This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൈനോയ്ഡിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൈനോയ്ഡിയ

Crinoidea

ക്രൈനോയ്ഡിയ -1. റൈസോക്രൈസ് ലോഫോട്ടെന്‍സിസ് 2. പെന്റാക്രൈനസ് മാക്ലിയറാനസ്

എക്കൈനോഡെര്‍മേറ്റ ഫൈലത്തിലെ പെല്‍മെറ്റാസോവ ഉപഫൈലത്തിലുള്‍പ്പെട്ട ഒരു വര്‍ഗം. ആരീയ സമമിതി പ്രദര്‍ശിപ്പിക്കുന്ന സമുദ്രജലജീവികളായ അകശേരുകികളാണ് ഈ വര്‍ഗത്തിലെ അംഗങ്ങള്‍ എല്ലാം. കടല്‍ലില്ലികള്‍, ഫെതര്‍സ്റ്റാറുകള്‍ എന്നിവ ഈ വര്‍ഗത്തിലെ പ്രധാന ജീവികളാണ്.

പെല്‍മെറ്റാസോവ ഉപഫൈലത്തിലെ മിക്ക അംഗങ്ങളും വിലുപ്തങ്ങളാണ്. ഈ ഉപഫൈലത്തിലുള്‍പ്പെട്ട ക്രൈനോയ്ഡിയ വര്‍ഗത്തിലെ ഒരു നല്ല പങ്ക് ജീവികള്‍ മാത്രമാണ് ഇന്നു ജീവിച്ചിരിപ്പുള്ളത്. ഒരു ഘട്ടത്തില്‍ ക്രൈനോയ്ഡിയയിലേത് ഉള്‍പ്പെടെ പെല്‍മെറ്റാസോവയിലെ എല്ലാ ജീവികളും വിലുപ്തങ്ങളാണെന്ന് കരുതിയിരുന്നു. എന്നാല്‍ 1821-ല്‍ ജെ.എസ്. മില്ലര്‍ എന്ന ശാസ്ത്രകാരന്‍ ജീവിച്ചിരിക്കുന്ന ക്രൈനോയ്ഡുകളെ കണ്ടെത്തുകയുണ്ടായി. ഇന്ന് ഈ വര്‍ഗത്തിലെ ജീവിച്ചിരിക്കുന്ന 540 സ്പീഷീസുകളെപ്പറ്റി അറിവുണ്ട്. ഇവയില്‍ 75 സ്പീഷീസുകളും സവൃന്ത (Stalked) ജീവികളാണ്. ഇന്നു ജീവിച്ചിരിപ്പുള്ള ഈ സ്പീഷീസുകളെക്കൂടാതെ 750 ജീനസ്സുകളിലായി അയ്യായിരത്തോളം അസ്തമിത സ്പീഷീസുകളെപ്പറ്റിയുള്ള വിവരങ്ങളും ലഭ്യമായിട്ടുണ്ട്.

കരിങ്കടലിലും ബാള്‍ട്ടിക് സമുദ്രത്തിലും ഒഴികെ മറ്റെല്ലാ സമുദ്രങ്ങളിലും ക്രൈനോയ്ഡുകള്‍ ജീവിക്കുന്നുണ്ട്, കടലിന്റെ ശാന്തമായ ഭാഗങ്ങളിലാണിവയെ ധാരാളമായി കണ്ടുവരുന്നത്. ആഴക്കടലിലും ഇവ സുലഭമാണ്. സവൃന്ത ക്രൈനോയ്ഡ് സ്പീഷീസുകളില്‍ പകുതിയും ആയിരം മീറ്ററിലധികം ആഴത്തിലാണ് ജീവിക്കുന്നത്. ഫെതര്‍സ്റ്റാറുകളില്‍ ആറിലൊരു ഭാഗം കാണപ്പെടുന്നതും ഈ പ്രദേശങ്ങളില്‍ത്തന്നെയാണ്. ഭക്ഷണം സമൃദ്ധമായുള്ള ജലവിതാനങ്ങളില്‍ കഴിഞ്ഞുകൂടാനാണിവ കൂടുതലായും ഇഷ്ടപ്പെടുന്നതെന്നു പറയാം.

ആരീയ സമ്മിതി പ്രദര്‍ശിപ്പിക്കുന്ന ശരീരഘടനയാണ് ക്രൈനോയ്ഡുകള്‍ക്കുള്ളത്. ഇവയുടെ ശരീരത്തിന് മൊത്തത്തില്‍ പുഷ്പത്തിന്റെ ആകൃതിയാണുള്ളതെന്നു പറയാം. കടല്‍ലില്ലികളെപ്പോലെ തറയില്‍ വൃന്തത്താല്‍ ഉറപ്പിക്കപ്പെട്ടനിലയിലോ ഫെതര്‍സ്റ്റാറുകളെപ്പോലെ സ്വതന്ത്രമായി നടക്കുന്ന നിലയിലോ ആണ് ഇവയെ കാണാന്‍ സാധിക്കുക. പുഷ്പങ്ങളില്‍ ഇതളുകള്‍ അടുക്കിയിരിക്കുന്നതുപോലെ ഇവയുടെ വൃന്താഗ്രഭാഗത്തായുള്ള കാലിക്സ് എന്നറിയപ്പെടുന്ന കപ്പുപോലെയുള്ള ഭാഗത്ത് വൃത്താകാരത്തില്‍ അടിക്കിയിരിക്കുന്ന ഗ്രാഹികളാണ് ഇവയ്ക്ക് ഒരു പുഷ്പത്തിന്റെ ആകൃതി നല്കുന്നത്. കാലിക്സിന്റെ ഏതാണ്ട് മധ്യഭാഗത്തായാണ് വായ സ്ഥിതിചെയ്യുന്നത്. അന്തര ആരീയമായാണ് ഗുദത്തിന്റെ സ്ഥാനം. കാലിക്സിന്റെ വക്കിലായാണ് കൈകള്‍ കാണപ്പെടുന്നത്. കൈകളുടെ എണ്ണം സാധാരണഗതിയില്‍ അഞ്ചായിരിക്കും. വായയുടെ അഞ്ച് ആരീയകോണുകളില്‍ നിന്നും അഞ്ച് ആംബുലാക്രീയചാല്‍ ആരംഭിച്ച് അതത് ഭാഗത്തെ കൈകളിലേക്ക് വ്യാപിച്ചിരിക്കുന്നു.

ക്രൈനോയ്ഡുകള്‍ക്ക് അഞ്ചു കൈകളാണുള്ളതെങ്കിലും ഓരോ കൈയും വീണ്ടും അനേകം ചെറിയ ഭാഗങ്ങളായി വിഭജിതങ്ങളായിരിക്കുന്നു. ഓരോ കൈക്കും പത്തുമുതല്‍ മുപ്പതുവരെ ഇപ്രകാരം ശാഖകള്‍  ഉണ്ടാകാറുണ്ട്. ഇതിന്റെ സംഖ്യ ഇരുനൂറുവരെ ഉയര്‍ന്നിട്ടുള്ള ഇനങ്ങളും ഉണ്ട്. ഒറ്റ ശ്രേണിയിലോ ഇരട്ടശ്രേണിയിലോ അടുക്കിയിട്ടുള്ള ബാഹു അസ്ഥികകള്‍ (Brachial ossicles) കൊണ്ടാണ് കൈ രൂപപ്പെടുത്തിയിരിക്കുന്നത്.

അപമുഖവശത്താല്‍ ഉറപ്പിക്കപ്പെട്ട നിലയിലാണ് മിക്ക ക്രൈനോയ്ഡുകളും കാണപ്പെടുന്നത്. ശരീരസ്തംഭം ചെറുതോ നീളമേറിയതോ ആവാം. ഇതിന്റെ താഴത്തെ അഗ്രം കടലിന്റെ അടിത്തട്ടില്‍ ഉറപ്പിക്കപ്പെട്ട നിലയിലാണുള്ളത്. എന്നാല്‍ ഫെതര്‍സ്റ്റാറുകളില്‍ ഇപ്രകാരം തറയില്‍ ഉറപ്പിക്കാനുള്ള സ്തംഭങ്ങള്‍ കാണാറില്ല. അവ സ്വതന്ത്ര ജീവിതമാണ് നയിക്കുന്നത്. ഇവയില്‍ അധികവും നീന്തിനടക്കുന്നു. എന്നാല്‍ അടിത്തട്ടില്‍ ഇഴഞ്ഞു നടക്കുന്ന വലിയ ഫെതര്‍സ്റ്റാറുകളും ഉണ്ട്.

പ്രധാനമായും സ്തംഭത്തിലെയും കൈകളിലെയും അസ്ഥികകള്‍ക്കിടയിലായി കാണപ്പെടുന്ന അന്തരാഖണ്ഡ (inter segmental) പേശിതന്തുക്കളാലാണ് ഇവയുടെ പേശീവ്യവസ്ഥ രൂപമെടുത്തിരിക്കുന്നത്. നന്നായി വഴങ്ങുന്നതും വലിച്ചു നീട്ടാനാവുന്നതുമായ പേശിയാണിവയ്ക്കുള്ളത്. കാലിക്സിന്റെ ഉള്ളിലായുള്ള ഒരു പര്യന്തരാംഗ ഗുഹ (Perivisceral Coelom) ആണ് ഒരു ദേഹഗുഹ അഥവാ സീലോം ആയി വര്‍ത്തിക്കുന്നത്. ഇതിനുള്ളിലായി ആന്തരാവയവങ്ങള്‍ കാണപ്പെടുന്നു. ക്രൈനോയ്ഡിയയില്‍ ദേഹഗുഹ സംയോജക കലയുടെ ഒരു ജാലത്താല്‍ നിറയപ്പെട്ടിരിക്കുന്നു.

എക്കൈനോഡെര്‍മേറ്റാ ഫൈലത്തിന്റെ പൊതുജലസംവഹനീവ്യൂഹഘടനതന്നെയാണ് ഈ വര്‍ഗത്തിലെ ജീവികളിലും കാണപ്പെടുന്നത്. ക്രൈനോയ്ഡിയയിലെ ആരീയവാഹികള്‍ കൈകളിലേക്കു പ്രവേശിക്കുകയും പിച്ഛിക(Pinnule)കളിലേക്ക് ശാഖകളെ അയയ്ക്കുകയും ചെയ്യുന്നു. ആംബുലാക്രീയചാലിന്റെ ഇരുവശത്തുമായി നിര്‍ദിഷ്ട അകലത്തില്‍ നാളപദ(tube feet)ങ്ങള്‍ കാണപ്പെടുന്നു. ഇവയില്‍ ചൂഷകാംഗങ്ങള്‍ കാണാറില്ല. നാളപദങ്ങള്‍ ശ്വാസോച്ഛ്വാസം, ഇരതേടല്‍ എന്നീ കര്‍മങ്ങളാണ് നിര്‍വഹിക്കുന്നത്.

ഇവയില്‍ വായ്മുതല്‍ ഗുദദ്വാരം വരെ നീണ്ടു കിടക്കുന്ന പചനനാളം കാണപ്പെടുന്നു. വായ് ചെറിയ ഒരു വദനഗഹ്വരത്തിലേക്കാണ് തുറക്കുന്നത്. ഗ്രസിക (Oesophagus) സാമാന്യം വലിയ ഒരു ആമാശയത്തിലേക്ക് തുറക്കുന്നു. ഇവിടെ നിന്നുള്ള കുടല്‍ ഗുദദ്വാരം വരെ എത്തുകയും ചെയ്യുന്നു. കുടലില്‍ സഞ്ചിരൂപ പചനഗ്രന്ഥികള്‍ സ്ഥിതിചെയ്യുന്നു. സമുദ്ര പ്രവകങ്ങളിലുള്ള സൂക്ഷ്മ ജീവികളാണ് ഇവയുടെ പ്രധാന ആഹാരം. പിച്ഛികകള്‍ പുറപ്പെടുവിക്കുന്ന ഒരു തരം നേരിയ വിഷവസ്തു ഇരകളെ നിര്‍ജീവമാക്കാനുപയോഗപ്പെടുത്താറുണ്ട്.

ക്രൈനോയ്ഡുകളുടെ നാഡീവ്യൂഹം എക്കൈനോഡെര്‍മുകളിലേതുപോലെ അവികസിതമാണ്. ഏതാണ്ടൊരു വിസരിത രൂപത്തിലാണിതു കാണപ്പെടുന്നത്. എങ്കിലും ഒരു അപമുഖ നാഡീ വളയം ഇവയില്‍ വ്യതിരിക്തമായി കാണാനാവും. ഇതില്‍ നിന്നാണ് കൈകളിലേക്കുള്ള അപമുഖ ആരീയനാഡികള്‍ പുറപ്പെടുന്നത്. പ്രത്യേകസംവേദകാംഗങ്ങള്‍ ഇവയില്‍ കാണപ്പെടുന്നില്ല. നാഡീയഗ്രങ്ങള്‍ തന്നെ സംവേദനപ്രക്രിയയിലും സാഹായമേകുന്നതായിട്ടാണു കരുതപ്പെടുന്നത്.

ചില ക്രൈനോയ്ഡുകള്‍ പുനരുത്ഭവശീലവും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രത്യേക അനുകൂല പരിതഃസ്ഥിതികളില്‍ ഇവ ചില ശരീര ഭാഗങ്ങളെ പുറന്തള്ളാറുണ്ട്. ഈ ശരീരഭാഗങ്ങളെ പുനരുദ്ഭവിപ്പിക്കാനും ഇവയ്ക്കു കഴിയും. കടല്‍ലില്ലികളില്‍ ഇതു ധാരാളമായി കണ്ടു വരുന്നു. ഇവയുടെ നഷ്ടപ്പെട്ടുപോകുന്ന കൈകളുടെ സ്ഥാനത്ത് പുതിയവ വീണ്ടും വളര്‍ന്നു വരും.

പ്രത്യുത്പാദന വ്യൂഹം ലളിതഘടനയോടുകൂടിയതാണ്. ബാഹ്യലക്ഷണങ്ങള്‍ വഴി ആണ്‍പെണ്‍ ജീവികളെ മനസ്സിലാക്കാനാവില്ലെങ്കിലും ഇവയില്‍ ലിംഗഭേദം ഉണ്ട്. പിച്ഛികകളിലാണ് ജനനാംഗങ്ങള്‍ കാണപ്പെടുന്നത്. വിറ്റലേറിയ (Vitellaria) എന്നറിയപ്പെടുന്ന ലാര്‍വ ഉണ്ടാകുന്നതുവരെയുള്ള അണ്ഡങ്ങളുടെ പരിവര്‍ധനം പിച്ഛികകളില്‍ വച്ചു നടക്കുന്നു. ഈ ലാര്‍വ പിന്നീട് ഏതെങ്കിലും വസ്തുവില്‍ പറ്റിപ്പിടിക്കുന്നു. അവിടെ വച്ച് ഇത് വളര്‍ന്ന് ഒരു ചെറിയ കടല്‍ലില്ലിയായി മാറുന്നു. ഫെതര്‍സ്റ്റാറുകളില്‍ ഇപ്രകാരമുള്ള വൃന്തത്തോടുകൂടിയ ഘട്ടം തീര്‍ത്തും അല്പകാലികമാണ്. ഐസോമെട്രാ, വിവിപ്പേര തുടങ്ങിയ ചില അന്റാര്‍ട്ടിക് സ്പീഷീസുകള്‍ ജരായുജങ്ങള്‍ (Viviparous) ആണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍