This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാമിഡോമോണാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാമിഡോമോണാസ്

Chlamydomonas

ഒരു ഏകകോശസൂക്ഷ്മജീവി. ജീവശാസ്ത്രത്തില്‍ ഇതിന്റെ പ്രത്യേകസ്ഥാനങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ക്ക് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ജന്തുശാസ്ത്രജ്ഞന്മാര്‍ ഇതിനെ ഒരു ജന്തുവായി കരുതി വോള്‍വോസിഡ ഗോത്രത്തിലും സസ്യശാസ്ത്രജ്ഞന്മാര്‍ സസ്യം എന്ന നിലയില്‍ ഇതിനെ വോള്‍വോക്കേലിസ് ഗോത്രത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ക്ലാമിഡോമോണാസിന് 325-ഓളം ഇനങ്ങളുണ്ട്. മണ്ണിലും ശുദ്ധജലാശയങ്ങളിലും മലിനജലത്തിലുമൊക്കെ ഇവയെ കണ്ടെത്താനാവും. ശരീരകോശത്തിന് ഗോളാകൃതിയോ അണ്ഡാകൃതിയോ ആണുള്ളത്. കോശാഗ്രം രണ്ടു പാപ്പിലകളുള്ളതോ കൂര്‍ത്തതോ ആയിരിക്കും. ശരീരത്തിന്റെ മുന്നറ്റത്തായി രണ്ടു ഫ്ളാജല്ലകള്‍ അഥവാ ഗ്രാഹികളുണ്ട്. കോശാഗ്രഭാഗത്തുള്ള ബ്ലിഫറോപ്ലാസ്റ്റ് എന്നറിയപ്പെടുന്ന ആധാരകണികകളില്‍ നിന്നുമാണ് ഈ ഗ്രാഹികള്‍ ഉദ്ഭവിക്കുന്നത്. ഗ്രാഹികളുടെ ചുവടുഭാഗം കട്ടികൂടിയതാണെങ്കിലും അഗ്രഭാഗം ചാട്ടപോലെയിരിക്കുന്നു. ക്ലാമിഡോമോണാസിന്റെ ചലനത്തിന് സഹായകമേകുന്നത് ഈ ഗ്രാഹികളാണ്. ആധാരകണികകള്‍ക്കു താഴെയായി രണ്ടോ അതിലധികമോ സങ്കുഞ്ചനരിക്തികകള്‍ (Contractive vacuoles) കാണപ്പെടുന്നു. കോശഭിത്തി നേര്‍ത്തതും മിനുസമുള്ളതും സെല്ലുലോസ് നിര്‍മിതവുമാണ്. ക്ലോറോപ്ലാസ്റ്റിന് കുതിരലാടത്തിന്റെ ആകൃതിയാണുള്ളത്. ഇതിന്റെ ചുവടുഭാഗം കട്ടികൂടിയും അഗ്ര-പാര്‍ശ്വഭാഗങ്ങള്‍ കനം കുറഞ്ഞുമിരിക്കും. പ്രകാശസംശ്ലേഷണം നടത്തുകയാണ് ഇവയുടെ പ്രധാന ധര്‍മം. ക്ലാ. ബേസിസ്റ്റെലേറ്റ, ക്ലാ. വിറിസിമാകുലേറ്റ എന്നീ ഇനങ്ങള്‍ക്ക് ക്ലോറോപ്ലാസ്റ്റ് കാണാറില്ല. ജന്തുക്കളില്‍ കാണപ്പെടുന്ന തരത്തിലുള്ള നേത്രബിന്ദു (eyespot) ഇവയിലും ഉണ്ട്. സൈറ്റോപ്ലാസത്തിന് അഗ്രഭാഗത്തായി ഒന്നോ അതിലധികമോ നേത്രബിന്ദുക്കളുണ്ടായിരിക്കും.

അലൈംഗിക-ലൈംഗിക പ്രജനനരീതികള്‍ ക്ലാമിഡോമോണാസില്‍ കണ്ടുവരുന്നുണ്ട്. അലൈംഗിക പ്രജനനം സൂസ്പോറുകളോ എപ്ലാനോസ്പോറുകളോ വഴിയോ പാല്‍മെല്ലാ (Palmella) ദശമൂലമോ ആണ് നടക്കുന്നത്. കോളനികളായുള്ള ജീനസുകളില്‍ മുഴുവന്‍ കോശങ്ങളിലും തന്നെ അലൈംഗിക പ്രത്യുത്പാദനം നടക്കുന്നു. ചിലപ്പോള്‍ ഏതാനും കോശങ്ങളുടെ വിഭജനവും പുനര്‍വിഭജനവുംമൂലം പുത്രികാകോളനികളുണ്ടായിട്ടും പ്രജനനം നടക്കാറുണ്ട്. ലൈംഗിക പ്രത്യുത്പാദനത്തില്‍ വളരെയേറെ വൈരുധ്യം ക്ലാമിഡോമോണാസ് പ്രകടമാക്കുന്നു. അനൈസോഗാമികമോ ഊഗാമികമോ ആയിട്ടാണ് ലൈംഗിക പ്രത്യുത്പാദനം നടക്കാറുള്ളത്. ജീവജാലങ്ങളിലെ ലൈംഗികതയുടെ ആവിര്‍ഭാവത്തെപ്പറ്റിയുള്ള നിരവധി പഠനങ്ങള്‍ ക്ലാമിഡോമോണാസില്‍ നടന്നിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍