This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലച്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലച്ച്

Clutch

മോട്ടോര്‍വാഹനത്തില്‍ എന്‍ജിനും മറ്റു ഭാഗങ്ങളും തമ്മിലുള്ള ബന്ധം ആവശ്യമനുസരിച്ച് താത്കാലികമായി വേര്‍പെടുത്തുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യാനുള്ള സംവിധാനം.

മോട്ടോര്‍വാഹനം ഓടിക്കുന്നതിനാവശ്യമായ ശക്തി ഉത്പാദിപ്പിക്കുന്നത് എന്‍ജിനിലാണ്. മിക്കവാറും എല്ലാത്തരം വാഹനങ്ങളിലും എന്‍ജിന്റെ സ്ഥാനം മുന്‍വശത്താണ്; ചാലനചക്രങ്ങള്‍ പിന്‍ഭാഗത്തും. അങ്ങനെ മുന്‍ഭാഗത്തുനിന്ന് ശക്തി പിന്‍ചക്രങ്ങളില്‍ എത്തേണ്ടിയിരിക്കുന്നു. ഇതിനുള്ള സംവിധാനത്തിനു മൊത്തത്തില്‍ ശക്തിപ്രേഷണവ്യൂഹം (Transmission System) എന്നു പറയാം. ശക്തിപ്രേഷണവ്യൂഹത്തില്‍ മുഖ്യമായി ക്ലച്ച്, ഗിയര്‍ബോക്സ്, പ്രൊപ്പല്ലര്‍ ഷാഫ്റ്റ്, ഡിഫറന്‍ഷ്യല്‍ പിന്‍ ആക്സിലുകള്‍ എന്നീ ഭാഗങ്ങളടങ്ങിയിരിക്കുന്നു. ഇവയില്‍ പ്രധാനപ്പെട്ടതാണ് ക്ലച്ച്.

ഡ്രൈവറുടെ കാബിനിലുള്ള ക്ലച്ച്പെഡലുമായി ക്ലച്ച് ബന്ധപ്പെട്ടിരിക്കുന്നു. വാഹനം സാധാരണപോലെ ഓടുന്ന അവസ്ഥയില്‍ എന്‍ജിനില്‍നിന്നു ക്ലച്ചില്‍ക്കൂടി ഗിയര്‍ബോക്സിലേക്കും അവിടെനിന്നു പ്രൊപ്പല്ലര്‍ഷാഫ്റ്റ് വഴി പിന്‍ചക്രങ്ങളിലേക്കും ശക്തി പ്രവഹിക്കുന്നു. ഡ്രൈവര്‍ ക്ലച്ച്പെഡല്‍ അമര്‍ത്തുമ്പോള്‍ എന്‍ജിനും ചാലകഭാഗങ്ങളും തമ്മില്‍ നിലനില്ക്കുന്ന ബന്ധം വേര്‍പെടുകയും പെഡലില്‍നിന്ന് കാലെടുക്കുന്ന നിമിഷത്തില്‍ വീണ്ടും പൂര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്യത്തക്കവിധത്തിലാണ് ക്ലച്ചിനകത്തെ സംവിധാനം. ഓടിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഗിയറുകള്‍ മാറ്റേണ്ടിവരിക. ഈ സമയത്ത് എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്തുക പ്രായോഗികമല്ല. പകരം, ഗിയര്‍സ്ഥാനങ്ങള്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുമുമ്പായി ക്ലച്ച് അമര്‍ത്തി എന്‍ജിന്‍ബന്ധം താത്കാലികമായി വേര്‍പെടുത്തുകയാണെളുപ്പം. ഇങ്ങനെ ചെയ്യാതെ ഡ്രൈവ് നിലനില്‍ക്കുന്ന സമയത്ത് ഗിയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് ഗിയര്‍പല്ലുകള്‍ക്കു കേടുവരുത്താന്‍ ഇടയാക്കും.

വിവിധയിനം. സാധാരണഗതിയില്‍ ക്ലച്ച് അസംബ്ലിയെ ഫ്ളൈവീല്‍, ക്ലച്ച്പ്ലേറ്റ്, പ്രഷര്‍ പ്ലേറ്റ് അസംബ്ലി, നിയന്ത്രണപെഡലുകളും ലിങ്കേജുകളും എന്നിങ്ങനെ പ്രധാനമായി നാലു ഭാഗങ്ങളായി തിരിക്കാം. ഒറ്റ ഡിസ്കോടുകൂടിയ ക്ലച്ചുകളും ഒന്നിലധികം ഡിസ്കുകളുള്ള ക്ലച്ചുകളുമുണ്ട്. ഇതിനുംപുറമേ ഡ്രൈക്ലച്ചുകള്‍ അഥവാ ശുഷ്ക ക്ലച്ചുകള്‍, ഓയില്‍ ക്ലച്ചുകള്‍ അഥവാ എണ്ണ ക്ലച്ചുകള്‍ എന്നിങ്ങനെയും ക്ലച്ചുകളെ തരംതിരിക്കാം. ഓയില്‍ ക്ലച്ചുകളില്‍ ഒരു ഓയില്‍ബാത്തിലാണ്, ഡിസ്കുകള്‍ കറങ്ങിക്കൊണ്ടിരിക്കുക. ശുഷ്ക ക്ലച്ചുകളിലാകട്ടെ എണ്ണ ഉപയോഗിക്കുകയില്ല. മെച്ചപ്പെട്ട ഘര്‍ഷണമൂല്യമുള്ളതും നല്ല തേയ്മാന പ്രതിരോധശക്തിയുള്ളതുമായ ക്ലച്ച് ലൈനിങ്ങുകള്‍ കണ്ടുപിടിക്കപ്പെട്ടതോടെ ബഹുഡിസ്കുക്ലച്ചുകള്‍ക്കുപകരം ഒറ്റ ഡിസ്ക് ക്ലച്ചുകള്‍ സര്‍വസാധാരണമാണ്.

ഡിസ്ക് ക്ലച്ചിന്റെ പ്രവര്‍ത്തനം. എന്‍ജിനും ചാലകഗിയറുകളും തമ്മില്‍ ഒരു യാന്ത്രികബന്ധനം ഉണ്ടാക്കുകയോ പിരിക്കുകയോ ആണ് ക്ലച്ച് ചെയ്യുന്നത്. എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ക്രാങ്ക്ഷാഫ്റ്റും അതോടൊന്നിച്ച് ഫ്ളൈവീലും തിരിയുന്നു. ക്ലാങ്ക്ഷാഫ്റ്റിന്റെ അറ്റത്ത്, ഊര്‍ജത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ കഴിയുന്നതും നിരപ്പാക്കുവാന്‍വേണ്ടി, കൊടുത്തിരിക്കുന്ന ചക്രമാണ് ഫ്ളൈവീല്‍, ഫ്ളൈവീല്‍ നിശ്ചിതവേഗത്തില്‍ എത്തിക്കഴിഞ്ഞാല്‍ പ്രേഷണഷാഫ്റ്റിലേക്കു ചലനം കൈമാറണം. ഈ കൈമാറ്റം സാധിക്കുന്നത് ഘര്‍ഷണഡിസ്കുവഴിക്കാണ്. തിരിഞ്ഞുകൊണ്ടിരിക്കുന്ന ഫ്ളൈവീലിനോട് ചേര്‍ത്തമര്‍ത്തിയാല്‍ ഘര്‍ഷണഡിസ്കും തിരിഞ്ഞുതുടങ്ങും. അങ്ങനെയാണ് ഘര്‍ഷണഡിസ്കുമായി ഘടിപ്പിച്ചിട്ടുള്ള ചാലകപിനിയണ്‍ ഷാഫ്റ്റും ഗിയറുകളും തിരിയുന്നത്.

ചിത്രം (ഒരു ഡിസ്ക്കച്ച് കാണിച്ചിരിക്കുന്നതുനോക്കുക) ക്ലച്ച് ഷാഫ്റ്റ്സ് പ്ലൈന്‍ ചെയ്തിരിക്കുന്നു. അതായത് ഈ ഷാഫ്റ്റില്‍ ഒരു ഭാഗത്ത് ചുറ്റിലും ചാവിച്ചാലുകള്‍ ഉണ്ടായിരിക്കുന്നുവെന്നര്‍ഥം. ഈ ഭാഗത്താണ് ഘര്‍ഷണഡിസ്ക് പിടിപ്പിച്ചിരിക്കുന്നത്. ഡിസ്കിന്റെ കേന്ദ്രഭാഗത്തും ഷാഫ്റ്റിലെ ചാലുകളുമായി യോജിച്ചുപോകുന്ന വിധത്തില്‍ ചാലുകള്‍ കീറിയിട്ടുണ്ട്. അതുകൊണ്ട് ഷാഫ്റ്റിനുമുകളില്‍ ഡിസ്ക് അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുക സാധ്യമാണ്. ഡിസ്ക് ഫ്ളൈവീല്‍ പ്രതലവുമായി അമര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടി ഒരു മര്‍ദപ്ലേറ്റും (pressure plate) കുറെ സ്പ്രിങ്ങുകളുമുണ്ട്. ഇപ്രകാരം അമര്‍ത്തിപ്പിടിക്കുന്നതുകൊണ്ട് എന്‍ജിന്‍ കറങ്ങുമ്പോള്‍ ഫ്ളൈവീലിനോടൊപ്പം ഘര്‍ഷണഡിസ്കും അതിന്റെകൂടെയുള്ള ഷാഫ്റ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. ഈ ഷാഫ്റ്റില്‍നിന്നാണ് വാഹനത്തിന്റെ ചാലകവ്യൂഹത്തിലേക്ക് ശക്തി ലഭിക്കുന്നത്. അങ്ങനെ ക്ലച്ച് പെഡലില്‍ ഡ്രൈവറുടെ കാല്‍ ഇല്ലാതിരിക്കുമ്പോള്‍ ക്ലച്ച് 'എന്‍ഗേജ്ഡ്' ആയിരിക്കും. അതായത്, ഫ്ളൈവീലിന്റെയും മര്‍ദപ്ലേറ്റിന്റെയും ഇടയില്‍ ക്ലച്ച് ഡിസ്ക് ബലമായി അമര്‍ന്നിരിക്കുമെന്നര്‍ഥം. ഡ്രൈവര്‍ ക്ലച്ച് പെഡലില്‍ ചവിട്ടുമ്പോള്‍ ആ ചലനം ക്ലച്ച് ഫോര്‍ക്കില്‍ എത്തുകയും ഫോര്‍ക്ക് നീങ്ങുമ്പോള്‍ 'ക്ലച്ച് ത്രോ ഔട്ട് ബെയറിങ്' അകത്തോട്ടു നീങ്ങുകയും ചെയ്യുന്നു. ഇങ്ങനെ നീങ്ങുമ്പോള്‍ ലിവറുകള്‍ മുഖേന മര്‍ദപ്ലേറ്റ് സ്പ്രിങ് ബലത്തിനെതിരെ അമര്‍ത്തപ്പെട്ട് ഘര്‍ഷണഡിസ്കില്‍ നിന്ന് അകറ്റപ്പെടുന്നു. അപ്പോള്‍ ഫ്ളൈവീലും ഘര്‍ഷണഡിസ്കുമായുള്ള ബന്ധം വിട്ടുപോകുകയും എന്‍ജിനു ശക്തിശൃംഖലയില്‍ നിന്നു വേര്‍പെട്ട് സ്വതന്ത്രമായി കറങ്ങാന്‍ സാധിക്കുകയും ചെയ്യുന്നു. ഡ്രൈവര്‍ വീണ്ടും ക്ലച്ച് പെഡലില്‍ നിന്നു കാലെടുക്കുന്ന അവസരത്തില്‍ ത്രോ ഔട്ട് ബെയറിങ് പൂര്‍വസ്ഥിതിയിലേക്കു വരികയും സ്പ്രിങ്ങുകള്‍ മര്‍ദപ്ലേറ്റുകള്‍വഴി ഡിസ്കും ഫ്ളൈവീലുമായി ചേര്‍ത്ത് അമര്‍ത്തുകയും ചെയ്തുകൊള്ളും. ഇത്തരം ക്ലച്ചുകള്‍ വളരെ ലളിതവും കാര്യക്ഷമവുമാണ്.

ഒന്നിലധികം ഡിസ്കുകളുള്ള ഒരു ക്ലച്ച് ചിത്രം 2-ല്‍ കാണിച്ചിരിക്കുന്നു. എണ്ണയില്‍ മുങ്ങിനില്‍ക്കുന്ന ഉരുക്കുഡിസ്കുകളാണ് ഇതിലുള്ളത്. ഒരു മി.മീ. മുതല്‍ 1.5 മി.മീ. വരെ കനമുള്ള തകിടുകളാണ് ഇങ്ങനെ ഡിസ്കുകളായി ഉപയോഗിക്കുന്നത്.

യാന്ത്രികഘര്‍ഷണ ക്ലച്ചുകള്‍ക്കുപകരം ആധുനികമോട്ടോര്‍ വാഹനങ്ങളില്‍ ദ്രവ ഫ്ളൈവീലുകള്‍ ഉപയോഗിച്ചുവരുന്നു. മൂന്നാം ചിത്രത്തില്‍ ഇത്തരത്തില്‍പ്പെട്ട ഒരു ക്ലച്ച് കാണിച്ചിരിക്കുന്നു. ഇതില്‍ ഗിയര്‍ദണ്ഡുമായി ഒരു ഇമ്പെല്ലര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ ഇമ്പെല്ലര്‍ വായുനിബദ്ധമാക്കിയ ഒരറയ്ക്കകത്ത് തിരിയുകയും ആ അറ ഇതേപോലെ ഉള്‍വശത്ത് ദളങ്ങളോടുകൂടിയ മറ്റൊരു ഇമ്പെല്ലര്‍ രൂപത്തിലാക്കി ക്രാങ്ക്ഷാഫ്റ്റുമായി ഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു. അറയില്‍ എണ്ണ നിറച്ചിരിക്കും. ക്രാങ്ക് തിരിയുമ്പോള്‍ വേണ്ടത്ര വേഗതയിലെത്തിയാല്‍, പ്രാഥമികചക്രത്തിലെ എണ്ണ പുറത്തോട്ടു തള്ളപ്പെട്ട് ഗിയര്‍ ദണ്ഡിനോട് പിടിപ്പിച്ചിരിക്കുന്ന ഇമ്പെല്ലര്‍ ദളങ്ങളില്‍ക്കൂടി ചുറ്റിത്തിരിയുന്നതിനാല്‍ ആ ദ്വിതീയചക്രം തിരിയുകയും ചെയ്യുന്നു. ക്രാങ്ക് വേണ്ടത്ര വേഗതയില്‍ കറങ്ങാത്ത ഉദാസീന പ്രവര്‍ത്തനവേളയില്‍ എണ്ണയുടെ പ്രവാഹത്തിന് കുറഞ്ഞ ഊര്‍ജമേ ഉണ്ടായിരിക്കുകയുള്ളൂ. ഈ ഘട്ടത്തില്‍ ദ്വിതീയ ചക്രം പ്രവര്‍ത്തിക്കുന്നില്ല. ഇത്തരത്തിലുള്ള ക്ലച്ചുകള്‍ മൃദുവായ പ്രാരംഭപ്രവര്‍ത്തനത്തിനും ഉയര്‍ന്ന വേഗത്തില്‍ തെന്നല്‍ കൂടാതെയുള്ള പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.

(ഡോ. ആര്‍. രവീന്ദ്രന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍