This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വാറിയിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വാറിയിങ്

ഭൗമോപരിതലത്തില്‍നിന്ന് പാറ പൊട്ടിച്ചെടുക്കുന്ന സമ്പ്രദായം. പാറയുടെ ശേഖരമാണ് 'ക്വാറി'. നമ്മുടെ നാടിന്റെ പല ഭാഗങ്ങളിലുമുള്ള 'കല്ലുവെട്ടാന്‍ കുഴി'കളും ക്വാറികള്‍ തന്നെയാണ്

ക്വാറിയില്‍നിന്നു കിട്ടുന്ന കല്ല് പ്രധാനമായി രണ്ടിനമുണ്ട്; പ്രത്യേക അളവനുസരിച്ച് കട്ടകളും ഫലകങ്ങളുമായി രൂപപ്പെടുത്തിയെടുക്കുന്ന ത്രിമാനപാറകളും ഉടഞ്ഞുപൊട്ടിയ ചല്ലിയും. പണ്ട് ത്രിമാനപാറകള്‍ ലഭ്യമാക്കുക മാത്രമായിരുന്നു ക്വാറിയിങ്ങിന്റെ ലക്ഷ്യം. അതിനാല്‍ ഗ്രാനൈറ്റ് (കരിങ്കല്ല്), ചുണ്ണാമ്പുകല്ല് തുടങ്ങി മുറിക്കാന്‍ പാകമായ കല്ലുകള്‍ ഉളള സ്ഥലങ്ങളില്‍ മാത്രമായി ക്വാറികള്‍ ഒതുങ്ങുകയും ചെയ്തിരുന്നു.

പാറയടുക്കുകള്‍ പ്രകൃതിയില്‍ കാണുന്നതുതന്നെ നൈസര്‍ഗികമായ ചേര്‍പ്പുകളോടെയാണ്. ഈ ചേര്‍പ്പുകള്‍ വളരെ അടുത്തടുത്തായി സ്ഥിതിചെയ്യുന്നവയാണെങ്കില്‍ കൃത്യമായ നീളത്തിലും വീതിയിലും മുറിച്ചെടുക്കാനുള്ള സൗകര്യം വളരെ പരിമിതമായിത്തീരും. ഏതാണ്ടൊരേപോലെയുള്ള നിറവും വരകളും (grains) ത്രിമാനപാറകളുടെ പ്രധാനസ്വഭാവമായിരിക്കണം എന്നതാണ് ഇതിനുകാരണം.

ഉപരിതലം വൃത്തിയാക്കിക്കഴിഞ്ഞാല്‍, ക്വാറിയിങ്ങിലെ അടുത്തപടി, പാറയെ അതിനുതാഴെയുള്ള ഉറച്ച തറയില്‍ നിന്നു വേര്‍തിരിക്കുന്ന ഒരു ചാനല്‍ നിര്‍മിക്കുക എന്നതാണ്. ചുണ്ണാമ്പുകല്ല്, മണല്‍ക്കല്ല് തുടങ്ങിയ കാഠിന്യം കുറഞ്ഞ പാറകളില്‍ ഇതിനായി ഉപയോഗിക്കുന്ന 'ചാനലിങ് യന്ത്രം' തന്നെയുണ്ട്. ഉളിപോലെ വായ്ത്തലയുള്ള അനേകം സ്റ്റീല്‍ബാറുകള്‍ ചേര്‍ത്തുവച്ച് വൈദ്യുതികൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ഈ കട്ടര്‍, പാറയില്‍ അഞ്ച് സെ.മീ. വീതിയും പല മീറ്ററുകളോളം ആഴവുമുള്ള ചാനലുകളുണ്ടാക്കാന്‍ പര്യാപ്തമായവയാണ്. ഗ്രാനൈറ്റുപോലെ കാഠിന്യംകൂടിയ പാറകളില്‍ അടുത്തടുത്തായി ചെറുദ്വാരങ്ങള്‍ തുരന്നുണ്ടാക്കിയശേഷം അവയ്ക്കിടയിലുള്ള ഭാഗം മുറിച്ചുചേര്‍ക്കുകയാണ് ചെയ്യുന്നത്.

അനേകം മീറ്റര്‍ കനമുള്ള പാറയാണെങ്കില്‍, ബ്ലോക്കുകളുടെ അടിയിലായി കുറുകെയും തുളയ്ക്കണം. ലൈംസ്റ്റോണ്‍ ക്വാറികളില്‍ അനേകം ടണ്‍ ഭാരമുള്ള ഭീമന്‍ ചതുരങ്ങളായാണ് പാറകള്‍ ആദ്യം മുറിച്ചുമാറ്റുക. അതിനുശേഷം സൗകര്യപ്രദമായ സൈസിലുള്ള ബ്ളോക്കുകളാക്കി ഇതിനെ മുറിച്ചെടുക്കുന്നു. ഈ ബ്ലോക്കുകള്‍ പിന്നീട് മില്ലുകളില്‍വച്ച് ഫലകങ്ങളായി അറുത്തെടുക്കുകയോ ലേത്തുപയോഗിച്ച് തൂണുകളായി രൂപാന്തരപ്പെടുത്തുകയോ ചെയ്യും. ഇവയുടെ ഉപരിതലം ഉരച്ച് മിനുസപ്പെടുത്തിയിരിക്കും. കെട്ടിടനിര്‍മാണത്തിനാണ് 'ഡൈമന്‍ഷന്‍ സ്റ്റോണ്‍' പ്രധാനമായും ഉപയോഗിക്കുന്നത്. 'ചല്ലി' എന്ന പേരിലറിയപ്പെടുന്ന ചെറുതായി പൊട്ടിയ കരിങ്കല്‍ച്ചീളികള്‍ കോണ്‍ക്രീറ്റ് കൂട്ടുന്നതിനും റോഡു നിര്‍മാണത്തിനുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. ബ്ലാസ്റ്റ് ഫര്‍ണസുകളില്‍ ഫ്ളക്സ് (flux) ആയും രാസപ്രയോഗങ്ങള്‍ക്കും ചുണ്ണാമ്പുകല്‍ക്കഷണങ്ങള്‍ ഉപയോഗിച്ചുവരുന്നു. പാറ ആഴത്തില്‍ തുളച്ചശേഷം ആ കുഴികളില്‍ വെടിമരുന്നു നിറച്ച് തീ കൊളുത്തി, പൊട്ടിച്ച് തകര്‍ക്കുന്നതാണ് ഇവിടത്തെ ക്വാറിയിങ് രീതി. ഒരു വലിയ പാറയുടെ പല ഭാഗങ്ങളില്‍, അവിടവിടെയായി ദ്വാരങ്ങളുണ്ടാക്കി, ഒരുമിച്ച് പൊട്ടിച്ച്, 20,000 ടണ്‍വരെ പാറക്കഷണങ്ങള്‍ ഒരൊറ്റത്തവണ, ശേഖരിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്രകാരം ശേഖരിക്കുന്ന പാറക്കഷണങ്ങള്‍ 'ക്രഷറു'കളിലിട്ട് വീണ്ടും പൊടിച്ച് ചെറുതാക്കുന്നു. ഇങ്ങനെ കിട്ടുന്ന പാറക്കഷണങ്ങളില്‍നിന്ന് ഒരേതരത്തിലുള്ളവ ഒരുമിച്ച് തെരഞ്ഞെടുത്തശേഷം ബാക്കിവരുന്ന വലിയ കഷണങ്ങള്‍ വീണ്ടും ക്രഷറിലിട്ട് പൊടിക്കും. ഇത് വീണ്ടും തെരഞ്ഞെടുക്കണം.

ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍, പല ഭാഗങ്ങളിലും ചെങ്കല്‍ ക്വാറികള്‍ ധാരാളമായുണ്ട്. 'കല്‍ക്കോടാലി' (മഴു) ഉപയോഗിച്ച് വെട്ടിയെടുക്കുകയാണ് ചെങ്കല്ലിന്റെ (വെട്ടുകല്ല്-laterite) ക്വാറിയിങ് സമ്പ്രദായം. ഉപരിതലത്തില്‍നിന്ന് അഞ്ച് കിലോമീറ്ററിലേറെ ആഴത്തില്‍വരെ ഇത്തരം ചെങ്കല്‍ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഏഷ്യയുടെ തെക്കു-പടിഞ്ഞാറന്‍ ഭാഗങ്ങളിലും ചെങ്കല്‍ ക്വാറികള്‍ കണ്ടെത്താം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍