This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വാഷിയോര്‍ക്കര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വാഷിയോര്‍ക്കര്‍

കുപോഷണംമൂലമുണ്ടാകുന്ന ഒരു രോഗം. ആഹാരത്തില്‍ പ്രോട്ടീന്‍ തീരെ കുറയുന്നതിനാലാണ് ക്വാഷിയോര്‍ക്കര്‍ ഉണ്ടാകുന്നത്. ക്വാഷിയോര്‍ക്കര്‍ എന്ന ആഫ്രിക്കന്‍ പദത്തിന്റെ അര്‍ഥം 'സുഖമില്ലാത്ത കുട്ടി' എന്നാണ്. ആഫ്രിക്കയിലെ ഗ്രാമീണരായ കുട്ടികളിലാണ് ഈ രോഗം ആദ്യമായി കണ്ടത്. എന്നാല്‍ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഈ രോഗം കണ്ടുവരുന്നുണ്ട്.

ആറു മാസത്തിനും നാലു വയസ്സിനും ഇടയ്ക്കു പ്രായമുള്ള കുട്ടികളിലാണ് ക്വാഷിയോര്‍ക്കര്‍ പ്രധാനമായും കണ്ടുവരുന്നത്. മുലകുടി നിര്‍ത്തുന്ന കാലഘട്ടത്തില്‍ ഈ രോഗം കുഞ്ഞുങ്ങളെ അധികമായി ബാധിക്കുന്നു. കൗമാരക്കാരിലും മുതിര്‍ന്നവരിലും ഈ രോഗം അത്ര സാധാരണമല്ലെങ്കിലും ഉണ്ടാകാറുണ്ട്. മ്ളാനത, ശുണ്ഠി, വളര്‍ച്ച മുരടിപ്പ്, അരക്തത, ത്വക്കിന്റെ വര്‍ണകതയിലുള്ള മാറ്റം, തലമുടിയുടെ നിറത്തിലും മൃദുത്വത്തിലും ഉണ്ടാകുന്ന വ്യതിയാനവും, മെലിച്ചില്‍, നീര്‍ക്കെട്ട്, വിളര്‍ച്ച, കരള്‍രോഗങ്ങള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ക്വാഷിയോര്‍ക്കറിനോടനുബന്ധമായി നാനാതരം അപര്യാപ്തതാരോഗങ്ങളും ഉണ്ടാകാറുണ്ട്. മലേറിയ, വിരബാധ, മറ്റു ബാക്റ്റീരിയങ്ങള്‍മൂലമുണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയവ രോഗാവസ്ഥ കൂടുതല്‍ രൂക്ഷമാക്കുന്നു. യുക്തമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗി മരണപ്പെടാം.

സന്തുലിതമായ ആഹാരമാണ് ക്വാഷിയോര്‍ക്കറിന്റെ ഔഷധം. ക്വാഷിയോര്‍ക്കര്‍ ബാധിച്ച കുട്ടിക്ക് വിശപ്പുണ്ടായിരിക്കുകയില്ല. കുഴല്‍വഴി ഭക്ഷണം നല്കേണ്ടിവരും. പാലും പാലുത്പന്നങ്ങളുമാണ് ആദ്യകാലത്ത് ഏറ്റവും ഫലപ്രദമായ ഭക്ഷണം. തുടക്കത്തില്‍ ഒരു കിലോഗ്രാം ശരീരഭാരത്തിന് 1-1.5 ഗ്രാം പ്രോട്ടീനും 30-60 കലോറിയും ദിവസേന നല്കേണ്ടതാണ്. പിന്നീട് ഇത് ക്രമേണ 3-4 ഗ്രാം പ്രോട്ടീന്‍, 100-120 കലോറി എന്ന നിലയില്‍ വര്‍ധിപ്പിക്കാം. വയറിളക്കം രൂക്ഷമാണെങ്കില്‍ ലവണജലം ധാരാളം നല്കേണ്ടതാണ്. കഠിനമായ വിളര്‍ച്ച ബാധിച്ചിട്ടുള്ള അവസരത്തില്‍ രക്തം കൊടുക്കാറുണ്ട്. മുലയൂട്ടല്‍ നിര്‍ത്തുന്ന കാലത്ത് കുഞ്ഞിന് യുക്തമായ ഖരാഹാരങ്ങള്‍ നല്കുകയാണെങ്കില്‍ ക്വാഷിയോര്‍ക്കര്‍ ബാധിക്കുകയില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍