This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വയറ്റിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വയറ്റിസം

Quietism

മോളിനോസ് (Miguel de Molinos) എന്ന സ്പാനിഷ് ജെസ്യൂട്ട് പുരോഹിതന്‍ 17-ാം ശതകത്തില്‍ ആവിഷ്കരിച്ച ഒരു ആധ്യാത്മിക സിദ്ധാന്തം. മോളിസം എന്ന പേരിലും ഇത് അറിയപ്പെടുന്നു. സ്പെയിനിലെ റോമന്‍ കത്തോലിക്കരുടെ ഇടയില്‍ മോളിനോസ് പ്രചരിപ്പിച്ച ഈ സിദ്ധാന്തത്തിന് വളരെവേഗം ഫ്രാന്‍സിലും പ്രചാരം ലഭിച്ചു. ലൗകികവിരക്തിയും മനുഷ്യേച്ഛയുടെ പരിപൂര്‍ണ സംയമനവും ഉള്‍പ്പെട്ട മിസ്റ്റിക് വീക്ഷണമാണ് ക്വയറ്റിസം. ഇതിന്റെ അടിസ്ഥാന പ്രമാണം ഈശ്വരഹിതത്തിന് പൂര്‍ണമായി കീഴടങ്ങുക എന്നതാണ്. വ്യക്തി ആത്മാവിനെ പൂര്‍ണമായും ദൈവത്തിന്റെ സന്നിധിയില്‍ അര്‍പ്പിക്കുമ്പോള്‍ പരിശുദ്ധസ്നേഹം അവന്റെ ഇച്ഛയെയും പ്രവൃത്തിയെയും പ്രവര്‍ത്തിക്കാനുള്ള ആഗ്രഹത്തെയും ഉന്മൂലനം ചെയ്യുന്നുവത്രെ. ഈശ്വരസന്നിധാനത്തില്‍ പ്രവര്‍ത്തനരഹിതമാകുന്ന ആത്മാവിന് ഇഹലോകത്തോ പരലോകത്തോ ലഭ്യമാകുന്ന പ്രതിഫലത്തെപ്പറ്റിയോ ശിക്ഷയെപ്പറ്റിയോ ബോധമില്ലാതാകുന്നതോടെ അത് പൂര്‍ണ സംതൃപ്തിയില്‍ എത്തുന്നു. ഇത്തരം അവസ്ഥയില്‍ ഉണ്ടാകുന്ന സ്വബോധത്തിന്റെ പൂര്‍ണമായ വിരാമത്തെപ്പറ്റി മോളിനോസ് സംസാരിച്ചിരുന്നു.

മദാം ഗ്യുയിയോണ്‍ (Madame Guyon) എന്ന ചെറുപ്പക്കാരിയായ ഒരു വിധവയാണ് ഫ്രാന്‍സില്‍ ഈ സിദ്ധാന്തം പ്രചരിപ്പിച്ചവരില്‍ പ്രമുഖ. ഫ്രാന്‍സിലെ കുലീന ജനസമൂഹത്തിലാണ് മദാം ഗ്യുയിയോണ്‍ പ്രധാനമായും പ്രചാരണം നടത്തിയിരുന്നത്. ലൂയി XIV-ന്റെ ഭാര്യ മദാം ദി മേന്തനോങ്ങി(Madame de Maintenon)നെ ഈ വിശ്വാസത്തിലേക്കു കൊണ്ടുവരുവാന്‍ ഇവര്‍ക്കു കഴിഞ്ഞു. ഇവരുടെ പ്രവര്‍ത്തനഫലമായി ഈ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട മറ്റൊരു പ്രമുഖ വ്യക്തിയാണ് ഫേനെലോങ് (Francois de Salignoc de La Mothe Finelon). ഗ്യുയിയോണിന്റെ പല പ്രസിദ്ധീകരണങ്ങളും ഫ്രാന്‍സിലെ ചര്‍ച്ച് അധികൃതര്‍ എതിര്‍ത്തപ്പോള്‍ ഫേനെലോങ് ഗ്യുയിയോണിനെ അനുകൂലിച്ച് എഴുതിയിരുന്നു.

ചര്‍ച്ച് അധികൃതര്‍ ക്വയറ്റിസത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഈ സിദ്ധാന്തത്തെ വിശദീകരിച്ചുകൊണ്ട് 1675-ല്‍ മോളിനോസ് പ്രസിദ്ധീകരിച്ച ആത്മാവിന്റെ വഴികാട്ടി (Guida Spirituale) എന്ന ഗ്രന്ഥവും മറ്റു പല കൃതികളും 1687-ല്‍ പോപ്പ് ഇന്നസന്റ് XI-(Innocent XI) നിഷിദ്ധമായി പ്രഖ്യാപിക്കുകയും മോളിനോസിനെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. ജയില്‍വാസത്തിനിടെ ഇദ്ദേഹം മരണമടഞ്ഞു. മദാം ഗ്യുയിയോണ്‍ ഫ്രാന്‍സില്‍ നടത്തിയ പ്രവര്‍ത്തനത്തെപ്പറ്റി അന്വേഷിക്കാന്‍ നിയുക്തമായ കമ്മിറ്റി അവരുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നു വിധി എഴുതി. ക്വയറ്റിസത്തെ അനുകൂലിച്ചുകൊണ്ട് ഫേനെലോങ് എഴുതിയ പുണ്യവാള വചനങ്ങള്‍ (Explication des maximes des saints) എന്ന ഗ്രന്ഥത്തിനും 1699-ല്‍ പോപ്പ് ഇന്നസന്റ് XI (Innocent XI) വിലക്കുകല്പിക്കുകയുണ്ടായി. പരസ്യമായി കീഴടങ്ങിയ ഫോനെലോങ് മരണംവരെയും ക്വയറ്റിസത്തില്‍ വിശ്വാസം അര്‍പ്പിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍