This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൈസ്തവദര്‍ശനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൈസ്തവദര്‍ശനം

സെന്റ് അഗസ്റ്റിന്റെയും സെന്റ് തോമസ് അക്വിനാസിന്റെയും പ്ളൊട്ടൈനൈസിന്റെയും മറ്റും തത്ത്വചിന്തകളും 'സ്കൊളസ്റ്റിക' (scholastic) ദര്‍ശനവും അസ്തിത്വചിന്തയും മറ്റും മൗലികമായി ക്രൈസ്തവദര്‍ശനങ്ങളാണ്. പാശ്ചാത്യദര്‍ശനങ്ങളിലെല്ലാം ക്രൈസ്തവദര്‍ശനത്തിന്റെ അന്തര്‍ധാരകളുണ്ടെങ്കിലും, കുറേക്കൂടി നിഷ്കൃഷ്ടാര്‍ഥത്തിലാണ് ക്രൈസ്തവദര്‍ശനം എന്ന സംജ്ഞ ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. യേശുക്രിസ്തുവിന്റെ ലോകോദ്ധാരണ സന്ദേശത്തെയും ബൈബിളിനെയും ക്രൈസ്തവ പാരമ്പര്യത്തെയും ആധാരമാക്കി, ക്രൈസ്തവ മൂല്യങ്ങളുടെ പ്രാധാന്യവും പ്രസക്തിയും വിശദീകരിക്കുന്ന സമഗ്രമായ ജീവിതദര്‍ശനമാണ് ക്രൈസ്തവദര്‍ശനം. ഉത്തരാഫ്രിക്കയിലെ ക്രൈസ്തവ ചിന്തകനായ സെന്റ് അഗസ്റ്റിന്റെ കാലം (354-430) മുതലാണ് ക്രൈസ്തവദര്‍ശനം എന്ന ആശയം പ്രചാരത്തില്‍ വന്നത്. പുരാതന ക്രൈസ്തവേതര തത്ത്വചിന്തകളില്‍നിന്നു വ്യതിരിക്തമാണിത്. മധ്യയുഗങ്ങളില്‍ യൂറോപ്പില്‍ ക്രിസ്തുമത നിരപേക്ഷമായ ചിന്താപദ്ധതികള്‍, ഉയര്‍ന്നുവന്നപ്പോള്‍, ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ദര്‍ശനം കൂടുതല്‍ അംഗീകരിക്കപ്പെടാന്‍ തുടങ്ങി; എങ്കിലും 1930-മുതലാണ് ക്രൈസ്തവദര്‍ശനം എന്ന ആശയവും പ്രയോഗവും പ്രചാരമാര്‍ജിച്ചത്.

ക്രൈസ്തവദര്‍ശനത്തെപ്പറ്റി ചര്‍ച്ചചെയ്യുന്ന ദാര്‍ശനികരെല്ലാം അംഗീകരിക്കുന്ന ഒരടിസ്ഥാനതത്ത്വമാണ് പ്രകൃത്യനുസൃതവും പ്രകൃത്യാതീതവുമായ ദ്വിവിധ അസ്തിത്വ മണ്ഡലങ്ങള്‍ (natural and supernatural order of beings). മനുഷ്യന്‍, പ്രപഞ്ചം മുതലായ ദൃശ്യവസ്തുക്കള്‍ക്കു പുറമേ, ദൈവം, മാലാഖമാര്‍, ആത്മാക്കള്‍, പിശാചുക്കള്‍ എന്നിവയും ക്രൈസ്തവദര്‍ശനമണ്ഡലത്തില്‍പ്പെടുന്നു. ജന്മകര്‍മപാപങ്ങള്‍, ദൈവപ്രസാദം, മനുഷ്യന്റെ പരമ ലക്ഷ്യമായ സൗഭാഗ്യദര്‍ശനം മുതലായവയും, ദൈവത്വത്തിലെ ഏകത്വവും ത്രിത്വവും; ക്രിസ്തുവിന്റെ മനുഷ്യാവതാരവും രക്ഷാകര്‍മവും, ദൈവാവിഷ്കരണവും മരണാനന്തരമുള്ള ഉയിര്‍പ്പിന്റെയും പുതുജീവന്റെയും പ്രത്യാശയും ക്രൈസ്തവ ദര്‍ശനത്തിലെ പ്രധാന വിശ്വാസപ്രമാണങ്ങളാണ്. വിശ്വാസവും യുക്തിയും തമ്മില്‍ വൈരുധ്യമില്ലെന്നത് ക്രൈസ്തവദര്‍ശനത്തിലെ ഒരു പ്രമേയമാണ്. ശരിയായ യുക്തിവിചാരം അഥവാ ദര്‍ശനം മനുഷ്യനെ പരമാനന്ദദായകമായ ദൈവദര്‍ശനത്തിലേക്കു നയിക്കണമെന്നും ക്രൈസ്തവദര്‍ശനം ഉദ്ഘോഷിക്കുന്നു.

ക്രൈസ്തവ ദര്‍ശനത്തെ യുക്തിയുടെ അടിത്തറയില്‍ ഉറപ്പിച്ചതും അതിനെ ഒരു സമ്പൂര്‍ണ തത്ത്വസംഹിതയായി വികസിപ്പിച്ചെടുത്തതും സെന്റ് തോമസ് അക്വിനാസ് (1225-74) എന്ന ഇറ്റാലിയന്‍ മനീഷിയാണ്. അദ്ദേഹത്തിന്റെ 'തത്ത്വദര്‍ശനവും പഞ്ചമാര്‍ഗങ്ങളും' പ്രഖ്യാതമാണ്. തോമസ് അക്വിനാസിന്റെയും അനുയായികളുടെയും ദര്‍ശനം 'തൊമിസ്റ്റ് (Thomist) ദര്‍ശനം' എന്നു ചുരുക്കി പറയാറുണ്ട്. തത്ത്വശാസ്ത്രത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും മണ്ഡലത്തില്‍ തോമിസ്റ്റ്ദര്‍ശനം നിര്‍ദേശിക്കുന്ന അടിസ്ഥാന തത്ത്വങ്ങള്‍, ക്രൈസ്തവദര്‍ശനത്തിന്റെ മുഖ്യപ്രമേയങ്ങളും മാര്‍ഗദര്‍ശനവുമായി ക്രൈസ്തവലോകം അംഗീകരിക്കുന്നു.

A. താത്ത്വികതലങ്ങള്‍

1.മനുഷ്യനില്‍ മൂര്‍ത്തവും അമൂര്‍ത്തവും (material and immaterial) നശ്വരവും അനശ്വരവുമായ രണ്ടു ഘടകങ്ങളുണ്ട്- ആത്മാവും ശരീരവും.

2.മനുഷ്യാത്മാവ് അമര്‍ത്യവും അനശ്വരവുമാണെങ്കിലും അനാദിയല്ല; യഥാകാലം സൃഷ്ടിക്കപ്പെട്ടതാണ്. മാതൃഗര്‍ഭത്തില്‍ ഭ്രൂണം സജ്ജീകൃതമാകുമ്പോള്‍ ദൈവം മനുഷ്യാത്മാവിനെ സൃഷ്ടിച്ച് ഭ്രൂണത്തില്‍ (ഓരോ ഭ്രൂണത്തിലും ഓരോ ആത്മാവിനെ) നിവേശിപ്പിക്കുന്നു. ഒരിക്കല്‍ സൃഷ്ടിച്ച മനുഷ്യാത്മാവിനെ ദൈവം നശിപ്പിക്കുകയില്ല.

3.ആത്മ-ശരീരസംയുക്തരായ മനുഷ്യര്‍ക്കു പുറമേ, അരൂപികളായ 'മാലാഖമാരും' (Angels) പിശാചുക്കളും (devils) ഉണ്ട്. സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവ് ദൈവം മാത്രം.

4.മനുഷ്യന് ഒരു ജന്മവും ഒരു മരണവും മാത്രമേയുള്ളൂ. പുനര്‍ജന്മ-കര്‍മ വിശ്വാസങ്ങള്‍ ക്രൈസ്തവദര്‍ശനത്തിലില്ല.

5.മനുഷ്യാത്മാവിന് ബുദ്ധി, ഇച്ഛ, സ്മരണ (intelligence, will, memory) എന്നീ ത്രിവിധ ശക്തികളുണ്ട്. ത്രയൈയ്ക (unity in trinity) ദൈവത്തിന്റെ പ്രതിഫലനമാണ് മനുഷ്യന്‍.

6.മനുഷ്യന്‍ സാമൂഹിക ജീവിയാണ്. സാമൂഹികമായ കര്‍ത്തവ്യാവകാശങ്ങള്‍ മനുഷ്യനുണ്ട്. സമൂഹത്തിലെ സഹവര്‍ത്തിത്വം വഴി അവന്‍ വ്യക്തിപരവും സമൂഹാത്മകവുമായ ശ്രേയസ് കൈവരിക്കുന്നു.

7.വിശ്വദര്‍ശനത്തെ സംബന്ധിച്ചു പറഞ്ഞാല്‍ പ്രാകൃതമായ ഭൗതികവാദവും (materialism), പ്രപഞ്ചത്തെ സ്വപ്നമായകളായി കാണുന്ന ആശയവാദവും (Idealism) ഒന്നുപോലെ അസ്വീകാര്യമാണ്.

8.ദൈവത്തില്‍ നിന്ന് സമാരംഭിച്ച്, ദൈവത്തില്‍ ചെന്നു ചേരത്തക്കവിധമാണ് സര്‍വചരാചരങ്ങളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത്. സര്‍വചരാചരങ്ങളുടെയും ആദിയും അന്ത്യവും (ആല്‍ഫായും ഒമേഗായും) ദൈവമാണ്.

9.ദൃശ്യപ്രപഞ്ച നിരീക്ഷണത്തില്‍ നിന്ന് ഇന്ദ്രിയബുധ്യാദികളുടെ സഹായത്തോടെ, സാധാരണ മനുഷ്യന് ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയും. 'സൃഷ്ടികളില്‍നിന്നു സ്രഷ്ടാവിലേക്ക് ഉയരാം'. പ്രപഞ്ചം പ്രപഞ്ചനാഥന്‍ എഴുതിയ തുറന്ന പുസ്തകമാണ്.

10.ദൈവം സര്‍വശക്തനും സാരാംശസമ്പൂര്‍ണനും സ്വയംഭൂവും സ്വയംസ്ഥിതനും അനാദ്യന്തനുമാണ്.

11.സത്താംശബ്ദം (reality) ദൈവത്തിലും സൃഷ്ടികളിലും ഏകാര്‍ഥത്തിലല്ല, സാദൃശ്യാത്മകമായിട്ടാണ് (analogically) പ്രയോഗിക്കപ്പെടുന്നത്. ദൈവം സര്‍വം ഗ്രാഹിയാണ്; സര്‍വചരാചരങ്ങളെയും ഉള്‍ക്കൊള്ളുന്നു. അതിനാല്‍ പ്രപഞ്ചം 'യഥാര്‍ഥം' (real) എന്നു പറഞ്ഞാല്‍ യുക്തിഭംഗമില്ല. പ്രപഞ്ചം സ്വപ്നമല്ല, മായയുമല്ല. മനുഷ്യരും ഇതര ചരാചരങ്ങളും യഥാര്‍ഥത്തില്‍ ഉണ്ട്; അവയ്ക്കെല്ലാം അവയുടേതായ അര്‍ഥവും ലക്ഷ്യവും മൂല്യവും ഉണ്ട്. നന്മതിന്മകളെ വിവേചിച്ചറിഞ്ഞ്, സ്വതന്ത്ര മനസ്സിനെ വിനിയോഗിച്ച് ദൈവാനുഗ്രഹത്താല്‍ ധാര്‍മികജീവിതം നയിച്ച് പരമാനന്ദദായകനായ ദൈവത്തെ മരണാനന്തരം പ്രാപിക്കുന്നതോടെ മനുഷ്യന്‍ ജന്മസാഫല്യമടയുന്നു.

B. ദൈവശാസ്ത്രപരം

1.ബൈബിളും ക്രൈസ്തവ പാരമ്പര്യവും ദൈവാവിഷ്കരണ സ്രോതസ്സുകളാകയാല്‍, ഈ ഇരു സ്രോതസ്സുകളില്‍ അധിഷ്ഠിതമായ മതത്ത്വദര്‍ശനമാണ് യഥാര്‍ഥ ക്രൈസ്തവദര്‍ശനം.

2.യുക്തിചിന്ത, ക്രൈസ്തവ വിശ്വാസത്തിലേക്കു വിരല്‍ചൂണ്ടുന്നു. യുക്തിയും വിശ്വാസവും പരസ്പര വിരുദ്ധമല്ല; കാരണം, രണ്ടിന്റെയും പ്രഭവസ്ഥാനം സത്യസ്വരൂപനായ ദൈവം തന്നെയാണ്.

3.പ്രപഞ്ചത്തെപ്പറ്റിയുള്ള യുക്തി വിചാരത്തില്‍ക്കൂടി പ്രപഞ്ചനാഥനായ ദൈവത്തെ അറിയാന്‍ മനുഷ്യനു കഴിയുമെങ്കിലും ഈശ്വരാവിഷ്കരണം അനാവശ്യമല്ല; കാരണം, അബദ്ധത്തിന്റെ കലര്‍പ്പില്ലാതെ, സംശയരഹിതമായി, എല്ലാ മനുഷ്യര്‍ക്കും ദൈവത്തെപ്പറ്റിയുള്ള അറിവ് സുസാധ്യമായിത്തീരണമെങ്കില്‍ ഈശ്വരാവിഷ്കരണത്തിന്റെ സഹായം കൂടിയേതീരൂ. ദൈവം തന്നെ ദൈവത്തെക്കുറിച്ച് മനുഷ്യര്‍ക്കു വെളിപ്പെടുത്തണം.

4.മനുഷ്യന്‍ സ്വതന്ത്ര ജീവിയാണ്. സ്വമേധയാ ചിന്തിക്കുന്നതിനും സ്വേച്ഛാനുസാരം തീരുമാനമെടുക്കുന്നതിനും ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുന്നതിനും മനുഷ്യര്‍ക്കു കഴിവുണ്ട്. ദൈവപ്രസാദം മനുഷ്യസ്വാതന്ത്ര്യധ്വംസകമല്ല.

5.ആദിമാതാപിതാക്കന്മാരുടെ പാപം, മനുഷ്യവര്‍ഗത്തെ മുഴുവന്‍ പാപിഷ്ഠമാക്കി. തന്നിമിത്തം മാനവകൂലപരിത്രാണത്തിന്, ക്രിസ്തുവിന്റെ മനുഷ്യാവതാരവും ജീവിതമരണോത്ഥാനങ്ങളും ആവശ്യമായിത്തീരുന്നു.

6.ക്രിസ്തു സ്ഥാപിച്ച സഭയുടെ അംഗങ്ങളായി ക്രിസ്തീയ ജീവിതം നയിക്കുന്നവര്‍, സഭാനാഥനായ ക്രിസ്തുവുമായി സ്നേഹബന്ധം പുലര്‍ത്തുന്നു. അവര്‍ ക്രിസ്തുവിന്റെ 'മൗതിക' (mystical body) ശരീരമായ സഭയുടെ അംഗങ്ങളാണ്.

7.സാര്‍വജനീന രക്ഷകനായ യേശുക്രിസ്തുവില്‍ വിശ്വാസമര്‍പ്പിച്ചു ജീവിക്കുന്നവര്‍, ഈ ലോകത്തില്‍വച്ചുതന്നെ ശാശ്വതജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. അവരുടെ ശാശ്വത ജീവന്‍, 'ബീജാവസ്ഥ'(Germinal state)യില്‍ ആണെന്നു മാത്രം. മരണാനന്തരം അവര്‍ക്കു പരിപൂര്‍ണ സൗഭാഗ്യദര്‍ശനം (Beatific vision of God) ലഭിക്കും. കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതും സങ്കല്പിച്ചിട്ടില്ലാത്തതുമായിരിക്കും പരലോകത്തിലെ പരമാനന്ദ ദര്‍ശനം.

ക്രൈസ്തവദര്‍ശനത്തിന്റെ ലക്ഷ്യോന്മുഖതയെപ്പറ്റി ഊന്നിപ്പറയുകയും ആധുനികകാലത്ത് ക്രൈസ്തവദര്‍ശനം പ്രചരിപ്പിക്കുകയും ചെയ്തവരാണ് ഗില്‍സണ്‍, മാരിത്തോണ്‍, ബ്ളോണ്ഡല്‍ എന്നിവര്‍. ഇവരുടെ ചിന്താധാരകളും ആധുനിക ക്രൈസ്തവദര്‍ശനത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്.

എത്തിയേന്‍ ഗില്‍സണ്‍ (E. Gilson). 1884-ല്‍ പാരിസില്‍ ജനിച്ച ഗില്‍സണ്‍, മധ്യകാല യൂറോപ്യന്‍ ചിന്താധാരയിലും തോമിസ്റ്റ് ദര്‍ശനത്തിലും ദെക്കാര്‍ത്തിന്റെ താത്ത്വിക സിദ്ധാന്തങ്ങളിലും അതീവ തത്പരനായിരുന്നു. പാശ്ചാത്യചിന്ത, വിശിഷ്യാ, മധ്യകാലയൂറോപ്യന്‍ ചിന്ത എന്നിവ പഴയ അരിസ്റ്റോട്ടലിയന്‍ ദര്‍ശനത്തിന്റെ വെറും പുനരവതരണമല്ല; പ്രത്യുത, യുക്ത്യധിഷ്ഠിതമായ ക്രൈസ്തവദര്‍ശനമാണെന്ന് ഗില്‍സണ്‍ സമര്‍ഥിച്ചു. സെന്റ് തോമസ് അക്വിനാസ്, സെന്റ് ബെനവെഞ്ചര്‍, ഡണ്‍സ് സ്കോട്സ്, ഒക്കാമിലെ വില്യം തുടങ്ങിയവരുടെ തത്ത്വദര്‍ശനം, ഭാവികാലക്രൈസ്തവദര്‍ശനമായി അംഗീകരിക്കപ്പെടാന്‍ യോഗ്യതയുള്ളതാണെന്നും ഗില്‍സണ്‍ പ്രസ്താവിച്ചിരുന്നു. യുക്തിചിന്തയ്ക്കും ഈശ്വരവിശ്വാസത്തിനും ആവിഷ്കരണത്തിനും യഥാസ്ഥാനം നല്കുന്ന ക്രൈസ്തവദര്‍ശനത്തില്‍, യുക്തിയും ദൈവവിശ്വാസവും സമ്യക്കായി സമന്വയിക്കപ്പെട്ടിരിക്കുന്നുവെന്നും ഗില്‍സണ്‍ ചൂണ്ടിക്കാട്ടി.

ഷാക്ക് മാരിത്തേന്‍ (J. Maritain). 1882-ല്‍ പാരിസില്‍ ജനിച്ച മാരിത്തേന്‍ പാശ്ചാത്യ ദര്‍ശനങ്ങളിലും വിശിഷ്യ, തോമിസ്റ്റ് ദര്‍ശനത്തിലും അസാമാന്യമായ അവഗാഹം നേടിയിരുന്നു. 'തോമിസ്റ്റ് ദര്‍ശനം' പഞ്ചമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ ആധുനിക മനുഷ്യനുവേണ്ടി സമ്യക്കായി പുനരവതരിക്കപ്പെടണം എന്നു മാരിത്തേന്‍ പ്രസ്താവിച്ചിരുന്നു. പ്രകൃത്യതീതമായ പാരമാന്ത്യത്തിലേക്ക് മനുഷ്യനെ നയിക്കുന്ന ക്രൈസ്തവദര്‍ശനം, ദൈവാവിഷ്കരണത്തില്‍ (ബൈബിളിലും ക്രൈസ്തവ പാരമ്പര്യത്തിലും) അധിഷ്ഠിതമായ യുക്തിവിചാരമായിരിക്കണമെന്ന് അഭിപ്രായപ്പെട്ട മാരിത്തേന്‍ ബൈബിള്‍-നിരപേക്ഷമായ യുക്തിചിന്ത അപൂര്‍ണമായിരിക്കാനേ വഴിയുള്ളൂ എന്നു സമര്‍ഥിച്ചിരുന്നു.

ബ്ളോണ്ഡല്‍ (M. Blondel). ക്രൈസ്തവദര്‍ശനത്തിന്റെ ഈ ശതകത്തിലെ പ്രഗല്ഭനായ വക്താവാണ് ബ്ളോണ്ഡല്‍. ഈശ്വരാവിഷ്കരണത്തിന്റെ വെളിച്ചമില്ലാതെയുള്ള വെറും ശുഷ്കമായ യുക്തിവിചാരം മനുഷ്യനെ പരമസൗഭാഗ്യത്തില്‍ എത്തിക്കുകയില്ലെന്നും ഈശ്വരാവിഷ്കരണത്തിന്റെ ചുവടുപിടിച്ചു മുന്നേറണമെന്നും ബ്ളോണ്ഡല്‍ സിദ്ധാന്തിക്കുന്നു. ബ്ളോണ്ഡലിന്റെ ദര്‍ശനപ്രകാരം യുക്തിവിചാരം മതത്തിനു പകരമുള്ളതല്ല; രണ്ടിനും അവയുടേതായ ചിന്താവിഷയമുണ്ട്. യുക്തിവിചാരം വിശ്വാത്തരമായ ഒരു സന്ദേശം നല്കുന്നതായിരിക്കണം. ദൈവിക വെളിപാടിന്റെ ചുവടുപിടിച്ച് ദൈവകൃപയാല്‍ പ്രബുദ്ധമായ യുക്തിവിചാരം, മനുഷ്യനെ സനാതന സൗഭാഗ്യത്തില്‍ എത്തിക്കുന്നതിന് സമര്‍ഥമാകണം. ബ്ളോണ്ഡലിന്റെ അഭിപ്രായത്തില്‍, ബൈബിളില്‍ നിന്ന്, പരമ്പരാഗത ക്രൈസ്തവവിശ്വാസത്തില്‍ നിന്ന് ലഭിക്കുന്ന ദൈവാവിഷ്കരണത്തെ നിരാകരിക്കുകയോ പിന്നണിയിലേക്കു തള്ളിനീക്കുകയോ ചെയ്യുന്ന ദര്‍ശനം സമ്യക്കായി ക്രൈസ്തവദര്‍ശനം ആകുകയില്ല.

(ഡോ. ജെ. കട്ടയ്ക്കല്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍