This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വാസാറുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വാസാറുകള്‍

Quasars

നക്ഷത്രസമാനമായ വലുപ്പമുള്ളതും, എന്നാല്‍ അനേകകോടി നക്ഷത്രങ്ങള്‍ക്കു തുല്യമായ ഊര്‍ജം പ്രസരിപ്പിക്കുന്നതുമായ ഖഗോളവസ്തുക്കള്‍. ക്വാസിസ്റ്റെല്ലാര്‍ റേഡിയോ സോഴ്സ് എന്നതിന്റെ ചുരുക്കെഴുത്താണ് ക്വാസാര്‍. 1964-ല്‍ ജാപ്പനീസ്-അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ഹോങ് യീ ച്യൂ ആണ് ക്വാസാര്‍ എന്ന പേര് ആദ്യമായി ഉപയോഗിച്ചത്.

ആദ്യകാലത്ത് (1950-60 കാലഘട്ടത്തില്‍) കണ്ടെത്തിയ ഇത്തരം സ്രോതസ്സുകളെല്ലാം മുഖ്യമായും റേഡിയോ തരംഗങ്ങള്‍ വലിയ അളവില്‍ ഉത്സര്‍ജിക്കുന്നതായി കണ്ടതുകൊണ്ടാണ് ക്വാസാറുകള്‍ എന്ന പേര് സ്വീകരിക്കപ്പെട്ടത്. എന്നാല്‍, പില്ക്കാലത്ത് ദൃശ്യപ്രകാശവും അള്‍ട്രാവയലറ്റും എക്സ്-റേയും എല്ലാം ഉത്സര്‍ജിക്കുന്ന ഇത്തരം താരസമാനവസ്തുക്കളെ കണ്ടെത്തുകയുണ്ടായി. ഇവയെ പൊതുവില്‍ നക്ഷത്രസമാനവസ്തുക്കള്‍ എന്ന അര്‍ഥത്തില്‍ QSO (Quari Stellar Objects) എന്നാണ് വിളിക്കാറ്. ക്വാസാറുകളെ QSO-കളുടെ ഒരു വിഭാഗമായാണ് പരിഗണിക്കേണ്ടതെങ്കിലും, പലപ്പോഴും എല്ലാ QSOകളെയും ക്വാസറുകള്‍ എന്നു വിളിക്കാറാണ് പതിവ്.

1980-കള്‍ വരെ ക്വാസാറുകളെക്കുറിച്ച് വ്യക്തമായ അറിവൊന്നും ഉണ്ടായിരുന്നില്ല; കാരണം വികിരണം ഉത്സര്‍ജിക്കുന്ന സ്രോതസ്സുകളെല്ലാം നന്നേച്ചെറുതും (ഏതാനും പ്രകാശവര്‍ഷം മാത്രം വലുപ്പം) വളരെ അകലെയും (ഏതാനും ശതകോടി പ്രകാശവര്‍ഷം) ആണെന്നു കണക്കാക്കാന്‍ കഴിഞ്ഞെങ്കിലും, സ്രോതസ്സുകള്‍ ശരിക്കും ദൃശ്യമായിരുന്നില്ല. ഒടുവില്‍ ഹബ്ള്‍ സ്പേസ് ടെലിസ്കോപ്പാണ് കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ നല്കിയത്.

1960-ല്‍ കണ്ടെത്തിയ 3C 48 എന്ന ക്വാസാര്‍ ഒരു വിചിത്രവസ്തുവായാണ് കാണപ്പെട്ടത്. അതില്‍നിന്നു വരുന്ന സ്പെക്ട്രരേഖകളെല്ലാം ഭൂമിയിലുള്ള ഒരു പദാര്‍ഥത്തിന്റെയും സ്പെക്ട്രരേഖകള്‍ക്കു സമാനമായിരുന്നില്ല. പ്രകാശത്തിന് വലിയ അളവില്‍ ചുവപ്പുനീക്കം (red shift) സംഭവിക്കുന്നതുകൊണ്ടാണ് അങ്ങനെ കാണപ്പെടുന്നത് എന്ന ജോണ്‍ ബോള്‍ട്ടന്റെ നിഗമനം ആരും സ്വീകരിച്ചില്ല. എന്നാല്‍, 1962-ല്‍ കണ്ടെത്തിയ 3ഇ 273-ന്റെ വര്‍ണരാജി സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഹൈഡ്രജന്റെ സ്പെക്ട്രരേഖകള്‍ ചുവപ്പുദിശയില്‍ 15.8 ശതമാനം നീങ്ങിയിരിക്കുന്നതായി മാര്‍ട്ടെന്‍ ഷ്മിഡ്ത് കണ്ടെത്തി. ആ സ്രോതസ്സ്, സെക്കന്‍ഡില്‍ 47,000 കി.മീ. വേഗത്തില്‍ നമ്മളില്‍ നിന്ന് അകന്നുപൊയ്ക്കൊണ്ടിരിക്കുന്നു എന്നാണ് അത് സൂചിപ്പിച്ചത്. ഹബ്ള്‍ നിയമമനുസരിച്ച്, ആ വസ്തു ഏതാനും കോടി പ്രകാശവര്‍ഷം അകലെയായിരിക്കണം.

ഇത്രയും അകലെയാണെങ്കില്‍ ഇത്രയേറെ പ്രകാശതീവ്രത (ഒരു ഗാലക്സിയുടെ മൊത്തം പ്രകാശത്തെക്കാളധികം) അവയ്ക്കെങ്ങനെ കൈവരുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നു. അതിനു നല്കപ്പെട്ട ഉത്തരം ഇതാണ്: ക്വാസാറുകള്‍ എത്രകോടി പ്രകാശവര്‍ഷം അകലെയാണോ, അത്രയും കോടി വര്‍ഷങ്ങള്‍ക്കുമുമ്പു നടക്കുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്. ഗാലക്സികള്‍ രൂപംകൊള്ളുന്ന ഘട്ടമാണത്. വലിയ ഗാലക്സികളുടെയെല്ലാം കേന്ദ്രത്തില്‍ ഭീമന്‍ തമോഗര്‍ത്തങ്ങള്‍ (black holes) ഉണ്ട്. അവയിലേക്ക് ചുറ്റുപാടുനിന്നും വാതകധൂളികളും നക്ഷത്രങ്ങള്‍ തന്നെയും പതിച്ചുകൊണ്ടിരിക്കും. തമോഗര്‍ത്തത്തിന്റെ ചുറ്റും അതിവേഗം ചുറ്റിത്തിരിയുന്ന ഒരു ആര്‍ജിതത്തളിക (accretion disc) രൂപപ്പെട്ടശേഷം അതില്‍നിന്നാണ് പദാര്‍ഥം തമോഗര്‍ത്തത്തില്‍ പതിക്കുക. ഈ ആര്‍ജിതത്തളികയില്‍ നിന്നാണ് ഊര്‍ജം ഉത്സര്‍ജിക്കപ്പെടുന്നത്. തളികയുടെ മൊത്തം ദ്രവ്യമാനത്തിന്റെ 30 ശതമാനം വരെ ഈവിധം ഊര്‍ജമായി മാറാം. പ്രകൃതിയിലെ ഏറ്റവും ദക്ഷതയുള്ള ഊര്‍ജോത്പാദനമാര്‍ഗമായി ഇതിനെ കണക്കാക്കാം. (ഒരു നക്ഷത്രക്കാമ്പില്‍ നടക്കുന്ന ഫ്യൂഷന്‍പോലും ഒരു ശതമാനത്തില്‍ താഴെ പദാര്‍ഥത്തെ മാത്രമേ ഊര്‍ജമാക്കി മാറ്റുന്നുളളൂ).

2001-ല്‍ അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞന്‍ 900 കോടി പ്രകാശവര്‍ഷം അകലെ മറ്റൊരുതരം ക്വാസാറിനെക്കൂടി കണ്ടെത്തി. ടൈപ്പ് കക ക്വാസാര്‍ എന്നറിയപ്പെടുന്ന ഇത് കുറച്ചുമാത്രം ദൃശ്യപ്രകാശവും കൂടുതല്‍ എക്സ്-റേയും റേഡിയോ തരംഗങ്ങളും ഉത്സര്‍ജിക്കുന്നതാണ്. ഗാലക്സികേന്ദ്രത്തിനുചുറ്റും വളരെയധികം ധൂളികളും വാതകങ്ങളും ഉള്ളതിനാല്‍ ദൃശ്യപ്രകാശം മറയ്ക്കപ്പെടുന്നതുകൊണ്ടാണിത് എന്നുമാണ് സൂചന. ഇത്തരം നിരവധി ക്വാസാറുകളെ പിന്നീട് കണ്ടെത്തി. എല്ലാ ക്വാസാറുകളും ആരംഭദശയില്‍ ഈ വിധമായിരിക്കുമെന്നും ഗാലക്സി പരിണാമത്തിന്റെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ അവ സാധാരണ ക്വാസാറുകളും പിന്നീട് റേഡിയോ ഗാലക്സികളും ഒടുവില്‍ സാധാരണ ഗാലക്സികളും ആയിത്തീരുമെന്നും പല ജ്യോതിശ്ശാസ്ത്രജ്ഞരും കരുതുന്നു.

(പ്രൊഫ. കെ. പാപ്പൂട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍