഫോര്‍മുല: C9H7N.

സാധാരണ താപനിലയില്‍ നിറമില്ലാത്ത എണ്ണക്കൊഴുപ്പുള്ള ദ്രാവകമായി സ്ഥിതിചെയ്യുന്ന ഈ ക്ഷാരത്തിന്റെ തിളനില 238oC ആണ്. ഇത്-15.6°C ല്‍ ഉറയും. ക്വിനോളിന്റെ പ്രധാന സ്രോതസ് കോള്‍ട്ടാറാണ്. അസ്ഥിസ്വേദനം നടത്തുമ്പോള്‍ കിട്ടുന്ന ദ്രാവകം, ക്വയിനാപ്പൊടി എന്നിവയിലും ഇതുണ്ട്. 1834-ല്‍ എഫ്.എഫ്. റുംഗേ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ഇത് ആദ്യമായി വേര്‍തിരിച്ചെടുത്തു. സംശ്ലേഷണം ചെയ്തെടുത്തത് ഡബ്ള്യു. കോയ്നിങ്സ് എന്ന ജര്‍മന്‍ രസതന്ത്രജ്ഞനാണ്. വിവിധ സംശ്ലേഷണരീതികളുപയോഗിച്ചോ കോള്‍ട്ടാറില്‍നിന്നോ ആണ് ക്വിനോളിന്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. സ്ക്രൗപ് സംശ്ലേഷണം, ഫ്രീഡ്ലാന്‍ഡര്‍ സംശ്ലേഷണം എന്നിവയാണ് പ്രധാന സംശ്ലേഷണരീതികള്‍.

പരസ്പരം യോജിച്ച ഒരു ബെന്‍സീന്‍ വലയവും പിരിഡീന്‍ വലയവുമുള്ള ഈ വസ്തു നിരവധി ജൈവയൗഗികങ്ങള്‍ സംശ്ലേഷണം ചെയ്യാന്‍ ഉപയോഗിക്കുന്നു. ഒരു ബി-കോംപ്ലക്സ് ജീവകമായ നിക്കോട്ടിനിക് അമ്ലം (നിയാസിന്‍) നിര്‍മിക്കാന്‍ ക്വിനോളിന്‍ ഉപയോഗിക്കാം. ക്ഷാരകല്പങ്ങളുടെ ഒരു സുപ്രധാന വിഭാഗമായ 'ക്വനോളിന്‍ ഗ്രൂപ്പി'ല്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളിലും ക്വിനോളിന്‍ വലയമുണ്ട് (ഉദാ. ക്വിനീന്‍, സിങ്കോണീന്‍, ഗാലിപീന്‍ തുടങ്ങിയവ). മലമ്പനി ചികിത്സയ്ക്കുപയോഗിക്കുന്ന സംശ്ലേഷിത ഔഷധങ്ങളായ ക്ലോറോക്വിന്‍, അമോഡയാക്വിന്‍ എന്നിവയും ബോധംകെടുത്താനുപയോഗിക്കുന്ന ഡൈബുക്കെയിന്‍ ഹൈഡ്രോക്ലോറൈഡും ക്വിനോളിന്‍ വ്യുത്പന്നങ്ങളാണ്.

ക്വിനോളിന്‍, അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ച് ലവണങ്ങള്‍ ഉണ്ടാക്കുന്നു. ആല്‍ക്കൈല്‍ ഹാലൈഡുകളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍, ക്വിനോളിന്‍ നല്കുന്നത് ക്വിനോളിനിയം ലവണങ്ങളാണ്. ഉദാ. മീഥൈല്‍ സള്‍ഫേറ്റുമായി സംയോജിക്കുമ്പോള്‍ 1-മീഥൈല്‍ ക്വിനോളിനിയം മീഥൈല്‍ സള്‍ഫേറ്റുണ്ടാകുന്നു. പൊട്ടാസ്യം പെര്‍മാംഗനേറ്റ് ക്വിനോളിന് ക്വിനോളിനിക് അമ്ലമായി ഓക്സീകരിക്കുന്നു. ക്വിനോളിനും 1-നൈട്രോനാഫ്തലീനും തമ്മില്‍ പല സാദൃശ്യങ്ങളുണ്ട്. ആരോമാറ്റിക യൗഗികങ്ങളുടെ സവിശേഷമായ എല്ലാ രാസപ്രവര്‍ത്തനങ്ങളിലും ക്വിനോളിന്‍ ഭാഗഭാക്കാകുന്നു.

ക്വിനോളിന്‍ ആദ്യ അംഗമായുള്ള ഹോമോലോഗസ് ശ്രേണിയുടെ പൊതുനാമമായും ചിലപ്പോള്‍ 'ക്വിനോളിന്‍' എന്ന പദം ഉപയോഗിക്കാറുണ്ട്.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍