This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോറോപ്ലാറ്റിനേറ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോറോപ്ലാറ്റിനേറ്റുകള്‍

ക്ലോറോപ്ലാറ്റിനിക് അമ്ലത്തിന്റെ ലവണങ്ങള്‍. ഹെക്സാ ക്ലോറോപ്ലാറ്റിനിക് അംമ്ലംഎന്നും വിളിക്കാം. ക്ലോറോപ്ലാറ്റിനിക് അമ്ലത്തിന്റെ ഫോര്‍മുല : H2 PtCl6. പ്ലാറ്റിനത്തെ രാജദ്രാവകത്തില്‍ (aqua regia) ലയിപ്പിക്കുമ്പോള്‍ കിട്ടുന്ന ലായനിയെ അധികം ഹൈഡ്രോക്ലോറിക് അമ്ലംചേര്‍ത്തു തിളപ്പിക്കുമ്പോള്‍ നൈട്രജന്‍ സംയുക്തങ്ങള്‍ ബാഷ്പീകരിച്ചു പുറത്തുപോകുന്നു. അവശേഷിക്കുന്ന ലായനിയെ സാന്ദ്രീകരിക്കുമ്പോള്‍ H3 PtCl6.6H2 എന്ന ഫോര്‍മുലയുള്ള ക്രിസ്റ്റലുകള്‍ രൂപം പ്രാപിക്കാന്‍ തുടങ്ങുന്നു. ചുവപ്പുകലര്‍ന്ന തവിട്ടുനിറവും സൂചിയുടെ ആകൃതിയുമുള്ള ഈ പരലുകള്‍ക്ക് ആര്‍ദ്രീകരണസ്വഭാവമുണ്ട്. ക്ലോറോപ്ലാറ്റിനിക് അമ്ലം, ജലം, ആല്‍ക്കഹോള്‍, ഈഥര്‍ എന്നീ ലായകങ്ങളില്‍ ലയിക്കും. വീര്യമേറിയൊരു അമ്ലമാണിത്. മിക്ക പ്ലാറ്റിനം യൗഗികങ്ങളും നിര്‍മിക്കുന്നതിനുള്ള പ്രാരംഭവസ്തു ക്ലോറോപ്ലാറ്റിനിക് അമ്ലമാണ്. പ്ലാറ്റിനം പൂശാനുപയോഗിക്കുന്ന വൈദ്യുത വിസ്ലേഷണ സെല്ലുകളില്‍ ഈ അമ്ലത്തിന്റെ ജലലായനിയാണ് ഉപയോഗിക്കുന്നത്.

ക്ലോറോപ്ലാറ്റിനിക് അമ്ലത്തിന്റെ ജലലായനിയെ സോഡിയം കാര്‍ബണേറ്റ് ചേര്‍ത്ത് തിളപ്പിക്കുമ്പോള്‍ പരല്‍ രൂപീകരണജലമുള്ള പ്ലാറ്റിനിക് ഓക്സൈഡ് ലഭിക്കുന്നു. ഇതു ചൂടാക്കുമ്പോള്‍ നിര്‍ജല പ്ലാറ്റിനിക് ഓക്സൈഡ് ആയി മാറുന്നു.

ചിത്രം:Screen22.png‎

പ്ലാറ്റിക് ഓക്സൈഡിനെ 200°C നു മുകളില്‍ ചൂടാക്കിയാല്‍ അതു വിഘടിച്ച് പ്ലാറ്റിനമായി മാറും.

ക്ലോറോപ്ലാറ്റിനിക് അമ്ലത്തെ 100°C ല്‍ പൊട്ടാസ്യം ഹൈഡ്രോക്സൈഡിനു മുകളിലായി കുറേ ദിവസം വച്ചിരുന്നാല്‍ അതിലുള്ള നാലു ജലതന്മാത്രകളും ഒരു ഹൈഡ്രജന്‍ ക്ലോറൈഡ് തന്മാത്രയും നഷ്ടപ്പെടുകയും അതു പെന്റാക്ലോറോ ഹൈഡ്രോക്സി പ്ലാറ്റിനിക് അമ്ലമായി മാറുകയും ചെയ്യും. ഫോര്‍മുല: H2 PtCl5 (OH)H2 O. ഇതിനകത്തു ഹൈഡ്രോക്ലോറിക് അമ്ലംഒഴിച്ചാല്‍ പഴയതുപോലെ ക്ലോറോപ്ലാറ്റിനിക് അമ്ലമായിത്തീരും. ഹൈഡ്രോക്ലോറിക് അമ്ലത്തിനുപകരം അമോണിയം ക്ലോറൈഡോ പൊട്ടാസ്യം ക്ലോറൈഡോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ക്ലോറോപ്ലാറ്റിനിക് അമ്ലത്തിന്റെ അമോണിയം ലവണമോ പൊട്ടാസ്യം ലവണമോ ആയിരിക്കും ലഭിക്കുന്നത്.

ക്ലോറോപ്ലാറ്റിനിക് അമ്ലത്തിന്റെ ലവണങ്ങളായ ക്ലോറോപ്ലാറ്റിനേറ്റുകള്‍ നിയതമായ പരല്‍ ഘടനയുള്ള യൗഗികങ്ങളാണ്. ഇവ പ്ലാറ്റിനത്തിന്റെ ഒരു പ്രധാനപ്പെട്ട വിഭാഗം സംയുക്തങ്ങളാണ്. സില്‍വര്‍, അമോണിയം, പൊട്ടാസ്യം, റുബീഡിയം, സീഷിയം തുടങ്ങിയവയുടെ ക്ലോറോപ്ലാറ്റിനേറ്റുകള്‍ ജലത്തില്‍ അല്പംമാത്രം ലയിക്കുന്നവയാണ്. മറ്റുള്ള ക്ലോറോപ്ലാറ്റിനേറ്റുകളെല്ലാം ജലത്തില്‍ നന്നായി ലയിക്കും. നിറമില്ലാത്ത കാറ്റയോണുകളുടെ ക്ലോറോപ്ലാറ്റിനേറ്റ് ലവണങ്ങള്‍ക്ക് മഞ്ഞ നിറമാണുള്ളത്. സോഡിയം, ലിഥിയം എന്നീ ക്ലോറോപ്ലാറ്റിനേറ്റുകളുടെ പരലുകളില്‍ ആറു പരല്‍ രൂപീകരണ ജലതന്മാത്രകളുണ്ട്. മറ്റു ക്ലോറോപ്ലാറ്റിനേറ്റുകളില്‍ പരല്‍രൂപീകരണജലമില്ല.

സില്‍വര്‍ ക്ലോറോ പ്ലാറ്റിനേറ്റ് ജലത്തില്‍ തീരെ ലയിക്കുകയില്ലെന്നുതന്നെ പറയാം. 100 ഗ്രാം ജലം 18°Cല്‍ 0.08 ഗ്രാം സീഷിയം ലവണവും 0.14 ഗ്രാം റുബീഡിയം ലവണവും 0.67 ഗ്രാം അമോണിയം ലവണവും 1.03 ഗ്രാം പൊട്ടാസ്യം ലവണവും ലയിപ്പിക്കും. ഈ ലവണങ്ങളെല്ലാംതന്നെ സാധാരണ ഊഷ്മാവില്‍ ആല്‍ക്കലി ലോഹക്ലോറൈഡുകളുടെ പൂരിതലായനികളില്‍ മിക്കവാറും അലേയങ്ങളാണ്. തിളയ്ക്കുന്ന 100 ഗ്രാം വെള്ളത്തില്‍ 1.25 ഗ്രാം അമോണിയം ലവണവും 5.23 ഗ്രാം പൊട്ടാസ്യം ലവണവും 0.63 ഗ്രാം റുബീഡിയം ലവണവും ലയിക്കും.

ക്ലോറോപ്ലാറ്റിനിക് അമ്ലത്തിന്റെ ആപേക്ഷിക സാന്ദ്രത 2.43-ഉം ഉരുകല്‍നില 60°Cഉം ആണ്. ഇതിന് ക്യുബിക് പരല്‍ ഘടനയാണുള്ളത്. അമോണിയം ക്ലോറോപ്ലാറ്റിനേറ്റിന്റെ ആപേക്ഷിക സാന്ദ്രത 3.06 ആണ്. ഇതു 380°C-നുമേല്‍ ചൂടാക്കിയാല്‍ വിഘടിക്കും. ഇതിന് ഓറഞ്ചുകലര്‍ന്ന മഞ്ഞനിറവും ഹെക്സഗണല്‍ പരല്‍ഘടനയുമാണുള്ളത്. സുഷിരിതമായ (spongy) പ്ലാറ്റിനം നിര്‍മിക്കാനാണ് ഇതു പ്രധാനമായും ഉപയോഗിക്കുന്നത്. പൊട്ടാസ്യം ക്ലോറോപ്ലാറ്റിനേറ്റ് [K2(PtCl6] ആന്റിഫ്ളൂറൈറ്റ് പരല്‍ഘടനയുള്ളൊരു യൗഗികമാണ്. ക്ലോറോപ്ലാറ്റിനിക് അമ്ലംഅമീനുകളുമായി ചേര്‍ന്നും ലവണങ്ങളുണ്ടാക്കുന്നുണ്ട്. ഈ ലവണങ്ങള്‍ അമീനുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ക്ലോറോപ്ലാറ്റിനിക് അമ്ലത്തിന്റെ ജലലായനിയെ ക്ഷാരങ്ങളുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാണ് എല്ലാ ക്ലോറോപ്ലാറ്റിനേറ്റുകളും നിര്‍മിക്കുന്നത്.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍