This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വാറന്റൈന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വാറന്റൈന്‍

Quarantine

പകര്‍ച്ചവ്യാധികളുള്ള രോഗികളുമായോ പ്രദേശവുമായോ ബന്ധപ്പെടേണ്ടിവരികയും പ്രത്യക്ഷത്തില്‍ രോഗമില്ലാതിരിക്കുകയും ചെയ്യുന്ന ആളുകളെയോ മൃഗങ്ങളെയോ മറ്റുള്ളവരുമായി സമ്പര്‍ക്കപ്പെടാതെ വേര്‍തിരിച്ചുനിര്‍ത്തുന്ന രോഗപ്രതിരോധ നടപടി. ഒരു പ്രത്യേക രോഗത്തിന്റെ രോഗപ്രത്യക്ഷകാലം (incubation period) കഴിയുന്നതുവരെ ഈ ഒറ്റപ്പെടുത്തല്‍ തുടരും. രോഗമുള്ള പ്രദേശത്തുനിന്നും വരുന്ന കപ്പലുകളെയും വിമാനങ്ങളെയും ഈ കാലയളവ് കഴിയുന്നതുവരെ രോഗംബാധിച്ചിട്ടില്ലാത്ത പ്രദേശങ്ങളില്‍ പ്രവേശിപ്പിക്കുകയില്ല. രോഗം ബാധിക്കാന്‍ സാധ്യതയുള്ള ആളുകളെയും രോഗം പരത്തുന്നത് പ്രാണികളാണെങ്കില്‍ അവരെയും രോഗമില്ലാത്തവരുടെ ഇടയിലേക്ക് കടത്തിവിടുന്നതുമൂലമുണ്ടാകുന്ന രോഗവ്യാപനം തടയാനുള്ള മുന്‍കരുതലാണിത്. രോഗമില്ലാത്ത പ്രദേശത്തുള്ളവരെ അതുള്ള സ്ഥലത്തുനിന്നും അകറ്റിനിര്‍ത്തുന്നത് ആന്തരിക ക്വാറന്റൈന്‍ (inward quarantine), രോഗമുളളവരെ അതില്ലാത്ത സ്ഥലങ്ങളില്‍ പോകാതെ അവരുടെ പ്രദേശത്തുതന്നെ ഒതുക്കിനിര്‍ത്തുന്നത് ബാഹ്യക്വാറന്റൈന്‍ (outward quarantine), രോഗം പടര്‍ന്നുപിടിച്ചിട്ടുള്ള രാജ്യങ്ങളില്‍നിന്നും വരുന്ന കപ്പലുകളെ നിര്‍ബന്ധിതമായി തുറമുഖങ്ങളില്‍ തടഞ്ഞിടുന്നതിനെ അന്താരാഷ്ട്ര ക്വാറന്റൈന്‍ എന്നുപറയുന്നു. അന്താരാഷ്ട്ര ക്വാറന്റൈന്റെ കാലാവധി വസൂരിക്ക് 14 ദിവസവും കോളറയ്ക്ക് അഞ്ചു ദിവസവും പ്ലേഗിന് ആറു ദിവസവുമായിരുന്നു. രോഗമുള്ള വീട്ടിലെ കുട്ടിയെ വീട്ടിലെ അവസാനരോഗിയും സുഖപ്പെടുന്നതുവരെ സ്കൂളില്‍ നിന്നും മാറ്റിനിര്‍ത്താം. ഇതിനെ വിദ്യാലയ ക്വാറന്റൈന്‍ ((scholastic quarantine) എന്നാണു പറയുന്നത്. രോഗമുള്ള വീട്ടിലേക്ക് മറ്റുള്ളവര്‍ കടക്കുന്നത് നിരോധിച്ചും രോഗവ്യാപനം തടയാം. ഇതാണ് ഗാര്‍ഹിക ക്വാറന്റൈന്‍ (domestic quarantine).

മെച്ചപ്പെട്ട രോഗനിര്‍ണയോപാധികളുടെ ആവിര്‍ഭാവത്തോടെ ഇന്ന് രോഗികളെയും രോഗസാധ്യത ഉള്ളവരെയും എളുപ്പം കണ്ടെത്താന്‍ കഴിയുന്നു. ക്വാറന്റൈനു പകരം രോഗസാധ്യത ഉള്ളവരെ നിരന്തരം നിരീക്ഷണവിധേയമാക്കുന്ന സമ്പ്രദായത്തിനാണ് (surveillance) ഇന്ന് പൊതുവേ അംഗീകാരം.

(ഡോ. ടി.വി. ഗോപാലകൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍