This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാരിനെറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാരിനെറ്റ്

Clarinet

ഒരു സംഗീതോപകരണം; സുഷിരവാദ്യം. ദാരു വായുവാദ്യം, പുല്ലാങ്കുഴല്‍, കുഴല്‍വാദ്യങ്ങളായ ഓബോ, ബസൂണ്‍ എന്നിവ അടങ്ങുന്ന ഉപകരണവിഭാഗത്തില്‍പ്പെടുന്നു. ക്ലാരിനെറ്റോ (clarinetto) എന്ന ഇറ്റാലിയന്‍ വാക്കില്‍നിന്നാണ് ഈ പേരിന്റെ ഉദ്ഭവം. ഇതിന്റെ പ്രാചീന മാതൃക ഈജിപ്തില്‍നിന്നോ ഏഷ്യാമൈനറില്‍നിന്നോ ക്ലാസ്സിക്കല്‍ ഗ്രീസില്‍ എത്തിയെന്നു കരുതപ്പെടുന്നു. അവശേഷിച്ചിട്ടുള്ള പുരാതന ഗ്രീക് ക്ലാരിനെറ്റുകളില്‍ അഞ്ചെണ്ണം ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്. കാലാകാലങ്ങളില്‍ പല പരിഷ്കാരങ്ങള്‍ക്കും വിധേയമായ ഇതിന്റെ ആദ്യമാതൃക രൂപകല്പന ചെയ്തത് ജര്‍മന്‍കാരനായ ജോഹന്‍ ക്രിസ്റ്റ്യന്‍ ഡെന്നര്‍ (1655-1707) ആണെന്ന് വിശ്വസിക്കപ്പെടുന്നു. 1770-ല്‍ ഇംഗ്ലണ്ടിലെത്തിയ ഇതിന് കൊര്‍ണേലിന്‍സ് വാര്‍ഡ്, റിച്ചാര്‍ഡ് കാര്‍ട്ടേ എന്നിവരും രൂപവ്യത്യാസങ്ങള്‍ വരുത്തി. 19-ാം ശതകത്തില്‍ ബെല്‍ജിയന്‍ സംഗീതോപകരണ നിര്‍മാതാക്കളും ഈ രംഗത്ത് സംഭാവനകള്‍ നല്കി. ആദ്യകാലത്ത് തടികൊണ്ടാണ് ഉണ്ടാക്കിയിരുന്നതെങ്കിലും പിന്നീട് ലോഹം, പ്ലാസ്റ്റിക് എന്നിവയും ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിക്കാന്‍ തുടങ്ങി. പലതരത്തിലും വലുപ്പത്തിലും ഉള്ള ക്ലാരിനെറ്റുകള്‍ക്ക് ഇന്ന് പ്രചാരം സിദ്ധിച്ചിട്ടുണ്ട്.

ക്ലാരിനെറ്റ് വാദനം

സ്വരനിയന്ത്രണത്തിന് വശങ്ങളില്‍ ദ്വാരങ്ങളോടുകൂടിയ ഒരു പൊള്ളയായ കുഴലാണ് ഈ സംഗീതോപകരണം. മുകളില്‍ മുഖഭാഗമുള്ള ഇതിന്റെ താഴത്തെ അറ്റത്തിന് മണിയുടെ ആകൃതിയാണുള്ളത്. മുഖഭാഗത്തിന്റെ പരന്നവശത്ത് നേര്‍ത്ത ചൂരല്‍ക്കഷണം പിടിപ്പിച്ചിരിക്കും. റീഡ് (reed) എന്നാണിതിനു പറയുന്നത്. ക്ലാരിനെറ്റിസ്റ്റ് കുഴലിലേക്ക് ഊതുമ്പോള്‍ ഇത് കമ്പനം (vibrate) കൊള്ളും. ഡെന്നറിന്റെ ആദ്യത്തെ ക്ലാരിനെറ്റിന് കീസ് (keys) ഉണ്ടായിരുന്നില്ല. തള്ളവിരലുകളിലൊന്നും മറ്റു വിരലുകളും ഉപയോഗിച്ചു ദ്വാരങ്ങള്‍ അടച്ചും തുറന്നും വാദ്യവിദഗ്ധന്‍ ഇതില്‍ നാദം മുഴക്കിയിരുന്നു. തള്ളവിരല്‍ ഉപയോഗിച്ച് താങ്ങിപ്പിടിച്ച് ഉപകരണം കൈകാര്യം ചെയ്യുമ്പോള്‍ ഒമ്പതു ദ്വാരങ്ങളില്‍ കൂടുതല്‍ നിയന്ത്രണത്തില്‍ കൊണ്ടുവരിക അസാധ്യമായതിനാല്‍ കൃത്യത, വേഗത എന്നിവ പരിമിതമായിരുന്നു. കാലാന്തരത്തില്‍ സംഗീതോപകരണ നിര്‍മാതാക്കള്‍ കുറേക്കൂടി സങ്കീര്‍ണമായ ഭാഗങ്ങള്‍ (key mechanism) കൂട്ടിച്ചേര്‍ത്തതിനാല്‍ ഒമ്പതിലധികം ദ്വാരങ്ങള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. അതുമൂലം ഇന്നത്തെ ക്ലാരിനെറ്റിന് 20-ലധികം ദ്വാരങ്ങള്‍ നിയന്ത്രിക്കുവാനും 40 വ്യത്യസ്തസ്വരങ്ങള്‍ പുറപ്പെടുവിക്കുവാനും കഴിയും.

വിവാല്‍ഡി, ഹന്‍ഡേല്‍, മൊസാര്‍ട്ട് എന്നിവരെല്ലാം സംഗീതമേഖലയില്‍ ക്ലാരിനെറ്റിന്റെ അനന്തമായ സാധ്യതകള്‍ കണ്ടെത്തിയവരാണ്. മൊസാര്‍ട്ട് ആണ് സിംഫണി ഓര്‍ക്കസ്ട്രായില്‍ ഇതിന് കൃത്യമായ സ്ഥാനം നിര്‍ണയിച്ചത്. ജാസ്ബാന്റ്, നൃത്തം എന്നിവയിലും ഇതിന് നല്ല പ്രാധാന്യം നല്കപ്പെടുന്നു. ഈ പാശ്ചാത്യ സംഗീതോപകരണം പൗരസ്ത്യ സംഗീതലോകത്തും പ്രചാരം നേടിക്കഴിഞ്ഞു. ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ ക്ലാരിനെറ്റ് ആദ്യമായി ഉപയോഗിച്ചത് മഹാദേവനട്ടുവന്‍ (19-ാം ശ.) ആണെന്നു കരുതപ്പെടുന്നു. എ.കെ.സി. നടരാജനും ടി.എം. വേണുഗോപാലും ഏറെ ശ്രദ്ധേയരായ ക്ലാരിനെറ്റിസ്റ്റുകളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍