This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലൂണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലൂണി

മധ്യകാലഘട്ടത്തില്‍ യൂറോപ്പിലെ 'ബര്‍ഗണ്ടി' (Burgandy) എന്ന സ്ഥലത്തു സ്ഥിതിചെയ്തിരുന്ന ബനഡിക്റ്റന്‍ സന്ന്യാസാശ്രമം. എ.ഡി. 909-ലാണ് ഇതു സ്ഥാപിക്കപ്പെട്ടത്. ഒരു സാധാരണ ക്രൈസ്തവദേവാലയമായി നിലവില്‍വന്ന ഈ സ്ഥാപനം പിന്നീട്, വിശാലമായ ഒരു സന്ന്യാസാശ്രമമായി മാറി. എ.ഡി. 1113-ല്‍ ആശ്രമത്തിന്റെ പണി മിക്കവാറും പൂര്‍ത്തിയായി. ക്ലൂണി ആശ്രമത്തിലെ അധിപതിമാര്‍-ആമ്പട്ടുമാര്‍-മധ്യകാല യൂറോപ്പിലെ സാംസ്കാരികവും ആധ്യാത്മികവുമായ വളര്‍ച്ചയെ ഏറെ സഹായിച്ചിട്ടുണ്ട്. ആശ്രമസ്ഥാപകനായ ബെര്‍ണൊ (Berno) ആയിരുന്നു ആബട്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ഓഡൊ (Odo), മജോലസ് (Majolus), ഓഡിലൊ (Odilo), ഹ്യൂ (Hugh) എന്നീ ആബട്ടുമാര്‍ കത്തോലിക്കാസഭയുടെ നവീകരണപ്രക്രിയയില്‍ അതിശ്രേഷ്ഠമായ പങ്കു വഹിച്ചിട്ടുണ്ട്. ജര്‍മന്‍ ചക്രവര്‍ത്തിമാരുടെ ആത്മീയോപദേഷ്ടാക്കളെന്ന നിലയിലും ജര്‍മനിയില്‍ മാര്‍പ്പാപ്പയുടെ നയതന്ത്രപ്രതിനിധികളെന്ന നിലയിലും ഈ ആബട്ടുമാര്‍ വളരെ സ്വാധീനശക്തിയുള്ളവരായിരുന്നു. അവര്‍ ആരംഭിച്ച പ്രസ്ഥാനം 'ക്ലൂണിയാക് നവീകരണം' (Cluniac reform) എന്ന പേരില്‍ കത്തോലിക്കാസഭയില്‍ അറിയപ്പെടുന്നു. ബനഡിക്റ്റന്‍ സന്ന്യാസാശ്രമമായിരുന്ന ക്ലൂണിയില്‍ നാമ്പോടുത്ത ജീവിതചര്യാക്രമങ്ങള്‍ കാലക്രമത്തില്‍ യൂറോപ്പിലെ മറ്റനേക സന്ന്യാസാശ്രമങ്ങളും സ്വീകരിച്ചു. ക്ലൂണിയ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴില്‍ യൂറോപ്പില്‍ പലേടത്തുമായി 1000-ത്തിലധികം പുതിയ സന്ന്യാസാശ്രമങ്ങള്‍ നിലവില്‍ വന്നു. ഈ ആശ്രമങ്ങളോടനുബന്ധിച്ചുണ്ടായിരുന്ന വമ്പിച്ച സ്വത്തിലെ ആദായം മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ വിനിയോഗിച്ചു. ക്ലൂണിയുടെ മേലോ, അതിന്റെ നിയന്ത്രണത്തിലുള്ള മറ്റ് സന്ന്യാസാശ്രമങ്ങളുടെ മേലോ ആ ദേശത്തെ രാജാവിനോ ബിഷപ്പിനോ അധികാരമൊന്നും ഉണ്ടായിരുന്നില്ല. മാര്‍പ്പാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലായിരുന്നു അവ പ്രവര്‍ത്തിച്ചിരുന്നത്. ആശ്രമത്തിലെ അന്തേവാസികളായ സന്ന്യാസിമാര്‍ കര്‍ശനമായ അച്ചടക്കം പാലിക്കണമെന്ന് ആബട്ടുമാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ആദ്യത്തെ 200 വര്‍ഷങ്ങളില്‍ (909-1109) ക്ലൂണി കൈവരിച്ച വളര്‍ച്ചയും അതിലെ സന്ന്യാസിമാര്‍ ചെലുത്തിയ സ്വാധീനവും അദ്ഭുതാവഹമായിരുന്നു. 1109-നു ശേഷം ക്ലൂണിയുടെ പ്രതാപത്തില്‍ കുറേ മങ്ങലേറ്റു. 12-ാം ശതകത്തില്‍ ക്ലൂണിയിലെ അധിപന്മാരായിത്തീര്‍ന്ന ആബട്ടുമാര്‍ അധികവും ഫ്യൂഡല്‍ പ്രഭുകുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്ന ആഡംബരപ്രിയന്മാരായിരുന്നു. അവര്‍ പ്രാദേശികമായ രാഷ്ട്രീയപ്രശ്നങ്ങളില്‍ ഇടപെടാന്‍ താത്പര്യം കാണിച്ചിരുന്നതിനാല്‍ പലപ്പോഴും ക്ലൂണിക് രാജാക്കന്മാരുമായി വഴക്കുകളില്‍ ഏര്‍പ്പെടേണ്ടതായും വന്നു. 13-ാം ശതകത്തിന്റെ അവസാനത്തോടെ ക്ലൂണി ആശ്രമം ഫ്രഞ്ചുകാരുടെ നിയന്ത്രണത്തിന്‍കീഴിലായിത്തീര്‍ന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍ കുറേക്കാലം മാര്‍പ്പാപ്പമാര്‍ക്ക് ഫ്രാന്‍സിലെ അവിഞ്ഞോണ്‍ എന്ന സ്ഥലത്തു താമസിക്കേണ്ടിവന്നു. ഇക്കാലത്തെ മാര്‍പ്പാപ്പമാര്‍ ചക്രവര്‍ത്തിമാരെ അനുകരിച്ചു ജീവിച്ചിരുന്നതിനാല്‍ അതിന്റെ പ്രതിഫലനം ക്ലൂണി സംവിധാനത്തിലും പ്രകടമായി. ക്ലൂണിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്വത്തുക്കള്‍ പലതും മാര്‍പ്പാപ്പമാര്‍ നേരിട്ട് ഏറ്റെടുത്തതും ഈ സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായിത്തീര്‍ന്നു. 14-ഉം 15-ഉം ശതകങ്ങളില്‍ സ്ഥലത്തെ ബിഷപ്പുമാരും ക്ലൂണിയുടെ മേല്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചു. കാലക്രമത്തില്‍ ആശ്രമത്തിലെ അന്തേവാസികളുടെ സംഖ്യ കുറഞ്ഞു തുടങ്ങി. ആശ്രമത്തിനുള്ളില്‍ ചേരിതിരിവുകളുണ്ടായി. ഇതിനിടയില്‍ യൂറോപ്പില്‍ വേറെയും അനേകം സന്ന്യാസി സമൂഹങ്ങള്‍ പുതുതായി പ്രത്യക്ഷപ്പെട്ടപ്പോള്‍ ക്ലൂണിയുടെ പ്രാധാന്യം വീണ്ടും കുറഞ്ഞു. ഫ്രഞ്ചുവിപ്ലവത്തിന്റെ അതിപ്രസരത്തില്‍ ആശ്രമത്തിലെ സ്വത്ത് വിപ്ലവകാരികള്‍ പിടിച്ചെടുത്തു. 1790 ഫെ. 19-ന് പീയൂസ് മാര്‍പ്പാപ്പ VIയുടെ പ്രഖ്യാപനത്തോടെ ക്ലൂണി ഇല്ലാതായിത്തീര്‍ന്നു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B2%E0%B5%82%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍