This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോറോഫൈറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോറോഫൈറ്റ

Chlorophyta

ഹരിത-ആല്‍ഗകളും സ്റ്റോണ്‍വര്‍ട്ടുകളും ഉള്‍പ്പെടുന്ന ആല്‍ഗവിഭാഗം (Division). 90 ശതമാനം സ്പീഷീസുകളും ശുദ്ധജലത്തിലാണ് കാണപ്പെടുന്നത്; ഏതാനും സ്പീഷീസുകള്‍ സമുദ്രജലത്തിലും. സമുദ്രങ്ങളില്‍ വളരുന്നവ അധികം ആഴമില്ലാത്ത ജലത്തില്‍ പാറകളില്‍ പറ്റിപ്പിടിച്ച നിലയിലാണ് കാണുക. ശുദ്ധജല സ്പീഷീസുകളില്‍ അധികവും നിമഗ്നജല (immersed) ജീവികളായിരിക്കും. മണ്ണിലും പാറകളിലും മഞ്ഞുകട്ടകളിലും വളരുന്നയിനങ്ങളുമുണ്ട്. ചിലവ സസ്യങ്ങളിലും ജന്തുക്കളിലും പരാദങ്ങളായി കഴിഞ്ഞുകൂടുന്നു.

ജി.എം. സ്മിത്ത് 1938-ല്‍ ക്ലോറോഫൈറ്റ ഡിവിഷനെ രണ്ടു വര്‍ഗ(class)ങ്ങളാക്കിത്തിരിച്ചു: ഹരിത-ആല്‍ഗകളടങ്ങുന്ന ക്ലോറോഫൈസിയും സ്റ്റോണ്‍വര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന കാരോഫൈസിയും. മറ്റു ചില ശാസ്ത്രജ്ഞന്മാര്‍ എല്ലാ പച്ച ആല്‍ഗകളെയുംകൂടി ക്ലോറോഫൈസി (Chlorophyceae) എന്ന വര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പരിണാമപരമായി സ്റ്റോണ്‍വര്‍ട്ടുകള്‍ വളരെ ഉയര്‍ന്ന നിലയിലായതിനാലും ഇവയ്ക്ക് മറ്റ് ഹരിത-ആല്‍ഗകളില്‍നിന്നും വളരെയേറെ വ്യത്യാസങ്ങളുള്ളതിനാലും ചില ഫൈക്കോളജിസ്റ്റുകള്‍ (Phycologists) ഹരിത-ആല്‍ഗകളെ ക്ലോറോഫൈസിയിലും സ്റ്റോണ്‍വര്‍ട്ടുകളെ കാരോഫൈസിയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. നോ. ക്ലോറോഫൈസി

ക്ലോറോഫൈറ്റകളില്‍ കാണപ്പെടുന്നത്ര താലസിന്റെ വൈവിധ്യം മറ്റൊരു ആല്‍ഗ വിഭാഗങ്ങളിലും കാണുന്നില്ല. ഒരൊറ്റ കോശം മാത്രമുള്ളവ (ഉദാ. ക്ലാമിഡോമോണാസ്), നിരവധി കോശങ്ങളുള്ളവ (ഉദാ. യൂഡോറൈന), കോളനികളായി കാണപ്പെടുന്നവ (ഉദാ. വോള്‍വോക്സ്), തന്തുരൂപത്തിലുള്ളവ (ഉദാ. ഈഡൊഗോണിയം) എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആല്‍ഗകളുടെ സമൂഹമാണിതെന്നു പറയാം. ഇതോടൊപ്പം കോളര്‍പ്പ പോലെ ഇലയുടെ ആകൃതിയുള്ളവയും കോളിയോകീറ്റ പോലെ പരന്ന ആകൃതിയുള്ളവയും ശാഖോപശാഖകളോടെ വളരുന്നവയും വിരളമല്ല.

ചില ആദിമ ക്ലോറോഫൈറ്റകള്‍ക്ക് നിശ്ചിതമായ കോശഭിത്തി കാണുന്നില്ല. പക്ഷേ ഇവയുടെ പ്രോട്ടോപ്ലാസത്തിന് ദൃഢവും നിശ്ചിതരൂപവുമുള്ള ഒരു ആവരണമുണ്ടായിരിക്കും. ഇന്നു കാണപ്പെടുന്ന ക്ലോറോഫൈറ്റയിലെ ഭൂരിഭാഗം ഇനങ്ങള്‍ക്കും ദൃഢമായ ഒരു കോശഭിത്തിയുണ്ട്. ഇതിന് രണ്ടോ മൂന്നോ സ്തരങ്ങളുണ്ടായിരിക്കും. ഇവയില്‍ ഏറ്റവും ഉള്ളിലുള്ളത് സെല്ലുലോസ് നിര്‍മിതമാണ്. എന്നാല്‍ ചിലയിനങ്ങളില്‍ ഇതിനുപകരം കാലോസ് സ്തരവും കാണപ്പെടുന്നുണ്ട്. ഇതിനു വെളിയിലായി മിക്ക ഇനങ്ങളിലും പെക്ടോസ് നിര്‍മിത സ്തരമാണ് കാണപ്പെടാറുള്ളത്. ചിലയിനങ്ങളില്‍ ഈ സ്തരത്തിന്റെ പുറംവശം കൈറ്റിന്‍, ലൈം, ഇരുമ്പ് തുടങ്ങിയ അലേയ വസ്തുക്കള്‍ കൊണ്ട് പൂരിതമായിരിക്കും.

ഹരിത-ആല്‍ഗകളുടെ ക്ലോറോപ്ലാസ്റ്റുകളുടെ ആകൃതിയും വലുപ്പവും വിവിധ സ്പീഷീസുകളില്‍ വ്യത്യസ്തമായിരിക്കും. ക്ലാമിഡോമോണാസില്‍ കപ്പിന്റെ ആകൃതിയിലുള്ള ക്ലോറോപ്ലാസ്റ്റുകളാണുള്ളത്. സിഗ്നിമയില്‍ ഇവയ്ക്ക് നക്ഷത്രാകൃതിയാണ്. തകിടുപോലെ പരന്ന ക്ലോറോപ്ലാസ്റ്റുകളും വിരളമല്ല. ക്ലോറോഫൈസിയിലെ ഡെസ്മിഡുകളിലാണ് ഏറ്റവും വലിയ ക്ലോറോപ്ലാസ്റ്റുകള്‍ കാണപ്പെടുന്നത്. പ്രകാശസംസ്ലേഷണത്തിനാവശ്യമായ വര്‍ണകങ്ങള്‍ ക്ലോറോപ്ലാസ്റ്റുകളിലാണുള്ളത്. ക്ലോറോഫില്‍-എ, ക്ലോറോഫില്‍-ബി, കരോട്ടിനുകള്‍, സാന്തോഫില്ലുകള്‍ എന്നിവയാണ് ക്ലോറോഫൈറ്റയിലെ പ്രധാന വര്‍ണകങ്ങള്‍. ഇവയുടെ തോത് ഓരോ സ്പീഷീസിലും വ്യത്യസ്തമായിട്ടാണ് കണ്ടുവരുന്നത്. പ്രകാശസംസ്ലേഷക വസ്തുക്കള്‍ ഒന്നുംതന്നെയില്ലാത്ത സ്പീഷീസുകളും (പോളിറ്റോമാ-വേള്‍വോക്കേലിസ്) ഉണ്ട്.

ക്ലോറോഫൈറ്റയിലെ മിക്കയിനങ്ങളിലെയും ക്ലോറോപ്ലാസ്റ്റില്‍ പൈറിനോയിഡ് കാണപ്പെടുന്നു. ഇവയ്ക്ക് അന്നജത്തിന്റെ ചെറിയ പ്ളേറ്റുകള്‍ കൊണ്ടുള്ള ആവരണമുണ്ടായിരിക്കും. ഒരു ക്ലോറോപ്ലാസ്റ്റ് മാത്രമുള്ള വലുപ്പംകുറഞ്ഞ കോശങ്ങളിലും അനേകം ചെറിയ ക്ലോറോപ്ലാസ്റ്റുകളുള്ള കോശങ്ങളിലും സാധാരണ ഒരു ക്ലോറോപ്ലാസ്റ്റില്‍ ഒരു പൈറിനോയിഡ് മാത്രമേ കാണപ്പെടാറുള്ളു. എന്നാല്‍ ചിലയിനങ്ങളില്‍ സൈറ്റോപ്ലാസത്തില്‍ അനേകം പൈറിനോയിഡുകള്‍ ചിതറിയ നിലയില്‍ കാണപ്പെടുന്നുണ്ട്.

ചിത്രം:Screen24.png‎

ക്ലോറോഫൈറ്റയില്‍ പ്രകാശസംസ്ലേഷണത്തിലൂടെ നിര്‍മിതമാവുന്ന അന്നജം പൈറിനോയിഡുകള്‍ക്ക് ചുറ്റുമായി നിക്ഷേപിക്കപ്പെടുന്നു. പൈറിനോയിഡുകള്‍ ഇല്ലാത്ത ക്ലോറോപ്ലാസ്റ്റുകളില്‍ അന്നജം ശേഖരിക്കുന്നത് ല്യൂക്കോപ്ലാസ്റ്റുകളിലാണ്. ചിലയിനങ്ങളില്‍ അന്നജത്തോടൊപ്പം കൊഴുപ്പും എണ്ണയും ഭക്ഷ്യശേഖരണങ്ങളായി കാണപ്പെടുന്നു.

ക്ലോറോഫൈറ്റയിലെ ചില സ്പീഷീസുകളുടെ കായിക കോശങ്ങളുടെയും പലതിന്റെയും പ്രത്യുത്പാദക കോശങ്ങളുടെയും അഗ്രഭാഗത്തായി രണ്ടോ നാലോ തുല്യനീളമുള്ള ഫ്ളാജല്ലകള്‍ കാണപ്പെടുന്നു. ക്ലോറോഫൈസിയിലെ ഈഡൊഗോണിയത്തിലും കരോഫൈസിയിലെ കാരയിലും പ്രത്യുത്പാദക കോശങ്ങള്‍ക്ക് കുറുകെ ചുറ്റിലുമായി ധാരാളം ഫ്ളാജല്ലകളുണ്ട്. സാധാരണ ചാട്ടപോലെ തോന്നിക്കുന്ന ഈ ഫ്ളാജല്ലകളുടെ ഘടന വളരെ ലഘുവാണ്. ഇരട്ട ഫ്ളാജല്ലകളുള്ള ജീനസുകളുടെ ഫ്ളാജല്ലകളുടെ ചുവടിനോടടുത്ത് രണ്ട് സങ്കുഞ്ചനരിക്ത (Contractilevacuole)കളുണ്ട്. ഇവ വിസര്‍ജനാവയവങ്ങളാണെന്ന് കരുതപ്പെടുന്നു. ചില സ്പീഷീസുകളില്‍ (ഉദാ. വോള്‍വോക്സ്) ഫ്ളാജല്ലത്തിന് ചുവട്ടിലായി ഒരു കണികയുടെ രൂപത്തിലുളള ബ്ലഫറോപ്ലാസ്റ്റ് (Blepharoplast) ഉണ്ട്. ചലനകോശങ്ങളില്‍ സാധാരണയായി ഒരു നേത്രബിന്ദു (eye spot) കാണപ്പെടുന്നു. കോശത്തിന് മുന്നറ്റത്തായി ഫ്ളാജല്ലകളുടെ ഉദ്ഭവസ്ഥാനത്തിനടുത്തായാണ് ഇത് കാണാറുള്ളത്. എങ്കിലും അത് ചിലപ്പോള്‍ മധ്യഭാഗത്തോ പിന്‍ഭാഗത്തോ ആയും കാണാവുന്നതാണ്. പ്രകാശസംവേദിയായ (light sensitive) ഈ അവയവം ഫ്ളാജല്ലകളുടെ ചലനത്തെ നിയന്ത്രിക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു.

ക്ലോറോകോക്കേലിസ്, സൈഫൊണേലിസ് തുടങ്ങിയ ക്ലോറോഫൈറ്റകള്‍ക്ക് കായിക കോശവിഭജനശേഷയില്ല. എന്നാല്‍ കോശവിഭജനശേഷിയുള്ള ഏക ന്യൂക്ളിയകോശങ്ങളില്‍ സൈറ്റോപ്ലാസ വിഭജനത്തിനുമുമ്പ് കോശകേന്ദ്രത്തിന്റെ ക്രമഭംഗ(Mitosis)വിഭജനം നടക്കുന്നു. പക്ഷേ ബഹുന്യൂക്ലിയകോശങ്ങളില്‍ ഇത്തരമൊരു കോശവിഭജനം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യാം. രാത്രികാലങ്ങളിലാണ് കായകോശവിഭജനം നടക്കാറുള്ളത്. കോളനികളായുള്ള സ്പീഷീസുകളില്‍ ഒന്നോ രണ്ടോ ചെറിയ ഭാഗങ്ങള്‍ (fragments) പൊട്ടിമാറി അവ പല പ്രാവശ്യം വിഭജിച്ചാണ് കോളനി രൂപമെടുക്കുന്നത്. തന്തുരൂപത്തിലുള്ള ആല്‍ഗകളില്‍ ഖണ്ഡനംമൂലം കോശം ആദ്യം ചെറിയ ഘടകങ്ങളായി പിരിയുകയും പിന്നീട് കോശവിഭജനത്തിലൂടെ പുതിയ തന്തുക്കള്‍ രൂപമെടുക്കുകയും ചെയ്യും.

അലൈംഗിക പ്രത്യുത്പാദനം പ്രധാനമായും സൂസ്പോറുകള്‍മൂലമാണ് നടക്കുക. കോണ്‍ജുഗേലിസുകളിലും ക്ലോറോകോക്കേലിസുകളിലും സൂസ്പോറുകള്‍ ഉണ്ടാവുന്നില്ല. സാധാരണ കായിക കോശങ്ങളിലാണ് സൂസ്പോറുകള്‍ ഉണ്ടാവുന്നതെങ്കിലും ട്രെന്റിഫോളിയയില്‍ രൂപാന്തരം പ്രാപിച്ച സ്പൊറാന്‍ജിയങ്ങളിലാണിവ കാണാറുള്ളത്. ഒരു കോശത്തില്‍നിന്ന് ഒന്നോ അതിലധികമോ സൂസ്പോറുകളുണ്ടാവുന്നു. ഒന്നിലധികം സൂസ്പോറുകളുണ്ടാവുമ്പോള്‍ ആദ്യം കോശകേന്ദ്രം വിഭജിച്ച് രണ്ടാവുകയും തുടര്‍ന്ന് സൈറ്റോപ്ലാസം രണ്ടായി മുറിഞ്ഞ് രണ്ടു പുത്രികാകോശങ്ങളുണ്ടാവുകയും ചെയ്യും. ഈ പുത്രികാകോശങ്ങള്‍ പല പ്രാവശ്യം വിഭജനവിധേയമായി 2-32 സൂസ്പോറുകള്‍ ഉണ്ടാവുന്നു. രാത്രിയിലുണ്ടാകുന്ന സൂസ്പോറുകള്‍ കോശഭിത്തി പൊട്ടി രാവിലെതന്നെ പുറത്തുവരും. പ്ലാസ്മാസ്തരത്തില്‍ പൊതിയപ്പെട്ട സൂസ്പോറുകള്‍ക്ക് രണ്ടോ നാലോ ഫ്ളാജല്ലകളുണ്ടായിരിക്കും. ഹൈഡ്രോ ഡിക്ടിയോണുകളില്‍ കോശകേന്ദ്രം വിഭജിക്കുമെങ്കിലും സൈറ്റോപ്ലാസവിഭജനം നടക്കുന്നില്ല. ഈ പുത്രികാകോശകേന്ദ്രങ്ങള്‍ രൂപാന്തരം പ്രാപിച്ച് സൂസ്പോറുകളുണ്ടാവുന്നു. ചില അവസരങ്ങളില്‍ ഈ രണ്ടു കോശകേന്ദ്രങ്ങളും വൃത്താകൃതിയിലായി വ്യക്തമായ ഒരു കോശഭിത്തികൊണ്ട് ആവരണം ചെയ്യപ്പെടുന്നു. ഇപ്രകാരം വളര്‍ച്ചയെത്തിയ സൂസ്പോറുകളാണ് എപ്ലാനോസ്പോറുകള്‍ എന്നറിയപ്പെടുന്നത്. കട്ടിയേറിയ കോശഭിത്തിയുള്ള എപ്ലാനോസ്പോറുകള്‍ (Aplanospores) ഹൈപ്നോ സ്പോറുകള്‍ (Hypnospores) എന്ന് അറിയപ്പെടുന്നു. ജനകകോശത്തിന്റെ ആകൃതി തന്നെയാണ് എപ്ലാനോസ്പോറുകള്‍ക്കുള്ളതെങ്കില്‍ അവയെ ആട്ടോസ്പോറുകള്‍ (Autospores)എന്നു പറയും. ചില കായികകോശങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് കട്ടികൂടിയ കോശഭിത്തിയുണ്ടായി സ്പോറുകളായിത്തീരുന്നു. എക്കൈനറ്റ് (Akinete) എന്ന പേരിലാണിവ അറിയപ്പെടുന്നത്.

'ആട്ടോസ്പോര്‍'മൂലം പ്രജനനം നടത്തുന്ന ക്ലോറോകോക്കേലിസ് ഒഴികെ മറ്റു ക്ലോറോഫൈറ്റകളിലെല്ലാംതന്നെ ലൈംഗിക പ്രത്യുത്പാദനം നടക്കുന്നുണ്ട്. കോശത്തിനുള്ളിലെ പ്രോട്ടോപ്ലാസം വിഭജിക്കപ്പെട്ട് യുഗ്മകം (Gamete) ഉണ്ടാവുന്നു. ഇവയ്ക്ക് ചലനശേഷിയുണ്ട്. ബീജസംയോജനം മൂന്നുവിധത്തില്‍ നടക്കുന്നു.

ആകൃതിയിലും പ്രകൃതിയിലും ഒരേ സ്വഭാവമുള്ള രണ്ടു ബീജങ്ങള്‍ യോജിക്കുന്ന പ്രക്രിയയ്ക്ക് സമയുഗ്മനം (Isogamy) എന്നു പറയുന്നു. ക്ലാമിഡോമോണാസ്, യൂലോത്രിക്സ് ക്ലാഡോഫോറ എന്നിവയില്‍ ഇത്തരത്തിലുള്ള ബീജസംയോജനമാണ് നടക്കാറുള്ളത്. എന്നാല്‍ സംയോജനബീജങ്ങള്‍തമ്മില്‍ വലുപ്പവ്യത്യാസമുണ്ടെങ്കില്‍ ഇവയുടെ സംയോജനം അസമയുഗ്മനം (Anisogamy) എന്ന പേരിലാണറിയപ്പെടുക. മൂന്നാമത്തെയിനം ബീജസംയോജനം ചലനശേഷിയില്ലാത്ത വലിയ അണ്ഡവും ചലനശേഷിയുള്ള ചെറിയ പുരുഷബീജവും തമ്മിലാണ് നടക്കുന്നത്. ഇത്തരം അണ്ഡബീജസംയോജനത്തെ വിഷമയുഗ്മത(Ocgamy)എന്നു പറയുന്നു. കോളിയോക്കീറ്റ, ഈഡൊഗോണിയം, കാരേലുകള്‍, വൗച്ചീരിയ എന്നീ ഹരിത ആല്‍ഗകളില്‍ യുഗ്മകങ്ങളുടെ പുരോഗമനോന്മുഖമായ വികാസപരമ്പര ദൃശ്യമാണ്. ഏകകോശ വോള്‍വോക്കേലിസില്‍ കാണപ്പെടുന്ന വിഷമയുഗ്മത ഒരളവില്‍ സമയുഗ്മനത്തില്‍നിന്നും വിഷമയുഗ്മതയിലേക്കുള്ള വികാസപരിണാമത്തെയാണ് കാണിക്കുന്നത്. ഇത് കോളനിസംവിധാനത്തിന്റെ സങ്കീര്‍ണതയുമായി ബന്ധപ്പെട്ട സവിശേഷതയല്ല എന്നും കരുതപ്പെടുന്നു.

കോണ്‍ജുഗേലുകളില്‍ പ്രത്യേക വിധത്തിലുള്ള സോപാനസംയുഗ്മനവും (Scalariform conjugation) പാര്‍ശ്വസംയുഗ്മനവും (Lateral conjugation) കാണപ്പെടുന്നു. സസ്യശരീരഘടനയിലും ലൈംഗിക പ്രത്യുത്പാദനത്തിലും ഈ വിഭാഗത്തില്‍ ഏറ്റവും ഉന്നത സ്ഥാനമുള്ളത് കാരോലിസുകള്‍ക്കാണ്. ഇവയ്ക്ക് സങ്കീര്‍ണഘടനയുള്ള ബഹുകോശക ലൈംഗികാവയവങ്ങളാണുള്ളത്. ഇവയുടെ സ്പോറുകളെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയും.

ക്ലോറോഫൈറ്റയില്‍ ഏറ്റവും ലളിതമായ ജീവനചക്രമുള്ളത് ക്ലാമിഡോമോണാസിലാണ്. ഇവയില്‍ കായിക കോശങ്ങളുടെ വിഭജനംമൂലം 2-16 സചരപുത്രികാകോശങ്ങളുണ്ടാവുന്നു. ഇവ ചിലപ്പോള്‍ യുഗ്മകങ്ങളായും വര്‍ത്തിക്കാറുണ്ട്. ക്ലാമിഡോമോണാസില്‍ ഒരു ഏകകോശക അഗുണിത അവസ്ഥയും ഒരു ഏകകോശക ദ്വിഗുണിത അവസ്ഥയും തമ്മിലുള്ള ഏകാന്തരണവും ദൃശ്യമാണ്. ഇങ്ങനെയുള്ള ഒരു ആദിമ അവസ്ഥയില്‍നിന്ന് ആരംഭിച്ച് അഗുണിതമോ (Haploid ) ദ്വിഗുണിതമോ (Diploid) ആയ ബഹുകോശകാവസ്ഥയിലെത്തിച്ചേരുന്ന തരത്തിലുള്ള ഒരു പരിണാമപ്രക്രിയയും കാണാറുണ്ട്. സ്പൈറോഗൈറ, ഈഡൊഗോണിയം, കോളിയോക്കീറ്റ് തുടങ്ങിയവയില്‍ ഒരു ബഹുകോശക അഗുണിത തലമുറയ്ക്ക് ഏകകോശക ദ്വിഗുണിത അവസ്ഥയുമായി ഏകാന്തരണമുള്ള ഒരു ജീവനചക്രം ഉണ്ടാകുന്നു. ഇത്തരം ആല്‍ഗകളില്‍ അലൈംഗികപ്രത്യുത്പാദനംവഴി അഗുണിത തലമുറയുടെ പുനരാവര്‍ത്തനം നടക്കാറുമുണ്ട്.

വോള്‍വോക്കേലിസുകളാണ് ഏറ്റവും ആദിമങ്ങളെന്നും എല്ലാ ക്ലോറോഫൈറ്റകളും ഇവയില്‍നിന്ന് പരിണമിച്ചിട്ടുള്ളതാണെന്നും ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. പാമെല്ലോയിഡും (ടെട്രാസ്പോറേലിസ്) കോക്കോയിഡും (ക്ലോറോകോക്കേലിസ്) ആല്‍ഗകളും ഇവയില്‍ നിന്നുതന്നെയാണ് പരിണാമം പ്രാപിച്ചതെന്നും കരുതപ്പെടുന്നു. ട്രെട്രാസ്പോറേലിസുകളില്‍ നിന്നാണോ ഏകകോശകങ്ങളില്‍ നിന്നാണോ യൂലോട്രിക്കേലിസുകള്‍ ഉദ്ഭവിച്ചതെന്നുള്ളതിനെപ്പറ്റി ശാസ്ത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നത ഇന്നും നിലവിലുണ്ട്.

'സ്റ്റോണ്‍വര്‍ട്ടുകള്‍' (കാരേലിസ്) മറ്റ് ഹരിത-ആല്‍ഗകളില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങളാണ്. വോള്‍വോക്കേലിസുകളെക്കാള്‍ പരിണാമപരമായി ഉയര്‍ന്ന ആല്‍ഗകളില്‍നിന്ന് ഇവ പരിണമിച്ചതാവണം എന്ന അഭിപ്രായഗതിയാണ് ഇന്ന് നിലവിലുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍