This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലൈമോഗ്രാഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലൈമോഗ്രാഫ്

Climograph

വ്യത്യസ്ത കാലാവസ്ഥാപ്രകാരങ്ങള്‍ക്കിടയിലെ വ്യതിരേകങ്ങള്‍ രേഖപ്പെടുത്തുന്ന ലേഖാരൂപ-ആരേഖം. ഇതിലൂടെ ഒരു സ്ഥലത്തെ കാലാവസ്ഥയുടെ പൊതുസ്ഥിതി സൂചിപ്പിക്കാന്‍ സാധിക്കുന്നു. അതതു പ്രദേശത്തെ മാധ്യ-താപനിലയ്ക്കും മാധ്യ-ആര്‍ദ്രാവസ്ഥയ്ക്കും അനുസരിച്ച് ആകൃതിയിലും ആപേക്ഷികസ്ഥാനത്തിലും ആരേഖം വ്യത്യാസം പുലര്‍ത്തുന്നു. കൂടിയ താപനിലയും, ആര്‍ദ്രതയും ഏതാണ്ട് എല്ലാ മാസങ്ങളിലും അനുഭവപ്പെടുന്നയിനം കാലാവസ്ഥയെ സൂചിപ്പിക്കുന്ന ക്ലൈമോഗ്രാഫിന്റെ സ്ഥാനം ആരേഖതലത്തിന്റെ വലത്തേയരികില്‍ മുകളിലേക്കു നീങ്ങിയായിരിക്കും.

ആദ്യമായി ക്ലൈമോഗ്രാഫുകള്‍ നിര്‍മിച്ചത് വ്ളാഡിമിര്‍ കോപ്പന്‍ (1918) ആണ്. ഇവ ക്ലൈമോഗ്രാം എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഫോസ്റ്ററുടെ ക്ലൈമോഗ്രാഫിന് (1914) വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. ടെയ്ലറുടെ ക്ലൈമോഗ്രാഫും (1949) പ്രചാരത്തിലുണ്ട്. ഇത്തരം ക്ലൈമോഗ്രാഫുകളില്‍ പ്രത്യേക കാലാവസ്ഥകള്‍ ആരേഖത്തിന്റെ നിര്‍ദിഷ്ടഭാഗങ്ങളില്‍ മാത്രം സ്ഥാനം പിടിക്കുന്നു. ദിശാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, ഈ ആരേഖത്തിന്റെ വടക്കുപടിഞ്ഞാറേ അരികില്‍ ഉയര്‍ന്ന താപനിലയും താഴ്ന്ന ആര്‍ദ്രതയുമുള്ള കാലാവസ്ഥയാണ് കാണിച്ചിട്ടുണ്ടാവുക. വടക്കുകിഴക്കരികില്‍ ഉയര്‍ന്ന താപനിലയും ആര്‍ദ്രതയും തെക്കുപടിഞ്ഞാറരികില്‍ താഴ്ന്ന താപനിലയും ആര്‍ദ്രതയും തെക്കുകിഴക്കരികില്‍ താഴ്ന്ന താപനിലയും ഉയര്‍ന്ന ആര്‍ദ്രതയും ഉള്ള കാലാവസ്ഥകളും രേഖപ്പെടുത്തിയിരിക്കും. ഇവയ്ക്ക് യഥാക്രമം സ്കോര്‍ച്ചിങ് (scorching), മഗി (Muggy), കീന്‍ (Keen), റോ (Raw) എന്നു വിളിക്കുന്നു.

പശ്ചിമ ബംഗാളില്‍ നെല്ലുത്പാദനത്തിന്റെ തോതും ജലസേചനാവശ്യങ്ങളുടെ അളവും തിട്ടപ്പെടുത്തുന്നതിന് ക്ലൈമോഗ്രാഫുകള്‍ സഹായിച്ചിട്ടുണ്ട് (1964).

(എ. മിനി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍