This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൈസോക്കോള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൈസോക്കോള

Chrysocolla

കോപ്പറിന്റെ ഒരു ധാതു. വലിയ കട്ടകളായും പൊറ്റകളായും പ്രകൃതിയില്‍ കാണപ്പെടുന്ന ഈ വസ്തുവിന് കോപ്പറിന്റെ ലോഹനിഷ്കര്‍ഷണപ്രക്രിയയില്‍ സ്ഥാനമില്ല. ശുദ്ധമായ ക്രൈസോക്കോളയ്ക്കു പച്ച നിറമോ, പച്ചകലര്‍ന്ന നീലനിറമോ, നീല നിറമോ ഉണ്ടായിരിക്കും. ഇതിന്റെ പരലുകള്‍ അതിസൂക്ഷ്മവും സ്ഫടികത്തിന്റെ തിളക്കമുള്ളവയുമാണ്. ഈ സിലിക്കേറ്റ് ധാതുവിന്റെ ഫോര്‍മുല: CuSiO3.2H2. മിക്കപ്പോഴും ഇത് പ്രകൃതിയില്‍ ശുദ്ധരൂപത്തില്‍ കാണപ്പെടാറില്ല. ഇതിലുള്ള ജലത്തിന്റെ അളവിലും ഏറ്റക്കുറച്ചിലുകള്‍ കാണാറുണ്ട്. മാലിന്യങ്ങളുള്ളതുകാരണം ഇതിന്റെ നിറം ഇരുണ്ടതായിരിക്കും. ലോകത്തിലുള്ള എല്ലാ കോപ്പര്‍ നിക്ഷേപങ്ങളിലും ചെറിയ അളവില്‍ ക്രൈസോക്കോള കണ്ടുവരുന്നു. മറ്റു കോപ്പര്‍ ധാതുക്കള്‍ക്ക് രാസമാറ്റം സംഭവിച്ചാണ് ഇതുണ്ടാകുന്നത്. വരള്‍ച്ചബാധിച്ച പ്രദേശങ്ങളിലുള്ള ചെമ്പുഖനികളില്‍ ഇതിന്റെ അളവ് താരതമ്യേന കൂടുതലായിരിക്കും.

പൊറ്റയായോ കട്ടകളായോ കോപ്പര്‍ ധാതുസിരകളുടെ ഉപരിതലത്തിലാണ് ക്രൈസോക്കോള കാണപ്പെടുന്നത്. സിലിക്ക (SiO2) ലയിച്ചുചേര്‍ന്ന ജലവുമായി ധാതുസിരകളുടെ ഉപരിതലത്തിലുള്ള കോപ്പര്‍ധാതു പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഇതുണ്ടാകുന്നു. ശുദ്ധരൂപത്തിലുള്ള ക്രൈസോക്കോളയ്ക്ക് നല്ല തിളക്കവും നിറവുമുള്ളതുകൊണ്ട് രത്നക്കല്ലുകളായി ഉപയോഗിക്കാം. കടുപ്പം 2-4. ആപേക്ഷികഗുരുത്വം 2-2.4. ഇതിന്റെ പരല്‍ഘടന ശരിയായി നിര്‍ണയിക്കപ്പെട്ടിട്ടില്ലെങ്കിലും 'ഓര്‍തോറോംബിക്' ആണെന്നു കരുതപ്പെടുന്നു.

സ്വര്‍ണം കൂട്ടിവിളക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് തിയോഫ്രാസ്റ്റസ് തുടങ്ങിയ പുരാതന ഗ്രീക്ക് ചിന്തകന്മാര്‍ പൊതുവില്‍ നല്കിയിരുന്ന പേര് ക്രൈസോക്കോള എന്നായിരുന്നു.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍