This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൈസ്റ്റ്ചര്‍ച്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൈസ്റ്റ്ചര്‍ച്ച്

Christchurch

ന്യൂസീലന്‍ഡിലെ കാന്റര്‍ബറി പ്രവിശ്യയിലെ ഒരു നഗരം. ന്യൂസീലന്‍ഡിലെ സൗത്ത് അയര്‍ലണ്ടിന്റെ കിഴക്കന്‍ തീരത്ത്, പസിഫിക് സമുദ്രത്തില്‍ നിന്ന് ഏകദേശം 13 കി.മീ. അകലെ ഏവണ്‍ നദീതീരത്തു സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 3,80,900 (2011).

ജോണ്‍ റോബര്‍ ഗോഡ്ലേയുടെ ശ്രമഫലമായി 1848-ല്‍ രൂപമെടുത്ത കാന്റര്‍ബറി സംഘടനയാണ് ക്രൈസ്റ്റ്ചര്‍ച്ച് സ്ഥാപിച്ചത്. 1850-51 കാലത്ത് അഞ്ചു കപ്പലുകളിലായി ഇവിടത്തെ പ്രഥമ കുടിയേറ്റക്കാര്‍ എത്തിച്ചേര്‍ന്നു. 'കാന്റര്‍ബറി' എന്നറിയപ്പെട്ടിരുന്ന ഇവരുടെ കുടിയേറ്റമേഖലയ്ക്ക് ഗോഡ്ലേ, താന്‍ വിദ്യ അഭ്യസിച്ച ഓക്സ്ഫഡിലെ ക്രൈസ്റ്റ്ചര്‍ച്ച് കോളജിന്റെ പേരു നല്കി. 1862-ല്‍ ക്രൈസ്റ്റ്ചര്‍ച്ച് നഗരവത്കരിക്കപ്പെട്ടു. ക്രമേണ അഭിവൃദ്ധിനേടിയ ഈ സ്ഥലം ന്യൂസീലന്‍ഡിലെ ഏറ്റവും വലിയ നഗരമാണ്.

രണ്ടാം ലോകയുദ്ധത്തിനുമുമ്പേ ക്രൈസ്റ്റചര്‍ച്ച് അയല്‍പ്രദേശങ്ങളിലെ സമ്പത്സമൃദ്ധമായ കാര്‍ഷികജില്ലകളെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. എന്നാല്‍ 1945-നുശേഷം ലഭ്യമായ മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങള്‍, ജലലഭ്യത, ജല-വൈദ്യുതി തുടങ്ങിയവ ക്രൈസ്റ്റ്ചര്‍ച്ചിനെ ഒരു പ്രധാന വ്യാവസായിക കേന്ദ്രമായി മാറ്റി. പരമ്പരാഗതമായ മാംസ സംസ്കരണം, കമ്പിളിനെയ്ത്തും വസ്ത്രനിര്‍മാണവും, പരവതാനി നിര്‍മാണം, റബ്ബര്‍-തടിയുത്പന്ന നിര്‍മാണം, ഗതാഗതോപകരണനിര്‍മാണം, സോപ്പ്, വളങ്ങള്‍, സ്ഫടികം, പാദരക്ഷകള്‍ എന്നിവയുണ്ടാക്കല്‍ ഇവയാണ് പ്രധാന വ്യവസായങ്ങള്‍. നഗരത്തിലെ പ്രധാന തുറമുഖമായ ലിറ്റില്‍റ്റണ്‍ പ്രകൃതിദത്തമായ സവിശേഷതകള്‍ ഉള്ള ഒരു കപ്പല്‍ നങ്കൂര കേന്ദ്രമാണ്. ഒരു കാര്‍ഷികമേഖലയായ ഇവിടെ കൃഷിയും കന്നുകാലിവളര്‍ത്തലും വന്‍തോതില്‍ നടക്കുന്നു. പ്രധാനമായി കമ്പിളി, മാംസം, ക്ഷീരോത്പന്നങ്ങള്‍, ഗോതമ്പ് തുടങ്ങിയവ കയറ്റുമതി ചെയ്യുകയും പെട്രോളിയം ഉത്പന്നങ്ങള്‍, ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുകയുമാണ് പതിവ്.

നഗരത്തില്‍, ഓരോ എട്ട് ഏക്കര്‍ ഭൂമിക്കും ശേഷം ഒരേക്കര്‍ സ്ഥലം ആളുകളുടെ വിനോദത്തിനും വിശ്രമത്തിനുമായി മാറ്റിവച്ചിരിക്കുന്നതിനാല്‍ 'സമതലങ്ങളുടെ പൂന്തോട്ട നഗരം' (Garden city of plains) എന്നാണ് ക്രൈസ്റ്റ്ചര്‍ച്ച് അറിയപ്പെടുന്നത്. രാജ്യത്തെ മുഖ്യ വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ ഒന്നാണിത്. ഒരു കാര്‍ഷികകോളജ് ആയ ലിങ്കന്‍ കോളജ്, ക്രൈസ്റ്റ് കോളജ്, 1873-ല്‍ സ്ഥാപിച്ച കാന്റര്‍ബറി സര്‍വകലാശാല എന്നിവ ഈ നഗരത്തിലാണ്.

റോമന്‍ കത്തോലിക്കരുടെയും ഇംഗ്ലീഷുകാരുടെയും ഭദ്രാസനപ്പള്ളികള്‍, റോബര്‍ട്ട് മക്ഡൂഗല്‍ ആര്‍ട്ട് ഗാലറി, സര്‍ക്കാര്‍ മന്ദിരങ്ങള്‍, വംശനാശത്തിനിരയായ 'മോ'പക്ഷിയുമായി (Moa bird) ബന്ധപ്പെട്ട ഒരു കാഴ്ചബംഗ്ലാവ്, ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍, പ്ലാനറ്റേറിയം, ആര്‍ട്ട് ഗാലറി തുടങ്ങിയവയാണ് പ്രധാന ദൃശ്യകേന്ദ്രങ്ങള്‍. ഇവിടത്തെ വിനോദകേന്ദ്രങ്ങളില്‍ ഏറ്റവും വലുത് ഹാഗ്ലീ പാര്‍ക്ക് ആണ്. സുഖവാസകേന്ദ്രമായ ന്യൂ ബ്രൈറ്റന്‍ കടല്‍ത്തീരം ഇവിടെയാണ്. ഒരു അന്താരാഷ്ട്രവിമാനത്താവളവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2010 സെപ്. 4-നും 2011 ഫെ. 22-നും ഇവിടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ക്ക് സാരമായി കേടുപാടുകള്‍ സംഭവിക്കുകയും 50,000-ത്തോളം പേര്‍ അഭയാര്‍ഥികളായിത്തീരുകയും ചെയ്തു.

(ജെ.കെ. അനിത; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍