This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലിയോപാട്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലിയോപാട്ര

Cleopatra (B.C 69 - 30)

വിശ്വസുന്ദരിയായ ഈജിപ്ഷ്യന്‍ രാജ്ഞി. ബി.സി. 69-30 കാലഘട്ടത്തില്‍, ടോളമി രാജവംശത്തിലെ ടോളമി XIIന്റെ മകളാണ് ക്ലിയോപാട്ര. ക്ലിയോപാട്ര-VII എന്ന നാമത്തോടെ ഈജിപ്തിലെ രാജ്ഞിയായി ബി.സി. 61-ല്‍ സ്ഥാനമേറ്റു. വിദ്യാഭ്യാസം, ബഹുഭാഷാവിജ്ഞാനം, രൂപലാവണ്യം, വശീകരണശക്തി എന്നിവയാല്‍ ആരെയും വിധേയരാക്കുവാന്‍ ക്ലിയോപാട്രയ്ക്കു കഴിഞ്ഞിരുന്നു. വ്യക്തിപരമായ ഈ സിദ്ധികളാണ് ലോകചരിത്രത്തില്‍ ക്ലിയോപാട്രയെ അനശ്വരയാക്കിത്തീര്‍ത്തത്.

ക്ലിയോപാട്ര-ശില്പം

ക്ലിയോപാട്ര കീഴ്വഴക്കമനുസരിച്ച് സഹോദരനായ ടോളമി XIII-നെക്കൂടി ഭരണത്തില്‍ പങ്കാളിയാക്കി. ടോളമിയുടെ ഉപദേശകര്‍ സഹോദരിയെ സ്ഥാനഭ്രഷ്ടയാക്കി നാടുകടത്തുവാന്‍ അദ്ദേഹത്തെ ഉപദേശിച്ചു. ഇതിനെ ചെറുത്തുനിന്ന രാജ്ഞി റോമാസാമ്രാജ്യത്തിലെ ഏകാധിപതിയായ ജൂലിയസ് സീസറെ അലക്സാണ്ട്രിയായില്‍വച്ച് കണ്ടുമുട്ടി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ടോളമി കൊല്ലപ്പെട്ടു. സീസര്‍ ക്ലിയോപാട്രയെ ഈജിപ്തിലെ രാജ്ഞിയായി പ്രഖ്യാപിച്ചു. എങ്കിലും ആചാരമനുസരിച്ച്, 11 വയസ്സുള്ള തന്റെ ഇളയ സഹോദരന്‍ ടോളമി XIII-നെ ക്ലിയോപാട്ര തന്റെ ഭരണപങ്കാളിയാക്കി. ടോളമിക്ക് 14 വയസ്സായപ്പോള്‍ ഉപദേശകരുടെ സമ്മര്‍ദംമൂലം സിംഹാസനം സ്വന്തമാക്കാന്‍ ശ്രമിച്ചത് ക്ലിയോപാട്രയ്ക്കു സഹിച്ചില്ല. ക്ഷുഭിതയായ ക്ലിയോപാട്ര ടോളമിയെ വിഷം കൊടുത്തുകൊന്നു. തനിക്ക് സീസറിലുണ്ടായ പുത്രന്‍ ടോളമി XV-നെ ഭരണ പങ്കാളിയാക്കി.

ക്ലിയോപാട്ര ബി.സി. 46-ല്‍ റോമില്‍ ആഡംബരപൂര്‍വം സന്ദര്‍ശനം നടത്തി. സീസര്‍ 44-ല്‍ വധിക്കപ്പെടുന്നതുവരെ ക്ലിയോപാട്ര ആ പടനായകനില്‍ സ്വാധീനം ചെലുത്തിയിരുന്നു. സീസറിന്റെ വധത്തോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരകലാപത്തില്‍ പങ്കുവഹിക്കാതെ ക്ലിയോപാട്ര ഈജിപ്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനകം സീസറിന്റെ ആത്മമിത്രമായിരുന്ന മാര്‍ക്ക് ആന്റണി റോമാസാമ്രാജ്യത്തിന്റെ പരമാധികാരത്തിനുവേണ്ടി പൊരുതാന്‍ തുടങ്ങിയിരുന്നു. ആന്റണിയുമായി ക്ലിയോപാട്ര ഏഷ്യാമൈനറിലെ ടാര്‍സസില്‍വച്ച് കൂടിക്കാഴ്ച നടത്തി. ക്ലിയോപാട്രയുടെ മാദകസൗന്ദര്യം ആന്റണിയെ ആകര്‍ഷിച്ചു. ഈജിപ്തിലേക്കു മടങ്ങിയ ക്ലിയോപാട്രയെ ആന്റണി അനുഗമിച്ചു. ആന്റണി പാര്‍ഥിയയുമായി യുദ്ധം ചെയ്തപ്പോള്‍ ക്ലിയോപാട്ര അയാളുടെ സഹായത്തിനെത്തി. പകരം ആന്റണി അറേബ്യയിലെയും പലസ്തീനിലെയും അനേകം ഭൂവിഭാഗങ്ങള്‍ ക്ലിയോപാട്രയ്ക്കു സമ്മാനിച്ചു. ക്ലിയോപാട്രയോടുള്ള ഈ അടുപ്പം ആന്റണിയുടെ അനുയായികളെ അകറ്റുകയും അരിശം കൊള്ളിക്കുകയും ചെയ്തു. സെനറ്റ് ആന്റണിയെ അധികാരത്തില്‍നിന്നു നിഷ്കാസനം ചെയ്തു. ബി.സി. 31 സെപ്. 2-ന് ആക്റ്റിയം (Actium) നാവിക യുദ്ധത്തില്‍ ആന്റണിയും ക്ലിയോപാട്രയും തോറ്റ് ഈജിപ്തിലേക്ക് പലായനം ചെയ്തു. ആന്റണിയെ ശത്രുക്കള്‍ പിന്തുടര്‍ന്നു. ഈജിപ്തിലെത്തിയ ആന്റണി കേട്ടത് ക്ലിയോപാട്ര ആത്മഹത്യ ചെയ്തുവെന്നാണ്. നിരാശനായ ആന്റണി സ്വയം കുത്തി മുറിവേല്പിച്ചു. താന്‍ കേട്ട വാര്‍ത്ത ശരിയല്ല എന്നു ബോധ്യമായ ആന്റണി ക്ലിയോപാട്രയുടെ സവിധത്തിലേക്കു ഓടി എത്തി. അവരുടെ മടിയില്‍ കിടന്നു അന്ത്യശ്വാസം വലിച്ചു. റോമാക്കാര്‍ തന്നെ പരാജയപ്പെടുത്തുമെന്ന ഭീതിയും തന്റെ ഇഷ്ട കാമുകന്‍ മരിച്ച നിരാശയും സഹിക്കാന്‍ കഴിയാതെ ക്ലിയാപാട്ര വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ആത്മഹത്യ ചെയ്തു (ബി.സി. 30).

ക്ലിയോപാട്രയുടെ ജീവിതത്തെ ആധാരമാക്കി ഷേക്സ്പിയര്‍ ആന്റണി ആന്‍ഡ് ക്ലിയോപാട്ര എന്ന നാടകവും ഡ്രൈഡന്‍ ഓള്‍ ഫോര്‍ ലവ് എന്ന കാവ്യവും രചിച്ചിട്ടുണ്ട്. നോ. ആന്റണി, മാര്‍ക്ക്

(പ്രൊഫ. എ.ജി. മേനോന്‍, പ്രൊഫ. എസ്.കെ. വസന്തന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍