This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോസപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോസപ്പ്

പദാര്‍ഥങ്ങളുടെ ഛായാരൂപം പെരുപ്പിച്ച് വ്യത്യസ്ത ദൃശ്യങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒരു ഛായാഗ്രഹണ സങ്കേതം. ക്യാമറയുടെ ഛായാഗ്രഹണപ്രാപ്തി നാല് ഉപാധികളെ ആശ്രയിച്ചിരിക്കുന്നു. ക്യാമറയുടെ സ്ഥാനവും വസ്തുവിനെ നിരീക്ഷിക്കുന്ന ദൃഷ്ടികോണവും; രൂപം ശിഥിലമാക്കാനും പെരുപ്പിക്കാനും ഉള്ള കഴിവ്; ക്യാമറയുടെ സ്ഥാനം മാറ്റാതെതന്നെ ഗ്രഹണപടുത വര്‍ധിപ്പിച്ച് ദൃശ്യപരിധി വികസിപ്പിക്കാനുള്ള സാധ്യത; ക്യാമറയുടെ ചലനം ഓരോ അനുക്രമവും-രംഗവും-ഷോട്ടുകളായി വിഭജിക്കുന്നു. ഷോട്ടുകള്‍ പല തരത്തിലുണ്ട് - സെമി ക്ലോസപ്പ്, ക്ലോസപ്പ്, ബിഗ് ക്ലോസപ്പ്, മീഡിയം ഷോട്ട്, ലോങ് ഷോട്ട്, മിഡ് ഷോട്ട്, സ്റ്റാറ്റിക് ഷോട്ട് എന്നിങ്ങനെ. ഇതില്‍ വ്യക്തിയുടെയോ വസ്തുവിന്റെയോ രൂപം പെരുപ്പിച്ച് വ്യത്യസ്തമായ ദൃശ്യങ്ങള്‍ ഉണ്ടാക്കാനാണ് ക്ലോസപ്പുകള്‍ ഉപയോഗിക്കുന്നത്. നാടകീയമായ ഒരു മുഹൂര്‍ത്തത്തില്‍ അഭിനേതാവിന്റെ മുഖത്തെ സൂക്ഷ്മഭാവങ്ങള്‍ പകര്‍ത്തിക്കാട്ടുന്നതിനുവേണ്ടി സ്ക്രീന്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നതരത്തില്‍ രൂപം വികസിപ്പിച്ചു കാണിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഛായാഗ്രാഹകനും സംവിധായകനും ഈ സങ്കേതത്തെ ആശ്രയിക്കുന്നു. പ്രേക്ഷകരുടെ പൂര്‍ണമായ ശ്രദ്ധ ഒരു പ്രത്യേക ദൃശ്യത്തിന്റെ സൂക്ഷ്മഭാവങ്ങളിലേക്ക് ആകര്‍ഷിച്ചു നിര്‍ത്തുക എന്നതാണ് ക്ലോസപ്പ് ഷോട്ടിന്റെ ഉദ്ദേശ്യം. നിശ്ശബ്ദ സിനിമയുടെ കാലത്ത് ഇതിന് അമിതമായ പ്രാധാന്യം ഉണ്ടായിരുന്നു. മുഖത്തിന്റെ ആകൃതിയും തത്കാല പ്രകൃതിയും ഏറെ പെരുപ്പിച്ച് അവതരിപ്പിക്കാനുള്ള ഈ തന്ത്രം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ പ്രയോഗിക്കാവൂ. കഥയുടെ പ്രധാനപ്പെട്ട ഏതെങ്കിലും അംശമോ ഏതെങ്കിലും പ്രത്യേക ഉപകരണമോ-തോക്ക്, കര്‍ചീഫ്, കഠാര, കത്ത് തുടങ്ങിയവ-പൊലിപ്പിച്ച് കാണിക്കേണ്ടി വരുമ്പോഴും അവയുടെ ക്ലോസപ്പുകള്‍ എടുക്കാറുണ്ട്. ക്യാമറയും പകര്‍ത്തേണ്ട രൂപവും ഏറ്റവും അടുത്തു വര്‍ത്തിക്കേണ്ട ഈ സങ്കേതം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു ഛായാഗ്രഹണ കൗശലമാണ്.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍