This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോറോഫില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോറോഫില്‍

Chlorophyll

ചെടിക്ക് പച്ചനിറം കൊടുക്കുകയും ആഹാരം പാകംചെയ്യാന്‍ അവയെ സഹായിക്കുകയും ചെയ്യുന്ന വര്‍ണകവസ്തു. ഹരിതകം എന്നും അറിയപ്പെടുന്നു. പച്ചനിറമില്ലാത്ത സസ്യഭാഗങ്ങളില്‍ പ്രകാശസംസ്ലേഷണം (Photosynthesis) നടക്കുന്നില്ല. പ്രകാശസംസ്ലേഷണസമയത്ത് ക്ലോറോഫില്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുകയും പ്രകാശോര്‍ജത്തെ രാസോര്‍ജം (ATP-അഡിനോസിന്‍ ട്രൈഫോസ്ഫേറ്റ്) ആക്കി മാറ്റുകയും ചെയ്യുന്നു. ചില പ്രത്യേക ദൈര്‍ഘ്യമുള്ള പ്രകാശരശ്മികളെ മാത്രമേ ക്ലോറോഫില്‍ ആഗിരണം ചെയ്യാറുള്ളൂ. ബാക്കി രശ്മികള്‍ വ്യതിയാനം സംഭവിക്കാതെ പുറത്തുപോകുന്നു. അന്തരീക്ഷവായുവില്‍നിന്നും വലിച്ചെടുക്കുന്ന കാര്‍ബണ്‍ ഡൈഓക്സൈഡും സസ്യം ശേഖരിക്കുന്ന വെള്ളവുമായി യോജിപ്പിച്ച് കാര്‍ബോ ഹൈഡ്രേറ്റ് രൂപപ്പെടുത്തിയെടുക്കുവാന്‍ സൂര്യപ്രകാശം ക്ലോറോഫില്ലിനെ സഹായിക്കുന്നു. സാപ്രോഫൈറ്റുകളില്‍ ക്ലോറോഫില്‍ കാണാറില്ല. ഇവ ആഹാരസമ്പാദനത്തിന് മറ്റു സസ്യങ്ങളെ ആശ്രയിക്കുന്നു.

പച്ച നിറമുള്ള സസ്യങ്ങളില്‍ ക്ലോറോഫില്ലിനോടൊപ്പം മഞ്ഞ നിറമുള്ള കരോട്ടിനോയിഡ് (Carotenoid) വര്‍ണങ്ങളും കാണപ്പെടുന്നു. ക്ലോറോഫില്‍ ഉണ്ടാകാത്ത ഇലകളിലും പ്രായംമൂലമോ മറ്റോ അതു നഷ്ടപ്പെട്ട ഇലകളിലും ഈ മഞ്ഞ വര്‍ണകം വ്യക്തമായി തെളിയുന്നു. പ്രകാശം അധികമില്ലാത്തിടത്ത് വളരുന്ന ചെടികളില്‍ ക്ലോറോഫില്‍ ഉണ്ടാകാത്തതിനാല്‍ അവയ്ക്ക് മഞ്ഞനിറം കാണും.

നീലഹരിത ശൈവാലങ്ങളും പ്രകാശസംസ്ലേഷണശേഷിയുള്ള ബാക്റ്റീരിയകളും ഒഴിച്ച് മറ്റെല്ലാ സസ്യങ്ങളിലും ക്ലോറോഫില്‍ കാണപ്പെടുന്നത് ക്ലോറോപ്ലാസ്റ്റുകളിലാണ്. മിക്ക ശൈവാലങ്ങളിലും ക്ലോറോപ്ലാസ്റ്റിലുള്ള ഗ്രാനയിലാണ് ഈ വര്‍ണകങ്ങളുള്ളത്. ക്ലോറോഫില്‍ തന്മാത്രകള്‍ ഒരു പാളിയുടെ രൂപത്തില്‍ പ്രോട്ടീന്‍ അടുക്കുകള്‍ക്കിടയില്‍ ഒരൊറ്റ അട്ടിയായിട്ടാണ് കാണപ്പെടുക. ലിപ്പിഡുകളോടും കരോട്ടിനോടും ബന്ധപ്പെട്ട വിധത്തിലാണിവ ഗ്രാനയ്ക്കുള്ളില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്. പ്രകാശോര്‍ജത്തെ സ്വീകരിക്കുന്നതിനുമാത്രമല്ല, പ്രകാശചലനത്തിനും പ്രകാശസംസ്ലേഷണത്തില്‍ ഇതുപയോഗപ്പെടുത്തുന്നതിനും വളരെ ഫലപ്രദമാണ് ഈ വിന്യാസം. ഇത്തരം നിരവധി ഗ്രാനകള്‍ സ്ട്രോമ (Stroma) എന്നറിയപ്പെടുന്ന പ്രോട്ടീന്‍ നിര്‍മിതമാധ്യമത്തില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. ലവണങ്ങളും എന്‍സൈമുകളും അടങ്ങിയ ക്ലോറോപ്ലാസ്റ്റിന്റെ ദ്രവഘടകമായി സ്ട്രോമയെ കണക്കാക്കാം. സ്ട്രോമയും ഗ്രാനയും ചേര്‍ന്നാണ് ക്ലോറോപ്ലാസ്റ്റ് രൂപമെടുക്കുന്നത്.

സസ്യലോകത്തില്‍ നിരവധിയിനം ക്ലോറോഫില്ലുകളുണ്ട്. പ്രകാശസംസ്ലേഷണശേഷിയുള്ള സസ്യങ്ങളില്‍ ക്ലോറോഫില്‍-എ (Chlorophyll-a) കാണുന്നു. ഇത് പ്രകാശസംസ്ലേഷണത്തില്‍ ഒരു ഫോട്ടോഎന്‍സൈം (Photoenzyme) എന്ന നിലയില്‍ സജീവ പങ്കു വഹിക്കുന്നു. ഹരിതസസ്യങ്ങളിലെ ക്ലോറോപ്ലാസ്റ്റുകളിലുള്ള പ്രകാശഗ്രാഹികള്‍ (Photoreceptors) ആണ് ഇതെന്നും പറയാം. പച്ചയും പര്‍പ്പിളും ബാക്റ്റീരിയകളില്‍ ക്ലോറോഫില്‍-എ കാണാറില്ല.

ഉയര്‍ന്നയിനം സസ്യങ്ങള്‍ (Phanerogams), പച്ച ശൈവാലങ്ങള്‍ (Green Algae) എന്നിവയില്‍ ക്ലോറോഫില്‍-എ യോടൊപ്പം ക്ലോറോഫില്‍-ബി(Chlorophyll-b)യും കാണപ്പെടുന്നുണ്ട്. തവിട്ട് ശൈവാലങ്ങള്‍ (Phaeophyta), ഡയാറ്റങ്ങള്‍ (Diatoms) തുടങ്ങിയവയില്‍ ക്ലോറോഫില്‍-സി (Chlorophyll-c) എന്ന മൂന്നാമതൊരിനവും കാണുന്നു. ക്ലോറോഫില്‍-സി ഉള്ള സസ്യങ്ങളില്‍ ക്ലോറോഫില്‍-ബി കാണപ്പെടുന്നില്ല. ചുവപ്പ് ശൈവാലങ്ങളില്‍ (Xanthophyceae) ക്ലോറോഫില്‍-ഡി (Xanthophyceae) എന്നൊരിനമാണ് കാണാറുള്ളത്. ചുവന്ന ആല്‍ഗകളിലെ ഫൈക്കോഎറിത്രിന്‍ (Phycoerythrine), ഫൈക്കോസൈനിന്‍ (Phycocynin) തുടങ്ങിയ വര്‍ണകങ്ങള്‍ പ്രകാശരശ്മിയെ ആഗിരണം ചെയ്യുന്നു. മറ്റ് ആല്‍ഗകളില്‍ കരോട്ടിനോയിഡ് വര്‍ണകങ്ങളാണ് രശ്മികളെ ആഗിരണം ചെയ്യുന്നത്. എന്നാല്‍ പ്രകാശസംസ്ലേഷണസമയത്തിന് മുമ്പ് ഇത് ക്ലോറോഫില്ലിലേക്ക് മാറ്റപ്പെടും. ഇവയില്‍ ക്ലോറോഫില്‍-ബി കാണപ്പെടാറില്ല.

പര്‍പ്പിള്‍ ബാക്റ്റീരിയകളില്‍ ബാക്റ്റീരിയോ ക്ലോറോഫില്‍ (Bacterio-chlorophyl) എന്നൊരിനം ഉണ്ട്. പച്ച ബാക്റ്റീരിയകളിലാകട്ടെ ബാക്റ്റീരിയോ വിറിഡിന്‍ (Bacterio viridin) എന്നയിനം ക്ലോറോഫില്ലാണുള്ളത്. ഇതിനെ ക്ലോറോബിയം ക്ലോറോഫില്‍ (Chlorobium chlorophyll) എന്നും പറയാറുണ്ട്.

എല്ലായിനം ക്ലോറോഫില്ലുകള്‍ക്കും സമാന രാസഘടനയാണുള്ളത്. ഇവയിലെല്ലാംതന്നെ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ക്ലോറോഫില്‍-എ ടെട്രാപൈറോളിന്റെ ഒരു പ്രതിസ്ഥാപിതവസ്തുവാണ്. പൈറോളിലെ നാല് നൈട്രജന്‍ അണുക്കള്‍ ഒരു മഗ്നീഷ്യം അണുവുമായി ഉപസഹസംയോജകത(co-ordination)യിലൂടെ ബന്ധപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്. അതിനാല്‍ ക്ലോറോഫില്‍ ഒരു മഗ്നീഷ്യം പോര്‍ഫൈറിന്‍ ആണെന്നു തെളിയുന്നു. ഉയര്‍ന്നയിനം സസ്യങ്ങളില്‍ ക്ലോറോഫില്‍-എയോടൊപ്പം ബി-യും കാണപ്പെടുന്നു. ഇവ വെള്ളത്തില്‍ ലയിക്കുന്നില്ല. എന്നാല്‍ മീഥൈല്‍ ആള്‍ക്കഹോള്‍ (Methyl alcohol), മീഥൈല്‍ ഈഥര്‍ (Methyl ether), ക്ലോറോഫോം, കാര്‍ബണ്‍ ഡൈസള്‍ഫൈഡ് (Carbon di sulphide) എന്നിവയില്‍ ലയിക്കുന്നു. ക്ലോറോഫില്‍-എയ്ക്ക് ഖരാവസ്ഥയില്‍ നീലയും പച്ചയും കലര്‍ന്ന നിറമാണുള്ളത്; ക്ലോറോഫില്‍-ബിയ്ക്കാകട്ടെ പച്ചയും കറുപ്പും കലര്‍ന്ന നിറവും. എന്നാല്‍ ഇതിന്റെ രണ്ടിന്റെയും ശുദ്ധമായ ലായനിക്ക് പച്ച നിറമാണ്. ഈഥൈല്‍ ആല്‍ക്കഹോളിലുണ്ടാക്കിയ ക്ലോറോഫില്‍-എ ലായനി കടുംചുവപ്പ് പ്രതിദീപ്തി കാണിക്കുന്നു; ക്ലോറോഫില്‍-ബി ലായനിക്ക് തവിട്ടും ചുവപ്പും കലര്‍ന്ന പ്രതിദീപ്തിയാണുള്ളത്. സജീവകോശങ്ങളിലെ ക്ലോറോഫില്ലും പ്രതിദീപനശേഷിയുള്ളതാണ്.

ക്ലോറോഫില്‍-എയുടെ തന്മാത്രാഫോര്‍മുല: C55 H72 O5 N4 Mg എന്നാണ്. ക്ലോറോഫില്‍-ബിയുടേത് C55 H70 O6 N4 Mg യും. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം ഒരു ഉപശൃംഖലയുടെ കാര്യത്തിലാണ്. ക്ലോറോഫില്‍-എയിലുള്ള മീഥൈല്‍ (Methyl- CH3) ഗ്രൂപ്പിനുപകരം ക്ലോറോഫില്‍-ബിയില്‍ ഒരു ആല്‍ഡിഹൈഡ് ഗ്രൂപ്പ് H > C = 0 ആണുണ്ടാവുക. ക്ലോറോഫില്‍-എയുടെ അഭാവത്തില്‍ ക്ലോറോഫില്‍-ബി - പ്രകാശസംസ്ലേഷണം നടത്താറുണ്ട്.

പ്രോട്ടോക്ലോറോഫില്ലില്‍ നിന്നാണ് ക്ലോറോഫില്‍ രൂപമെടുക്കുന്നത്. പ്രകാശമില്ലാത്ത സ്ഥലങ്ങളില്‍ മുളയ്ക്കുന്ന ചെറുസസ്യങ്ങളില്‍ ക്ലോറോഫില്‍ കാണാറില്ലെങ്കിലും അവയില്‍ പ്രോട്ടോക്ലോറോഫില്‍ കാണപ്പെടുന്നു. പ്രകാശം ലഭ്യമാവുമ്പോള്‍ ഈ പ്രോട്ടോക്ലോറോഫില്ലുകളില്‍നിന്ന് ക്ലോറോഫില്‍-എ രൂപമെടുക്കുന്നതായി കാണാം. ഒരു പ്രകാശരാസപ്രവര്‍ത്തനം (Photochemical reaction) മൂലമാണിത് സംഭവിക്കുന്നത്. അനാവൃതബീജികളില്‍ പ്രകാശമില്ലാത്ത സ്ഥിതിയിലും പ്രോട്ടോക്ലോറോഫില്‍ ക്ലോറോഫില്‍ ആയി മാറാറുണ്ട്. ഇത് ഒരു രാസപ്രവര്‍ത്തനം മാത്രമാണെന്ന് പറയാം.

ക്ലോറോഫില്‍ നിര്‍മാണത്തിന് മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ആഹാരം സസ്യത്തിനാവശ്യമാണ്. ഇവയുടെ കുറവ് ക്ലോറോഫില്‍ നിര്‍മാണത്തെ പ്രതികൂലമായി ബാധിക്കും. ഇപ്രകാരം ക്ലോറോഫില്‍ നിര്‍മിക്കപ്പെടാത്ത അവസ്ഥയെയാണ് ക്ലോറോസിസ് എന്നു പറയുന്നത്.

ക്ലോറോഫില്‍ സംസ്ലേഷണത്തിന് ചില പ്രത്യേക ഘടകങ്ങള്‍ ആവശ്യമാണ്. ചെടിക്കാവശ്യമായ ഏതെങ്കിലും ധാതുമൂലകത്തിന്റെ അഭാവം കാരണം ക്ലോറോഫില്‍ നിര്‍മാണം നടക്കാതിരിക്കാം. ചില പ്രത്യേക ജനിതക പാരമ്പര്യഘടകങ്ങളും ക്ലോറോഫില്‍ നിര്‍മാണത്തിന് ആവശ്യമാണ്. എല്ലാ പരിസരോപാധികളും ലഭിച്ചാലും ഒരു തോട്ടത്തിലെ ഒരിനം സസ്യങ്ങളുടെ കൂട്ടത്തില്‍ത്തന്നെ ചിലവയില്‍ ക്ലോറോഫില്‍ നിര്‍മിക്കപ്പെടുന്നില്ല. പാരമ്പര്യഘടകങ്ങളുടെ അഭാവമായിരിക്കാം ഇതിനുകാരണമെന്ന് അനുമാനിക്കപ്പെടുന്നു. നോ. ക്ലോറോപ്ലാസ്റ്റ്; പ്രകാശസംസ്ലേഷണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍