This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വാകിയൂട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വാകിയൂട്

Kwakiutl

ഒരു അമേരിന്ത്യന്‍ ജനവര്‍ഗം. വാന്‍കുവര്‍ (Vancouver) ദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും കാനഡ, കൊളംബിയ എന്നിവിടങ്ങളിലുമായി വസിക്കുന്നു.

വളരെ വ്യത്യസ്തമായ ഒരു സാമൂഹികഘടനയാണ് ക്വാകിയൂട് വര്‍ഗക്കാര്‍ക്കുള്ളത്. ഗ്രാമമാണ് ഇവരുടെ പ്രാദേശിക സമിതി. ഗ്രാമത്തിലെ ജനങ്ങളെ 'നുമ്യാമ' (numima) എന്ന ചെറിയ ഗ്രൂപ്പുകളായി വിഭജിച്ചിരിക്കുന്നു. ഓരോ നുമ്യാമയിലും നൂറ് അംഗങ്ങള്‍ ഉണ്ടാകും. നുമ്യാമയിലെ നൂറ് അംഗങ്ങള്‍ മിക്കവാറും ബന്ധുക്കളോ കൂട്ടുകുടുംബങ്ങളോ ആയിരിക്കും. അതുകൊണ്ട് ഒരു നുമ്യാമയിലുള്ളവര്‍ സാധാരണ വിവാഹബന്ധത്തിലേര്‍പ്പെടാറില്ല. ധനം നഷ്ടപ്പെട്ടുപോകുമെന്ന സന്ദര്‍ഭത്തില്‍മാത്രം നുമ്യാമയ്ക്കുള്ളില്‍ വിവാഹം നടക്കാറുണ്ട്. ഓരോ നുമ്യാമയ്ക്കും പ്രത്യേകം പദവി, സ്ഥാനം, പേര് എന്നിവയുണ്ട്. അനന്തരാവകാശക്രമത്തില്‍ മുതിര്‍ന്ന ആളിനായിരിക്കും നുമ്യാമയിലെ നേതൃസ്ഥാനം. സ്ഥാനം ഒഴിയുമ്പോള്‍ അടുത്ത അധികാരി സ്ത്രീയാണെങ്കില്‍ മകന്‍ പ്രാപ്തനാകുന്നതുവരെ സഹോദരനോ അല്ലെങ്കില്‍ ഭര്‍ത്താവോ ആയിരിക്കും അത് ഏറ്റെടുക്കുക. ചില സന്ദര്‍ഭങ്ങളില്‍ ഒരാള്‍ തന്നെ പല നുമ്യാമകളും ഭരിക്കാറുണ്ട്. ഒരു മേഖലയിലെ തലവന്‍ അവിടത്തെ രാഷ്ട്രീയ നേതാവായിരിക്കും. അയാള്‍ അധികമുള്ള ധനം മറ്റുള്ളവര്‍ക്കു നല്കി സ്ഥാനം സംരക്ഷിക്കുന്നു. സംഭാവനയായി വസ്തു കൈമാറ്റം ചെയ്ത് പരമ്പരാഗതമായ സ്ഥാനം നിലനിര്‍ത്തുന്ന സമ്പ്രദായവും ക്വാകിയൂട് വര്‍ഗക്കാരുടെ പ്രത്യേകതയാണ്.

ക്വാകിയൂട് വര്‍ഗക്കാര്‍ ഒരു വര്‍ഷത്തെ, വേനല്‍ക്കാലമെന്നും മഞ്ഞുകാലമെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് ഉപജീവനത്തിനായി ഇവര്‍ ജോലികളിലേര്‍പ്പെടുന്നു. മഞ്ഞുകാലം വിശുദ്ധകാലമാണ്. അപ്പോള്‍ ആത്മീയ കാര്യങ്ങള്‍ക്ക് ഇവര്‍ മുന്‍തൂക്കം നല്കുന്നു. ആഘോഷങ്ങളും ഉത്സവങ്ങളുമെല്ലാം ഈ സമയത്താണ് നടത്തുന്നത്. ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് കാനിബാള്‍ (cannibal) എന്ന സംഘടനയാണ്. നൃത്തമാണ് മഞ്ഞുകാലത്തെ ആഘോഷങ്ങളില്‍ പ്രധാനയിനം. പ്രധാന നര്‍ത്തകന്‍ ഒരു പ്രത്യേക ശക്തിസംഭരിച്ച് ഉറഞ്ഞുതുള്ളുന്നു. അതിന്റെ അവസാനം അയാളുടെ വായിലേക്കു തീ കോരിയിടുകയും വസ്ത്രത്തില്‍ തീ പിടിപ്പിക്കുകയും ചെയ്യും. കടുവാനൃത്തമാണ് മറ്റൊരിനം. ഇതില്‍ പങ്കെടുക്കുന്ന എല്ലാ നര്‍ത്തകന്മാരും കടുവയുടെ തോല്‍ അണിഞ്ഞ് മുഖംമൂടി ധരിച്ച് കൈകള്‍ ഉയര്‍ത്തി ഒച്ചവച്ച് ഒരു പ്രത്യേക താളത്തില്‍ നൃത്തം ചവിട്ടുന്നു. ഇതില്‍ ആരെങ്കിലും വീഴ്ച കാണിച്ചാല്‍ അയാള്‍ മുറ്റത്തേക്ക് എറിയപ്പെടുകയും മറ്റുള്ളവര്‍ അയാളുടെ മുകളിലേക്കു വീണ് അയാളെ ആക്രമിക്കുകയും ചെയ്യുന്നു.

കൃഷി, നായാട്ട് എന്നിവയെ അപേക്ഷിച്ച് മീന്‍പിടിത്തമാണ് ഇവരുടെ പ്രധാന തൊഴില്‍. അതുകൊണ്ട് ഇവര്‍ കടലിനടുത്തു വാസമുറപ്പിക്കുന്നു. മനോഹരമായ എടുപ്പുകളോടും കൊത്തുപണികള്‍ ചെയ്ത തൂണുകളോടും കൂടിയതാണ് ഇവരുടെ വീടുകള്‍. ചലിക്കുന്ന ആകാരങ്ങളോടുകൂടിയ ശില്പങ്ങള്‍ ഇവരുടെ ശില്പവേലയുടെ പ്രത്യേകതയാണ്. അമേരിന്ത്യന്‍ ശില്പകലയില്‍ ഇവര്‍ക്ക് ഉയര്‍ന്ന സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്.

നൂട് കാ ഇന്ത്യന്‍ വര്‍ഗക്കാരെപ്പോലെ ക്വാകിയൂട് വര്‍ഗക്കാരും വാക്ഷന്‍ ഭാഷയാണു സംസാരിക്കുന്നത്. വസൂരിരോഗത്തിന്റെ ആക്രമണം ഇവരുടെ ജനസംഖ്യയെ ഗണ്യമായി കുറച്ചു. 21-ാം ശതകത്തിന്റെ ആരംഭത്തില്‍ ഇവരുടെ ആകെ ജനസംഖ്യ ഏതാണ്ട് 700 മാത്രമായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍