This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോറോഫൈസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോറോഫൈസി

Chlorophyceae

ഏറ്റവും വലിയ ആല്‍ഗ കുടുംബം. ഇതില്‍ 7000 സ്പീഷീസുകളുണ്ട്. അധികവും ജലസസ്യങ്ങളാണ്. സമുദ്രങ്ങളിലും ശുദ്ധജലാശയങ്ങളിലും ഈ കുടുംബത്തിലെ ആല്‍ഗകള്‍ വളരുന്നുണ്ട്. ഇവയില്‍ ക്ലോറോഫില്‍ a, b എന്നീ വര്‍ണകങ്ങളും, കരോട്ടിനും സന്തോഫിലും (Xanthophyll) അടങ്ങിയിരിക്കുന്നു. ഉയര്‍ന്നതരം സസ്യങ്ങളില്‍ കാണുന്ന അതേ അനുപാതത്തിലാണ് ഈ നാലിനങ്ങളും ക്ലോറൊഫൈസിയിലും കണ്ടുവരുന്നത്. ഇത് ഇവയ്ക്ക് പുല്ലിന്റെ പച്ചനിറം നല്കുന്നു.

ക്ലോറോഫൈസിയിലെ സസ്യങ്ങള്‍ക്ക് വലിയ രീതിയിലുള്ള വിഭേദനം കാണാറില്ല. സസ്യശരീരം അഥവാ താലസ് ഏകകോശകമോ, ബഹുകോശകമോ ആവാം. ചിലപ്പോള്‍ കോളനി രൂപത്തിലും ഇവ കാണപ്പെടുന്നു. ഇലകള്‍പോലെ തോന്നിക്കുന്ന അള്‍വ (Ulva), ശാഖോപശാഖകളോടുകൂടിയ കാര (Chara) എന്നിവയിലും നൈറ്റെല്ല(Nitella)യിലും സസ്യശരീരം തികച്ചും സങ്കീര്‍ണഘടനയോടുകൂടിയതാണ്. എന്നാല്‍ വലുപ്പത്തിന്റെ കാര്യത്തില്‍ ഇവ തവിട്ട് ആല്‍ഗകളുടെയും ചുവപ്പ് ആല്‍ഗകളുടെയും അടുത്തുപോലും എത്തുന്നില്ല.

ഹരിത ആല്‍ഗകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുകയോ മറ്റു വസ്തുക്കളില്‍ പറ്റിയിരിക്കുകയോ ചെയ്യുന്നു. ഇവയുടെ കോശഭിത്തി മുഖ്യമായും സെല്ലുലോസ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. കോശത്തിന്റെ നടുവില്‍ സാധാരണ ഒരു വലിയ രിക്തിക (Vacuole) കാണാം. ഇതിന് ചുറ്റുമാണ് സൈറ്റോപ്ലാസം കാണപ്പെടുന്നത്. ഇതില്‍ ഒന്നോ അതിലേറെയോ ഹരിതകണങ്ങളും ഉണ്ട്. ഇതിനുള്ളില്‍ പൈറിനോയിഡു (Pyrenoid)കളാണുള്ളത്. പൈറിനോയിഡുകളെ കരുതല്‍ ഭക്ഷ്യമായാണ് കരുതുന്നത്. ഇവ അന്നജരൂപീകരണ കേന്ദ്രങ്ങളാണെന്നും ഒരു പക്ഷമുണ്ട്. ഇതിനുചുറ്റും സ്റ്റാര്‍ച്ച് തരികള്‍കൊണ്ടുള്ള ആവരണമുണ്ട്.

ഗതിശീലതയുള്ള കോശങ്ങളില്‍ അഗ്രഭാഗത്ത് തുല്യനീളമുള്ള രണ്ടോ നാലോ ഫ്ളാജല്ല(Flagella)ങ്ങള്‍ ഉണ്ടായിരിക്കും. കായിക പ്രത്യുത്പാദനം കോശവിഭജനംമൂലമോ ഖണ്ഡനം (Fragmentation)മൂലമോ സംഭവിക്കുന്നു. അലൈംഗിക പ്രത്യുത്പാദനം സ്പോറങ്ങള്‍മൂലമാണ്. ലൈംഗിക പ്രത്യുത്പാദനം സമയുഗ്മനമോ (Isogamy), അസമയുഗ്മനമോ (Anisogamy), വിഷമയുഗ്മനമോ (Oogamy) ആയിരിക്കും. ലൈംഗികാവയവങ്ങള്‍ അഥവാ ഗാമറ്റാന്‍ജിയങ്ങള്‍ (ഏമാലമിേഴശമ) എപ്പോഴും ഏകകോശകങ്ങളാണ്.

ഫ്രിറ്റ്ഷ് (Fritsch) 1935-ല്‍ ക്ലോറോഫൈസിയെ, വോള്‍വോക്കേലിസ് (Volvocales), ക്ലോറോകൊക്കേലിസ് (Chlorococcales), കീറ്റോഫോറേലിസ് (Chaetophorales), യൂളോട്രിക്കേലിസ് (Ulotrichales), ക്ലാഡോഫോറേലിസ് (Cladophorales), യൂഡോഗോണിയേലിസ് (Oedogoniales), കോണ്‍ജുഗേലിസ് (Conjugales), സൈഫണേലിസ് (Siphonales), കാരേലിസ് (Charales) എന്നിങ്ങനെ ഒമ്പത് വര്‍ഗങ്ങളായി തിരിച്ചിരിക്കുന്നു.

പരിണാമപരമായി ഹരിത ആല്‍ഗകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കൂടുതല്‍ സവിശേഷവും സങ്കീര്‍ണവുമായ കരസസ്യങ്ങള്‍ ഇവയില്‍നിന്ന് പരിണമിച്ചവയായിരിക്കണം എന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴുള്ള ഹരിത ആല്‍ഗകളില്‍ ചിലത് ഈ പരിണാമഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നും കരുതാം. ഇവയ്ക്ക് സാരമായ മാറ്റങ്ങളൊന്നും സംഭവിച്ചിരിക്കാനിടയില്ല. കൂടുതല്‍ സങ്കീര്‍ണമായ സസ്യങ്ങള്‍ ഇവയില്‍ നിന്നായിരിക്കില്ല രൂപംകൊണ്ടത്. ഇവയെ പരിണാമവൃക്ഷത്തിന്റെ താഴത്തെ പാര്‍ശ്വശാഖകള്‍ എന്നു വിശേഷിപ്പിക്കാവുന്നതാണ്. നോ. ആല്‍ഗകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍