This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൈസോഫൈറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൈസോഫൈറ്റ

Chrysophyta

ഒരു താഴ്ന്നയിനം ആല്‍ഗ ഗ്രൂപ്പ്. ഇതില്‍ 300 ജീനസുകളും 6,000 സ്പീഷീസുകളുമുണ്ട്. ഇവയില്‍ നാലില്‍ മൂന്നുഭാഗം സ്പീഷീസുകള്‍ ശുദ്ധജലത്തിലും നാലിലൊരു ഭാഗം സമുദ്രജലത്തിലും കാണപ്പെടുന്നു. സ്വര്‍ണം, സസ്യം എന്നീ അര്‍ഥങ്ങളുള്ള ക്രൈസോസ്, ഫൈമോണ്‍ എന്നീ ഗ്രീക്കു പദങ്ങളില്‍ നിന്നാണ് ക്രൈസോഫൈറ്റ എന്ന പദത്തിന്റെ നിഷ്പത്തി. ഈ ഗ്രൂപ്പിലെ സസ്യങ്ങളില്‍ പ്ലാസ്റ്റിഡുകള്‍ക്കുള്ളിലായി മഞ്ഞയോ തവിട്ടോ നിറമുള്ള കരോട്ടിനോയ്ഡ് വര്‍ണകങ്ങള്‍ കാണപ്പെടുന്നു. ഇതുമൂലം ഈ ആല്‍ഗകള്‍ക്ക് പീതഹരിത നിറമോ സ്വര്‍ണതവിട്ടു നിറമോ ആയിരിക്കും. ഭക്ഷ്യശേഖരം, ലൂക്കോസിന്‍ (Leucosin) എന്ന അലേയ കാര്‍ബോഹൈഡ്രേറ്റിന്റെയും എണ്ണയുടെയും രൂപത്തിലാണ്.

കോശഭിത്തി സാധാരണ അതിവ്യാപനം ചെയ്ത രണ്ടു അര്‍ധഭാഗങ്ങളായിട്ടാണ് കാണപ്പെടുന്നത്. ഇതിന് സിലിക്കകൊണ്ടുള്ള ഒരു ആവരണവും ഉണ്ട്. കോശങ്ങള്‍ ഫ്ളാജല്ലങ്ങളുള്ളവയോ ഇല്ലാത്തവയോ ആവാം. ഈ സസ്യങ്ങളിലധികവും ഏകകോശങ്ങളോ ബഹുകോശങ്ങളോ ആയിരിക്കും. കോളനി രൂപത്തിലുള്ളവയും വിരളമല്ല. അലൈംഗിക പ്രത്യുത്പാദനം സൂസ്പോറങ്ങള്‍ മൂലമോ ഗതിശീലമില്ലാത്ത സ്പോറങ്ങള്‍ മൂലമോ ആണ് നടക്കുന്നത്. ലൈംഗിക പ്രത്യുത്പാദനം നന്നെ വിരളമാണ്; അഥവാ ഉണ്ടെങ്കില്‍തന്നെ അത് അസമയുഗ്മനം മൂലമായിരിക്കും. സാര്‍വത്രികമായിട്ടല്ലെങ്കിലും സ്റ്റാറ്റോസ്പോര്‍ എന്നൊരു പ്രത്യേകതരം ഫ്ളാജല്ലാരഹിതങ്ങളായ സ്പോറുകള്‍ ഉണ്ടാകാറുണ്ട്.

ഈ ആല്‍ഗാ ഗ്രൂപ്പില്‍പ്പെട്ട ക്രൈസോഫൈസിയും സാന്തോഫൈസിയും തമ്മില്‍ ബന്ധുത്വമുണ്ടെന്ന് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ ബന്ധുത്വം ചൂണ്ടിക്കാണിച്ചതും അവയെ ക്രൈസോഫൈറ്റയെന്ന പൊതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതും പാസ്ചര്‍ എന്ന ശാസ്ത്രജ്ഞനായിരുന്നു. വര്‍ണകങ്ങളുടെയും കരുതല്‍ ഭക്ഷ്യവസ്തുക്കളുടെ സ്വഭാവത്തിലെയും സാദൃശ്യം, സ്പോറുകളിലും കോശങ്ങളിലുമുള്ള ഘടനാ സവിശേഷതകള്‍, പ്രത്യേക രീതിയിലുള്ള സ്റ്റാറ്റോസ്പോറുകളുടെ രൂപീകരണത്തിലെ സാമ്യം എന്നീ പ്രത്യേകതകളാല്‍ സാന്തോഫൈസിയും ക്രൈസോഫൈസിയും ബാസില്ലാരിയോഫൈസിയും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നതായും പാസ്ചര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍