This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വട്ടേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വട്ടേഷന്‍

നിര്‍ദിഷ്ട നിര്‍ദ്ദേശാനുസരണമുള്ള ഒരു സാധനം/സേവനം ഒരു നിശ്ചിതഅളവില്‍ ഒരു പ്രത്യേക സ്ഥലത്തും കാലയളവിലും ലഭ്യമാക്കുന്നതിന് ഏതു നിരക്കില്‍ തുക നല്കേണ്ടിവരും എന്നതു സംബന്ധിച്ച് സേവനദാതാവ്/ സപ്ലെയര്‍ സാധനം വാങ്ങാന്‍ തയ്യാറായ ആള്‍ക്ക്/സ്ഥാപനത്തിന് നല്‍കുന്ന ഒരു സ്റ്റേറ്റ്മെന്റാണ് ക്വട്ടേഷന്‍ എന്നതുകൊണ്ട് സാധാരണ അര്‍ഥമാക്കുന്നത്. ഇതംഗീകരിക്കപ്പെട്ടാല്‍ ഇതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ക്രേതാവും വിക്രേതാവും ബാധ്യസ്ഥരാണ്.

കേരള ഫൈനാന്‍ഷ്യല്‍ കോഡിലെ സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ (ആര്‍ട്ടിക്കിള്‍സ് 120-162) പി.ഡബ്ള്യു.ഡി. മാന്വല്‍ എന്നിവ പ്രകാരമുള്ള സാധനങ്ങളുടെ വാങ്ങല്‍, മരാമത്തു പണികളുടെ നടത്തിപ്പ് എന്നിവയെ സംബന്ധിക്കുന്ന നടപടികളിലും സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്നു സംജ്ഞ. സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ പ്രകാരമുള്ള നടപടികളില്‍ നിന്ന് അല്പം വ്യത്യസ്തമാണ് പി.ഡബ്ള്യു.ഡി. മാന്വല്‍ പ്രകാരമുള്ള നടപടികള്‍.

നിലവിലുള്ള നിയമങ്ങള്‍ പ്രകാരം 20,000 രൂപയില്‍ കുറവ് മതിപ്പുവിലയുള്ള സാധനങ്ങളുടെ വാങ്ങലിന് സ്ഥാപനത്തിന് ക്വട്ടേഷന്‍ ക്ഷണിക്കാവുന്നതാണ്. ഇത് സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ അപ്പന്‍ഡിക്സ് 3-ല്‍ പ്രതിപാദിക്കുന്ന ക്വട്ടേഷന്‍ നോട്ടീസ് പ്രകാരമായിരിക്കണം. 20,000 രൂപയില്‍ കൂടുതലുള്ള വാങ്ങലുകള്‍ക്ക് ടെണ്ടര്‍ നടപടികള്‍ വഴിയാണ് ഏജന്‍സിയെ അല്ലെങ്കില്‍ വ്യക്തികളെ (കോണ്‍ട്രാക്റ്റര്‍മാര്‍) കണ്ടെത്തേണ്ടത്. ടെണ്ടര്‍ നടപടികളാവുമ്പോള്‍ പത്രമാധ്യങ്ങളിലുള്‍പ്പെടെ വിപുലമായ പരസ്യം ആവശ്യമാണ്. ക്വട്ടേഷന്‍ നടപടിയാണെങ്കില്‍ 'ക്വട്ടേഷന്‍ നോട്ടീസ്' പതിച്ചാല്‍ മതിയാകും. രണ്ടു നടപടികളിലും സപ്ളൈ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന്റെ വിലവിവരം വ്യക്തി/ഏജന്‍സി സീല്‍ ചെയ്ത കവറില്‍ ക്വാട്ട് ചെയ്ത് (രേഖപ്പെടുത്തി) സ്ഥാപനത്തിനെ ഏല്‍പ്പിക്കേണ്ടതാണ്. ഇതില്‍ നിന്ന് നിബന്ധനകള്‍ക്ക് വിധേയമായി ഏറ്റവും കുറഞ്ഞതുക ക്വാട്ടു ചെയ്തയാളെ തെരഞ്ഞെടുക്കുന്നു.

പി.ഡബ്ള്യു.ഡി. മാന്വല്‍ പ്രകാരമുള്ള നടപടികള്‍ മരാമത്ത് പ്രവൃത്തികളെ സംബന്ധിച്ചുള്ളവയാണ്. വിപുലമായ പരസ്യങ്ങള്‍ വഴി ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍, ഇതില്‍ പങ്കെടുക്കാന്‍ സന്നദ്ധരായ ലൈസന്‍സ്ഡ് കോണ്‍ട്രാക്റ്റര്‍മാര്‍ നിര്‍ദിഷ്ട ഫോമില്‍ (ഇത് ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്ന ഓഫീസില്‍ ലഭ്യമാണ്). തുക 'ക്വാട്ടു' ചെയ്ത് സമര്‍പ്പിക്കേണ്ടതാണ്. ഏറ്റവും കുറവു ക്വാട്ടു ചെയ്തയാളിനെ പണി ഏല്‍പ്പിക്കുന്നതിനായി തെരഞ്ഞെടുക്കാവുന്നതാണ്. ഇതിന് ചില നിബന്ധനകളുണ്ട്. ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ട് ടെണ്ടര്‍ (ദര്‍ഘാസ്) ചെയ്യപ്പെടുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുകയെക്കാള്‍ അമ്പതുശതമാനം കുറവ് തുക ക്വാട്ടു ചെയ്യുന്നവര്‍ക്ക് ഈ പ്രവൃത്തി അനുവദിക്കാന്‍ പാടില്ലാത്തതാണ്. അതായത് ഒരു മരാമത്തു പണിയുടെ എസ്റ്റിമേറ്റ് തുക 50 ലക്ഷം എന്നിരിക്കട്ടെ, 'എ' എന്ന കോണ്‍ട്രാക്റ്റര്‍ പണി ഏറ്റെടുക്കുന്നതിനായി ക്വാട്ടു ചെയ്ത തുക 24,90,000രൂപ. ഇത് 50 ലക്ഷത്തിന്റെ 50 ശതമാനത്തില്‍ താഴെയാണ്. ഇനി എസ്റ്റിമേറ്റു തുകയുടെ 25 ശതമാനം മുതല്‍ 50 ശതമാനം വരെ കുറവു തുക ക്വാട്ട് ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് ക്വാട്ടു ചെയ്ത തുകയ്ക്കു തുല്യമായ തുക പെര്‍ഫോമന്‍സ് ഗാരന്റിയായി വാങ്ങിയശേഷം പണി ഏല്‍പ്പിക്കാവുന്നതാണ്. എസ്റ്റിമേറ്റുതുകയെക്കാള്‍ അധികരിച്ച തുക ക്വാട്ടു ചെയ്യുന്നതില്‍ അപാകതയില്ല.

ഓഹരിക്കമ്പോളത്തില്‍ നിര്‍ദിഷ്ടസമയത്ത് ഓഹരികള്‍ ലേലത്തില്‍ വാങ്ങുന്നതിനുള്ള ഉയര്‍ന്ന വിലയ്ക്കും വില്ക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞവിലയ്ക്കും 'ക്വട്ടേഷന്‍' അഥവാ 'ക്വാട്ട്' എന്ന പദം ഉപയോഗിക്കപ്പെടുന്നു. ക്വട്ടേഷനു പകരമായി ഉപയോഗിക്കുന്ന മറ്റൊരു പ്രയോഗമാണ് 'ബിഡ് ആന്‍ഡ് ആസ്ക്ഡ്'. ഓഹരി വാങ്ങാന്‍ തയ്യാറായ വ്യക്തി വില്‍ക്കുന്നയാള്‍ക്ക് നല്‍കാന്‍ തയ്യാറുള്ള ഏറ്റവും ഉയര്‍ന്ന വില 'ബിഡ്' എന്നും വില്ക്കാന്‍ തയ്യാറായ വ്യക്തി സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ വില 'ആസ്ക്ഡ്' എന്നും വിവക്ഷ.

ഹയര്‍ പര്‍ച്ചേസ്ഡ് വ്യവസ്ഥയില്‍ വില്പന നടത്തുന്നവരും വായ്പാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നവരും തങ്ങളുടെ ബിസിനസ് സംബന്ധിച്ച വിവരങ്ങള്‍, വ്യവസ്ഥകള്‍ എന്നിവ ഇടപാടുകാര്‍ക്കായി തയ്യാറാക്കി നല്‍കുന്ന ലഘുലേഖകള്‍ക്കും ക്വട്ടേഷന്‍ എന്നാണ് പറയുന്നത്.

(സാബു.എസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍