This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൈസോഫൈസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൈസോഫൈസി

Chrysophyceae

ഒരു ആല്‍ഗ സസ്യകുടുംബം, ബീറ്റാകരോട്ടിനും ചില സാന്തോഫില്ലുകളും ഈ കുടുംബത്തില്‍പ്പെടുന്ന ആല്‍ഗ കോശങ്ങളിലെ ക്രൊമാറ്റോഫോറുകളില്‍ ധാരാളമായി കാണപ്പെടുന്നു. ഇത് ഇവയ്ക്ക് സ്വര്‍ണ തവിട്ടു നിറം നല്കിയിരിക്കുന്നു. ഇവയുടെ കരുതല്‍ ഭക്ഷ്യശേഖരം ല്യൂക്കോസിനും (Leucosin) എണ്ണകളുമാണ്. ജീനസിന്റെ വ്യത്യാസമനുസരിച്ച് കോശഘടനയ്ക്കും വ്യത്യാസം കണ്ടുവരുന്നു. കോശങ്ങള്‍ ഏക ഫ്ളാജല്ലികങ്ങളോ ദ്വിഫ്ളാജല്ലികങ്ങളോ ആയിരിക്കാം. എല്ലാ ജീനസുകളിലും സ്റ്റാറ്റോസ്പോര്‍ രൂപീകരണമുണ്ട്. ഈ കുടുംബത്തില്‍ ലൈംഗിക പ്രത്യുത്പാദനം നടക്കാറില്ല. ക്രൈസോഫൈസിയില്‍ 70 ജീനസുകളും 250 സ്പീഷീസുകളുമുണ്ട്. ഇവയില്‍ ഏകകോശസസ്യങ്ങളും കോളനികളും കാണാം. ഭൂരിഭാഗവും ശുദ്ധജലസസ്യങ്ങളാണ്. മിക്ക ഫ്ളാജല്ലിക ക്രൈസോഫൈസികള്‍ക്കും നഗ്നപ്രോട്ടോപ്ലാസ്റ്റുകളാണുള്ളത്. ചില ജീനസുകളുടെ പ്രോട്ടോപ്ലാസ്റ്റിന് തുറന്ന ദൃഢമായ ഉറ (ലോറിക്കാ) ഉണ്ടായിരിക്കും. പ്രോട്ടോപ്ലാസ്റ്റിനും ഉറയ്ക്കും ഇടയിലായി ജലത്തിന്റെ ഒരു പാളിയും കാണപ്പെടുന്നു. ഈ പ്രോട്ടോപ്ലാറ്റുകള്‍ക്ക് ഉള്ളിലായാണ് വര്‍ണകവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ക്രൊമാറ്റോഫോറുകള്‍ കാണപ്പെടുന്നത്. ക്രൈസോഫൈസിയില്‍ അലൈംഗിക പ്രത്യുത്പാദനമാണു നടക്കുന്നത്. ഇത് മുഖ്യമായും കോശവിഭജനത്തിലൂടെ സംഭവിക്കുന്നു. കോളനി രൂപത്തിലുള്ളവയില്‍ കോളനികള്‍ ഒന്നോ അതിലധികമോ ആയി മുറിഞ്ഞുമാറുന്നു. ചിലപ്പോള്‍ കോളനിയിലെ ഒരു കോശം വേര്‍പെട്ട് പുതിയ കോളനി ആയിത്തീരാറുമുണ്ട്.

അചരങ്ങളായ എല്ലാ ജീനസുകളും സൂസ്പോറുകള്‍ (Zoospores) ഉത്പാദിപ്പിക്കുന്നു. ഒരു കോശത്തില്‍ നിന്ന് സാധാരണ ഒരു സ്പോറാണുണ്ടാകുന്നത്. ചിലപ്പോള്‍ പ്രോട്ടോപ്ലാസ്റ്റ വിഭജിച്ച് അനേകം നഗ്ന സൂസ്പോറുകളും ഉണ്ടാവാറുണ്ട്.

എല്ലാ ജീനസുകളിലും ദീര്‍ഘവൃത്താകാരമോ ഗോളാകാരമോ ആയ സ്റ്റാറ്റോസ്പോറുകള്‍ കാണുന്നുണ്ട്. സ്പോര്‍ഭിത്തി സിലിക്കാമയമായ ജലാറ്റിക പ്ലഗ്കൊണ്ട് അടയ്ക്കപ്പെട്ട ഒരു ദ്വാരവും ഇതിനുണ്ട്. മിക്ക സ്റ്റാറ്റോസ്പോറുകള്‍ക്കും മിനുസമുള്ള ഭിത്തിയാണുള്ളത്. സ്റ്റാറ്റോസ്പോര്‍ രൂപീകരണത്തിന്റെ ആരംഭദശയില്‍ കോശം ഫ്ളാജല്ലങ്ങള്‍ പിന്‍വലിച്ച് ഗോളാകാരമായിത്തീരുന്നു. ഇപ്രകാരം ഗോളാകാരമായിത്തീര്‍ന്ന കോശം വിഭേദിതമാകുകയും ഉള്ളില്‍ നിരവധി സ്പോറുകള്‍ രൂപമെടുക്കുകയും ചെയ്യുന്നു. അവസാനം കോശം വിഭജിച്ച് സ്പോറുകള്‍ സ്വതന്ത്രങ്ങളാവുകയും പുതിയ സസ്യങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍